ഒട്ടെല്ലാ കാര്യങ്ങളിലും നാം സ്വരൂപിച്ചു വച്ചിരിക്കുന്ന ലേമാൻസ് നോളജ് ശരിയായിരിക്കും എന്നതാണ് നമ്മിൽ പലരുടേയും ആത്മവിശ്വാസം. കാരണം, അത്യാവശ്യം വായിക്കുന്നുണ്ട്, പല തലങ്ങളിലുള്ള ആളുകളുമായി ഇടപെടുന്നുണ്ട്, കാര്യങ്ങൾ സാമാന്യമായി ഗ്രഹിക്കാൻ അതു മതിയാകുമല്ലോ എന്നാണു ചിന്ത. എനിക്ക് ഈ ചിന്ത തീരെയില്ല. പൊട്ടത്തെറ്റാണ് ഈ വിശ്വാസമെന്നു പലതവണ അനുഭവത്തിലൂടെ ബോദ്ധ്യപ്പെട്ടതുകൊണ്ടു തന്നെ.
മറ്റൊരു കാരണം, സാമാന്യവിവരമെങ്കിലും കാണും എന്നു നാം കരുതുന്ന പല ആളുകൾക്കും ചില വിഷയങ്ങളിൽ അതില്ല എന്നു കാണുന്നതാണ്. അതായത്, തൊഴിൽപരമോ വിദ്യാഭ്യാസപരമോ അനുഭവപരമോ ആയ കാരണങ്ങളാൽ നമുക്കറിയാവുന്ന ഒരു വിഷയത്തെ പറ്റി, നമുക്കറിയാവുന്ന ഒരാൾ മണ്ടത്തരമെഴുന്നള്ളിക്കുന്നതു കാണുമ്പോൾ. ശിവനേ, എങ്ങനെ യെവനെ ഇതൊന്നു പറഞ്ഞു മനസ്സിലാക്കും എന്നു നാം ചിന്തിച്ചു പോകും. സോഷ്യൽ മീഡിയായിൽ തന്നെ ഇതു പലപ്പോഴും കണ്ടിട്ടുണ്ട്. ഉദാഹരണത്തിനു, നല്ല സാമൂഹ്യനിരീക്ഷകരെന്നു നാം കരുതുന്നവർ ക്രൈസ്തവസഭയിലെ ചില വിഷയങ്ങളെ പറ്റി അഭിപ്രായങ്ങളെഴുതുന്നതു കാണുമ്പോൾ പലവട്ടം എനിക്കിതു തോന്നിയിട്ടുണ്ട്. അഭിപ്രായങ്ങളോടുള്ള യോജിപ്പോ വിയോജിപ്പോ അല്ല കാര്യം. വസ്തുതകളറിയില്ല എന്ന പ്രശ്നം. അവർ അഭിപ്രായം രൂപപ്പെടുത്തിയിരിക്കുന്നത് അവരുടെ സങ്കൽപത്തിലെ ഒരു സംഗതിയെ ആധാരമാക്കിയാണ്. കേട്ടുകേൾവികളാണ് ആധാരം. നാം അതിനോടു വിയോജിക്കാൻ ചെന്നാൽ, അവരുടെ അഭിപ്രായത്തോടാണു വിയോജിക്കുന്നത് എന്ന വികാരത്തോടെ പ്രതികരിക്കും. പക്വമതികളും ഇതിൽ പിന്നോട്ടല്ല.
ഇതിൽ ഒരു പ്രശ്നമുള്ളതിതാണ്. മുമ്പിൽ വരുന്ന വസ്തുതകളിലെ അബദ്ധങ്ങൾ തിരുത്താനാകും. എന്നാൽ തെറ്റായ വസ്തുതകളെ ആധാരമാക്കി ഒരാൾ രൂപപ്പെടുത്തി വച്ചിരിക്കുന്ന അഭിപ്രായങ്ങളെ തിരുത്തുക എളുപ്പമല്ല. കാരണം, ആ അഭിപ്രായത്തിനു കാരണമായ വസ്തുതകൾ അദ്ദേഹം അപ്പോൾ നമ്മോടു പറയുന്നില്ല. പലതും ആ സമയത്ത് ഓർമ്മ വരുന്നതോ പ്രസക്തമായതോ ആയിരിക്കില്ല. പണ്ടേ തെറ്റായി മനസ്സിലാക്കി വച്ചിരിക്കുന്ന ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി പിന്നീട് ഓരോന്നു പറയുകയാണ്.
കൃത്യമായ ഒരുദാഹരണം ഓർമ്മ വരുന്നില്ല. കത്തോലിക്കാസഭയിലെ സന്യാസസമൂഹങ്ങളെ വേറെ സഭകളായി കരുതുന്ന ചില പത്രപ്രവർത്തകരെ പോലും കാണാനിടയായിട്ടുണ്ട്.
ഇപ്പോഴിതൊക്കെ പറയാൻ കാരണം, പ്രധാനമായും, വേറെ പണിയില്ലാത്തതാണ്. മറ്റൊന്ന് ക്രിസ്ത്യൻ വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഈ പോസ്റ്ററും. അതുകൊണ്ട് ഇനി പറയുന്നത് ഇതു വാട്സാപ്പിൽ കണ്ടുകൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളോടാണ്. പറയുന്നതാകട്ടെ ഒരു ലേമാൻ എന്ന നിലയിലുമാണ്. തെറ്റുണ്ടെങ്കിൽ അറിവുള്ളവർക്കു തിരുത്താം. തിരുത്തപ്പെടാൻ തയ്യാറാണ്.
- മദ്രസ അദ്ധ്യാപകർക്കു ശമ്പളം കൊടുക്കുന്നത് അതാതു പള്ളിക്കമ്മിറ്റികളാണ്. മഹല്ലുകൾ. നമ്മുടെ ഇടവകപള്ളികൾ പോലെയുള്ള സംവിധാനമാണത്. കപ്യാർക്കും വികാരിയച്ചനും ശമ്പളം കൊടുക്കുന്നത് ഇടവകയിൽ നിന്നാണല്ലോ. അതുപോലെ.
- 25000 എന്നൊരു നിശ്ചിത ശമ്പളമൊന്നുമില്ല. മഹല്ലുകളുടെ ധനസ്ഥിതിയും കമ്മിറ്റിക്കാരുടെ മനസ്ഥിതിയും കുടുംബങ്ങളുടെ എണ്ണവും ഒക്കെ ഘടകങ്ങളാണ്. നമ്മുടെ കമ്മിറ്റിക്കാരെ അറിയാമല്ലോ, ഏതാണ്ട് അതേപോലെ തന്നെ വരും. നൂറു രൂപ കൂട്ടാമെന്ന് ആരെങ്കിലും പറഞ്ഞാൽ ബാക്കിയെല്ലാവരും കൂടെ എതിർക്കും എന്നു മനസ്സിലാക്കിയാൽ മതി. (കപ്യാരുടെയും വികാരിയുടെയും ശമ്പളത്തിന് ഏകീകൃതരൂപവും ചില മാനദണ്ഡങ്ങളുമൊക്കെ ക്രൈസ്തവസഭകളിൽ പതിവാണ്. സമസ്ത പോലുള്ള സംവിധാനങ്ങളുടെ മഹല്ലുകളിൽ അത്തരം വ്യവസ്ഥകൾ ഉണ്ടായേക്കാം. കൃത്യമായി അറിയില്ല. ഏതായാലും സർക്കാരിനു പങ്കൊന്നുമില്ല. )
- മദ്രസ അദ്ധ്യാപകരെ സൺഡേ സ്കൂൾ അദ്ധ്യാപകരുമായി താരതമ്യപ്പെടുത്തുന്നതിൽ വലിയ അർത്ഥമില്ല. സൺഡേസ്കൂളുകൾ ഞായാറാഴ്ചകളിൽ മാത്രം ഒന്നോ രണ്ടോ മണിക്കൂർ ഉള്ളവയാണ്. അവയിലെ അദ്ധ്യാപകരാകട്ടെ ഡോക്ടർമാരും എൻജിനീയർമാരും കോളേജ്-സ്കൂൾ അദ്ധ്യാപകരും മറ്റ് ഉദ്യോഗസ്ഥരും ഒക്കെയാണ്. അല്ലാത്തവരും ഉണ്ടാകാം. എങ്കിലും, ഇതിൽ നിന്നു ശമ്പളം പ്രതീക്ഷിക്കുന്നവരല്ല. ഒരു ഇടവകപ്പള്ളിയിൽ ഒരു ക്ലാസിന് ഒരാൾ എന്ന നിലയിൽ എത്ര ചെറിയ പള്ളിയിലും ചുരുങ്ങിയതു പന്ത്രണ്ടു അദ്ധ്യാപകരുണ്ടാകും. മുപ്പതും നാൽപതും പേർ സാധാരണമാണ്. വൻകിട പള്ളികളിൽ അതിലുമേറെ. അതുകൊണ്ട് ശമ്പളം കൊടുക്കൽ പ്രായോഗികവുമല്ല.
- അതേസമയം മദ്രസകൾ നിത്യേന പ്രവർത്തിക്കുന്നവയാണ്. മറ്റു ജോലികൾ കൂടി മദ്രസ അദ്ധ്യാപകർ ചെയ്യുന്നുണ്ടാകാമെങ്കിലും മദ്രസ ജോലിയിൽ നിന്നുകൂടി പ്രതിഫലമില്ലാതെ ജീവിക്കാൻ പറ്റുന്ന സാഹചര്യമല്ല പൊതുവിൽ അവരുടേത്. ഒരു മുസ്ലീം മഹല്ലിലെ മദ്രസ അദ്ധ്യാപകരോ പുരോഹിതരോ ക്രൈസ്തവസമുദായത്തിലെ അതേ സാമൂഹികപദവി അവിടെ ഉള്ളവരുമല്ല. വേണമെങ്കിൽ കപ്യാരുമായി താരതമ്യം ചെയ്യാം, ചിലപ്പോഴെങ്കിലും അതു ശരിയാകും. അതുകൊണ്ടാണ് അവരുടെ ക്ഷേമം ഒരു വിഷയമായി ഉയർന്നു വരുന്നതും അവർക്കായി ക്ഷേമനിധി ഏർപ്പെടുത്തിയതും.
- ക്ഷേമനിധിയിൽ ഈ അദ്ധ്യാപകരും അവരുടെ തൊഴിലുടമകളായ മഹല്ലുകമ്മിറ്റികളും പണമടയ്ക്കണം. അതിൽ നിന്നാണു നാമമാത്രമായ പെൻഷനും മറ്റും നൽകുന്നത്. മറ്റു തൊഴിലാളി ക്ഷേമനിധികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ ഇതിനുമുണ്ടാകാമെന്നല്ലാതെ പൊതുഖജനാവിൽ നിന്ന് ഈ പോസ്റ്റിൽ പറയുന്നതുപോലെ നൂറു കണക്കിനു കോടികൾ ഇതിനായി ചിലവാക്കുന്നുവെന്നു പറയുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ പച്ചക്കള്ളം മാത്രമാണ്.
- യഥാർത്ഥത്തിൽ മദ്രസ അദ്ധ്യാപകർക്കു ക്ഷേമനിധി എന്ന നിർദേശത്തെ മഹല്ലുകമ്മിറ്റികൾ തുടക്കത്തിൽ പൊതുവെ എതിർക്കുകയായിരുന്നു. കാരണം, അവരും പണമടയ്ക്കണം. മാത്രമല്ല, മദ്രസ അദ്ധ്യാപകരുടെ തൊഴിലാളി പദവി അംഗീകരിക്കപ്പെടുന്നു എന്ന പ്രശ്നവും അവർ കണ്ടു.
- 1000 രൂപ പെൻഷൻ 1200 രൂപയായി വർദ്ധിപ്പിക്കും എന്ന് മന്ത്രി ജലീൽ കഴിഞ്ഞ വർഷം പറഞ്ഞതായി ഒരു വാർത്ത കണ്ടു. (ലിങ്ക് താഴെ). അതനുസരിച്ചു വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിൽ തന്നെ 1200 രൂപ. (സർക്കാർ നൽകുന്ന ക്ഷേമപെൻഷൻ 1400 രൂപയാണെന്നും ഒരു പെൻഷൻ ലഭിക്കുന്നവർക്ക് മറ്റൊരു പെൻഷന് അർഹതയുണ്ടാവില്ലെന്നും കൂടി അറിയണം.) ഈ പോസ്റ്ററിൽ 2 ലക്ഷം പേർക്ക് 6000 രൂപ വീതം നൽകുമെന്നു നുണ പറഞ്ഞ ശേഷം ഇട്ടു കാൽക്കുലേറ്ററിൽ ഗുണിച്ചു വച്ചിരിക്കുന്നത് ശുദ്ധ ഭോഷ്കാണ്.
- മാത്രവുമല്ല, ക്ഷേമനിധിയിൽ അര ലക്ഷം പേർ തികഞ്ഞിട്ടില്ലെന്നും അറിയുന്നു. അതുകൊണ്ട് രണ്ടു ലക്ഷം മദ്രസ അദ്ധ്യാപകർക്കു പെൻഷൻ എന്നതൊന്നും ഉടനെ നടപടിയാകുന്ന കാര്യമല്ല.
ഒന്നു കൂടി –
തീവ്രവാദം തുലയട്ടെ.
വർഗീയത നശിക്കട്ടെ.
അതെ, ഞാൻ ഇസ്ലാമിക തീവ്രവാദത്തെയും
ഹിന്ദു വർഗീയതയെയുമാണ് അപലപിച്ചത്.
അല്ലാതെ, ശ്ശെ, അങ്ങിനെ വിചാരിക്കരുത്.
madrassa, madrasa, jaleel
0 Comments