പാലാരിവട്ടം പാലത്തിൽ കണ്ടെത്തിയ അടിസ്ഥാനപരമായ നിർമ്മാണ തകരാറുകൾ കാരണം പാലം സഞ്ചാര യോഗ്യമല്ലാതായിട്ട് 2 വർഷം കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് തകരാർ കണ്ടെത്തിയ ഉടൻ തന്നെ മരാമത്ത് എഞ്ചിനീയർമാരും മദ്രാസ് ഐ.ഐ.ടിയും പാലത്തിൽ പരിശോധന നടത്തി. തുടർന്ന് ഡോ. ഇ.ശ്രീധരന് കൊടുത്ത അപേക്ഷ പ്രകാരം അദ്ദേഹവും പരിശോധിച്ചു. എല്ലാ പരിശോധനയിലും പാലത്തിന്റെ രൂപകൽപ്പനയിലുള്ള തകരാറാണ് ഇതിന്റെ പ്രധാന പ്രശ്നമെന്ന് കണ്ടെത്തി. കൂടാതെ സിമന്റ്, കമ്പി എന്നിവയുടെ അടിസ്ഥാന ചേരുവയിലും പൊതുമരാമത്ത് മാന്യുവൽ അനുശാസിക്കുന്നത് പാലിച്ചില്ലായെന്ന് അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ്റെ അനുവാദത്തോടുകൂടി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. വിശദമായ പഠനത്തിന് മദ്രാസ് ഐ.ഐ.ടി യെ ചുമതലപ്പെടുത്തി. കൂടാതെ ഗതാഗതം സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തി നിരോധിച്ചു. വിജിലൻസ് അന്വേഷണം നടത്തുകയും കുറ്റകാരെന്ന് കണ്ട ഏതാനും പേരെ ജയിലിൽ അടയ്ക്കുകയും ചെയ്തു. തുടർന്ന് പാലം പുനർനിർമ്മിക്കാനുള്ള തീരുമാനം മന്ത്രിസഭ എടുത്തു.
പാലം പൂർണ്ണമായും പൊളിച്ച് പണിയണമെന്ന് വിദഗ്ദന്മാർ ഒന്നടങ്കം റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പാലം പൊളിച്ച് പണിയാൻ ഡോ ഇ. ശ്രീധരനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല നൽകിയത്. ഒമ്പത് മാസക്കാലം കൊണ്ട് 100 വർഷക്കാലം ആയുസ്സുള്ള പാലം പണിഞ്ഞ് നൽകണമെന്ന നിർദ്ദേശം ആയിരുന്നു നൽകിയത്. ഊരാളുങ്കൽ സൊസൈറ്റിയും ഡോ. ഇ. ശ്രീധരനും അത് നൽകാമെന്ന് ഉറപ്പ് നൽകി.
നിർമ്മാണം ആരംഭിച്ചപ്പോൾ അതിനെതിരെ കേരള ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചിന്റെ കീഴിൽ എറണാകുളത്തെ സ്വകാര്യ കരാറുകാരുടെ ഒരു സംഘടനയും അടിസ്ഥാന നിർമ്മാണ എഞ്ചിനീയർമാർ എന്ന് സ്വയം വിളിക്കുന്ന ഒരു സംഘടനയും ചേർന്നാണ് കേസ് കൊടുത്തത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം ബഹുമാനപ്പെട്ട സുപ്രിംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ നിർദ്ദേശം നൽകി. അപ്പീൽ ഫയൽ ചെയ്തു. കേരളത്തിന്റെ അഡ്വക്കേറ്റ് ജനറലും പൊതുമരാമത്ത് കേസ് വാദിക്കുന്ന ഗവണ്മെന്റ് പ്ലീഡർ അഡ്വ: ശ്രീ മനോജും ഡൽഹിയിൽ കേസ് നടത്താൻ വേണ്ട എല്ലാ ഏർപ്പാടുകളും ചെയ്തു. കോവിഡ് ആയതിനാൽ കേസ് 9 മാസത്തോളം എടുത്തില്ല. അങ്ങനെ ഹൈക്കോടതിയിലുള്ള കേസ് കാരണവും കോവിഡ് കാരണവും ഒന്നര വർഷത്തോളം നിർമ്മാണം വൈകി.
ഒടുവിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി കേസ് തള്ളി കളയുകയും സംസ്ഥാന സർക്കാരിന്റെ വാദങ്ങളിലെ പൊരുളറിഞ്ഞു അംഗീകരിക്കുകയും ചെയ്തു.
പാലം പൊളിച്ച് തന്നെ പണിയണമെന്ന് വിദഗ്ദന്മാർ പറഞ്ഞതാണ് കണക്കിലെടുക്കേണ്ടതെന്നും വിദഗ്ദന്മാരുടെ അഭിപ്രായം ഹൈക്കോടതി കേൾക്കാതിരുന്നത് ശരിയായില്ലെന്നും ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിച്ചു. അങ്ങനെ പുനർനിർമ്മാണം ആരംഭിച്ചു.
ഇപ്പോൾ ഏകദേശം മാർച്ച് 10 ഓടുകൂടി പുതിയ നിർമ്മാണം പൂർത്തിയാകുമെന്ന് ഡോ ഇ.ശ്രീധരനും, ഊരാളുങ്കൽ സൊസൈറ്റിയും അറിയിച്ചിരിക്കുകയാണ്. അതിന് മുന്നോടിയായുള്ള ഭാര പരിശോധന ഇന്ന് ആരംഭിച്ചു. 72 മണിക്കൂറിന് ശേഷം അതിന്റെ ഫലം അറിയാൻ സാധിക്കും.
തെരഞ്ഞെടുപ്പ് ചട്ടം ഉള്ളത് കൊണ്ട് ഉദ്ഘാടന പരിപാടികളെപ്പറ്റി സർക്കാർ ആലോചിച്ചിട്ടില്ല. ഇലക്ഷൻ കമ്മീഷന്റെ അനുവാദത്തോടുകൂടി ഔദ്യോഗികമായി തുറന്ന് നൽകാൻ സമ്മതിക്കുകയാണെങ്കിൽ മാത്രമെ സർക്കാർ ഇടപെടുകയുള്ളു. അല്ലെങ്കിൽ നിർമ്മാണം പൂർത്തിയാക്കി ബഹു: മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുത്ത് ഇലക്ഷൻ ചട്ടത്തിന് വിരുദ്ധമല്ലാതെ നടപ്പാക്കുന്നതാണ്.
ഏതായാലും അതിമനോഹരമായ ഒരു പാലം, നൂറുവർഷം നിലനിൽക്കുന്ന ഒരു പാലം പാലാരിവട്ടത്ത് നിർമ്മിക്കാൻ കഴിഞ്ഞു എന്നുള്ളത് നമ്മുക്കെല്ലാം അഭിമാനിക്കാവുന്ന കാര്യമാണ്. നമ്മുടെ പൊതുമരാമത്ത് വകുപ്പിനെപ്പറ്റിയും അതിലെ എഞ്ചിനീയർമാരെകുറിച്ചും നമ്മുക്ക് അഭിമാനിക്കാം. ഡോ. ഇ.ശ്രീധരന്റെ സംഭാവനയെ അകമഴിഞ്ഞ് വിലമതിക്കാം. ഊരാളുങ്കൽ സൊസൈറ്റിയുടെ നിർമ്മാണ പാടവത്തിൽ നമ്മുക്ക് അത്യന്തം അഭിമാനിക്കാം.
കൊല്ലം, ആലപ്പുഴ ബൈപ്പാസ്, കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങൾ എന്നിവയ്ക്ക് പുറമെ പാലാരിവട്ടവും ഗതാഗതയോഗ്യമായിക്കൊണ്ടിരിക്കുന്നു. 150 കി.മീറ്ററിനുള്ളിൽ 3 ജില്ലകളിലായി 5 വൻകിട പാലങ്ങൾ. കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനെ ഉണ്ടായിട്ടില്ല. വിനയത്തോടെ ജനങ്ങളുമായി ചേർന്ന് ഈ കാര്യം പങ്ക് വെക്കുന്നു. സഹകരിക്കുന്ന എല്ലാവർക്കും നന്ദി..
ഇതിന് വേണ്ടി ശക്തമായി നേതൃത്വം നൽകിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടുള്ള നന്ദി രേഖപ്പെടുത്തുന്നു. നിർമ്മാണം നടത്തിയ ഊരാളുങ്കൽ സൊസൈറ്റിയോടും, മേൽനോട്ടം വഹിച്ച ഡോ. ഇ.ശ്രീധരനോടും, നിർമ്മാണ ജോലികളിൽ ഏർപ്പെട്ട എഞ്ചിനീയർമാരോടും തൊഴിലാളി സഹോദരങ്ങളോടുമുള്ള നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു. ഒപ്പം സഹകരിച്ച എറണാകുളം ജനതയോടും ജനപ്രതിനിധികളോടുമുള്ള കൃതജ്ഞതയും അറിയിക്കുന്നു..
-G.Sudhakaran
0 Comments