ഗാർഹിക വൈദ്യുതി നിരക്ക്; നുണ ഫാക്ടറികൾ വീണ്ടും സജീവം!

ഒരു ചെറിയ ഇടവേളയ്ക്കുശേഷം നുണ ഫാക്ടറികൾ പ്രവർത്തനം വീണ്ടും ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഗാർഹിക വൈദ്യുതി നിരക്ക് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നുണപ്രചാരണം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി നടക്കുന്നുണ്ട്. അതിനുള്ള മറുപടിയാണിത്.

ഇതാണ് പ്രചരിക്കുന്ന വ്യാജവാർത്ത:

“2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ അടക്കുന്നത് 200×6.10=1220. അത് മാസം റീഡിംഗ് എടുത്ത് അടക്കുവാണെങ്കിൽ, അയാൾക്ക് വരിക 100×3.40=340. അടുത്ത മാസവും 100 യൂണിറ്റ് ആണെങ്കിൽ 100×3.40=340. രണ്ട് മാസത്തിൽ ഒരിക്കൽ റീഡിംഗ് എടുക്കുന്ന KSEB, ഉപഭോക്താവിൻ്റെ കയ്യിൽ നിന്നും കൂടുതൽ പറ്റിച്ചു എടുക്കുന്നത് 1220 – 680 = 540 രൂപ.”

ഇനി യാഥാർഥ്യം എന്താണെന്ന് നോക്കാം.

മിക്കവാറും എല്ലാ ഗാർ‍ഹിക ഉപഭോക്താക്കള്‍ക്കും രണ്ട് മാസത്തില്‍ ഒരിക്കല്‍ ആണ് വൈദ്യുതിബില്‍ ലഭിക്കുക. ബില്‍ ലഭിക്കുന്നത് രണ്ട് മാസത്തേത് ആണെങ്കിലും അവരുടെ ശരാശരി പ്രതിമാസ ഉപഭോഗം കണക്കാക്കി വൈദ്യുത ചാര്‍ജ്ജ് കണ്ടെത്തിയശേഷം അതില്‍നിന്നാണ് ബില്‍കാലയളവിലെ തുക കണ്ടെത്തുന്നത്.

ഒരു മാസം 0-50 യൂണിറ്റുവരെ ₹3.15 എന്നത്, രണ്ടുമാസത്തേക്കാക്കുമ്പോൾ 0-100 യൂണിറ്റിന് ₹3.15 എന്ന ശൈലിയാണ് അവലംബിച്ചിരിക്കുന്നത്.

വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കും, കൂടുതൽ ഉപയോഗിക്കുന്നവർക്ക് കൂടിയ നിരക്കുമാണ് നിലവിലുള്ളത്. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ടെലിസ്കോപ്പിക് താരിഫ് ആണ് നിലവിലുള്ളത്. അതായത് പ്രതിമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആദ്യത്തെ 50 യൂണിറ്റിന് ₹3.15, 51 മുതൽ 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹3.70, 101 മുതൽ 150 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹4.80, 151 മുതൽ 200 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹6.40, 201 മുതൽ 250 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് ₹ 7.60 എന്ന രീതിയിലാണ് നിരക്കുകൾ.

ഉദാ 1: വ്യാജവാർത്തയിൽ കൊടുത്ത ഉപഭോഗം (2 മാസത്തിൽ 200 യൂണിറ്റ് അതായത് പ്രതിമാസ ഉപയോഗം 100 യൂണിറ്റ്) യാഥാർത്ഥത്തിൽ എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് നോക്കാം..

പ്രതിമാസ വൈദ്യുതി ചാർജ് = (50 x 3.15) + (50 x 3.70) = 342.5
ദ്വൈമാസ വൈദ്യുതി ചാർജ് = 342.5 x 2 = ₹ 685
ദ്വൈമാസം 240 യൂണിറ്റ് വരെ (പ്രതിമാസം 120 യൂണിറ്റ് വരെ ) ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്, പ്രതിമാസം ആദ്യ 40 യൂണിറ്റിന് 35 പൈസയും, 41 – 120 വരെ യൂണിറ്റിന് 50 പൈസയും സർക്കാർ സബ്സിഡിയായി നൽകുന്നു. ഫിക്സഡ് ചാർജിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് പ്രതിമാസം ₹ 20 സബ്സിഡിയായി നൽകുന്നു. (ദ്വൈമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് പ്രതിമാസം 21-25 വരെ യൂണിറ്റിന് ₹ 1.50 എന്ന രീതിയിലാണ് സബ്‌സിഡി കണക്കാക്കുന്നത്)
പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്ന ഉപഭോക്താവിന് അർഹമായ സബ്‌സിഡി = 40 x 0.35 + 60 x 0.50 = ₹44. ദ്വൈമാസം ₹ 88 സബ്‌സിഡി ലഭിക്കും.

ഇതുകൂടി കണക്കിലെടുക്കുമ്പോൾ 2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ കൊടുക്കേണ്ട വൈദ്യുതി ചാർജ് = 685 – 88 = ₹ 597 മാത്രം, വ്യാജ പ്രചരണത്തിലെ 1220 രൂപയല്ല. (വൈദ്യുതി ചാർജിൻ്റെ കൂടെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെൻ്റ്, മീറ്റർ റെൻ്റിൻ്റെ 18% GST, മീറ്റർ റെൻ്റിൻ്റെ 1% സെസ്സ് എന്നിവ കൂടി ചേരുന്നതാണ് ബില്ല്) മൊത്തം ₹730 മാത്രം.

ഉദാ 2: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 450 യൂണിറ്റ് (പ്രതിമാസം 225 യൂണിറ്റ്) ആണെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ കറണ്ട് ചാർജ് കണക്കാക്കുന്നത് ഈ വിധമാണ് :

(50 x 3.15) + (50 x 3.70) + (50 x 4.80) + (50 x 6.40) + (25 x 7.60) = ₹ 1092.5 ആണ് പ്രതിമാസം. ദ്വൈമാസം ₹ 2185 (ഇതിൻ്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെൻ്റ്, മീറ്റർ റെൻ്റിൻ്റെ 18% GST, മീറ്റർ റെൻ്റിൻ്റെ 1% സെസ്സ് എന്നിവ കൂടി ചേരുന്നതാണ് ബില്ല്) മൊത്തം ₹ 2578 മാത്രം

എന്നാൽ പ്രതിമാസ ഉപയോഗം 250 യൂണിറ്റിന് മുകളില്‍ വന്നാല്‍ തുടക്കം മുതലുള്ള ഓരോ യൂണിറ്റിനും ആ യൂണിറ്റിന് നിശ്ചയിച്ച തുക നല്‍കണം. 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹5.80, 350 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹6.60, 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹ 6.90, 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ₹ 7.10, 500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് ₹ 7.90 എന്നിങ്ങനെ മൊത്തം യൂണിറ്റിനും നൽകണം.

ഉദാ 3: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 950 യൂണിറ്റ് (പ്രതിമാസം 475 യൂണിറ്റ്) ആണെന്ന് കരുതുക. എങ്കിൽ പ്രതിമാസ കറണ്ട് ചാർജ് 475 x 7.10 = ₹ 3372.5, അതായത് ദ്വൈമാസം ₹ 6745 (ഇതിൻ്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെൻ്റ്, മീറ്റർ റെൻ്റിൻ്റെ 18% GST, മീറ്റർ റെൻ്റിൻ്റെ 1% സെസ്സ് എന്നിവ കൂടി ചേരുന്നതാണ് ബില്ല്) മൊത്തം ₹ 7694 മാത്രം.

മേൽപ്പറഞ്ഞ നിരക്ക് 2019 ജൂലൈ 8 മുതൽ പ്രാബല്യത്തിലുള്ളതാണെന്നതും ശ്രദ്ധേയമാണ്.

വ്യാജ പ്രചാരങ്ങളിൽ വഞ്ചിതരാകാതിരിക്കുക…

#KSEB

#KSEBTariff


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *