തൃപ്പൂണിത്തുറ നഗരസഭയിലെ ചെറു ദ്വീപാണ് കല്ലുവെച്ച കാട് .
പത്തിൽ താഴെ കുടുംബങ്ങളാണ് ദ്വീപിലെ താമസക്കാർ.
ഇവർക്ക് പുറം ലോകം കാണണമെങ്കിൽ വഞ്ചി തുഴഞ്ഞ് മറുകരയെത്തണം.
കല്ലുവെച്ച കാട് ദ്വീപിലേയ്ക്ക് ഒരു തൂക്കുപാലം പണിയാൻ സംസ്ഥാനബജറ്റിൽ തുക വകയിരുത്തിയിരുന്നു.
വോട്ടിൻ്റെ എണ്ണം നോക്കിയല്ല ജനക്ഷേമ പദ്ധതികൾ ആവിഷ്കരിയ്ക്കേണ്ടതെന്ന് LDF സർക്കാർ ഒരിയ്ക്കൽ കൂടി തെളിയിച്ചു.
പാലം നിർമാണത്തിന് മുന്നോടിയായി മണ്ണുപരിശോധന ഉൾപ്പെടെയുള്ള സാങ്കേതിക നടപടിക്രമങ്ങളെല്ലാം ഇതിനോടകം പൂർത്തിയായി.
തൂക്കുപാലം നിർമാണത്തിന് 2.85 കോടി രൂപ അനുവദിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിച്ചു. ഉടനേ നിർമാണം ആരംഭിയ്ക്കും.

തൃപ്പൂണിത്തുറയിലെ പ്രശസ്തവും പുരാതനവുമായ ക്ഷേത്രങ്ങളും പള്ളികളും ഉൾപ്പെടുന്ന തൃപ്പൂണിത്തുറ തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി സർക്കാർ അംഗീകരിച്ചു. ശ്രീ പൂർണത്രയീശ ക്ഷേത്രം, ഉദയംപേരൂർ സുന്നഹദോസ് പള്ളി , നടമേൽ പള്ളി, മരട് സെൻ്റ് മേരീസ് പള്ളി , നെട്ടൂർ ജുമാ മസ്ജിദ് തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള ആരാധനാലയങ്ങൾ ഉൾക്കൊള്ളുന്നതാണ് തീർത്ഥാടന ടൂറിസം സർക്യൂട്ട് . പ്രസ്തുത പദ്ധതിയുടെ ആദ്യ ഘട്ടമായി പൂത്തോട്ട മഹാദേവ ക്ഷേത്രത്തിൽ ടെമ്പിൾ ഓഡിറ്റോറിയം നിർമിയ്ക്കാൻ 2 കോടി രൂപ അനുവദിച്ചു. പ്രസ്തുത പദ്ധതിയ്ക്ക് സർക്കാർ ഭരണാനുമതി നൽകി ഉത്തരവായി.

തൃപ്പൂണിത്തുറയ്ക്ക് അഭിമാനമായി കരിയർ ഡവലപ്മെൻ്റ് സെൻറർ . തൊഴിൽ വകുപ്പിന് കീഴിൽ ആരംഭിച്ച കരിയർ ഡവലപ്മെൻ്റ് സെൻ്ററിന് തൃപ്പൂണിത്തുറയിൽ തുടക്കമായി. ഉപരി പഠനത്തിനും തൊഴിൽ മേഖലാ തിരഞ്ഞെടുപ്പിനും മാർഗ്ഗ നിർദേശം നൽകാനും മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കാനുമെല്ലാം ശാസ്ത്രീയമായ പരിശീലന പരിപാടികൾ ഉൾക്കൊള്ളുന്നതാണ് കരിയർ ഡവലപ്മെൻ്റ് സെൻറർ . സംസ്ഥാനത്ത് 6 കരിയർ ഡവലപ്മെൻ്റ് സെൻററുകളാണ് പ്രവർത്തിയ്ക്കുന്നത്. അതിൽ ഒന്ന് തൃപ്പൂണിത്തുറയിൽ അനുവദിയ്ക്കപ്പെട്ടത് ഏറെ ആഹ്ലാദകരമാണ്. നിർമാണം പൂർത്തിയായ കരിയർ ഡവലപ്മെൻറ് സെൻറർ കഴിഞ്ഞ ദിവസം ബഹു. തൊഴിൽ വകുപ്പ് മന്ത്രി സ. ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഇടക്കൊച്ചി ഗവ. ഫിഷ് ഫാം ആധുനികവൽക്കരണത്തിൻ്റെ പാതയിലാണ്. 12 കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ പൂർത്തിയായി. ബഹു .ഫിഷറീസ് വകുപ്പു മന്ത്രി സ .ജെ മെഴ്സിക്കുട്ടിയമ്മ നവീകരിച്ച ഫിഷ് ഫാം നാടിനു സമർപ്പിച്ചു .

വികസന മുന്നേറ്റത്തിൻ്റെ അടയാളങ്ങൾ… ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ പുതിയ അക്കാദമിക് ബ്ലോക്കിൻ്റെ നിർമാണം പൂർത്തിയായി. 40 കോടി രൂപ ചിലവഴിച്ചാണ്ആധുനിക ലബോറട്ടറി ഉൾപ്പെടെയുള്ള അക്കാദമിക് ബ്ലോക്ക് നിർമിച്ചത് . മാടവനയിൽ ദേശീയ പാതയോരത്ത് നിർമിച്ച മനോഹരമായ പുതിയ കെട്ടിടം ബഹു. ഫിഷറീസ് വകുപ്പ് മന്ത്രി സ.ജെ മെഴ്സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ചു.

തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജ് ആശുപത്രിയിൽ പുതിയതായി നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ബഹു . ആരോഗ്യ വകുപ്പു മന്ത്രിസ .കെ കെ ശൈലജ ടീച്ചർ കഴിഞ്ഞ ദിവസം നിർവഹിച്ചു.

മണകുന്നം വില്ലേജ് ബാങ്കിൻ്റെ പുതിയ കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം ബഹു.സഹകരണ വകുപ്പു മന്ത്രി സ .കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

ഇടക്കൊച്ചി ഗവ.ഹൈസ്ക്കൂളിൽ ഒരു കോടി രൂപ ചിലവഴിച്ച് നിർമിയ്ക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ബഹു .ജോൺ ഫെർണാണ്ടസ് MLA യുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് സ്ഥാപിച്ച ശാസ്ത്ര പോഷിണി ലാബിൻ്റെ ഉദ്ഘാടനവും നടന്നു.

തൃപ്പൂണിത്തുറയ്ക്ക് അഭിമാന നിമിഷം …… തൃപ്പൂണിത്തുറയിൽ നിർമാണം പൂർത്തിയാക്കിയ ആയുർവേദ ഗവേഷണ കേന്ദ്രം ബഹു . ആരോഗ്യ വകുപ്പ് മന്ത്രി സ.കെ കെ.ശൈലജ ടീച്ചർ ഇന്ന് രാവിലെ നാടിന് സമർപ്പിച്ചു . ലോകത്തിലെ ഏറ്റവും വലിയ ആയുർവേദ ഗവേഷണ കേന്ദ്രത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. 36 കോടിയോളമാണ് നിർമാണ ചിലവ്. 2011 ഫെബ്രുവരി 3ന് അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി സ.പി.കെ ശ്രീമതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന ഉന്നതതല യോഗമാണ് തൃപ്പൂണിത്തുറയിൽ ഗവേഷണ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്. തുടർന്ന് അധികാരത്തിൽ വന്ന യു ഡി എഫ് സർക്കാർ ഗവേഷണ കേന്ദ്രത്തിന് തറക്കല്ലിട്ടെങ്കിലും 2016ൽ ആ ഗവൺമെൻ്റ് കാലാവധി പൂർത്തിയാക്കുന്നതു വരെ നിർമാണം തുടങ്ങിയില്ല. 2016ൽ അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ നടപടിക്രമങ്ങൾ വേഗത്തിലാക്കി 2017 ഒക്ടോബർ 9 ന് നിർമാണോദ്ഘാടനം നടത്തി. തുടർന്ന് സമയബന്ധിതമായി നടന്ന നിർമാണം ഇപ്പോൾ പൂർത്തിയാവുകയും ഇന്ന് ഉദ്ഘാടനം നടക്കുകയും ചെയ്തു. തൃപ്പൂണിത്തുറയ്ക്ക് എന്നും അഭിമാനിയ്ക്കാൻ കഴിയുന്ന ആയുർവേദ ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം വിളിച്ചോതിക്കൊണ്ടുള്ള വർണാഭമായ വിളംബരയാത്രയും ഇന്നലെ നടന്നു.

പനങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രം ഫാമിലി ഹെൽത്ത് സെൻ്ററായി ഉയർത്തി.കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന തല പരിപാടിയിൽ ബഹു.മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി. ബഹു .ആരോഗ്യ വകുപ്പു മന്ത്രി അദ്ധ്യക്ഷയായിരുന്നു. കുടുംബാരോഗ്യ കേന്ദ്രമായതോടെ കൂടുതൽ ഡോക്ടർമാരുടെ സേവനവും മറ്റ് സൗകര്യങ്ങളും ലഭ്യമാകും.

തൃപ്പൂണിത്തുറ ഗവ.ബോയ്സ് ഹൈസ്കൂളിൽ ഒരു കോടി രൂപ ചിലവഴിച്ച് നിർമിയ്ക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം ബഹു. മുഖ്യമന്ത്രി നിർവഹിച്ചു.

വികസന മുന്നേറ്റത്തിൻ്റെ ഒരു പടവുകൂടി പിന്നിടുന്നു. തൃപ്പൂണിത്തുറയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി പനംകുറ്റി പാലം ബഹു.മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു . 17.20 കോടി രൂപ ചിലവഴിച്ചാണ് പാലംപണി യാഥാർത്ഥ്യമായത് . ഒപ്പം കൊച്ചി വാട്ടർ മെട്രോയ്ക്കും തുടക്കമായി. വാട്ടർ മെട്രോ റൂട്ടിൽ ഉടൻ നിർമാണം ആരംഭിയ്ക്കാൻ പോകുന്ന എരൂർ , ഇടക്കൊച്ചി , കുമ്പളം മെട്രോ ടെർമിനലുകളും തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്.

തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ അന്ധകാരത്തോടിന് കുറുകെയുള്ള ഇടുങ്ങിയ പഴയ പാലം പുനർനിർമിയ്ക്കുന്നു. വീതിയുള്ള പുതിയ പാലം യാഥാർത്ഥ്യമാവുന്നതോടെ ഇവിടത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവും. 2 കോടി രൂപ ചിലവഴിച്ച് നിർമിയ്ക്കുന്ന പാലത്തിൻ്റെ ശിലാസ്ഥാപനം ബഹു . പൊതുമരാമത്ത് വകുപ്പു മന്ത്രി സ . ജി സുധാകരൻ കഴിഞ്ഞ ദിവസം നിർവഹിച്ചു.

കുമ്പളം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മത്സ്യത്തൊഴിലാളികളുടെ ചിരകാല ആവശ്യമായിരുന്ന ഫിഷ് ലാൻറിങ്ങ് സെൻറർ യാഥാർത്ഥ്യമായി . MLA ഫണ്ടുപയോഗിച്ചാണ് FLC യുടെ നിർമാണം.സമയബന്ധിതമായി നിർമാണം പൂർത്തിയാക്കിയ ഫിഷ് ലാൻ്റിങ്ങ് സെൻററിൻ്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.

പുതിയ കാലം പുതിയ നിർമാണം ..കുണ്ടന്നൂർ ഫ്ലൈഓവർ യാഥാർത്ഥ്യമാവുന്നു. നിർമാണം പൂർത്തിയായ പാലത്തിൽഭാര പരിശോധനയും കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കി. അവസാനവട്ട മിനുക്കുപണികൾക്കു ശേഷം ജനുവരി ഒമ്പതാം തിയ്യതി (09-01-2021) രാവിലെ 11 മണിയ്ക്ക് ബഹു.മുഖ്യമന്ത്രി സ. പിണറായി വിജയൻ ഫ്ലൈ ഓവർ ജനങ്ങൾക്കായി തുറന്നുകൊടുക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി സ.ജി.സുധാകരൻ അധ്യക്ഷത വഹിയ്ക്കും. കുണ്ടന്നൂരിനൊപ്പം വൈറ്റില മേൽപാലവും അന്നു തന്നെ മുഖ്യമന്ത്രി നാടിന് സമർപ്പിയ്ക്കും. ‘പുതിയ കാലത്തെ പുതിയ നിർമാണത്തിന് ‘ കിഫ്ബി വഴിയുള്ള മികച്ച ഉദാഹരണമാണ് ദേശീയപാതയിലെ മനോഹരമായ ഈ മേൽപാലം . കേരളം വളരുന്നു തൃപ്പൂണിത്തുറയും …

തൃപ്പൂണിത്തുറ ഗവ.താലൂക്കാശുപത്രി ഹൈ ടെക്കായി മാറുന്നു. പത്തുകോടി രൂപ ചിലവിൽ പുതിയ കെട്ടിടസമുച്ചയം നിർമിയ്ക്കുന്നതിന് അനുമതി ലഭിച്ചു. നാലു നിലകളുള്ള കെട്ടിടത്തിന് 30,676 ചതുരശ്ര അടി വിസ്തീർണമുണ്ടാവും. നബാർഡ് 8.5 കോടിയും , സംസ്ഥാന സർക്കാർ 1.5 കോടിയുമാണ് ചിലവഴിയ്ക്കുക. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആശുപത്രിക്കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ താലൂക്കാശുപത്രിയ്ക്ക് പുതിയ മുഖം കൈവരും. നിർമാണ പ്രവൃത്തികൾ ഉടനെ ആരംഭിയ്ക്കും.

വികസനത്തേരിലേറി വളന്തകാട്…വളന്തകാട് ദ്വീപിൽ അവഗണനയുടെ ഇരുട്ടകലുന്നു. പാലം നിർമാണം പുരോഗമിയ്ക്കുന്നതിനിടയിൽ പുതിയ ഉത്തരവാദിത്വ ടൂറിസം പദ്ധതിയും ദ്വീപിലെത്തുകയാണ്. ആദ്യഘട്ടത്തിൽ ഒരു ഫ്ലോട്ടിംഗ് ഫെസിലിറ്റേഷൻ സെൻററിൻ്റെയും, ബോട്ടുജെട്ടിയുടെയും, ദ്വീപിലെ നടപ്പാതകളുടെയും നിർമാണമാണ് പദ്ധതിയിലുൾപ്പടുന്നത്. ദ്വീപുവാസികളുടെ ജീവിതത്തിൽ മികച്ചമാറ്റമുണ്ടാക്കുന്ന പദ്ധതിയ്ക്ക് കഴിഞ്ഞ ദിവസം ശിലാസ്ഥാപനം നിർവഹിച്ചു.

M Swaraj


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *