https://www.deshabhimani.com/from-the-net/m-swaraj-joseph-stalin/966285

പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ച വള്ളത്തോൾ സ്റ്റാലിനെ വിശേഷിപ്പിച്ചത് ‘മഹാരത്ന’ മെന്നാണ്. സ്റ്റാലിൻ്റെ മരണത്തെത്തുടർന്ന് വള്ളത്തോളെഴുതിയ കവിതയിലൊരു വരി ഇങ്ങിനെയായിരുന്നു. “തൂകുക , കണ്ണീരിന്ത്യേ: വേറെയില്ലല്ലോ, സ്റ്റാലിൻ! ”. മറ്റൊരു സ്റ്റാലിൻ ഇനിയില്ലല്ലോ എന്നോർത്ത് ഇന്ത്യ കരയട്ടെയെന്ന് കവി പറയുന്നു. വള്ളത്തോൾ സോവിയറ്റ് യൂണിയൻ സന്ദർശിച്ച് അവിടുത്തെ സാഹചര്യങ്ങളെല്ലാം നേരിട്ട് മനസിലാക്കിയ ആളായിരുന്നു. നെഹ്രു മുതൽ വള്ളത്തോൾ വരെയുള്ളവരെ ഇക്കാരണത്താൽ കേരളത്തിലെ കോൺഗ്രസുകാർ ഇനിയെന്താണ് ചെയ്യുകയെന്ന് ആശങ്കപ്പെടേണ്ടിയിരിയ്ക്കുന്നു. എം സ്വരാജ്‌ എഴുതുന്നു.

അനന്തരം അവർ സ്റ്റാലിനെ തേടിയിറങ്ങി…

കമ്യൂണിസ്റ്റ് വിരോധം കൊണ്ടു മാത്രം ജീവൻ നിലനിർത്തുന്ന മാധ്യമങ്ങൾക്കും വ്യക്തികൾക്കും കഴിഞ്ഞ ദിവസം ആഘോഷത്തിൻ്റേതായിരുന്നു. ദക്ഷിണ ഉക്രയിനിലെ ഒഡേസയിൽ ചില കൂട്ടക്കുഴിമാടങ്ങളിൽ നിന്നും ആയിരക്കണക്കിന് മനുഷ്യരുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്ത വാർത്തയാണ് ആഘോഷത്തിൻ്റെ ഹേതു. ആഗോള മുതലാളിത്തത്തിൻ്റെ പതാകവാഹകരായ മാധ്യമങ്ങൾ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല . പ്രതി സ്റ്റാലിൻ തന്നെ ! .സ്ഥലം പഴയ സോവിയറ്റ് യൂണിയൻ്റെ ഭാഗമായഉക്രയ്നാണല്ലോ. അപ്പോൾ പിന്നെ ഒന്നും നോക്കാനില്ല. സ്റ്റാലിനെ പിടികൂടി വിചാരണ ചെയ്യുക തന്നെ. സ്റ്റാലിനും കമ്യൂണിസവും ചതുർത്ഥിയായ മാധ്യമങ്ങളുടെ ചിന്താരഹിതമായ എടുത്തു ചാട്ടത്തിനൊപ്പം സകല കമ്യൂണിസ്റ്റ് വിരുദ്ധരും അണിനിരന്നു. കേരളത്തിലെ സി പി ഐ (എം) മറുപടി പറയണമെന്നും പാർട്ടി ഓഫീസിലെവിടെയെങ്കിലും സ്റ്റാലിൻ്റെ ചിത്രമുണ്ടെങ്കിൽ ഉടൻ മാറ്റണമെന്നുമൊക്കെ അന്ത്യശാസനം വരെ പുറപ്പെടുവിയ്ക്കപ്പെട്ടു. എന്നാൽ ഇത്തവണ സ്റ്റാലിൻ വിചാരണ തുടക്കത്തിലേ പാളിപ്പോയി. യാഥാർത്ഥ്യം നിരവധിപേർ നവ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടി. എന്താണ് വസ്തുതയെന്നല്ലേ ദക്ഷിണ ഉക്രയിനിലെ ഒഡേസ കൂട്ടക്കൊല (Odessa Massacre) ചരിത്രത്തിൻ്റെ ഭാഗമാണ്. രണ്ടാം ലോകയുദ്ധക്കാലത്ത് പതിനായിരക്കണക്കിന് ജൂതന്മാർ കൂട്ടക്കൊല ചെയ്യപ്പെട്ട ശവപ്പറമ്പാണത്. പക്ഷെ കൊലയാളി സ്റ്റാലിനായിരുന്നില്ലെന്ന് മാത്രം. ഹിറ്റ്ലറുടെ നാസിപ്പടയാണ് റുമാനിയൻ സേനയുമായി ചേർന്ന് ഉക്രയ്ൻ പിടിയ്ക്കാനായി ജൂത കൂട്ടക്കൊല നടത്തിയത്. സ്റ്റാലിൻ്റെ റഷ്യൻ ചെമ്പടയാണ് ത്യാഗനിർഭരമായ ചെറുത്തു നിൽപിലൂടെ നാസിപ്പടയെ തോൽപിച്ചോടിച്ച് ഉക്രയിനും ഒഡേസയുമെല്ലാം സംരക്ഷിച്ചത്. ഐസൻസ്റ്റീനിൻ്റെ ബാറ്റിൽഷിപ് പൊട്ടംകിന്നിലെ ‘ഒഡേസ പടവുകൾക്ക്’ ശേഷം ലോക ശ്രദ്ധയിൽ ഒഡേസ കടന്നു വരുന്നത് നാസികളുടെ കൂട്ടക്കൊലയിലൂടെയാണ് . ഇത്രമാത്രം ലോകം ശ്രദ്ധിച്ച ഒരു വലിയ ചരിത്ര സംഭവമായിരുന്നിട്ടും എന്തുകൊണ്ടാണ് ഒരു വാർത്ത കേൾക്കുന്ന മാത്രയിൽ മുതലാളിത്ത മാധ്യമങ്ങൾ ഒന്നടങ്കം അത് സ്റ്റാലിൻ്റെ തലയിൽ കെട്ടിവെയ്ക്കാനായി കോപ്പുകൂട്ടുന്നത് ?കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ വരെ സി പി ഐ (എം) നെതിരെ കേട്ടുകേൾവിയുടെ മാത്രം ബലത്തിൽ ആർത്തുവിളിയ്ക്കുന്നതെന്തുകൊണ്ടാണ് ? ഇത് ഗൗരവമായി ചർച്ച ചെയ്യേണ്ട ഒരു പ്രശ്നമാണ്. മാധ്യമങ്ങളും കോൺഗ്രസും ബോധപൂർവം ഒരു നുണ പ്രചരിപ്പിയ്ക്കുന്നതാണോ ? അതോ വിവരക്കേടു കൊണ്ട് സംഭവിയ്ക്കുന്ന അബദ്ധമാണോ ? സത്യത്തിൽ ഇങ്ങനെയൊക്കെ വിലയിരുത്തുന്നത് ന്യൂനോക്തിയാണ്. കമ്യൂണിസ്റ്റ് വിരോധം മാത്രം മൂലധനമായുള്ളവർ ബോധപൂർവം പ്രചരിപ്പിയ്ക്കുന്ന നുണകളുണ്ട്. ചരിത്രബോധമില്ലായ്മ കൊണ്ട് സംഭവിയ്ക്കുന്ന അബദ്ധങ്ങളുമുണ്ട്. എന്നാൽ അതിനുമപ്പുറം സ്റ്റാലിൻ എന്ന വ്യക്തി ക്രൂരതയുടെ പ്രതീകമാണെന്നും കൂട്ടക്കൊലകളുമായി ബന്ധിപ്പിച്ചു പറയേണ്ട പേരാണ് സ്റ്റാലിൻ്റെതെന്നും വിശ്വസിയ്ക്കുന്ന ചെറുതല്ലാത്ത ഒരു വിഭാഗമാളുകളുണ്ട് എന്നത് വസ്തുതയാണ്. അത്തരമൊരു മാനസികാവസ്ഥയിൽ തുടരുന്നയാൾ മാധ്യമ പ്രവർത്തകനായാലും പ്രതിപക്ഷ നേതാവായാലും ഇങ്ങനെയൊക്കെയേ ചിന്തിയ്ക്കൂ . ഏതു കാര്യവും കേൾക്കുന്ന മാത്രയിൽ ചാടിക്കയറി ആദ്യം പ്രതികരിയ്ക്കണമെന്ന് വാശിയുള്ളവർക്ക് ഇത്തരം അബദ്ധങ്ങൾ ശീലമായി മാറുകയും ചെയ്യുമെന്നത് മറ്റൊരു കാര്യം പറഞ്ഞു വരുന്നത് സ്റ്റാലിനെ കുറിച്ചാണ് ജോസഫ് വിസാറിയോവിച്ച് ജുഗാഷ് വ് ലി എന്ന സ്റ്റാലിനെക്കുറിച്ച് . പതിറ്റാണ്ടുകളായി ലോക മുതലാളിത്തം സ്റ്റാലിനെ ഒരു ഭീകരനാക്കി പ്രചരണം നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. സ്റ്റാലിൻ സമം ക്രൂരത എന്ന ഒരു സമവാക്യമാണ് പ്രചരിപ്പിയ്ക്കപ്പെടുന്നത്. സ്റ്റാലിനെ കൊടും ഭീകരനും ക്രൂരനുമാക്കി അവതരിപ്പിച്ചു കൊണ്ട് കമ്യൂണിസത്തെ കുഴിച്ചുമൂടുകയെന്ന അജണ്ടയാണ് മുതലാളിത്ത ശക്തികൾ ഏറ്റെടുത്തിട്ടുള്ളത്. പതിറ്റാണ്ടുകളായി തുടരുന്ന സ്റ്റാലിൻ്റെ ക്രൂരതയുടേയും കൂട്ടക്കൊലപാതകങ്ങളുടേയും കഥകൾ കേട്ടുകേട്ട് സ്റ്റാലിൻ വിരോധത്തിൻ്റെയും കമ്യൂണിസ്റ്റ് വിരുദ്ധതയുടേയും അടിത്തറയിൽ രൂപപ്പെട്ട മനസുകൾക്ക് ഏത് ശ്മശാനത്തിലെ അസ്ഥികൂടവും സ്റ്റാലിൻ്റെ തലയിൽ കൊണ്ടുവന്നു വെയ്ക്കാൻ തോന്നും. കേട്ടുകേൾവികൾക്കും നിറം പിടിപ്പിച്ച നുണക്കഥകൾക്കുമപ്പുറം ചരിത്രത്തിലേയ്ക്ക് കടന്നു ചെല്ലാൻ തയ്യാറാവുമ്പോഴാണ് നുണകൾ കൊണ്ട് കെട്ടിയുയർത്തിയ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ കോട്ടകൾ ഇളകിത്തുടങ്ങുന്നത്. യഥാർത്ഥത്തിൽ മൂതലാളിത്ത ലോകം പ്രചരിപ്പിയ്ക്കുന്നതു പോലെ രക്തദാഹിയായ ഒരു കൊടും ക്രൂരനായിരുന്നോ സ്റ്റാലിൻ ? കേരളത്തിലെ കോൺഗ്രസ് നേതാക്കളും വലതുപക്ഷമാധ്യമങ്ങളും ആവർത്തിയ്ക്കുന്ന സ്റ്റാലിൻ കഥകളുടെ നിജസ്ഥിതിയെന്താണ് ? ചില ചോദ്യങ്ങൾക്ക് ചരിത്രം ഉത്തരം നൽകും.1979ൽ ടാൻസാനിയൻ സൈന്യം ഉഗാണ്ടയെ അക്രമിയ്ക്കുകയുണ്ടായി. ആ സമയത്ത് ഉഗാണ്ടയിലെ ജനങ്ങൾ ടാൻസാനിയൻ സേനയ്ക്കൊപ്പം അണിനിരന്ന് സ്വന്തം ഭരണാധികാരിയ്ക്കെതിരെ പൊരുതി ! അത്രമേൽ വെറുക്കപ്പെട്ടവനായി മാറിയിരുന്നു ഈദി അമീൻ എന്ന ഉഗാണ്ടയുടെ പ്രസിഡൻ്റ് .പിടിച്ചു നിൽക്കാനാവാതെ ഈദി അമീൻ ലിബിയ വഴി സൗദി അറേബ്യയിലേയ്ക്ക് ഓടി രക്ഷപെട്ടുവെന്നതാണ് ചരിത്രം . എന്നാൽ ജർമൻ നാസിപ്പട സോവിയറ്റ് യൂണിയനെ അക്രമിച്ചപ്പോൾ റഷ്യക്കാർ നാസിപ്പടയോടൊപ്പം ചേരുകയല്ല ചെയ്തത്. സ്റ്റാലിൻ്റെ പിന്നിൽ കൂറോടെ അവർ അണിനിരന്നു. നാസി ജർമനിയ്ക്കെതിരെ ജീവൻ നൽകി പോരാടി. രണ്ടര കോടിയിലധികം മനുഷ്യരാണ് അന്നവിടെ മരിച്ചുവീണത്. റഷ്യയൊന്നടങ്കം ഒരേ മനസോടെ പൊരുതി നാസികളെ തോൽപിച്ചോടിച്ചു. കൊടും ക്രൂരനും ജനവിരുദ്ധനുമായ ഒരു ഏകാധിപതിയായിരുന്നു സ്റ്റാലിനെങ്കിൽ ഈദി അമീന് സംഭവിച്ചതു പോലെ സ്വന്തം ജനത ശത്രുപക്ഷത്ത് ചേർന്ന് സ്റ്റാലിനെയും തുരത്തേണ്ടതായിരുന്നില്ലേ ?കൊടുംക്രൂരനും ജനവിരുദ്ധനുമായ ഒരാളെ ഒഴിവാക്കാൻ കിട്ടുന്ന അവസരം ജനങ്ങൾ പാഴാക്കുമോ ? കുറച്ചു വർഷങ്ങൾക്ക് മുൻപ് പ്രിയപ്പെട്ട കവി ശ്രീ. ഒ എൻ വി കുറുപ്പ് സ്വകാര്യ സംഭാഷണത്തിനിടയിൽ അദ്ദേഹത്തിൻ്റെ ഒരനുഭവം പങ്കുവെയ്ക്കുകയുണ്ടായി. കവി സോവിയറ്റ് യൂണിയൻ സന്ദർശിച്ചപ്പോൾ അവിടെ പാതയോരത്തിരുന്ന് ഒരു പടുവൃദ്ധൻ സ്റ്റാലിൻ്റെ ചിത്രമുള്ള കലണ്ടറുകൾ വിൽക്കുന്നത്‌ കാണുന്നു. ആ വൃദ്ധൻ്റെ സമീപത്തു ചെന്ന ഒ എൻ വി സ്റ്റാലിനെക്കുറിച്ച് കേട്ടിട്ടുള്ള ക്രൂരതയുടെ കഥകളെപ്പറ്റി വൃദ്ധനോട്ചോദിച്ചു. പെട്ടന്ന് ക്ഷുഭിതനായി പൊട്ടിത്തെറിച്ച ആ വൃദ്ധൻ കയ്യിൽ സ്റ്റാലിൻ്റെ ചിത്രവുമായി ഇരുന്നിടത്തു നിന്നും ചാടിയെണീറ്റ് പറഞ്ഞുവത്രെ ” നിങ്ങൾക്കെന്തറിയാം സ്റ്റാലിനെക്കുറിച്ച് …. മരം കോച്ചുന്ന തണുപ്പത്ത് വൈദ്യതിയില്ലാതെ , കഴിയ്ക്കാൻ ഒരു കഷണം റൊട്ടിയില്ലാതെ ഞങ്ങൾ നരകിച്ച ആ കാലം ….. നാസികളുടെ കയ്യിൽ നിന്ന് ഞങ്ങളെയും രാജ്യത്തെയും രക്ഷിച്ചത് ഈ മനുഷ്യനാണ് ” . അതു പറയുമ്പോൾ ആ വൃദ്ധൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നുവത്രെ. ഇപ്പോൾ കാലമേറെ കടന്നു പോയി . സ്റ്റാലിൻ്റെ കാലം കഴിഞ്ഞു. സോവിയറ്റ് യൂണിയൻ ഇല്ലാതെയായി. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെല്ലാം ഒന്നു ചേർന്ന് നുണപ്രചാരവേലയുടെ കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ചു. പക്ഷേ ഇക്കഴിഞ്ഞ പത്തു വർഷത്തിനിടെ റഷ്യയിൽ പലയിടങ്ങളിലായി ഒരു ഡസനിൽ പരം സ്റ്റാലിൻ പ്രതിമകളാണ് പുതുതായി സ്ഥാപിയ്ക്കപ്പെട്ടത്. കഴിഞ്ഞ കൊല്ലമാണ് പടിഞ്ഞാറൻ റഷ്യയിലെ വോൾഗാതീരത്തെ വൻനഗരമായ നിഷ്നിനൊവോഗോറോഡിൽ സ്റ്റാലിൻ്റെ പ്രതിമ സ്ഥാപിച്ചത് . സൈബീരിയൻ നഗരമായ നോവോസിബിർസ്കിലും ആഘോഷപൂർവം സ്റ്റാലിൻ പ്രതിമ സ്ഥാപിച്ചത് ഈയടുത്താണ്. ജോർജിയയിലെ സ്റ്റാലിൻ സ്ക്വയറിൽ പ്രതിമ സ്ഥാപിച്ചത് ഒരു സ്വതന്ത്ര സ്വഭാവമുള്ള സംഘടനയാണ്. ഏറ്റവും പുതിയ വാർത്ത റഷ്യയിലെ 70 ശതമാനം പേരും സ്റ്റാലിനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന സർവ്വേയുടെ വിവരങ്ങളാണ്. വർഷം ചെല്ലുംതോറും സ്റ്റാലിൻ്റെ ജനപ്രീതി റഷ്യയിൽ വർദ്ധിയ്ക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1991ലെ സോവിയറ്റ് തകർച്ചയുടെ കാലത്ത് വിപ്ലവകാരികളുടെ പ്രതിമകൾ തകർക്കുന്നത് വലിയ വാർത്തയാക്കിയ മലയാള മാധ്യമങ്ങൾക്ക് ഇപ്പോഴത്തെ മാറ്റങ്ങൾ അറിഞ്ഞ മട്ടില്ല. പ്രതിമ തകർക്കുന്നത് അറിഞ്ഞാൽ മതി. സ്ഥാപിയ്ക്കുന്നത് അറിയണ്ട എന്നു തന്നെ! . ഏതായാലും ഒരു ക്രൂരനായ ഏകാധിപതിയോട് ഈ വിധമാണോ ജനങ്ങൾ പെരുമാറുക എന്ന ചോദ്യം പ്രസക്തമാണ്. 1953 ൽ സ്റ്റാലിൻ അന്തരിച്ചപ്പോൾ പണ്ഡിറ്റ് നെഹ്രുവിൻ്റെ പ്രസ്താവന മാതൃഭൂമി പത്രം ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു. ” സമാധാനത്തിനു വേണ്ടി നിലകൊണ്ട യോദ്ധാവ് ” എന്നായിരുന്നു നെഹ്രുവിൻ്റെ വാക്കുകൾ. ലോകസമാധാനം നിലനിർത്താൻ സോവിയറ്റ് യൂണിയനും സ്റ്റാലിനും വഹിച്ച പങ്ക് ഇന്നത്തെ കേരളത്തിലെ കോൺഗ്രസുകാർക്ക് അറിയില്ലെങ്കിലും നെഹ്രുവിന് അറിയാമായിരുന്നു. ഇന്ത്യയുടെ കാർഷിക വ്യാവസായിക മേഖലകൾ പിച്ചവെച്ചത് സോവിയറ്റ് യൂണിയൻ്റെ സഹായത്തോടെയായിരുന്നു. രാജ്യപുരോഗതിയ്ക്ക് ഇന്ത്യയെന്നും സോവിയറ്റ് യൂണിയനോടും സ്റ്റാലിനോടും കടപ്പെട്ടിരിയ്ക്കുന്നുവെന്നതിന് ചരിത്രം സാക്ഷി. പണ്ഡിറ്റ് നെഹ്രു മാത്രമല്ല അറിവും അനുഭവവുമുള്ള കോൺഗ്രസ് നേതാക്കൻമാർക്കൊന്നും സ്റ്റാലിൻ്റെ കാര്യത്തിൽ കേരളത്തിലെ ഇപ്പോഴത്തെ നേതാക്കൻമാരുടെ അഭിപ്രായമായിരുന്നില്ല.മലയാളത്തിൻ്റെ അഭിമാനമായ കവി ശ്രീ. വള്ളത്തോൾ നാരായണമേനോൻ അറിയപ്പെടുന്ന കോൺഗ്രസുകാരനായിരുന്നല്ലോ. 1927 ലെ മദ്രാസ് AICC സമ്മേളനത്തിലും , 1928 ലെ കൽക്കത്ത AlCC സമ്മേളനത്തിലും പ്രതിനിധിയായി പങ്കെടുത്തയാളാണ് വള്ളത്തോൾ. മഹാത്മാഗാന്ധിയെ ഗുരുവായി സ്വീകരിച്ച വള്ളത്തോളിൻ്റെ ‘എൻ്റെ ഗുരുനാഥൻ’ വായിക്കാത്താവരുണ്ടാവില്ല. മാഹാത്മാഗാന്ധിയെ ഇത്രമാത്രം ഭക്ത്യാദരപൂർവം പരിചയപ്പെടുത്തുന്ന മറ്റൊരു കവിതയുണ്ടാവുമോയെന്ന് സംശയമാണ്. ‘പാഴ്നിഴലുണ്ടാക്കാത്ത പൂനിലാവെ’ന്നാണ് ഗാന്ധിജിയെ വള്ളത്തോൾ വിശേഷിപ്പിയ്ക്കുന്നത്. പാഴ്നിഴലുണ്ടാക്കാത്ത പൂനിലാവെന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ച വള്ളത്തോൾ സ്റ്റാലിനെ വിശേഷിപ്പിച്ചത് ‘മഹാരത്ന’ മെന്നാണ്.സ്റ്റാലിൻ്റെ മരണത്തെത്തുടർന്ന് വള്ളത്തോളെഴുതിയ കവിതയിലൊരു വരി ഇങ്ങിനെയായിരുന്നു. “തൂകുക , കണ്ണീരിന്ത്യേ: വേറെയില്ലല്ലോ , സ്റ്റാലിൻ “! . മറ്റൊരു സ്റ്റാലിൻ ഇനിയില്ലല്ലോ എന്നോർത്ത് ഇന്ത്യ കരയട്ടെയെന്ന് കവി പറയുന്നു. വള്ളത്തോൾ സോവിയറ്റ് യൂണിയൻ സന്ദർശിച്ച് അവിടുത്തെ സാഹചര്യങ്ങളെല്ലാം നേരിട്ട് മനസിലാക്കിയ ആളായിരുന്നു. നെഹ്രു മുതൽ വള്ളത്തോൾ വരെയുള്ളവരെ ഇക്കാരണത്താൽ കേരളത്തിലെ കോൺഗ്രസുകാർഇനിയെന്താണ് ചെയ്യുകയെന്ന് ആശങ്കപ്പെടേണ്ടിയിരിയ്ക്കുന്നു. സ്റ്റാലിൻ മരിയ്ക്കുന്നതിന് തൊട്ടുമുമ്പാണ് തമിഴകത്തിൻ്റെ നേതാവായ കരുണാനിധിയ്ക്ക് ഒരു മകൻ പിറന്നത്. സ്റ്റാലിനോടുള്ള സ്നേഹാദരങ്ങൾ പ്രകടിപ്പിയ്ക്കാനായി കരുണാനിധി തൻ്റെ മകന് സ്റ്റാലിൻ എന്ന് പേരിട്ടു. ആ സ്റ്റാലിനാണ് ഇന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി . രാജ്യാതിർത്തികൾക്കപ്പുറത്ത് സാധാരണക്കാരായ ജനകോടികൾ സ്റ്റാലിനെ തങ്ങളുടെ നേതാവായി ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരുന്നുവെന്നതാണ് സത്യം . മുതലാളിത്ത ശക്തികളുടെ ആവർത്തിയ്ക്കുന്ന പ്രചരണഘോഷവും യാഥാർത്ഥ്യവും തമ്മിൽ പൊരുത്തപ്പെടുന്നില്ല. സോവിയറ്റ് യൂണിയൻ ഒരു വൻ ശക്തിയായി വളർന്നത് സ്റ്റാലിൻ്റെ നേതൃത്വത്തിലായിരുന്നു. അമേരിക്കൻ മേധാവിത്വത്തിന് വെല്ലുവിളിയായി സോവിയറ്റ് യൂണിയൻ മാറുകയും അമേരിക്കയുടെ ലോകപോലീസ് ചമയൽ നടക്കാതാവുകയും ചെയ്തതോടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിൻ്റെ സംഘടിത നീക്കമാണുണ്ടായത്. വിവിധ രാഷ്ട്രങ്ങളും മാധ്യമങ്ങളും ഏജൻസികളുമെല്ലാം അണിനിരന്ന പ്രചരണ യുദ്ധം ലോകത്തിൻ്റെ മുന്നിൽ നിരവധി കെട്ടുകഥകൾ വാർത്തകളാക്കി അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്ക കേന്ദ്രമായുള്ള അതിവിപുലമായ മാധ്യമ ശൃംഖലയുടെ അധിപൻ വില്യം റാൻഡോൾഫ് ഹെർസ്റ്റ് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ ആദ്യകാല സംഘാടകനായിരുന്നു. മഞ്ഞപ്പത്രങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ഹെർസ്റ്റ് 1934ൽ ജർമനി സന്ദർശിയ്ക്കുകയും ഹിറ്റ്ലറുമായി സൗഹൃദം സ്ഥാപിയ്ക്കുകയും ചെയ്യുന്നു. തുടർന്ന് ഹെർസ്റ്റിൻ്റെ പത്രങ്ങളിലും മറ്റു പ്രസിദ്ധീകരണങ്ങളിലുമായി സോവിയറ്റ് യൂണിയനും സ്റ്റാലിനുമെതിരായ നിരന്തര ആക്രമണത്തിന് തുടക്കമിട്ടു. അക്കാലത്ത് ഹെർസ്റ്റ് പ്രസിൻ്റെ പ്രസിദ്ധീകരണങ്ങളിൽ കത്തിയും പിടിച്ചു നിൽക്കുന്ന സ്റ്റാലിൻ്റെ കാർട്ടൂൺ പതിവായിരുന്നത്രെ. ഹിറ്റ്ലറുടെ വലംകയ്യായിരുന്ന ഹെർമൻ ഗോറിങ്ങിൻ്റെ കമ്യൂണിസ്റ്റ് വിരുദ്ധ ലേഖന പരമ്പര ഹെർസ്റ്റിൻ്റെ പത്രത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയതും ഇക്കാലത്താണ്. ഉക്രയിനിലെ ക്ഷാമത്തെക്കുറിച്ചുള്ള വൻ പ്രചാരവേലയും ഇക്കാലത്തരംഭിച്ചു. കമ്യൂണിസ്റ്റുകാർ ബോധപൂർവമുണ്ടാക്കിയ ക്ഷാമമാണെന്നും 6 ദശലക്ഷം പേർ പട്ടിണി കിടന്ന് മരിച്ചുവെന്നുമായിരുന്നു പ്രചാരണം . തുടർന്നിങ്ങോട്ട് ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ ഊർജ്ജ സ്രോതസ് ഹെർസ്റ്റ് പ്രസിൻ്റെ നുണക്കഥകളായിരുന്നു. ലോക രാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റ് സ്വാധീനം തകർക്കാനായി പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് സീക്രട്ട് സർവീസായ ഐ ആർ ഡി (Information Reserch Department) യിലെ ഏജൻ്റായിരുന്ന റോബർട്ട് കോൺക്വസ്റ്റ് പിൽക്കാലത്ത് ‘ദ ഗ്രേറ്റ് ടെറർ’ എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിലും ഉക്രയ്ൻ ക്ഷാമം കമ്യൂണിസ്റ്റുകാർ സൃഷ്ടിച്ചതാണെന്നും 6 ദശലക്ഷം മനുഷ്യർ പട്ടിണി കിടന്നു മരിച്ചെന്നുമുള്ള ഹെർസ്റ്റിൻ്റെ പ്രചരണം ആവർത്തിച്ചു. 1986 ൽ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിനായി റോബർട്ട് കോൺക്വസ്റ്റ് രചിച്ച ‘ ഹാർവെസ്റ്റ് ഓഫ് സോറോസ് ‘ എന്ന പുസ്തകത്തിൽ ഉക്രയിനിലെ ക്ഷാമത്തിൽ മരിച്ചവരുടെ എണ്ണം 15 ദശലക്ഷമാണ്. അതായത് ആദ്യ പുസ്തകത്തിൽ 6 ദശലക്ഷം എന്നെഴുതിയത് അടുത്ത പുസ്തകത്തിലെത്തിയപ്പോൾ 15 ദശലക്ഷമായി വളർന്നു !!! ഇതാണ് അക്കാലത്തെ സോവിയറ്റ് വിരുദ്ധ നുണകളുടെ പൊതു സ്വഭാവം . സമാന ഉള്ളടക്കമുള്ള നിരവധി പുസ്തകങ്ങൾ അമേരിക്കൻ സഹായത്തോടെ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്. സാമ്രാജ്യത്വ താൽപര്യങ്ങളാൽ രചിയ്ക്കപ്പെട്ട ചില കമ്യൂണിസ്റ്റ് വിരുദ്ധ നുണപ്പുസ്തകങ്ങൾ ഇപ്പോഴും പൊക്കിപ്പിടിച്ച് നടക്കുന്നവർ കേരളത്തിലുമുണ്ട്. ഇത്തരം സംഘടിത നുണപ്രചാരവേലയെ വസ്തുതാപരമായി തുറന്നു കാണിയ്ക്കുന്നതാണ് കനേഡിയൻ മാധ്യമപ്രവർത്തകനായ ഡഗ്ലസ് ടോറ്റ്ലെ 1987 ൽ പ്രസിദ്ധീകരിച്ച ‘ ഫ്രോഡ് , ഫെമിൻ ആൻ്റ് ഫാസിസം – ദി ഉക്രെയിൻ ജെനോസൈഡ് മിത്ത് ഫ്രം ഹിറ്റ്ലർ റ്റു ഹാർവാഡ് ‘ എന്ന പുസ്തകം. സോവിയറ്റ് യൂണിയനും സ്റ്റാലിനുമെതിരായി വില്യം ഹെർസ്റ്റിൻ്റെ അമേരിക്കൻ മാധ്യമ ശൃംഖലയും കോൺക്വസ്റ്റ് ഉൾപ്പെടെയുള്ളവരുടെ സംഘടിത നീക്കവും തുറന്നു കാണിച്ചത് ഈ പുസ്തകമായിരുന്നു. വില്യം ഹെർസ്റ്റിൻ്റെ മാധ്യമങ്ങളിൽ ഉക്രയിനിൽ നിന്നുള്ള വാർത്തകളും ചിത്രങ്ങളും അവിടെ നിന്നും സ്ഥിരമായി കൊടുത്തു കൊണ്ടിരുന്നത് തോമസ് വാക്കർ എന്ന മാധ്യമ പ്രവർത്തകനായിരുന്നു. എന്നാൽ തോമസ് വാക്കർ എന്ന പേരിൽ ഒരാൾ ഉണ്ടായിരുന്നില്ല. കൊളറാഡോ ജയിലിൽ നിന്നും രക്ഷപെട്ട റോബർട്ട് ഗ്രീൻ എന്ന ഒരു തടവു പുളളിയായിരുന്നു ആൾമാറാട്ടം നടത്തിയത്. ഇയാളാവട്ടെ ജീവിതത്തിലൊരിയ്ക്കലും ഉക്രയ്ൻ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല !! . തുടക്കത്തിൽ പറഞ്ഞ ഇപ്പോഴത്തെ വാർത്തയ്ക്കാധാരമായ ഒഡേസയിലെ ജൂതക്കശാപ്പിൽ നാസികൊൾക്കൊപ്പം പങ്കാളികളായ യുദ്ധക്കുറ്റവാളികളെ പിടികൂടുകയും നാടുകടത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽപെട്ട മൈക്കോല ലേബെഡിനെ CIA രക്ഷിച്ചെടുത്ത് അമേരിക്കയിൽ കൂടിയിരുത്തി . ഇവരെയൊക്കെ ഉദ്ധരിച്ചാണ് പല സോവിയറ്റ് വിരുദ്ധ കഥകളും പിന്നീട് അടിച്ചിറക്കിയത്. ലെനിൻഗ്രാഡിലെ പാർട്ടി നേതാവായിരുന്ന കിറോവ് (സെർഗേയ് മിറോനോവിച്ച് കോസ്ത്റികോവ്) കൊല്ലപ്പെട്ട സംഭവത്തിലും പിന്നിൽ സ്റ്റാലിനാണെന്ന പ്രചാരണം ശക്തമായിരുന്നു. സ്റ്റാലിൻ്റെ കാലശേഷം ക്രൂഷ്ചേവിൻ്റെ ഘട്ടത്തിൽ സ്റ്റാലിൻ വിരുദ്ധത അതിൻ്റെ പാരമ്യത്തിലെത്തിയിരുന്നു. ഒടുവിൽ ഗോർബച്ചേവിൻ്റെ കാലത്ത് കിറോവ് വധത്തിലെ സ്റ്റാലിൻ്റെ പങ്ക് കണ്ടെത്താനായി അലക്സാണ്ടർ യാക്കലേവിൻ്റെ നേതൃത്വത്തിൽ പ്രത്യേക കമീഷനെ നിയോഗിച്ചു. 2 വർഷം അന്വേഷണം നടത്തിയിട്ടും സ്റ്റാലിന് എന്തെങ്കിലും പങ്കുള്ളതായി കണ്ടെത്താനായില്ല. കേട്ടുകേൾവികൾക്കും ഊഹാപോഹങ്ങൾക്കുമപ്പുറം വസ്തുതകളും തെളിവുകളും തിരഞ്ഞിറങ്ങുമ്പോൾ കഥ മാറുന്നതാണ് അനുഭവം . സോവിയറ്റ് യൂണിയൻ്റെ ആദ്യ കാലത്ത് പ്രതിസന്ധികളുടെ നടുവിലാണ് ലെനിൻ്റെ മരണശേഷം സ്റ്റാലിൻ അധികാരമേൽക്കുന്നത്. അക്കാലത്ത് പ്രതിവിപ്ലവനീക്കങ്ങൾ ശക്തമായിരുന്നു. 1930ൽ പോലും 10 ശതമാനത്തിലധികം ഉദ്യോഗസ്ഥർ സാർ ഭരണ കാലത്തുള്ളവർ തന്നെയായിരുന്നു. സോവിയറ്റ് യൂണിയനെ അട്ടിമറിയ്ക്കാനും രാഷ്ട്രത്തെ ശിഥിലമാക്കാനുമുള്ള നീക്കങ്ങൾ നടക്കുന്ന ഒരു ഘട്ടത്തിൽ ശക്തമായ നടപടികളിലൂടെയാണ് സ്റ്റാലിൻ വെല്ലുവിളികളെ തകർത്ത് സോവിയറ്റ് യൂണിയനെ ലോകത്തിൻ്റെ മുൻനിരയിലെത്തിച്ചത്. അട്ടിമറിയ്ക്ക് ശ്രമിച്ചവരും രാജ്യത്തിൻ്റെ ശത്രുക്കളും പിടിയ്ക്കപ്പെടുകയും ശിക്ഷിയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സോവിയറ്റ് യൂണിയനെ ശത്രുക്കളിൽ നിന്നും സംരക്ഷിയ്ക്കാൻ ഇഛാശക്തിയോടെ കടുത്ത നടപടികൾ സ്വീകരിച്ചു എന്നതുകൊണ്ട് സ്റ്റാലിൻ വിമർശനങ്ങൾക്ക് അതീതനാവുന്നില്ല. ആരും വിമർശനങ്ങൾക്ക് അതീതരല്ല. യുദ്ധകാല സാഹചര്യങ്ങളെ നേരിടാനുള്ള കർശന നടപടികൾ സാഹചര്യങ്ങൾ മാറിയിട്ടും തുടർന്നു എന്നതുൾപ്പെടെ പ്രസക്തമായ വിമർശനങ്ങൾ സ്റ്റാലിനെതിരായുണ്ട്. സ്റ്റാലിൻ്റെ സംഭാവനകളെ വിലമതിയ്ക്കുമ്പോൾ തന്നെ സ്റ്റാലിൻ്റെ പിശകുകളും ദയാരഹിതമായും സൂക്ഷ്മമായും വിലയിരുത്തപ്പെടണം. വിമർശിയ്ക്കപ്പെടണം. അതിന് ആരും എതിരല്ല. സ്റ്റാലിനെയും ആ കാലഘട്ടത്തെയും കുറിച്ച് കൂടുതൽ ഗൗരവമുള്ള പഠന – ഗവേഷണങ്ങൾ ഇനിയും ഉണ്ടാവുന്നതിലും അപാകതയില്ല. വിമർശനങ്ങൾക്കതീതമായ രാഷ്ട്രീയത്തിലെ ആൾ ദൈവ സംസ്കാരത്തെ സ്റ്റാലിൻ തന്നെ എതിർത്തിട്ടുള്ളതാണ്. ഓരോ കാലഘട്ടത്തെയും ചരിത്ര സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വസ്തുതാപരമായി പരിശോധിയ്ക്കുകയും പഠിയ്ക്കുകയുമാണ് ചെയ്യേണ്ടത്. അതിന് പകരം അന്ധമായ കമ്യൂണിസ്റ്റ് വിരോധം മൂലം സമനില തെറ്റിയതുപോലെ ഏത് കുഴിയിൽ നിന്നു കിട്ടിയ അസ്ഥികൂടമായാലും അത് സ്റ്റാലിൻ്റെ തലയിൽ വെയ്ക്കാൻ ശ്രമിയ്ക്കുന്നത് നീച രാഷ്ട്രീയമാണ്. സത്യത്തിൻ്റെയും ചരിത്ര വസ്തുതകളുടെയും ശത്രുപക്ഷത്താണ് ഇത്തരക്കാർ നിലയുറപ്പിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ ക്രൂരതയും മനുഷ്യ വിരുദ്ധതയും കൊലപാതകങ്ങളും എതിർക്കപ്പെടണമെന്ന നിലപാടുള്ളവരാണോ കേരളത്തിലെ വലതുപക്ഷവും നമ്മുടെ മാധ്യമങ്ങളും ? ഒഡേസയിലെ ജൂതക്കുഴിമാടം തപ്പിയിറങ്ങിയവർ ഒരിയ്ക്കലെങ്കിലും വിയറ്റ്നാമിൽ കാർപ്പറ്റ് ബോംബിങ്ങ് നടത്തിയ , രാസായുധ പ്രയോഗത്താൽ തലമുറകളെ കരിച്ചു കളഞ്ഞ ഐസൻ ഹോവറും നിക്സനുമൊക്കെ ക്രൂരന്മാരാണെന്നു പറഞ്ഞിട്ടുണ്ടോ ?നിമിഷ നേരം കൊണ്ട് ലക്ഷങ്ങൾ പിടഞ്ഞൊടുങ്ങിയ അണുബോംബ് വർഷത്തിനുത്തരവിട്ട ഹാരി എസ് ട്രൂമാൻ ക്രൂരനാണെന്ന് ഏതെങ്കിലും ഒരു മലയാള പത്രം എഴുതിയിട്ടുണ്ടോ ? അമേരിക്കയുടെ കൊടും ക്രൂരതകൾക്കെതിരെ ഏതെങ്കിലും ഒരു വലതുപക്ഷ നേതാവ് പ്രസംഗിയ്ക്കുന്നത് കേട്ടിട്ടുണ്ടോ ? ആയിരക്കണക്കിന് സിഖുകാരെ കഴുത്തറുത്തു കൊന്ന ഡൽഹിയിലെ ചോരയുടെ മണമുള്ള ദിനങ്ങൾ മറക്കാറായിട്ടില്ല. ഡൽഹിയിലെ പാതയോരങ്ങളിലും അഴുക്കുചാലിലുമായി ഗ്യാലൺ കണക്കിന് മനുഷ്യരക്തം തളം കെട്ടി നിൽക്കുമ്പോൾ കുന്നുകൂടിയ സിഖ് സഹോദരങ്ങളുടെ ശവശരീരത്തെ നോക്കി ‘വന്മരം വീഴുമ്പോൾ ഭൂമി കുലുങ്ങുമെന്ന് ‘ പ്രസംഗിച്ച നേതാവിൻ്റെ ക്രൂരതയെക്കുറിച്ച് ഇന്നോളം ആരെങ്കിലും ഒരു വാക്ക് ഉരിയാടിയിട്ടുണ്ടോ ? ആ നേതാവിൻ്റെ ചിത്രം സ്വന്തം പാർട്ടി ഓഫീസിൽ തൂക്കിയിട്ട ശേഷം ജൂതക്കുഴിമാടത്തിലെ അസ്ഥികൂടവുമായി സ്റ്റാലിനെ തേടിയിറങ്ങിയവരുടെ സമാധാന പ്രസംഗം ഗംഭീരം തന്നെ. ഇന്ത്യൻ ഏകാധിപത്യ വാഴ്ചയുടെ മുഖമായ ‘പെൺ ഹിറ്റ്ലറു’ടെ ക്രൂരതകളെക്കുറിച്ച് ആരെങ്കിലും ഉൽക്കണ്ഠാകുലരായിട്ടുണ്ടോ ?സ്വതന്ത്ര ഭാരതത്തിലെ മിക്ക വർഗ്ഗീയ കലാപങ്ങളും കോൺഗ്രസ് ഭരണത്തിൻ കീഴിലായിരുന്നു. നൂറുകണക്കിന് മനുഷ്യർ അരുംകൊല ചെയ്യപ്പെടുമ്പോൾ കലാപങ്ങൾക്ക് കുട പിടിച്ച കോൺഗ്രസ് ഗവൺമെൻ്റുകളുടെ ക്രൂരത എങ്ങനെയാണ് ചരിത്രത്തിൽ നിന്ന് മായ്ക്കാനാവുക ?കാലത്തിന് മായ്ക്കാനാവാത്ത ചോരക്കറ പുരണ്ട കൈപ്പത്തിയുമായി ഇന്ത്യൻ ജനതയുടെ മനസാക്ഷിക്കോടതിയിലെ പ്രതിക്കൂട്ടിലാണ് കോൺഗ്രസിൻ്റെ സ്ഥാനം . ഇതെല്ലാം തന്ത്രപൂർവം മറച്ചു പിടിച്ച് സ്റ്റാലിനെതിരെയുള്ള സാമ്രാജ്യത്വ പ്രചാരവേലയുടെ ചട്ടുകങ്ങളായി സ്വയം അവതാരമെടുക്കുന്നവരെ ചരിത്രം എങ്ങനെയാവും വിലയിരുത്തുക. ? മുതലാളിത്തത്തിൻ്റെയും സാമ്രാജ്യത്വത്തിൻ്റെയും ഹീനമായ ആക്രമണങ്ങളെ നേരിട്ടാണ് ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാർ പ്രവർത്തിയ്ക്കുന്നത്. ഏണസ്റ്റ് ഥേൽമാൻ ഹിറ്റ്ലറുടെ കോൺസൻട്രേഷൻ കാമ്പിലാണ് രക്തസാക്ഷിയായത്. മദൻ ഭണ്ഡാരിയും , ക്രിസ് ഹാനിയും , പാട്രിസ് ലിമുംബയുമെല്ലാം അരുംകൊല ചെയ്യപ്പെട്ടവരാണ്. ലക്ഷക്കണക്കിന് വിപ്ലവകാരികളുടെ ചോര വീണ് ആർദ്രമായ ഭൂമിയിൽ ചവുട്ടി നിൽക്കുമ്പോൾ കൊലപാതകങ്ങൾക്കെതിരെ ശബ്ദമുയർത്തണമെന്ന് തോന്നുന്നുവെങ്കിൽ മനുഷ്യരായി പിറന്നവർക്ക് എങ്ങിനെയാണ് നരഹത്യകളുടെ രക്ത ഗന്ധിയായ ഭൂതകാലം മാത്രം കൈമുതലായുള്ള അമേരിക്കയോട് നിശബ്ദത പാലിക്കാനാവുക ? എങ്ങനെയാണ് ലോകമെങ്ങും ദശലക്ഷങ്ങളെ ഇന്നും പട്ടിണിയ്ക്കിട്ടു കൊല്ലുന്ന മുതലാളിത്തത്തോട് സന്ധി ചെയ്യാനാവുക ?എങ്ങനെയാണ് വംശീയതയുടെയും ഭീകരതയുടെയും വെടിയുണ്ടകൾക്കു മുന്നിൽ ചലനമറ്റു വീഴുന്ന മനുഷ്യരെ കണ്ടില്ലെന്ന് നടിയ്ക്കാനാവുന്നത് ? സ്റ്റാലിനെ കേന്ദ്രീകരിച്ചുള്ള പ്രചാരവേലയ്ക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. ഇത് സ്റ്റാലിൻ എന്ന ഒരു ഭരണാധികാരിയ്ക്കെതിരായ നീക്കമല്ല . സ്റ്റാലിനെയും സോവിയറ്റ് യൂണിയനേയും അതുവഴി സോഷ്യലിസമെന്ന പ്രത്യയശാസ്ത്രത്തെയും ഇകഴ്ത്തുക . ചോരയിൽ മുക്കി അവതരിപ്പിയ്ക്കുക. സോഷ്യലിസത്തെ തെറ്റിദ്ധാരണകളിൽ പൊതിഞ്ഞു വെയ്ക്കുക. മുതലാളിത്തത്തിന് ബദലില്ലെന്ന് സ്ഥാപിയ്ക്കുക. മുതലാളിത്ത ചൂഷണത്തിന് മുന്നോട്ടു പോകാൻ സോഷ്യലിസത്തിൻ്റെ സാധ്യതകളെപ്പോലും മാറ്റി നിർത്തേണ്ടതുണ്ട്. മുതലാളിത്തത്തിൻ്റെ ബദൽ സാധ്യതാന്വേഷണങ്ങളിൽ നിന്ന് സമൂഹത്തെ തടയാൻ സോഷ്യലിസത്തെ ഭയാശങ്കകളുടെയും ദുരൂഹതയുടെയും ശവക്കുഴികളിൽ തള്ളിയിട്ടേ മതിയാവൂ. ഇത് മുതലാളിത്തത്തിൻ്റെ തന്ത്രമാണ്. ഒരിയ്ക്കൽ സ്റ്റാലിൻ മൊളട്ടോവിനോട് ചോദിച്ചുവത്രെ ‘എൻ്റെ മരണാനന്തരം എന്താണ് സംഭവിയ്ക്കുകയെന്ന് പറയാമോ ‘മൊളട്ടോവ് മറുപടി പറയുന്നതിന് മുമ്പ് സ്റ്റാലിൻ തുടർന്നു “നിശ്ചയമായും എനിയ്ക്കറിയാം . എൻ്റെ ശവകുടീരത്തിനു മേൽ നുണകളുടെ ഒരു വൻകൂമ്പാരം കുമിഞ്ഞുകൂടുമെന്ന് . പക്ഷേ ചരിത്രത്തിൽ ആഞ്ഞുവീശുന്ന സത്യത്തിൻ്റെ കാറ്റിൽ ആ നുണകളുടെ കൂമ്പാരം തകർന്നു പോവുക തന്നെ ചെയ്യും” . ഒഡേസയിലെ നുണക്കൂമ്പാരത്തെ തകർക്കാൻ മണിയ്ക്കൂറുകൾക്കകം സത്യത്തിൻ്റെ കാറ്റ് വീശിയ കാഴ്ചയാണിപ്പോൾ നവ മാധ്യമങ്ങളിൽ ദൃശ്യമായത്. വിറയാർന്ന കൈകൾ കൊണ്ട് ഒരു കപ്പ് വെള്ളം കുടിയ്ക്കാൻ പോലുമാവാത്ത സ്റ്റാൻ സ്വാമിയെ ഭരണകൂടവും നീതിപീഠവും ചേർന്ന് നിശബ്ദമാക്കിയ കാലത്ത് ഇന്ത്യൻ ഭരണകൂടത്തിൻ്റെ ഭീകരതയ്ക്കെതിരെ – സംഘപരിവാർ ഭീകരതയ്ക്കെതിരെ – ഒരക്ഷരം ഉരിയാടാൻ തയ്യാറാവാത്തവർ, മഹാത്മാഗാന്ധിയ്ക്ക് അഭിമുഖമായി സവർക്കറുടെ ചിത്രം പാർലമെൻ്റിൽ സ്ഥാപിയ്ക്കുന്നതിന് മൂകസാക്ഷിയായി നിന്നവർ… അവരാണ് ഉക്രയിനിലെ ഹിറ്റ്ലറുടെ കൂട്ടക്കൊല സ്റ്റാലിൻ്റെ പേരിലെഴുതാൻ വെമ്പുന്നത്. ഇത്തരക്കാർ മനുഷ്യവംശത്തിന് ഭീഷണിയാണ്.

#josephstalin #mswaraj #സ്റ്റാലിൻ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *