തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ ഒട്ടും പിന്നിലല്ല ‘പ്രമുഖ’ മാധ്യമമായ മനോരമ. നിരന്തരം വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്ന മനോരമയ്ക്ക് അത് വ്യാജമെന്ന് തെളിഞ്ഞാലും ‘നിര്‍വ്യാജം’ തുടരാന്‍ ഒരു മടിയുമില്ല. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയവും മനോരമയുടെ അടുത്തടുത്ത ദിവസങ്ങളിലെ രണ്ട് വ്യാജവാര്‍ത്തകളാണ്.

നാട് കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ അപ്രതീക്ഷിതമായാണ് മഴക്കെടുതിയും കരിപ്പൂര്‍ വിമാനാപകടവും സംഭവിച്ചത്. ഇത് രണ്ടുമായി ബന്ധപ്പെട്ടായിരുന്നു മനോരമയുടെ വാര്‍ത്തകള്‍.

ആദ്യത്തേത് കേരളത്തിലെ അഞ്ചു ഡാമുകള്‍ തകര്‍ന്നു എന്ന് പ്രമുഖ വാര്‍ത്താഅവതാരക വായിച്ചു. അത് നാക്കുപിഴ എന്നായിരുന്നു ന്യായീകരണം.

എന്നാല്‍ അതിലും വലിയ ഒരു പിഴവാണ് ഇന്നലെ സംഭവിച്ചത്. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴായിരുന്നു ഈ പിഴവ്. ജീവനോടെയുള്ള ഒരു കുഞ്ഞിന്റെ പേരായിരുന്നു മരിച്ചവരുടെ കൂട്ടത്തില്‍ മനോരമ വാര്‍ത്തയിലും ബ്രേക്കിങ് ന്യൂസിലും നല്‍കിയത്.

എന്തിനാണ് മനോരമേ, ഈ ദുരന്തമുഖത്തും തെറ്റായ വാര്‍ത്തകള്‍ കൊടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നാണ് സോഷ്യല്‍മീഡിയ മനോരയോട് ചോദിക്കുന്നത്. ആ വാര്‍ത്ത കണ്ട ആ കുഞ്ഞിന്റെ ബന്ധുക്കള്‍ അനുഭവിച്ച ആഘാതം എത്ര വലുതാണെന്ന് അറിയാമോയെന്നും പ്രമുഖരോട് സോഷ്യല്‍മീഡിയ ചോദിക്കുന്നു.

വിഷയത്തില്‍ അയിഷ പി ജമാല്‍ എഴുതിയ കുറിപ്പ് വായിക്കാം:

ഇന്നലെ രാത്രി 10 മണിയോടെയാണ് സിപിഐ നാദാപുരം ഏരിയ സെക്രട്ടറി സഖാവ് Adv P Gavas എന്നെ ബന്ധപ്പെട്ടു കരിപ്പൂര്‍ വിമാനാപകടത്തില്‍ പെട്ട യാത്രക്കാരായ പരമേശ്വരന്‍,
രവിശങ്കര്‍, താരാ ശങ്കര്‍, അയന (4 വയസ്സ് ) എന്നിവരെ അപകടത്തെ തുടര്‍ന്ന് എവിടെയാണുള്ളതെന്നു അറിയില്ലെന്നും, കൊണ്ടോട്ടിയിലെ ആശുപത്രികളില്‍ ഉണ്ടോ എന്നന്വേഷിക്കണമെന്നും ആവശ്യപെടുന്നത്. തുടര്‍ന്നു അദ്ദേഹം എനിക്ക് അയച്ചു തന്ന അവരുടെ ചിത്രമാണ് (ചിത്രം 1)

തുടര്‍ന്ന് കൊണ്ടോട്ടിയിലെ വിവിധ ആശുപത്രിയില്‍ അന്വേഷിച്ചുവെങ്കിലും അവര്‍ അവിടെ ഇല്ലെന്നാണ് മനസിലായത്.പിന്നീട് രവിശങ്കറും താര രവിശങ്കറും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഉണ്ടെന്നുള്ള വിവരം ലഭിച്ചു. അപ്പോഴും അവരുടെ കുട്ടി അയന ശങ്കറും, പരമേശ്വരനും എവിടെയുണ്ട് എന്നൊരു വിവരവും ലഭിച്ചില്ല.

അയന മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഉണ്ടെന്നുള്ള സ്ഥിരീകരിക്കാത്ത വിവരം ഉണ്ടെന്നും അന്വേഷിക്കണമെന്നും ഗവാസ് സഖാവ് ആവശ്യപ്പെട്ടതനുസരിച്ച്, ഞാന്‍ DYFI മലപ്പുറം ജില്ലാ ട്രഷറര്‍ Shareef Mohammed നെ ബന്ധപെട്ടു അവിടെ കുട്ടിയുണ്ടോ എന്നന്വേഷിച്ചതില്‍ ഇല്ലെന്നാണ് വിവരം ലഭിച്ചത്.

തുടര്‍ന്ന് രാത്രി 11.53 ഓടെ കുട്ടി കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഉണ്ടെന്നും, പരമേശ്വരന്‍ കോഴിക്കോട് മൈത്ര ആശുപത്രിയില്‍ ഉണ്ടെന്നും ഗവാസ് സഖാവ് വിളിച്ചറിയിക്കുകയും, അതിനോടൊപ്പം അയച്ചു തന്ന കുഞ്ഞിന്റെ ചിത്രവുമാണിത്. (ചിത്രം 2)

എന്നാല്‍ ഇന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ ആദ്യം കണ്ട വാര്‍ത്ത ഈ കുട്ടി കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ച് മരണപെട്ടു എന്ന മനോരമ news വാര്‍ത്ത ആണ്
(ചിത്രം 3)

രണ്ട് മണിക്കൂറോളം ഈ കുഞ്ഞിനെ അന്വേഷിച്ചു കൊണ്ടിരുന്ന എനിക്ക് വലിയ ഷോക്ക് ആയിരുന്നു ആ വാര്‍ത്ത. കുഞ്ഞു സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയിട്ടും ബേബി മെമ്മോറിയലില്‍ ഉണ്ടായിരുന്ന കുഞ്ഞ് എങ്ങനെ മിംസ് ആശുപത്രിയില്‍ മരണപെട്ടു എന്നും ആശ്ചര്യം ഉണ്ടാക്കി.
തുടര്‍ന്ന് ഞാന്‍ ഗവാസ് സഖാവിനെ ബന്ധപെട്ടു വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ചതില്‍ വാര്‍ത്ത വ്യാജമാണെന്നും, കുഞ്ഞ് സുരക്ഷിതമായി ഇപ്പോഴും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഉണ്ടെന്നും കുട്ടിയുടെ ബന്ധുക്കള്‍ തന്നെ സംസാരിക്കുന്ന voice മെസ്സേജും ലഭിച്ചു.

കുറച്ച് സമയം മുമ്പ് മലപ്പുറം ജില്ലാ കലക്ടര്‍ ഔദ്യോഗികമായി അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജില്‍ ഇട്ട മരണപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ആണ് (ചിത്രം 4, 5 )ആ കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ല.

എന്തിനാണ് മനോരമേ, ഈ ദുരന്തമുഖത്തും തെറ്റായ വാര്‍ത്തകള്‍ കൊടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ആ വാര്‍ത്ത കണ്ട ആ കുഞ്ഞിന്റെ ബന്ധുക്കള്‍, കുറച്ച് സമയമാണെങ്കില്‍ പോലും അന്വേഷിച്ചു കൊണ്ടിരുന്ന ഞങ്ങള്‍ കുറച്ച് പേര്‍ക്ക് ഉണ്ടായ ആഘാതം എത്ര വലുതാണെന്ന് അറിയാമോ.?

ഇനിയെങ്കിലും മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴെങ്കിലും ക്രോസ്സ് ചെക്ക് ചെയ്ത് വാര്‍ത്ത പ്രസിദ്ധീകരിക്കണം. നിങ്ങള്‍ക്കിത് വെറും വാര്‍ത്ത മാത്രമായിരിക്കും, ഉറ്റവരെ തെരഞ്ഞു കൊണ്ടിരിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത അവരുടെ ജീവന്റെ വിലയാണ്.