‘17 രൂപയാണു കേന്ദ്ര സർക്കാരിനു പെട്രോളിൽ നിന്നു ലഭിക്കുന്ന നികുതി. ഇതിന്റെ 42 ശതമാനവും സംസ്ഥാനങ്ങൾക്കു വീതിച്ചുകൊടുക്കുകയാണ്. സംസ്ഥാനം 10 രൂപയെങ്കിലും നികുതി കുറച്ചാലേ ഇന്ധനവിലക്കയറ്റത്തിൽനിന്നു കേരളത്തിലെ ജനങ്ങൾക്കു മോചനമുണ്ടാകൂ’. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണിത്.
‘രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയണമെങ്കിൽ സംസ്ഥാനം കുറയ്ക്കണം. ഇന്ധനത്തിൽനിന്ന് കേന്ദ്രവും സംസ്ഥാനവും എടുക്കുന്നതു തുല്യ നികുതിയാണ്. എക്സൈസ് നികുതിയുടെ 42 ശതമാനം കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്നുമുണ്ട്’– ഇതു കേന്ദ്രമന്ത്രി വി. മുരളീധരൻ ദിവസങ്ങൾക്കു മുൻപു നടത്തിയ പ്രസ്താവന. രാജ്യം ഭരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ മുതിർന്ന നേതാക്കൻമാർക്ക് ‘ഇതിനെപ്പറ്റി വലിയ ധാരണയില്ലാത്തതു’ കൊണ്ടാണോ ഈ തെറ്റായ കാര്യങ്ങൾ എപ്പോഴും വിളിച്ചു പറയുന്നത്. അതോ നികുതിഘടനയെക്കുറിച്ച് അറിയാത്ത സാധാരണക്കാരുടെ ഇടയിൽ മിഥ്യാധാരണകൾ അടിച്ചേൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണോ നടക്കുന്നത്?
ആ നിർണായക 42%– ഇതാണു സത്യം
ഇന്ധന നികുതിയായി കേന്ദ്രത്തിനു കിട്ടുന്ന 32.90 രൂപയുടെ 42% കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്നു എന്നാണു നേതാക്കന്മാരും അവരുടെ പാർട്ടിയുടെ സമൂഹമാധ്യമ സംഘങ്ങളും പറയുന്നത്. അതായത് ഓരോ ലീറ്റർ പെട്രോൾ വിൽക്കുമ്പോഴും 13.8 രൂപ കേന്ദ്രം സംസ്ഥാനങ്ങൾക്ക് എക്സൈസ് നികുതി വിഹിതമായി നൽകുന്നുവെന്ന്! എന്നാൽ യാഥാർഥത്തിൽ കേന്ദ്രസർക്കാർ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടത് എക്സൈസ് നികുതി മാത്രമാണ്. അഡീഷനൽ എക്സൈസ് നികുതിയും മറ്റു സെസുകളും പങ്കുവയ്ക്കേണ്ടതില്ല. 1.40 രൂപ മാത്രമാണ് ഒരു ലീറ്റർ പെട്രോളിന്റെ എക്സൈസ് നികുതി. ഈ തുകയുടെ 41 ശതമാനമാണ് (മുൻപ് 42 ശതമാനം) കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കുന്നത്.
1.40 രൂപ മുഴുവൻ സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കുമ്പോൾ അതിലെ വിഹിതമായി കേരളത്തിനു ലഭിക്കുന്നത് ഏതാണ്ട് ഒരു പൈസ മാത്രമാണ്. കേന്ദ്രത്തിനു ലഭിക്കുന്ന 32.90 രൂപയിൽ 31.50 രൂപ അഡിഷനൽ എക്സൈസ് നികുതിയിൽനിന്നും സെസുകളിൽ നിന്നുമുള്ളവയായതിനാൽ ഇത് സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതുമില്ല.
ഇനി എക്സൈസ് നികുതി വിഹിതത്തിനു പുറമേ, കേരളത്തിനു കിട്ടുന്ന നികുതി നോക്കാം. കേരളം ഈടാക്കുന്ന വിൽപന നികുതി 30.08 ശതമാനമാണ്. ഇതിനൊപ്പം ഏതാണ്ട് 1.20 രൂപ സെസുകളായും വരും. അങ്ങനെ വരുമ്പോൾ മൊത്തം 20.67 രൂപ ഒരു ലീറ്റർ പെട്രോളിൽനിന്നു നികുതിയിനത്തിൽ കേരളത്തിനു ലഭിക്കും (2021 ഫെബ്രുവരി 16ലെ വില അനുസരിച്ച്). ഒരു ലീറ്റർ പെട്രോൾ (90 രൂപ വിലയുള്ളപ്പോൾ) വിൽക്കുമ്പോൾ കേന്ദ്രത്തിന് 19.46 രൂപയും കേരളത്തിന് 35.20 രൂപയും കിട്ടുന്നു എന്നാണു തെറ്റായ കണക്കുകളുമായി രംഗത്തിറങ്ങിയിരിക്കുന്നവർ വാദിക്കുന്നത്. ഇങ്ങനെ സംസ്ഥാനത്തിനു നികുതി കിട്ടുമായിരുന്നെങ്കിൽ കേരളത്തിന് ഒരു രൂപ പോലും കടമെടുക്കേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല. യഥാർഥത്തിൽ ഒരു ലീറ്റർ പെട്രോൾ വിൽക്കുമ്പോൾ കേരളത്തിന് 20.67 രൂപയും കേന്ദ്രത്തിന് 32.07 രൂപയും ലഭിക്കും എന്നതാണു യാഥാർഥ്യം.
വീതംവയ്പ് ഇങ്ങനെ…
എക്സൈസ് നികുതിയുടെ 41% കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കുമായി വീതിച്ചു നൽകുന്നുണ്ട്. എക്സൈസ് നികുതിയായ ഒരു രൂപ 40 പൈസയുടെ 59 ശതമാനവും കേന്ദ്രമാണ് എടുക്കുന്നത്. അതായത് 83 പൈസയും കേന്ദ്രം എടുത്തിട്ട് ബാക്കി 57 പൈസയാണ് വിവിധ സംസ്ഥാനങ്ങൾക്കായി വീതിച്ചു നൽകുന്നത്. സംസ്ഥാനങ്ങളുടെ ജനസംഖ്യയും മറ്റ് അനേകം ഘടകങ്ങളും പരിഗണിച്ചാണ് തുക അനുവദിക്കുന്നത്. കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് കേരളത്തിന് ഇതിൽനിന്നു ലഭിക്കുന്നത് 1.9% മാത്രം. അതായത് .0108 രൂപ. ഏതാണ്ട് ഒരു പൈസ!
എന്തൊരു കരുതലാണു സർ!
ഇന്ധന നികുതി കൂട്ടുമ്പോൾ അഡീഷനൽ എക്സൈസ് നികുതി, സെസ് എന്നിവയാണു കേന്ദ്രസർക്കാർ അടുത്തിടെയെല്ലാം വർധിപ്പിച്ചത്. അടിസ്ഥാന എക്സൈസ് നികുതി കൂട്ടിയില്ലെന്നു മാത്രമല്ല, കുറച്ചു. 2020 മാർച്ചിൽ രണ്ടു തവണ നികുതി കൂട്ടിയപ്പോഴും അഡീഷനൽ നികുതിയാണു കൂട്ടിയത്. എക്സൈസ് നികുതി കൂട്ടിയാൽ സംസ്ഥാനങ്ങൾക്കു അതിന്റെ വീതം നൽകണമല്ലോ. കഴിഞ്ഞ ഒന്നിന് കേന്ദ്ര ബജറ്റിൽ പെട്രോളിന് 2.50 രൂപയും ഡീസലിന് 4 രൂപയും കൃഷി, അടിസ്ഥാന സൗകര്യ വികസന സെസ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസം ഉണ്ടായിരുന്നില്ല. ഈ സമയത്ത് എക്സൈസ് ഡ്യൂട്ടി കുറച്ചതുകൊണ്ടാണ് വില കൂട്ടാതിരുന്നത്. 2.93 രൂപയായിരുന്ന എക്സൈസ് നികുതി 1.40 രൂപയിലേക്ക് കുറച്ചു. അതുവഴി സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന ചെറിയ വിഹിതം പകുതിയായി കുറയുകയാണുണ്ടായത്.
എക്സൈസ് നികുതി, അഡീഷനൽ എക്സൈസ് നികുതി, കൃഷി, അടിസ്ഥാന വികസന സെസ്, റോഡ്, അടിസ്ഥാനസൗകര്യ വികസന സെസ് എന്നിവയാണു കേന്ദ്രം ഇന്ധന വിലയിൽ ചുമത്തുന്നത്. ലീറ്ററിന് 1.40 പൈസയാണ് അടിസ്ഥാന എക്സൈസ് നികുതി. ലീറ്ററിന് 11 രൂപ സ്പെഷൽ അഡീഷനൽ എക്സൈസ് നികുതി. ഇതിനൊപ്പം കൃഷി, അടിസ്ഥാന സൗകര്യ, വികസന സെസ് 2.50 രൂപയും വരും. അഡീഷനൽ എക്സൈസ് ഡ്യൂട്ടി (റോഡ്, അടിസ്ഥാന സൗകര്യ വികസന സെസ്) ലീറ്ററിന് 18 രൂപയാണ് ഈടാക്കുന്നത്. ഇങ്ങനെയാണ് ആകെ ആകെ 32.90 രൂപ നികുതിയിനത്തിൽ കേന്ദ്രം എടുക്കുന്നത്.
കേന്ദ്രത്തിനു മാത്രമെടുക്കാവുന്ന അഡീഷനൽ എക്സൈസ് നികുതിയും സെസുകളും കൂട്ടുകയും സംസ്ഥാനങ്ങൾക്കു വീതിച്ചു നൽകേണ്ട അടിസ്ഥാന എക്സൈസ് നികുതി പരമാവധി കുറയ്ക്കുകയും ചെയ്ത് വരുമാനം സ്വരുക്കൂട്ടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. (അവലംബം: കേന്ദ്ര സർക്കാരിന്റെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ)
41 ആയതും അറിഞ്ഞില്ല?
സംസ്ഥാനങ്ങൾക്കുള്ള എക്സൈസ് ഡ്യൂട്ടി വിഹിതം 42 ശതമാനത്തിൽ നിന്ന് 41 ശതമാനമാക്കി കുറച്ചതും ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൻമാർ അറിഞ്ഞില്ലെന്നു വേണം കരുതാൻ. കഴിഞ്ഞ കേന്ദ്ര ബജറ്റിനു മുന്നോടിയായി പാർലമെന്റിന്റെ മേശപ്പുറത്തുവച്ച 15–ാം ധനകാര്യ കമ്മിഷൻ റിപ്പോർട്ടിലാണ് സംസ്ഥാനങ്ങൾക്കുള്ള വിഹിതം 42 ശതമാനത്തിൽനിന്ന് 41 ശതമാനമാക്കി കുറച്ചതായി വ്യക്തമാക്കുന്നത്. 2021–22 മുതൽ 2025–26 വർഷത്തേക്കുള്ള കമ്മിഷൻ റിപ്പോർട്ടാണിത്. ജിഎസ്ടിക്കു ശേഷമുള്ള ആദ്യ ധനകാര്യ കമ്മിഷനുമാണിത്.
ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി തിരിച്ചതിനാലാണ് 1 ശതമാനത്തിന്റെ വ്യത്യാസം വന്നത്. ഡീസലിന് 31.80 രൂപ നികുതി ലഭിക്കുമ്പോൾ കേന്ദ്രത്തിന് അതിൽനിന്നുള്ള 1.80 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടത്. 2014നു മുൻപ് ഇത് 3.56 രൂപയായിരുന്നു. പെട്രോളിൽനിന്ന് 32.90 രൂപ ലഭിക്കുമ്പോൾ 1.40 രൂപ മാത്രം സംസ്ഥാനങ്ങൾക്കെല്ലാം കൂടി പങ്കുവച്ചാൽ മതി. മാത്രമല്ല, സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന വിഹിതം കണക്കുകൂട്ടുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയപ്പോൾ കേരളത്തിനുള്ള വിഹിതത്തിൽ ചെറിയ കുറവും വന്നിട്ടുണ്ട്.
#Petrol
0 Comments