തിരുവനന്തപുരം
ക്ഷേമ പെൻഷൻ 1500 രൂപയാക്കിയതും കൂടുതൽ പേർക്ക്‌ നൽകിയതും യുഡിഎഫ്‌ സർക്കാരാണെന്ന‌ ഉമ്മൻചാണ്ടിയുടെ തള്ളിൽ ചിരിക്കുകയാണ്‌ പെൻഷൻ വാങ്ങുന്നവർ. കുടിശ്ശികയെല്ലാം കൊടുത്തുതീർത്ത്‌ അർഹതപ്പെട്ടവർക്കെല്ലാം പെൻഷൻ ഉറപ്പാക്കി, അത്‌ മാസംതോറും കൃത്യമായി വിതരണം ചെയ്യുന്ന എൽഡിഎഫ്‌ സർക്കാരിന്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ സ്വീകാര്യത വന്നുവെന്ന്‌‌ മനസ്സിലാക്കിയാണ്‌ വ്യാജപ്രചാരണം നടത്താൻ മുൻ മുഖ്യമന്ത്രിതന്നെ രംഗത്തിറങ്ങിയത്‌‌. ഇതേ ചുവടുപിടിച്ച്‌ ബിജെപിയും മോഡി ലൈൻ തള്ളുമായി രംഗത്തുണ്ട്‌.

ക്ഷേമപെൻഷൻ ഇടതുസർക്കാരിന്റെ മുഖമുദ്ര
സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയുടെ കാവൽക്കാരായി എന്നും നിലയുറപ്പിച്ചത്‌ എൽഡിഎഫ്‌ സർക്കാരുകൾ മാത്രമാണ്‌. പെൻഷൻ ആനുകൂല്യമല്ല, അവശ വിഭാഗത്തിന്റെ അവകാശമാണെന്ന്‌ ഉറപ്പിക്കാൻ എൽഡിഎഫ്‌ സർക്കാരുകളെല്ലാം ശ്രദ്ധിച്ചു. 1980 ലെ ഇ കെ  നായനാർ സർക്കാരാണ്‌ കർഷകത്തൊഴിലാളികൾക്കും പെൻഷൻ തുടങ്ങിയത്‌. വാർഷികവരുമാനം 1500 രൂപയിൽ കവിയാത്ത 60നുമേൽ പ്രായമുള്ള കർഷകത്തൊഴിലാളികൾക്ക് 45 രൂപ പ്രതിമാസ പെൻഷൻ നൽകിയായിരുന്നു തുടക്കം. അന്ന് 2.94 ലക്ഷം പാവപ്പെട്ടവർക്ക്‌  പെൻഷൻ ലഭിച്ചു. 1987ലെ രണ്ടാം നായനാർ സർക്കാർ പെൻഷൻ 60 രൂപയാക്കി. 1995 ആഗസ്‌തിൽ ദേശീയ സാമൂഹ്യ സഹായപദ്ധതി (എൻഎസ്‌എപി)യുടെ  ഭാഗമായാണ് വാർധക്യകാല പെൻഷൻ വരുന്നത്. എന്നാൽ, അന്നത്തെ‌ യുഡിഎഫ്‌ സർക്കാർ ഇത്‌ നടപ്പാക്കിയില്ല. 1996 ൽ എൽഡിഎഫ്‌  സർക്കാർ അധികാരമേറ്റശേഷമാണ്‌ ഇത്‌ നടപ്പാക്കിയത്‌. 75 രൂപയായിരുന്നു ആദ്യപെൻഷൻ.
ഉമ്മൻചാണ്ടിയുടെ കാലത്ത്‌ 85 ശതമാനം പേർക്കും കിട്ടിയത്‌ 525 രൂപ

2011 മെയ്‌ 18ന്‌ യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമ്പോൾ പെൻഷൻ തുക മാസം 300 രൂപ. പിന്നീട്‌ വാർധക്യ, വികലാംഗ പെൻഷനിൽമാത്രം ദേശീയനയത്തിന്റെ ഭാഗമായി തുക കൂട്ടി. ഇതുപക്ഷേ, മൊത്തം പെൻഷൻ വാങ്ങുന്നവരുടെ 15 ശതമാനത്തിലും താഴെയായിരുന്നു. 85 ശതമാനം പേർക്കും ഉമ്മൻചാണ്ടിയുടെ കാലത്ത്‌ കിട്ടിയത്‌‌ വെറും 525 രൂപമാത്രം.
ഉമ്മൻചാണ്ടി സർക്കാർ ആദ്യവർഷം ക്ഷേമപെൻഷൻ 300ൽനിന്ന് 400 ആക്കി. അടുത്തവർഷം 525 ആക്കി. പിന്നീട്‌ ദേശീയനയത്തിന്റെ ഭാഗമായി 80 വയസ്സിനുമുകളിലുള്ളവർക്ക്‌ വാർധക്യകാല പെൻഷൻ 400ൽനിന്ന് 900 രൂപയാക്കി.

വികലാംഗ പെൻഷൻ 400ൽനിന്ന് 700 ആക്കി. ഭരണത്തിന്റെ അവസാന നാളുകളിൽ 75 വയസ്സിന് മുകളിലുള്ളവർക്കുള്ള വാർധക്യ പെൻഷൻ 900 രൂപയിൽനിന്ന് 1500 രൂപയായും ഉയർത്തി. ആ സമയം (2016 മാർച്ച്‌) ആകെ പെൻഷൻകാരുടെ എണ്ണം 33.99 ലക്ഷമാണ്‌. ഇതിൽ 1500 രൂപയും 900 രൂപയും 700 രൂപയും പെൻഷൻ വാങ്ങുന്നവരുടെ എണ്ണം മൊത്തം പെൻഷൻ വാങ്ങുന്നവരുടെ 15 ശതമാനത്തിലും താഴെയായിരുന്നു.

അതായത്‌, ഉമ്മൻചാണ്ടി സർക്കാരിന്റെ അഞ്ചുവർഷം 85 ശതമാനത്തിന്റെയും പെൻഷൻ തുക വർധിപ്പിച്ചത്‌ വെറും 225 രൂപ. ഈ തുകതന്നെ 19 മാസത്തെ കുടിശ്ശികയാക്കിയാണ് ഉമ്മൻചാണ്ടി അധികാരമൊഴിഞ്ഞത്‌. പാവപ്പെട്ട പെൻഷൻകാരുടെ 806 കോടി രൂപ കുടിശ്ശിക നൽകിയത്‌ ഈ സർക്കാരും.

യുഡിഎഫ്‌ അനർഹരെ കുത്തിനിറച്ചു
2013വരെ പെൻഷൻ അർഹതയ്‌ക്കുള്ള വരുമാനപരിധി 22,250 രൂപയായിരുന്നു. ഗുണഭോക്താക്കളുടെ എണ്ണം 18 ലക്ഷവും. ഉമ്മൻചാണ്ടി സർക്കാർ വരുമാനപരിധി ഒറ്റയടിക്ക് മൂന്നുലക്ഷമാക്കി. ഗുണഭോക്താക്കളുടെ എണ്ണം 27 ലക്ഷമായി. കോൺഗ്രസുകാർ ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ പെൻഷൻ പദ്ധതിയിൽ ആളെ കുത്തിനിറച്ചു. അബദ്ധം മനസ്സിലാക്കാൻ ഒരുവർഷമെടുത്തു. 2014ൽ വരുമാനപരിധി ഒരുലക്ഷമാക്കി കുറച്ചുവെങ്കിലും ഗുണഭോക്താക്കളുടെ എണ്ണത്തിൽ ആനുപാതിക കുറവുണ്ടായില്ല.

ഇപ്പോൾ അർഹർക്കെല്ലാം പെൻഷൻ
പ്രകടനപത്രികയിൽ പറഞ്ഞ പെൻഷൻ വർധന നടപ്പാക്കിയാണ്‌ എൽഡിഎഫ്‌ സർക്കാർ പ്രവർത്തനം തുടങ്ങിയത്‌. എല്ലാ പെൻഷനും 1000 രൂപയാക്കി.  2017 ഏപ്രിൽ ഒന്നുമുതൽ 1100 രൂപയായി. 2019 ഏപ്രിൽ ഒന്നുമുതൽ 1200 രൂപയും 2020 ഏപ്രിൽ മുതൽ 1400 രൂപയായുമായി വർധിപ്പിച്ചു. സർക്കാർ ചുമതലയേൽക്കുമ്പോൾ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 33.99 ലക്ഷം. ഇന്ന് 60.31 ലക്ഷമായി (49.44 ലക്ഷം സാമൂഹ്യ സുരക്ഷാ പെൻഷൻ; മസ്റ്ററിങ് നടത്തിയത് 44.59 ലക്ഷം),10.87 ലക്ഷം ക്ഷേമനിധി ബോർഡ് പെൻഷൻ (മസ്റ്ററിങ് നടത്തിയത് 9.4 ലക്ഷം).

2016ൽ 272 കോടി രൂപയായിരുന്ന പ്രതിമാസ പെൻഷൻ ചെലവ് ഇന്ന് 710 കോടിയായി ഉയർന്നു. യുഡിഎഫ് സർക്കാർ അഞ്ചുവർഷം പെൻഷൻ നൽകിയത്‌ 9311 കോടി രൂപ. എന്നാൽ, ഈ സർക്കാർ 2020 നവംബർവരെ സാമൂഹ്യ സുരക്ഷാ പെൻഷനായിമാത്രം 27,417 കോടി രൂപ നൽകി. ക്ഷേമനിധി ബോർഡുകൾ വഴി 3910 കോടിയും നൽകി. ആകെ 31,327 കോടി. ജനുവരി മുതൽ തുക 1500 ആയി ഉയർത്തിയിട്ടുണ്ട്‌.

ഒരാൾക്കും  കുറച്ചിട്ടില്ല
ഈ സർക്കാർ ചുമതലയേൽക്കുമ്പോൾ 75 വയസ്സിന് മുകളിലുള്ളവരുടെ പെൻഷൻ 1500 രൂപ. എല്ലാ  വിഭാഗങ്ങളുടെയും പെൻഷൻ തുക ഏകീകരിച്ചപ്പോഴും ഈ 1500 രൂപ തുടർന്നു. 6.11 ലക്ഷം പേർക്ക് നിലവിൽ ഈ നിരക്കിൽ പെൻഷനുണ്ട്‌. 2015ലെ സിഎജി റിപ്പോർട്ടിൽ സാമൂഹ്യ സുരക്ഷാ പെൻഷൻകാരിൽ 10- മുതൽ 15 ശതമാനംപേർ അനർഹരാണെന്ന നിരീക്ഷണം വന്നു. ഇതിനെത്തുടർന്ന്‌ പെൻഷൻ അർഹരുടെ പട്ടിക പരിശോധിച്ചു.  ഉയർന്ന സാമ്പത്തികശേഷിയുള്ളവർ, ഒന്നിലധികം പെൻഷൻ വാങ്ങുന്നവർ, സർക്കാർ ജീവനക്കാർ, സർവീസ് പെൻഷൻകാർ തുടങ്ങിയ അനർഹരെ ഒഴിവാക്കി. എന്നാൽ, അർഹരായവർക്കെല്ലാം പെൻഷൻ ഉറപ്പാക്കി.

2000 രൂപയ്‌ക്കുമുകളിൽ ഇപിഎഫ്/ എക്സ് ഗ്രേഷ്യ പെൻഷൻ ലഭിക്കുന്നവർക്ക് 2017 ആഗസ്‌ത്‌ മുതൽ 600 രൂപ നിരക്കിൽ ഏതെങ്കിലും സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങാമെന്ന്‌ തീരുമാനിച്ചു. നിലവിൽ 2000 രൂപയ്‌ക്കുതാഴെ ഇപിഎഫ്/ എക്സ് ഗ്രേഷ്യ പെൻഷൻ ലഭിക്കുന്നവർക്ക് സാധാരണ നിരക്കിൽ സാമൂഹ്യസുരക്ഷാ പെൻഷനും ലഭിക്കുന്നുണ്ട്‌. ഇപിഎഫ്/ എക്സ് ഗ്രേഷ്യ പെൻഷൻ പരിധി 2000 രൂപയിൽനിന്ന്‌ 4000 ആക്കുന്നതും പരിഗണനയിലാണ്‌.

37.5 ലക്ഷം പേർക്കും ഒരു രൂപ കേന്ദ്രസഹായമില്ല
കേന്ദ്ര സർക്കാർ തരുന്ന ഫണ്ടിലാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതെന്നാണ്‌ സംഘപരിവാറുകാർ പ്രചരിപ്പിക്കുന്നത്‌. എൻഎസ്‌എപിയിൽ കേന്ദ്രം 14.9 ലക്ഷം പേർക്ക് 300 രൂപ മുതൽ 500 രൂപവരെ പെൻഷനായി അനുവദിക്കുന്നു. ബാക്കി 900 മുതൽ 1100 രൂപവരെ സംസ്ഥാന ഖജനാവിൽനിന്നാണ്‌ ചെലവഴിക്കുന്നത്‌. ഒരു രൂപപോലും കേന്ദ്ര സഹായമില്ലാതെ 37.5 ലക്ഷം പേർക്ക് 1400 രൂപവീതം സംസ്ഥാനം നൽകുന്നു.
Read more: https://www.deshabhimani.com/news/kerala/social-security-pension-ldf/910271


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *