പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പെന്ഷന് പരിഷ്കരണത്തിന് 2019 ജൂലൈ 1 മുതല്‍ പ്രാബല്യം നല്കാന് മന്ത്രിസഭ തീരുമാനിച്ചു. ശമ്പള പരിഷ്കരണവും ഇതേ തീയതി മുതലാണ് നടപ്പാക്കുന്നത്. പരിഷ്കരിച്ച പെന്ഷന് 2021 ഏപ്രില്‍ 1 മുതല്‍ നല്കിത്തുടങ്ങും. പാര്‍ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമായിരിക്കും.
നിലവിലെ രീതിയില്‍ 30 വര്‍ഷത്തെ സേവനകാലത്തിന് മുഴുവന്‍ പെന്‍ഷനും പത്തു വര്‍ഷത്തെ യോഗ്യതാ സേവനകാലത്തിനു ഏറ്റവും കുറഞ്ഞ പെന്‍ഷനും നല്‍കുന്നത് തുടരും. ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്ഷന് 11,500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാന പെന്ഷന് 83,400 രൂപയായും ഉയര്‍ത്തും.
ഏറ്റവും കുറഞ്ഞ അടിസ്ഥാന കുടുംബ പെന്ഷന് 11,500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാന കുടുംബ പെന്ഷന് (സാധരണ നിരക്ക്) 50,040 രൂപയായും വര്‍ധിപ്പിക്കും. പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ അലവന്‍സ് പ്രതിമാസം 500 രൂപയായി വര്‍ധിപ്പിക്കും. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നതുവരെ ഈ അലവന്‍സ് തുടരും
ഈ സര്‍ക്കാരിന്റെ കാലയളവില്‍ പി.എസ്.സി മുഖേന 1,55,000 നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. നിയമനങ്ങള്‍ സുതാര്യമായി നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒഴിവുകളടെ അഞ്ചിരട്ടി ഉദ്യോഗാര്‍ത്ഥികളെയാണ് റാങ്ക് ലിസ്റ്റില്‍ പി.എസ്.സി ഉള്‍പ്പെടുത്തുന്നത്. അതിനാല്‍ 80 ശതമാനത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം ലഭിക്കാനുള്ള സാധ്യത കുറവാണ്. റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം ലഭിക്കാന്‍ സര്‍ക്കാരിന് പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക എന്നതു മാത്രമാണ്. ഇത് കണക്കിലെടുത്താണ് തടസ്സങ്ങള്‍ നീക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നത്.
പി.എസ്.സിക്ക് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന നിയമനാധികാരികള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. സീനിയോറിറ്റി തര്‍ക്കം കോടതി മുമ്പാകെ നിലനില്ക്കുകയും കോടതി റഗുലര്‍ പ്രൊമോഷന് സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് നല്കിയതുമായ കേസുകളില്‍ മാത്രം താല്‍ക്കാലിക പ്രൊമോഷന് നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്മാര്ക്ക് നിര്‍ദേശം നല്‍കും.
പ്രൊമോഷന് അര്‍ഹതയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ പ്രൊമോഷന് നടക്കാത്ത സാഹചര്യം ചില വകുപ്പുകളിലുണ്ട്. ഇത്തരം പ്രൊമോഷന് തസ്തികകള്‍ പി.എസ്.സി. ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താല്‍ക്കാലികമായി തരംതാഴ്ത്തി ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്മാര്ക്ക് നിര്‍ദേശം നല്‍കും. അര്‍ഹതയുള്ള ഉദ്യോഗസ്ഥര്‍ ലഭ്യമാകുന്ന മുറയ്ക്ക് താല്‍ക്കാലികമായി ഡീ-കേഡര്‍ ചെയ്ത നടപടി ഭേദഗതി ചെയ്യും.
ഈ നടപടികള്‍ പത്തു ദിവസത്തിനകം മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിനുള്ള പുതിയ അടങ്കലിന് ഭരണാനുമതി നല്കാന് തീരുമാനിച്ചു. മൊത്തം 7,446 കോടി രൂപയാണ് പദ്ധതിച്ചെലവ്. തിരുവനന്തപുരം പദ്ധതിക്ക് 4,673 കോടി രൂപയും കോഴിക്കോട് പദ്ധതിക്ക് 2,773 കോടി രൂപയും ചെലവ് വരും. പദ്ധതി നിര്‍ദേശംകേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
കൊച്ചിയില്‍ വാട്ടര്‍ മെട്രോ (ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം) നടപ്പാക്കുന്നതിന് 1528 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം തത്വത്തില്‍ പുതുക്കി നല്കാന് തീരുമാനിച്ചു.
മാനന്തവാടി ജില്ലാ ആശുപത്രിയെ തല്ക്കാലം മെഡിക്കല്‍ കോളേജ് ആശുപത്രിയായി ഉയര്‍ത്തി വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ തീരുമാനിച്ചു. ജില്ലാ ആശുപത്രിക്ക് സമീപം നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച മൂന്നുനില കെട്ടിടം അധ്യയനത്തിന് അനുയോജ്യമാക്കും. അത്യാവശ്യം വേണ്ട തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
മതപരമായ ആവശ്യത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കെട്ടിടം നിര്‍മിക്കുന്നതിനോ പുനര്‍നിര്‍മിക്കുന്നതിനോ അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പൂര്‍ണമായും നിക്ഷിപ്തമാക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ജില്ലാ കലക്ടറുടെ അനുമതി ആവശ്യമാണ്.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനെ 2021 മാര്‍ച്ച് 31 മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
2020-21 വര്‍ഷത്തെ അബ്കാരി നയം 2021-22 സാമ്പത്തിക വര്‍ഷവും അതേപടി തുടരാന്‍ തീരുമാനിച്ചു.
നിര്‍ത്തലാക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളില്‍ പത്തുവര്‍ഷത്തിലധികമായി കരാര്‍ അടിസ്ഥാനത്തില്‍ തുടരുന്ന വിദ്യാവളണ്ടിയര്‍മാരെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിലവിലുള്ളതോ ഭാവിയില്‍ വരുന്നതോ ആയ ഒഴിവുകളില്‍ നിയമിക്കാന്‍ തീരുമാനിച്ചു. യാത്രാ സൗകര്യം തീരെ ഇല്ലാത്ത തീരപ്രദേശങ്ങളിലും വനമേഖലകളിലുമാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഹോര്‍ട്ടികോര്‍പ്പില്‍ പത്തുവര്‍ഷത്തിലധികമായി തുടര്‍ച്ചയായി ജോലി ചെയ്യുന്ന 36 താല്‍ക്കാലിക ജീവനക്കാരെ ഹൈക്കോടതി വിധി പരിഗണിച്ച് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.
സംസ്ഥാന സാക്ഷരതാ മിഷനില്‍ പത്തു വര്‍ഷത്തിലധികമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 74 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.
സപ്ലൈകോയില്‍ 206 അസിസ്റ്റന്റ് സെയില്സ്മാന് തസ്തികകള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. നേരത്തെ മരവിപ്പിച്ച 412 തസ്തികകളില്‍ ഉള്‍പ്പെടുന്നതാണിത്.
കണ്ണൂര്‍ മുഴുക്കുന്ന് വട്ടപ്പൊയില്‍ എം. വിനോദിന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് ചെലവായ 6.67 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.
ബൈക്ക് യാത്രയ്ക്കിടെ പൊതുമരാമത്ത് റോഡിലെ കുഴിയില്‍ വീണ് മരണപ്പെട്ട പി.എസ്. വിഷ്ണുവിന്റെ (എറണാകുളം പള്ളുരുത്തി സ്വദേശി) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 5 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു.
കേരളാ ഫീഡ്സ് ലിമിറ്റഡിലെ വര്‍ക്ക്മെന്‍ വിഭാഗം ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
കുന്നംകുളം, നെയ്യാറ്റിന്‍കര, അടൂര്‍, പുനലൂര്‍, പരവൂര്‍ (കൊല്ലം) എന്നിവിടങ്ങളില്‍ കുടുംബ കോടതികള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.
പി.എസ്.സിയില്‍ നിലവില്‍ ഒഴിവുള്ള 8 അംഗങ്ങളെ നിയമിക്കുന്നതിന് താഴെ പറയുന്ന പേരുകള്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
ഡോ. എസ്. ശ്രീകുമാര്‍ (ഗവണ്മെന്റ് ജനറല്‍ ആശുപത്രി തിരുവനന്തപുരം), എസ്. വിജയകുമാരന്‍ നായര്‍ (തിരുവനന്തപുരം), എസ്.എ. സെയ്ഫ് (കൊല്ലം), വി.ടി.കെ അബ്ദുള്‍ സമ്മദ് (മേപ്പയൂര്‍, കോഴിക്കോട്), ഡോ. സി.കെ. ഷാജിബ് (ഉണ്ണികുളം, കോഴിക്കോട്), ഡോ. സ്റ്റാനി തോമസ് (കോട്ടയം), ഡോ. മിനി സക്കറിയാസ് (കാക്കനാട്, എറണാകുളം), ബോണി കുര്യാക്കോസ് (കോട്ടയം).
അഡീഷണല്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയെ (1987 ബാച്ച്) അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത റിട്ടയര്‍ ചെയ്യുന്ന ഒഴിവിലേക്കാണ് നിയമനം.
കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ വി. തുളസിദാസിന്റെ കാലാവധി മാര്‍ച്ച് 12-ന് അവസാനിക്കുന്നതിനാല്‍ അദ്ദേഹം ഒഴിയുന്ന മുറയ്ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് കിയാല്‍ എം.ഡിയുടെ അധിക ചുമതല നല്കാന് തീരുമാനിച്ചു.
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഇ.പി.എഫ് ക്ഷേമനിധി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നിലവിലെ പെന്ഷന് പ്രായം 56 ല്‍ നിന്ന് 58 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചു.
ഈ നഗരങ്ങളിലെ ജനങ്ങള്‍ക്ക് സുരക്ഷിതവും വേഗമുള്ളതും സുഖകരവുമായ യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് ലൈറ്റ് മെട്രോ നടപ്പാക്കുന്നത്. നഗരത്തിന്റെ അടുത്ത അമ്പതു വര്‍ഷത്തേക്കുള്ള ഗതാഗത ആവശ്യം നിറവേറ്റാന്‍ പ്രാപ്തമായ സംവിധാനമാണ് ഉദ്ദേശിക്കുന്നത്. പദ്ധതി തികച്ചും പരിസ്ഥിതി സൗഹര്‍ദപരമായിരിക്കും. സമയനിഷ്ഠ പാലിച്ചുകൊണ്ട് യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥലങ്ങളില്‍ എത്താന്‍ കഴിയും.
തൊഴില്‍ നൈപുണ്യവികസനവും ഇന്നവേഷനും കാലാനുസൃതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിന് കേരള ഡവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സലിനെ സൊസൈറ്റിയായി പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയായിരിക്കും നിര്‍ദിഷ്ട ഭരണസമിതിയുടെ അധ്യക്ഷന്‍. വ്യവസായം, ധനകാര്യം, കൃഷി, ഉന്നതവിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. വിവിധ മേഖലകളില്‍ അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും പ്രസിദ്ധരായ വിദഗ്ധരെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതാണ്.
സംസ്ഥാനത്തേക്ക് വരുന്ന അതിഥിതൊഴിലാളികളുടെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്സ് വെല്‍ഫയര്‍ രജിസ്ട്രേഷന് കേരള എന്നതാണ് ഓര്‍ഡിനന്‍സിന്റെ പേര്. സംസ്ഥാനത്തേക്ക് സ്വമേധയാ വരുന്നവരും കരാറുകാര്‍ മുഖേന വരുന്നവരും രജിസ്റ്റര്‍ ചെയ്യണം. അതിഥി തൊഴിലാളികള്‍ക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
കേരളത്തിലെ കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഉല്പാദനവും വിപണവും നിയന്ത്രിക്കുന്നതിനും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
സംസ്ഥാനത്ത് പൊതുമേഖലയിലും സഹകരണമേഖലയിലുമായി കാലിത്തീറ്റ ആവശ്യത്തിന്റെ അമ്പത് ശതമാനത്തില്‍ താഴെ മാത്രമേ ഉല്പാദിപ്പിക്കുന്നുള്ളൂ. പുറത്തുനിന്ന് വരുന്ന ബദല്‍ തീറ്റകളില്‍ നല്ല തോതില്‍ മായം ചേര്‍ക്കപ്പെടുന്നുണ്ട്. ഇന്നത്തെ നിലയില്‍ അത് കണ്ടെത്താന്‍ പ്രയാസമാണ്. അതുകൊണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.
കേരള ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധിയും കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധിയും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ ലയിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ പ്ലാന്റേഷന് ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്കാന് തീരുമാനിച്ചു. തോട്ടം മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയ വി. നമശിവായത്തിന്റെ ശുപാര്‍ശ പരിഗണിച്ചാണ് ഡയറക്ടറേറ്റ് രൂപീകരിക്കുന്നത്. തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനുള്ള നയങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സ്വതന്ത്ര ഡയറക്ടറേറ്റ് സഹായകമാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
വനം വകുപ്പില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും 500 പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിക്കും. ഇതിനുവേണ്ടി പി.എസ്.സി മുഖേന സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തും. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിക്കുന്നത്. എന്നാല്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, അനധികൃത കുടിയേറ്റം തടയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പില്‍ പരിചിതരായ ജീവനക്കാരുടെ കുറവുണ്ട്. ഇത് കണക്കിലെടുത്താണ് ആദിവാസി സമൂഹത്തില്‍ നിന്നും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്താന്‍ തീരുമാനിച്ചത്.
സംസ്ഥാന ബെവറേജ് കോര്‍പ്പറേഷനില്‍ പുതിയ സ്റ്റാഫ് പാറ്റേണിന് അംഗീകാരം നല്കി. ഇതുപ്രകാരം 1720 തസ്തികകള്‍ക്കു കൂടി അംഗീകാരം ലഭിച്ചു. 261 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. പുതിയ തീരുമാനത്തിന്റെ ഫലമായി വിവിധ തസ്തികകളിലായി 672 പേര്‍ക്ക് നിയമനം ലഭിക്കും. ഓഫീസ് / ഷോപ്പ് അറ്റന്‍ഡിന്റെ തസ്തികയില്‍ 258 പേര്‍ക്കും എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ 136 പേര്‍ക്കും പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 261 പേര്‍ക്ക് നിയമനം കിട്ടും. സ്വീപ്പര്‍ തസ്തികയില്‍ 17 പേര്‍ക്കാണ് നിയമനം കിട്ടുക.
പുരാവസ്തു വകുപ്പില്‍ 14 സ്ഥിരം തസ്തികകളും കരാര്‍ അടിസ്ഥാനത്തില്‍ 26 തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
പുരാരേഖാ വകുപ്പില്‍ 22 സ്ഥിരം തസ്തികകളും 39 കരാര്‍ തസ്തികകളും സൃഷ്ടിക്കും.
സംസ്ഥാനത്ത് 25 പുതിയ പോലീസ് സബ്ഡിവിഷനുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. കാട്ടാക്കട, വര്‍ക്കല, ശാസ്താംകോട്ട, കോന്നി, റാന്നി, അമ്പലപ്പുഴ, ഇടുക്കി, പീരുമേട്, എറണാകുളം സെന്‍ട്രല്‍, മുനമ്പം, പുത്തന്‍കുരിശ്, ഒല്ലൂര്‍, വലപ്പാട്, ചിറ്റൂര്‍, മണ്ണാര്‍കാട്, കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍, ഫറോക്ക്, പേരാമ്പ്ര, സുല്‍ത്താന്‍ബത്തേരി, കൂത്തുപറമ്പ്, പേരാവൂര്‍, പയ്യന്നൂര്‍, ബേക്കല്‍. ഇതിനുവേണ്ടി 25 ഡെപ്യൂട്ടി സൂപ്രണ്ട് / അസിസ്റ്റന്റ് കമ്മീഷണര്‍ തസ്തികകള്‍ സൃഷ്ടിക്കും.
സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ 39 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കയര്‍ പിത്ത് ഡിവിഷനിലേക്ക് 18 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പില്‍ 32 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ ലോ കോളേജുകളില്‍ അധിക ബാച്ചുകള്‍ ആരംഭിക്കുന്നതിന് 13 അധ്യാപക തസ്തകകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കോഴിക്കോട് ജില്ലയിലെ കായക്കൊടി കെ.പി.ഇ.എസ് ഹയര്‍സെക്കന്ററി സ്കൂളില്‍ കൊമേഴ്സ് ബാച്ചില്‍ 4 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കായിക യുവജനകാര്യ ഡയറക്ടറേറ്റിനു കീഴില്‍ 10 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
പിണറായി വിജയൻ
മുഖ്യമന്ത്രി
LDF വാർത്തകൾ/നിലപാടുകൾ
വിഎസ് ഇൻ്റെ പേരിലെ വ്യാജ വാർത്ത
20 വർഷം കഴിഞ്ഞാൽ കേരളം മുസ്ലിം ഭൂരിപക്ഷ മേഖല ആകും എന്ന് വിഎസ് പ്രസംഗിച്ചു എന്ന പേരിൽ പ്രസംഗത്തിൻ്റെ ഒരു ഭാഗം അടർത്തി എടുത്തു വ്യാജ പ്രചരണം നടത്തുന്നതിൻ്റെ സത്യാവസ്ഥ
0 Comments