കണ്ണൂരിന് പിന്നാലെ തൃശൂരും ‘സ്റ്റാന്‍ഡ് വിത്ത് കാശ്മീര്‍’ കൂട്ടായ്മ
https://www.azhimukham.com/stand-with-kashmir-protest-gathering-thrisoor-kannur/
കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ പെല്ലെറ്റ് തിരകളെ ചെറുക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്ന് തൃശൂരിലും “സ്റ്റാന്‍ഡ് വിത്ത് കശ്മീര്‍” കൂട്ടായ്മയുടെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കും. സാഹിത്യ അക്കാദമി പരിസരത്തു നിന്നാണ് പരിപാടി ആരംഭിക്കുക. കഴിഞ്ഞ 11 ദിവസമായി നിരോധനാജ്ഞ തുടരുന്ന കശ്മീര്‍ താഴ്വരയില്‍ അക്രമത്തിലും പ്രക്ഷോഭത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. താഴ്വരയില്‍ ഒരു ചെറുവിഭാഗം നടത്തുന്ന ഭീകരവാദത്തിന്റെയും വിഘടനവാദത്തിന്റെയും പേരില്‍ സൈന്യം ജനങ്ങളുടെ സമരങ്ങളെ അടിച്ചമര്‍ത്തുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധ കൂട്ടായ്മ. ഇന്ന് തൃശൂരിലും കോഴിക്കോടുമാണ് പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നത്. തൃശുരില്‍ വൈകിട്ട് അഞ്ചു മണിക്ക് നടത്തപ്പെടുന്ന യോഗത്തില്‍ കെ വേണുവും, കെപി സേതുനാഥും സംസാരിക്കും. യോഗം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭീക്ഷണികള്‍ ഉണ്ടായിട്ടുണ്ട് എന്നും സംഘാടകര്‍ പറഞ്ഞു. ഇന്നലെ കണ്ണൂരില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത 16 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടായ്മ സംഘടിപ്പിച്ചുകൊണ്ടിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ ചിലര്‍ പ്രതിഷേധവുമായി എത്തിയതാണ് അറസ്റ്റ് ചെയ്യാന്‍ കാരണമായത്.
Stand with kashmir
0 Comments