പണിക്ക് പോകാനാവാതെ എല്ലാവരും വീട്ടിനുള്ളിൽ അടച്ചിരുന്ന കാലത്തും ഒരവധിയുമില്ലാതെ പ്രവർത്തിക്കുകയായിരുന്നു ചില വ്യാജവാർത്താ ഫാക്ടറികൾ. അങ്ങനെ ഈ സീസണിലിറങ്ങിയ വ്യാജവാർത്തകളിൽ കുറേയെണ്ണം വൈദ്യുതി ബില്ലിനെ ആയുധമാക്കിയാണ് ഈ ഫാക്ടറികളിൽനിന്ന് ഉൽപ്പാദിപ്പിച്ച് പ്രചരിപ്പിച്ചത്.
കോവിഡ് കാലത്ത് നാട്ടുകാരിൽ നിന്ന് കെ എസ് ഇ ബി രഹസ്യമായി നിരക്ക് കൂട്ടി വാങ്ങുന്നു എന്ന് തുടങ്ങി ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ വിതരണം ചെയ്ത സൗജന്യകിറ്റിന്റെ വില കറണ്ടുചാർജായി തിരികെ ഈടാക്കുന്നു എന്നുവരെ പല രൂപത്തിലും ഭാവത്തിലുമുള്ള വ്യാജ വാർത്തകൾ ഉണ്ടായി. പലതും ഇപ്പോഴും അരങ്ങുനിറഞ്ഞാടുകയുമാണ്.
ആദ്യം ‘ഈ ദുരിതകാലത്ത് ഇരുട്ടടിയായി കെ എസ് ഇ ബി വൈദ്യുതി നിരക്ക് കൂട്ടി’ എന്ന ആരോപണത്തിലേക്ക് തന്നെ വരാം. എന്താണിതിന്റെ വസ്തുത?
മനസ്സിലാക്കേണ്ട ഒരു കാര്യം, കെ എസ് ഇ ബിക്കോ സർക്കാരിനോ വൈദ്യുതിനിരക്ക് സ്വമേധയാ കൂട്ടാനുള്ള അധികാരമില്ല എന്നതാണ്. രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിയമമനുസരിച്ച് രൂപീകരിച്ചിട്ടുള്ള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ എന്ന പ്രത്യേക സ്ഥാപനത്തിനാണ് അതിനുള്ള അധികാരം. കാലാകാലങ്ങളിൽ വരവു ചെലവുകളൊക്കെ കാണിച്ചുള്ള വിശദമായ താരിഫ് പെറ്റിഷൻ കെ എസ് ഇ ബി റെഗുലേറ്ററി കമ്മിഷന് സമർപ്പിക്കണം. റെഗുലേറ്ററി കമ്മിഷൻ വിശദമായ ചർച്ചയ്ക്കും പബ്ളിക് ഹിയറിംഗിനുമൊക്കെ ശേഷം (ശ്രദ്ധിക്കണം ജനഹിതപരിശോധനയ്ക്കും ശേഷം) താരിഫ് വർദ്ധന അനുവദിക്കണമോ വേണ്ടയോ, അതെത്രത്തോളം ആവാം എന്നൊക്കെ ഉത്തരവിടും. ഇപ്പോൾ നിലവിലുള്ള താരിഫ് 2019 ജൂലൈ 8ന് റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതാണ്. അതായത് കഴിഞ്ഞ ഒരു വർഷമായി നിരക്കുവർദ്ധന ഉണ്ടായിട്ടില്ല. (വേനൽക്കാലത്ത് അധികമായി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന സാഹചര്യത്തിൽ യൂണിറ്റിന് 10 പൈസ നിരക്കിൽ ഫ്യുവൽ സർചാർജ് ഈടാക്കുവാൻ ഇടയ്ക്കൊരു 3 മാസത്തേക്ക് റെഗുലേറ്ററി കമ്മിഷൻ കെ എസ് ഇ ബിക്ക് അനുമതി നൽകിയിരുന്നു).
കേരളത്തിൽ പൊതുവെ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരാറുണ്ട്. കണക്കുകൾ തന്നെ സൂചിപ്പിക്കുന്നത് ഇത്തവണ ഗാർഹിക ഉപയോഗം റെക്കോഡിലേക്കെത്തിയെന്നാണ്. ലോക്ക്ഡൗണിലെ വീട്ടിലടഞ്ഞിരുന്നുള്ള പാചകപരീക്ഷണങ്ങളും ടീവികാണലും ഏസിയിട്ടുള്ള ഉച്ചയുറക്കവുമൊക്കെ വൈദ്യുതി മീറ്ററിനെ നിർത്താതെ ഓടിച്ചുവെന്നതാണ് സത്യം. വൈദ്യുതി കുറച്ചുപയോഗിക്കുന്നവർക്ക് പ്രോത്സാഹനമെന്ന നിലയിൽ കുറഞ്ഞ ഉപയോഗത്തിന് ഉപയോഗത്തിന്റെ തോതനുസരിച്ച് ക്രമമായി ഉയരുന്ന ടെലിസ്കോപ്പിക് താരിഫാണ് നിലവിലുള്ളത്.
എന്നാൽ, മാസം 250 യൂണിറ്റുകടന്നാൽ കഥ മാറും. ആകെയുപയോഗത്തെ നേരിട്ട് നിരക്കുകൊണ്ട് ഗുണിക്കുന്ന തരത്തിലാവും ബില്ലിംഗ്. പ്രതീക്ഷയ്ക്കപ്പുറം ബില്ല് കൂടുകയും ചെയ്യും. അതാണ് പലർക്കും ഇവിടെ സംഭവിച്ചത്.
നിറഞ്ഞ സദസ്സിൽ ഇപ്പോഴും ഓടിത്തിമിർക്കുന്ന മറ്റൊരു വാട്സാപ്പ് ഫോർവേഡുണ്ട്. മറുപടി പലകുറി പലയിടത്തും പറഞ്ഞുമടുത്തതാണ്; എന്നാലും പറയാം.
ഒരു മാസത്തെ ഉപയോഗം അതതുമാസം ബില്ല് ചെയ്യുന്നതിനു പകരം കെ എസ് ഇ ബി രണ്ട് മാസത്തെ റീഡിംഗ് ഒരുമിച്ചെടുത്ത് ബില്ല് നൽകുന്നത് ഉപഭോക്താക്കളെ കൊള്ളയടിക്കാനാണ് എന്നാണ് പ്രചരിക്കുന്ന കഥയുടെ സാരം. കൂടെയൊരു ഊടായിപ്പ് കണക്കുമുണ്ട്.
ശരിക്കും ആ മെസേജിൽ കാണുന്ന തരത്തിലേയല്ല കെ എസ് ഇ ബി ബിൽ തയ്യാറാക്കുന്നത്. (ശരിയായ ബില്ലിംഗ് താരിഫ് ഇതോടൊപ്പം)
നമുക്കറിയാവുന്നപോലെ രണ്ടു മാസത്തിലൊരിക്കലാണ് നമ്മുടെ വീടുകളിൽ മീറ്റർ റീഡർമാർ റീഡിംഗ് എടുക്കാനെത്തുക. മീറ്ററിൽ നിന്ന് കിട്ടുന്ന രണ്ടുമാസത്തെ റീഡിങ്ങിനെ രണ്ടു കൊണ്ട് ഹരിച്ച് ഒരു മാസത്തെ ഉപയോഗം കണക്കാക്കുകയാണ് ചെയ്യുക. അതിന്റെ നിരക്ക് ഏത് സ്ലാബിൽ വരുമെന്ന് തിട്ടപ്പെടുത്തി അതിന്റെ ഇരട്ടി വരുന്ന തുക രണ്ടു മാസത്തെ ചാർജായി കണക്കാക്കുകയാണ് കെ എസ് ഇ ബി നിലവിൽ ചെയ്തു വരുന്നത്. ഉദാഹരണത്തിന് 2 മാസം കൊണ്ട് 300 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ മാസം 150 യൂണിറ്റ് വീതം ഉപയോഗിക്കുന്നു എന്ന് കണക്കാക്കി അതിന്റെ നിരക്ക് കണക്ക് കൂട്ടി അതിന്റെ ഇരട്ടി 300 യൂണിറ്റിന്റെ ചാർജായി നിശ്ചയിക്കുന്നു. ഇതാണ് ബിൽ കണക്കാക്കുന്ന രീതി. ഫലത്തിൽ മാസത്തിലൊരിക്കലായാലും രണ്ടുമാസത്തിലൊരിക്കലായാലും ഉപഭോക്താവിനുവരുന്ന ബില്ലിൽ ഒരു വ്യത്യാസവും ഉണ്ടാവുന്നില്ല.
പിന്നെ, കോവിഡ് ലോക്ക് ഡൗൺ കാരണം മറ്റൊരു പ്രശ്നം ഉണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്. 60 ദിവസത്തെ റീഡിങ്ങാണല്ലൊ എടുക്കേണ്ടത്? ഇത്തവണ ലോക്ക് ഡൗൺ കാരണം ഏപ്രിൽ 20 വരെ മീറ്റർ റീഡിംഗ് ഒഴിവാക്കിയിരുന്നതിനാൽ പലയിടങ്ങളിലും 60ൽ കൂടുതൽ ദിവസങ്ങൾ കഴിഞ്ഞിട്ടാണ് റീഡിങ് എടുക്കാനായത്. അങ്ങനെ 65 – 70 ദിവസങ്ങളിലെ റീഡിങ് ആണ് എടുക്കുന്നതെങ്കിൽ നിരക്കിൽ സ്വാഭാവികമായും വർദ്ധന വരാൻ സാധ്യതയുണ്ട്. അത്തരം ബില്ലുകൾ സെക്ഷൻ ഓഫീസിലെ ബില്ലിങ് സെക്ഷനിൽ നിന്ന് തിരുത്തിക്കൊടുക്കും. അല്ലാതെ അടച്ചു പോയിട്ടുണ്ടെങ്കിലും അടുത്ത ബില്ലിൽ അത് കുറച്ചു കൊടുക്കും. ഏപ്രിൽ 20-25 വരെ റീഡിംഗ് എടുത്തകേസുകളിലേ ഈ പ്രശ്നം ഉണ്ടായുള്ളു എന്നതും മറക്കണ്ടാ.
കിടുക്കൻ പ്രചാരണം ഇതൊന്നുമല്ല. കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ നൽകിയ സൗജന്യ ഭക്ഷ്യ കിറ്റിന്റെ വില, കൂട്ടിയ വൈദ്യുതി ബില്ലിലൂടെ കെ എസ് ഇ ബി തിരികെ ഈടാക്കുന്നു എന്ന തരത്തിൽ ഒരു മെസേജ് പോസ്റ്റായും കമന്റായുമൊക്കെ അവിഘ്നം മൊബൈൽ ടു മൊബൈൽ , പോസ്റ്റ് ടു പോസ്റ്റ് പ്രവഹിക്കുന്നുണ്ട്. അതെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല.
സാമാന്യബുദ്ധിയുള്ള നമ്മളെല്ലാം കെ എസ് ഇ ബി എന്ന പൊതുമേഖലാ കമ്പനിയുടെ ബിസിനസെന്താണെന്ന കൃത്യമായ അറിവുള്ളവരാണ്. കെ എസ് ഇ ബിക്ക് റേഷനരിയുടെയും മണ്ണെണ്ണയുടെയും ബിസിനസ്സില്ല എന്ന ബോധ്യവും നന്നായുള്ളവരാണ്. ഇതുണ്ടാക്കിയവരും പ്രചരിപ്പിക്കുന്നവരിലേറെയും ആ സാമാന്യബുദ്ധിയും ബോധവുമില്ലാത്തവരല്ല.
അജണ്ട വേറെയാണ്; ടാർജറ്റും.
🙂
(ഔദ്യോഗിക വിവരങ്ങൾക്ക് പലരോടും കടപ്പാടുണ്ട്)
#GetLostMediaLiars #fakenews #വ്യാജവാർത്തകൾ

0 Comments