മലയാള മനോരമ പത്രത്തിൽ 5/02/2021ൽ ലീഡ് വാർത്തയായി എന്റെ പേര് തെറ്റായി പരാമർശിച്ചിരുന്നു. ഇത് സംബന്ധിച്ച് എഡിറ്റർക്ക് എഴുതിയ കത്തും, മനോരമയിന്ന് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയും……..

രണ്ട് കുഞ്ഞുങ്ങളെ അമ്മയില്ലാതെ 20 വർഷം വളർത്തുകയും,30ലേറെ വർഷം ഒരു പ്രൈവറ്റ് ബസിൽ കണ്ടക്ടർ ആയി പണിയെടുത്ത് ആ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നൽകുകയും ചെയ്ത്, അവരുടെ വിദ്യാഭ്യാസ നേട്ടങ്ങളിൽ അഭിമാനിച്ചിരുന്ന ഒരു അച്ഛൻ ഇന്ന് കിടപ്പു രോഗിയായി എനിക്കൊപ്പമുണ്ട്, ആ അച്ഛന്റെ മനോവേദന കണ്ടതിൽ നിന്നും എഴുതുന്ന കത്ത് .”DYFI സംസ്ഥാന സെക്രട്ടറി A. A. Rahim ന്റെ ഭാര്യയുടെ നിയമനവും വിവാദത്തിൽ ആയിരുന്നു” എന്നൊരു വാർത്ത വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തിലെ ലീഡ് വാർത്തയുടെ ഭാഗമായി ശ്രദ്ധയിൽപെട്ടിരുന്നു. ഈ പരാമർശിക്കപ്പെട്ട സെക്രട്ടറിയുടെ ഭാര്യ അമൃത സതീശൻ എന്ന ഞാൻ, നിയമത്തിൽ ബിരുദാനന്തര ബിരുദവും, മാധ്യമ പഠനത്തിൽ പി. ജി.ഡിപ്ലോമയും നേടിയ ഒരാൾ ആണ്.ഈ യോഗ്യതകൾ ഉള്ള ഞാൻ നാളിത് വരെ ഒരു സർക്കാർ ജോലിയും നേടാൻ ശ്രമിക്കുകയോ നേടുകയോ ചെയ്തിട്ടില്ല.കഴിഞ്ഞ 6 വർഷമായി തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് ലോ കോളേജിൽ അധ്യാപികയായി തുടരുകയാണ് കൂടാതെ 2019ൽ കേരള സർക്കാർ തീരദേശ പരിപാലന അതോറിറ്റി അംഗമായി(നിയമ വിദഗ്ധ )കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശ ചെയ്യുകയും അവർ എന്നെ സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാൽ ഇത് ഒരു ശമ്പളം പറ്റുന്ന ജോലിയല്ല എന്നും ഒരു സമിതിയിലെ അംഗം മാത്രമാണെന്നും മാധ്യമ സ്ഥാപനമെന്ന നിലയിൽ മനോരമയ്ക്കും ബോധ്യമുള്ളതാകും എന്ന് വിശ്വസിക്കുന്നു.ഈ വസ്തുതകൾ മറച്ചു വച്ചുകൊണ്ട് ഈ നാട്ടിലെ ഞാനുൾപ്പടെയുള്ള ഉദ്യോഗാർഥികളെ ആശങ്കപ്പെടുത്തുന്നതിനു കരുതിക്കൂട്ടിമനോരമ നടത്തുന്ന ഇത്തരം മാധ്യമപ്രവർത്തന രീതിയിൽ നിന്നും പിന്മാറണം. ഞാൻ DYFI സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ യായി ജനിച്ചോരാളല്ല കുടുംബ സാഹചര്യവും വിദ്യാഭ്യാസവും ചേർന്നു സൃഷ്‌ടിച്ച ഒരു വ്യക്തിത്വമുള്ളയാൾ ആണ്.അതുകൊണ്ട് തന്നെ എന്റെ യോഗ്യതകളോ നേട്ടങ്ങളോ എന്റെ ജീവിതപങ്കാളിയോടുള്ള രാഷ്ട്രീയ വിരോധമോ വിയോജിപ്പോ കൊണ്ട് അളക്കെണ്ടുന്ന ഒന്നല്ല. ഇത് എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും അവരുടെ കുടുംബങ്ങളിലെ സ്ത്രീകളുടെയും കാര്യത്തിൽ ബാധകമാണ് .സ്വന്തം വിദ്യാഭ്യാസവും കഴിവും യോഗ്യതയും കൊണ്ട് അവർ ഉണ്ടാക്കുന്ന നേട്ടങ്ങളെ തിരസ്കരിക്കുകയും ഒരു മോഷ്ടാവിനെ പോലെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതും ശരിയായ രീതി അല്ല. നിലവിൽ ഒരു സർക്കാർ ജോലി നേടുകയോ, നേടാൻ ശ്രമിക്കുകയോ ചെയ്യാതിരുന്നിട്ടും തെറ്റായ വാർത്ത നൽകി അപകീർത്തിപ്പെടുത്താനുള്ള നീക്കം കേവലം രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല. ആരെ കുറിച്ചാണെങ്കിലും വസ്തുതകൾക്ക് നിരക്കാത്ത ഇത്തരം വ്യാജ വാർത്ത നിർമിതിയോടുള്ള എന്റെ പ്രതിഷേധം താങ്കളെ നേരിട്ടറിയിക്കാനുള്ള അവസരമായി ഇത് പ്രയോജനപ്പെടുത്തുന്നു.
എന്ന്
അമൃത സതീശൻ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *