കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചതായി അറിയിക്കുന്നു. കിഫ്ബിയിൽ നിന്നും 2 കോടി രൂപ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണം പൂർത്തീകരിച്ചത്.അൻപത് വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലായിരുന്നു കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്നത്.കോതമംഗലം നഗരസഭ,നെല്ലിക്കുഴി,കോട്ടപ്പടി,പിണ്ടിമന,കവളങ്ങാട്,കീരംപാറ, കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിൽപ്പെട്ട ഒൻപത് വില്ലേജ് ഓഫീസുകളാണ് ഈ ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്നത്.വർഷത്തിൽ ഏകദേശം 5000 ത്തോളം ആധാര രജിസ്ട്രേഷനും,14000 ത്തോളം ബാധ്യത സർട്ടിഫിക്കറ്റുകളും,4000 ത്തോളം ആധാര പകർപ്പുകളും ഈ ഓഫീസിൽ നിന്നും ലഭ്യമാകുന്നുണ്ട്.നിരവധിയായ റെക്കോർഡുകൾ സൂക്ഷിക്കേണ്ട പ്രസ്തുത ഓഫീസിൽ സ്ഥല പരിമിതി മൂലം ജീവനക്കാരും, പൊതു ജനങ്ങളും വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്.നിലവിലെ പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റി അത്യാധുനിക സൗകര്യങ്ങളോട് കൂടി റൂഫിങ്ങ് സൗകര്യമടക്കമുള്ള പുതിയ രണ്ട് നില കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്.നഗരസഭയിലേയും,ആറ് പഞ്ചായത്തുകളിലേയും ആയിരകണക്കിന് ജനങ്ങളുടെ ആശ്രയ കേന്ദ്രമായ കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിന് നഗരത്തിന്റെ ഹൃദയ ഭാഗത്ത് തന്നെ പുതിയ കെട്ടിടം നിർമ്മിച്ചതിലൂടെ ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും.പുതിയ രജിസ്ട്രേഷൻ കോംപ്ലെക്സിന്റെ രണ്ടാം നില പൂർണ്ണമായും റെക്കോഡുകൾ സൂക്ഷിക്കുന്നതിന് മാത്രമായിരിക്കും ഉപയോഗിക്കുന്നത്.ഇത് മൂലം കാലപഴക്കം ചെന്നതടക്കമുള്ള നിരവധിയായ റെക്കോഡുകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കുന്നതിനും പുതിയ രജിസ്ട്രേഷൻ റെക്കോഡുകൾ സൂക്ഷിക്കുന്നതിനും സാധിക്കും.കൂടാതെ രണ്ടാം നിലയിൽ നിന്നും റെക്കോഡുകൾ താഴേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള ലിഫ്റ്റ് സിസ്റ്റത്തിനു വേണ്ടിയുള്ള പ്രൊവിഷനും തയ്യാറാക്കിയിട്ടുണ്ട്.താഴത്തെ നിലയിൽ സബ് രജിസ്ട്രാർ,ജോയിന്റ് രജിസ്ട്രാർ എന്നിവർക്കായി ഡയസ്സ് സൗകര്യത്തോട് കൂടിയ പ്രത്യേക കാബിനും,ഓഫീസ് ജീവനക്കാർക്ക് പ്രത്യേക ഇരിപ്പിടം,കൂടാതെ ഡൈനിങ്ങ് ഹാൾ,ലൈബ്രറി, റിട്ടയറിങ്ങ് റൂം,ലോബി ആന്റ് റാംമ്പ്, ജീവനക്കാർക്കും സന്ദർശകർക്കും ടോയ്ലറ്റ് സൗകര്യങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ ഓഫീസ് ആയി നിർമ്മിച്ചിരിക്കുന്ന രജിസ്ട്രേഷൻ കോംപ്ലെക്സിൽ ഭിന്നശേഷിക്കാരായ ആളുകൾക്ക് വേണ്ടി പ്രത്യേക റാമ്പ് സൗകര്യവും പ്രത്യേക ടോയ്ലറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പൊതു ജനങ്ങൾക്കും ജീവനക്കാർക്കും പ്രത്യേകം ഷെഡ് കെട്ടി പാർക്കിങ്ങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.കൂടാതെ കോമ്പൗണ്ട് വാളും,ഗേറ്റും അടക്കം അത്യാധുനിക സൗകര്യത്തോടെ മൂന്നാം നിലക്കുള്ള പ്രൊവിഷനും ഇട്ടു കൊണ്ട് റൂഫിങ്ങ് അടക്കം നിർമ്മിച്ചാണ് പുതിയ രജിസ്ട്രേഷൻ കോംപ്ലക്സ് നിർമ്മാണം പൂർത്തീകരിച്ചത്.

ആന്റണി ജോൺ MLA

Antony John , MLA


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *