(ദേശാഭിമാനി പരമ്പര)
 ചന്ദ്രശേഖരന്റെ ദാരുണ വധവും സി.പി.ഐ (എം) നിലപാടും –  പിണറായി വിജയന്‍

യു.ഡി.എഫിന്റെ ഭരണം കഴിഞ്ഞ മെയ് മാസത്തിലാണ് ഒരു വര്‍ഷം പിന്നിട്ടത്. ഈ ഘട്ടമാകുമ്പോഴേക്കും യു.ഡി.എഫ് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന നിലയുണ്ടായി. അഞ്ചാം മന്ത്രി പ്രശ്‌നം വന്നതോടെ കോണ്‍ഗ്രസിനകത്ത് ഭിന്നത രൂക്ഷമായി. കോണ്‍ഗ്രസ് നേതാക്കള്‍ പലരും ഈ നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നു. ഇത് സാമുദായിക സൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന നടപടിയാണ് എന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പ്രഖ്യാപിച്ചു.

യു.ഡി.എഫിനകത്താണെങ്കില്‍ വിവിധ കക്ഷികള്‍ കോണ്‍ഗ്രസിനെതിരായി നിലപാട് എടുക്കുകയും ചെയ്തു. യു.ഡി.എഫിനകത്തെ കക്ഷികള്‍ക്കകത്തും വലിയ ഭിന്നത പ്രത്യക്ഷപ്പെട്ടു. ജനദ്രോഹ നയങ്ങളുടെ ഫലമായി ജനങ്ങളില്‍നിന്ന് യു.ഡി.എഫ് കൂടുതല്‍ ഒറ്റപ്പെടുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ അന്തരീക്ഷത്തിലാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നെയ്യാറ്റിന്‍കരയിലാവട്ടെ സെല്‍വരാജിന്റെ കാലുമാറ്റത്തിനെതിരായി വലിയ വികാരം രൂപപ്പെട്ടിരുന്നു.

ഇത്തരത്തില്‍ യു.ഡി.എഫ് രാഷ്ട്രീയമായി തികച്ചും ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുനില്‍ക്കുന്ന ഘട്ടത്തിലാണ് ടി.പി. ചന്ദ്രശേഖരന്റെ ദാരുണമായ വധം നടക്കുന്നത്. ഇതിനെ ഉപയോഗപ്പെടുത്തി തങ്ങള്‍ക്ക് വന്നുപെട്ട പ്രതിസന്ധി മാധ്യമങ്ങളുടെ സഹായത്തോടെ മറികടക്കുന്നതിനാണ് യു.ഡി.എഫ് പരിശ്രമിച്ചത് എന്ന് പിന്നീട് നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതായത്, ഈ ദാരുണമായ സംഭവത്തെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ നേട്ടം നേടാനുള്ള പരിശ്രമമാണ് യു.ഡി.എഫ് നടത്തിയത്.

ടി.പി. ചന്ദ്രശേഖരന്റെ ദാരുണമായ വധം അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ ഒന്നാണെന്നും ഇതിന് ഉത്തരവാദികളായ ആളുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം എന്ന ആവശ്യവും പാര്‍ടി ആ ഘട്ടത്തില്‍ തന്നെ മുന്നോട്ട് വച്ചിരുന്നു. മാത്രമല്ല, ഈ സംഭവത്തില്‍ പാര്‍ടിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല എന്ന കാര്യവും എടുത്തു പറഞ്ഞിരുന്നു.
എന്നാല്‍ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സി.പി.ഐ (എം)ന്റെ തലയില്‍ കെട്ടിവെച്ച് അതുവഴി തങ്ങള്‍ ചെന്നുപെട്ട പ്രതിസന്ധിയെ മറികടക്കാന്‍ ആകുമോ എന്നായിരുന്നു യു.ഡി.എഫിന്റെ നേതൃത്വം പരിശ്രമിച്ചത്. സി.പി.ഐ (എം) ആണ് ഇതിന് ഉത്തരവാദിയെന്ന് ഉടന്‍ തന്നെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല മെയ് 5-ാം തീയതി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നതിന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും രമേശ് ചെന്നിത്തലയും ആഹ്വാനം ചെയ്യുകയുണ്ടായി.

യഥാര്‍ത്ഥത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ ജീവന്‍ രക്ഷിക്കുന്നതിനുള്ള താല്‍പര്യം കോണ്‍ഗ്രസിനുണ്ടായിരുന്നില്ലെന്ന് ആ ദിവസം തന്നെയുണ്ടായ ചില വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി ടി.പി. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി. മെയ് 5-ാം തീയതി ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ചന്ദ്രശേഖരന്‍ പോലീസ് സഹായം വേണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കുകയുണ്ടായി. ഇത്തരത്തില്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചിട്ടുപോലും അത് നല്‍കുന്നതിന് യു.ഡി.എഫ് തയ്യാറായില്ല എന്നത് അവരുടെ കുറ്റകരമായ അനാസ്ഥയ്ക്ക് ഏറ്റവും വലിയ തെളിവാണ്.

എന്നാല്‍ പിന്നീട് പോലീസ് സംരക്ഷണം നല്‍കാന്‍ സന്നദ്ധമായിട്ടും ടി.പി. ചന്ദ്രശേഖരന്‍ അത് നിരസിക്കുകയാണ് ചെയ്തത് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുകയുണ്ടായി. സാധാരണ പോലീസ് സംരക്ഷണം ഒരാള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചാല്‍ അതിനായി ഒരു സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കും. ആ ഉത്തരവ് പ്രസ്തുത കക്ഷിക്ക് നല്‍കുകയും ചെയ്യും. കക്ഷി അത് നിരസിക്കുകയാണെങ്കില്‍ അവര്‍ ഒരു കത്ത് പോലീസ് സംരക്ഷണം ആവശ്യമില്ല എന്ന് പറഞ്ഞ് സര്‍ക്കാരിന് നല്‍കുക എന്നതുമാണ് അതിന്റെ രീതി. മുഖ്യമന്ത്രി പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍ എങ്കില്‍ യു.ഡി.എഫ് പുറപ്പെടുവിച്ച ഉത്തരവും അത് നിരസിച്ചുകൊണ്ടുള്ള ചന്ദ്രശേഖരന്റെ കത്തും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്. എന്നാല്‍ അത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല എന്നത് ഈ ദാരുണമായ വധം യു.ഡി.എഫ് സര്‍ക്കാര്‍ ഇടപെട്ടിരുന്നു എങ്കില്‍ ഒഴിവാക്കാമായിരുന്നു എന്ന് വ്യക്തമാകുന്നുണ്ട്. ഇത് മറച്ചുവച്ചുകൊണ്ടാണ് യു.ഡി.എഫ് രാഷ്ട്രീയ ലക്ഷ്യത്തോടെ മുതലക്കണ്ണീരൊഴുക്കാന്‍ തയ്യാറാകുന്നത്.

സി.പി.ഐ (എം) നെ പ്രതിയാക്കി തങ്ങള്‍ ചെന്നുപെട്ട പ്രതിസന്ധിയില്‍നിന്ന് മറികടക്കാനുള്ള പരിശ്രമമാണ് പിന്നീട് മാധ്യമങ്ങളുടെ സഹായത്തോടെ കേരളത്തില്‍ നടന്നത്. പോലീസില്‍നിന്ന് ലഭിക്കുന്ന ആധികാരിക വിവരം എന്ന് അവകാശപ്പെട്ടുകൊണ്ടും സ്വതന്ത്രമായ അന്വേഷണത്തിലൂടെ കണ്ടെത്തിയത് എന്ന നിലയിലും വാര്‍ത്തകള്‍ ചമച്ച് സി.പി.ഐ (എം) നെ പ്രതിക്കൂട്ടിലാക്കാനാണ് ഇവര്‍ ശ്രമിച്ചത്. അതിനിടയില്‍ പരസ്പര ബന്ധമില്ലാത്തതും സ്വയം നിഷേധിക്കുന്നതുമായ നിരവധി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. യാതൊരു തെളിവുമില്ലാതെ തന്നെ കണ്ണൂരിലെ സംഘമാണ് കൊല നടത്തിയത് എന്ന് പ്രചരിപ്പിക്കുന്നതില്‍ തുടക്കത്തിലേ മാധ്യമങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അതിന് ഉപോത്ബലകമായ നിരവധി കഥകള്‍ പ്രചരിപ്പിക്കുന്നതിനും ഇവര്‍ തയ്യാറായി. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഈ കൊല നടത്തിയവര്‍ സഞ്ചരിച്ചു എന്നു പറയുന്ന ഇന്നോവ കാര്‍ ചൊക്ലിക്കടുത്ത് ഉപേക്ഷിച്ച വിവരം ആ പ്രദേശത്തെ സി.പി.ഐ (എം) പ്രവര്‍ത്തകരാണ് പോലീസിന് നല്‍കിയത്. എന്നാല്‍ ഈ കാര്‍ കണ്ടെത്തുന്നതിന് സഹായിച്ചത് സി.പി.ഐ (എം) പ്രവര്‍ത്തകരാണ് എന്ന് പറയുന്നതിന് മാധ്യമങ്ങള്‍ തയ്യാറാവാതിരുന്നത് വളരെ മുന്‍വിധിയോടുകൂടിത്തന്നെ കാര്യങ്ങള്‍ നീക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു.

അതോടൊപ്പം തന്നെ മറ്റൊരു വാര്‍ത്തയും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. കാറിന്റെ ഉടമയായ നവീന്‍ദാസ് സി.പി.ഐ (എം)ന്റെ അനുഭാവിയായിരുന്നു എന്നായിരുന്നു മാധ്യമങ്ങളുടെ കണ്ടെത്തല്‍. അവ ബ്രേക്കിംഗ് ന്യൂസായി ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും പത്രമാധ്യമങ്ങള്‍ പലതും അത് ഏറ്റുപിടിക്കുകയുമാണ് ഉണ്ടായത്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തിന് സി.പി.ഐ (എം) മായി ബന്ധമില്ലെന്നും കോണ്‍ഗ്രസുകാരനാണെന്നും വ്യക്തമാവുകയുണ്ടായി. എന്നാല്‍ തങ്ങള്‍ കൊടുത്ത വാര്‍ത്ത തെറ്റാണെന്ന് പറയുവാനോ പാര്‍ടിയെ കരിവാരിതേക്കാന്‍ നടത്തിയ പരിശ്രമത്തില്‍ ഖേദം പ്രകടിപ്പിക്കുവാനോ ഇത്തരം മാധ്യമങ്ങള്‍ ഒന്നുംതന്നെ തയ്യാറായില്ല.

ടി.പി. ചന്ദ്രശേഖരന്റെ കൊലയാളികളെ പുറത്ത് കൊണ്ടുവരുന്നതിന് രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ‘മാതൃഭൂമി’ മെയ് 6-ാം തീയതി ഒന്നാം പേജില്‍ ബോക്‌സില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. ആ ഫോണ്‍ കോള്‍ ആരുടേത് എന്നായിരുന്നു അതിന്റെ തലവാചകം. എന്നിട്ട് ഇങ്ങനെ വിശദീകരിക്കുകയുണ്ടായി. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലേക്ക് കോള്‍ വന്നിരുന്നു. വള്ളിക്കാട് ലീഗ് ഹൗസിന് സമീപം ഒരു വാഹന അപകടം നടന്നിട്ടുണ്ട്. അവിടേക്ക് എത്തണമെന്നാണ് ഫോണ്‍ സന്ദേശം എന്നാണ് ലഭിച്ച വിവരം. മാത്രമല്ല ഫോണ്‍ കോള്‍ ഉടമയെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായും ഒന്നാം പേജിലെ കോളം ന്യൂസില്‍ ‘മാതൃഭൂമി’ ആധികാരികമായി അഭിപ്രായപ്പെടുകയുണ്ടായി.

എന്നാല്‍ അടുത്ത ദിവസം വ്യക്തമായ വിവരം ലഭിച്ചുവെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ച വാര്‍ത്തയെ ‘മാതൃഭൂമി’ തന്നെ തിരസ്‌കരിക്കുകയായിരുന്നു. പിറ്റേ ദിവസം ‘മാതൃഭൂമി’ ഇങ്ങനെ എഴുതി. ചന്ദ്രശേഖരനെ ഫോണില്‍ വിളിച്ചുവരുത്തി വള്ളിക്കാട് എത്തിച്ചതാണെന്ന സംശയം ശരിയല്ലെന്ന് തെളിഞ്ഞു. ഇദ്ദേഹത്തിന്റെ മൊബൈലിലേക്ക് വന്ന അവസാന കോള്‍ റവല്യൂഷണറി പാര്‍ടി അനുഭാവി ബാബുവിന്റേതാണെന്ന് വ്യക്തമായി എന്നും കട ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം പറയാനാണ് വിളിച്ചതെന്നാണ് ബാബു പോലീസിനോട് പറഞ്ഞതെന്നും ‘മാതൃഭൂമി’ തുടര്‍ന്ന് എഴുതി. ‘മാതൃഭൂമി’ ഇന്‍വെസ്റ്റിഗേഷന്റെ യഥാര്‍ത്ഥ മുഖമാണ് ഈ വാര്‍ത്തയിലൂടെ തുടക്കത്തിലേ തുറന്ന് കാട്ടപ്പെട്ടത്.

‘മാധ്യമം’ ആവട്ടെ മെയ് 6-ാം തീയതി പ്രസിദ്ധീകരിച്ച വാര്‍ത്ത വളയത്ത് ഗൂഢാലോചന നടന്നുവെന്നും രണ്ട് ഏരിയാകമ്മിറ്റികള്‍ക്ക് പങ്ക് എന്നുമായിരുന്നു പറഞ്ഞിരുന്നത്. അതിന് പിന്തുണ നല്‍കുന്നതിനായി സി.പി.ഐ (എം) ന്റെ ഒഞ്ചിയം ഏരിയാസെക്രട്ടറിയും കുടുംബവും വീട്ടില്‍ നിന്നും മാറിയതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് വ്യക്തമാക്കുകയുണ്ടായി. ഒഞ്ചിയം ഏരിയാസെക്രട്ടറി സി.എച്ച്. അശോകന്‍ എന്‍.ജി.ഒ യൂണിയന്‍ സമ്മേളനത്തിലാണ് പോയതെന്ന് വ്യക്തമായതോടെ ഈ കഥയും പൊളിയുകയായിരുന്നു.

വളയത്തെ കല്ല്യാണവീടുമായി ബന്ധപ്പെട്ട് അടച്ചിട്ട മുറിയില്‍ വച്ച് ഗൂഢാലോചന നടന്നു എന്ന വാര്‍ത്ത പ്രചരിപ്പിച്ച ഘട്ടത്തില്‍ നാദാപുരത്തിനടുത്ത് മൂന്നുപേര്‍ പിടിയിലായി എന്ന വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് പത്രമാധ്യമങ്ങളുള്‍പ്പെടെ പ്രസിദ്ധീകരിച്ചത്. എന്നാല്‍, അവരെ പിന്നീട് പോലീസ് വിട്ടയച്ച കാര്യം വാര്‍ത്തയാക്കുന്നതിന് ഇവരാരും മുതിര്‍ന്നതുമില്ല. ഇതിനിടെ വളയത്തുള്ള ചിലരെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വിവരം ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. വളയത്ത് ആ ഘട്ടത്തില്‍ ജോലി ചെയ്തിരുന്ന ആളുകളെയാണ് ഇത്തരത്തിലുള്ള പ്രചാരവേലയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഫ്‌ളാഷ് ന്യൂസായി വന്നത്. തെറ്റായ ഈ വാര്‍ത്തയിലും അതിന്റെ പേരില്‍ അവമതിപ്പ് നേരിടേണ്ടിവന്നവരോട് ക്ഷമാപണം നടത്താന്‍ പോലും ഈ മാധ്യമങ്ങള്‍ തയ്യാറായില്ല എന്നതും പത്രസ്വാതന്ത്ര്യത്തിന്റെ മറ്റൊരു മുഖമാണ് കാണിക്കുന്നത്.

അതിനിടെ, ആര്‍.എസ്.എസുമായി ബന്ധമുള്ള ഒരാള്‍ പിടിയിലായി എന്നുള്ള വാര്‍ത്ത പുറത്തുവരികയുണ്ടായി. ഇങ്ങനെ സംഭവിക്കുന്നു എന്ന് തോന്നിയതോടെ വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ള ആളുകളെ ഉപയോഗപ്പെടുത്തിയാണ് സി.പി.ഐ (എം) കൊല നടത്തിയത് എന്ന വാര്‍ത്തയും പ്രസിദ്ധീകരിക്കുകയുണ്ടായി.

കൊല നടന്ന ഉടനെ വള്ളിക്കാട് നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്തുള്ള ടവറിലേക്ക് ഒരു ഫോണ്‍ കോള്‍ പോയിട്ടുണ്ട് എന്നും അതിനാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് ഗൂഢാലോചന നടന്നത് എന്ന വാര്‍ത്തയും തുടക്കത്തില്‍ തട്ടിവിടുകയുണ്ടായി. പിന്നീട് അതിനെക്കുറിച്ച് കൂടുതല്‍ കേള്‍ക്കുകയുണ്ടായില്ല. മാഹിയിലെ ഒരു ബാറില്‍ വച്ചാണ് പാര്‍ടി നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തുകൊണ്ട് ഗൂഢാലോചന നടന്നത് എന്നും വാര്‍ത്തയുണ്ടായി. ഇത്തരത്തില്‍, ഓരോ ഘട്ടത്തിലും തങ്ങള്‍ക്ക് തോന്നുന്ന വിധം വാര്‍ത്തകള്‍ ചമയ്ക്കുകയും അവ ആധികാരികമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് മാധ്യമങ്ങള്‍ പൊതുവില്‍ ഉപയോഗിച്ചത്. പക്ഷെ, ഒരു കാര്യത്തില്‍ വലിയ വ്യത്യാസമുണ്ടായിരുന്നില്ല. സി.പി.ഐ (എം) നെ പ്രതിസ്ഥാനത്ത് നിര്‍ത്തുക എന്നതില്‍ യാതൊരു തരത്തിലുള്ള വിവേചനവും ഇവരാരും പൊതുവില്‍ കാണിച്ചില്ല.

‘മാധ്യമം’ ദിനപത്രത്തില്‍ മെയ് 10-ാം തീയതി പ്രസിദ്ധീകരിച്ച വാര്‍ത്ത അഴിയൂര്‍ അക്വാ മറൈന്‍ പ്രോജക്ട്, കുടിവെള്ള ബോട്ടിലിംഗ് പദ്ധതി, കയറ്റിറക്കുമതി തുടങ്ങിയ വിവിധ പദ്ധതികള്‍ക്കായി ആരംഭിച്ച വ്യവസായത്തെ ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചെറുത്തുതോല്‍പ്പിച്ചതായും അതിന്റെ പകയാണോ ഈ കൊലപാതകത്തിന് ഇടയാക്കിയത് എന്ന സംശയം ഉന്നയിച്ചിരുന്നു. ഈ പ്രശ്‌നമാണ് യഥാര്‍ത്ഥത്തില്‍ സി.എച്ച്. അശോകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ മുന്നോട്ടുവച്ചിരുന്നത്. അതായത്, ഈ പ്രശ്‌നം നേരത്തെ ഉയര്‍ന്നുവന്നിരുന്നു എന്നര്‍ത്ഥം. അല്ലാതെ, പുതുതായൊന്ന് കെട്ടിയുണ്ടാക്കുകയായിരുന്നില്ല.

കൊലപാതകത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിസ്ഥാനത്ത് സ്ഥാപിച്ചത് റഫീക്കിനെയായിരുന്നു. റഫീക്കിന് നിരവധി വിശേഷണങ്ങള്‍ ഈ ഘട്ടത്തില്‍ ചാര്‍ത്തിക്കൊടുത്തിരുന്നു. സി.പി.ഐ (എം) പ്രതിസ്ഥാനത്ത് വരുന്ന കൊലപാതകങ്ങളില്‍ ഇദ്ദേഹത്തിന് സ്ഥാനമുണ്ടായിരുന്നു എന്നായിരുന്നു പ്രധാനപ്പെട്ട കണ്ടെത്തല്‍. ഇയാളെ സി.പി.ഐ (എം) ന്റെ അനുഭാവി എന്ന നിലയിലായിരുന്നു മാര്‍ച്ച് 7-ാം തീയതി തന്നെ ‘മലയാള മനോരമ’ ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നത്. റഫീക്കിന്റെ വിരലടയാളം ഇന്നോവ കാറില്‍ ഉണ്ടായിരുന്നു എന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, ഇയാള്‍ക്ക് സി.പി.ഐ (എം) ഉം ആയി ബന്ധമില്ലെന്ന് വന്നതോടെ റഫീക്കിന്റെ ക്രൂരതയുടെ മുഖം മാധ്യമങ്ങള്‍ അഴിച്ചുവയ്ക്കുകയായിരുന്നു. വിനോദയാത്രയ്‌ക്കെന്നു പറഞ്ഞ് ഇയാളുടെ കൈയില്‍ നിന്ന് ഇന്നോവ മറ്റുള്ളവര്‍ സംഘടിപ്പിക്കുകയായിരുന്നു എന്ന പ്രചാരവേലയുണ്ടായി. റഫീക്ക് നാടുവിട്ടെന്നും മറ്റും ആധികാരികമായി വാര്‍ത്തയും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ വടകര കോടതിയില്‍ എത്തിച്ചേരുന്നു. കോടതിയില്‍ വെറുതെ നിന്ന ഇയാളെ പോലീസ് തന്നെ കോടതിയില്‍ നിന്ന് പുറത്താക്കുന്ന സംഭവവും അരങ്ങേറി.

പലരുടെയും മൊഴി എന്ന പേരില്‍ പലതും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അവര്‍ നല്‍കിയ മൊഴി അതില്‍നിന്നും ഏറെ വ്യത്യസ്തമാണ് എന്നാണ് അവരെ നേരില്‍ കണ്ടവരോട് പോലീസ് കസ്റ്റഡിയിലുള്ള പലരും പറഞ്ഞത്. ഇത്തരത്തില്‍ വസ്തുതകളെ വളച്ചൊടിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്ന തന്ത്രമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമായിത്തീരുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇവിടെ പയറ്റിയിട്ടുള്ളത്. തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത വാര്‍ത്തകള്‍ തിരസ്‌കരിക്കുക എന്നതും മാധ്യമങ്ങളുടെ രീതിയായിരുന്നു. അതിന്റെ ഉദാഹരണമാണ് ചിലരെ പ്രതിയാക്കണം എന്ന നിര്‍ദ്ദേശത്തെ അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ എതിര്‍ക്കുകയും അതിന്റെ ഫലമായി അന്വേഷണ സംഘത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായി എന്നുമുള്ള വാര്‍ത്ത ഒരു ദൃശ്യമാധ്യമം ആദ്യം പ്രസിദ്ധീകരിക്കുകയും പിന്നീട് ചില ഇടപെടലുകളുടെ ഫലമായി മാറ്റുകയും ചെയ്തത്.

ഇങ്ങനെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ എല്ലാം വിശദീകരിച്ച് വിസ്താരഭയത്താല്‍ നീട്ടുന്നില്ല. ഈ വാര്‍ത്തകളെല്ലാം സത്യസന്ധമായി പരിശോധിക്കുമ്പോള്‍ ആധികാരികം എന്നു പറഞ്ഞുകൊണ്ട് നടത്തിയിട്ടുള്ള കണ്ടെത്തലുകള്‍ എത്രയേറെ അസംബന്ധമായിരുന്നു എന്ന് വ്യക്തമാണ്. ഓരോ ദിവസവും സി.പി.ഐ (എം) നെ പ്രതിക്കൂട്ടിലാക്കാന്‍ വേണ്ടി കഥകള്‍ ചമയ്ക്കുകയും പിറ്റേദിവസം ആധികാരികമായിത്തന്നെ അത് തിരുത്തി വീണ്ടും സി.പി.ഐ (എം) നെതിരെ പുതിയ കഥകളുമായി രംഗത്തിറങ്ങുകയുമായിരുന്നു ഇവര്‍ ചെയ്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ റിപ്പോര്‍ട്ടിംഗ് മാധ്യമരംഗത്തെക്കുറിച്ച് പ� ിക്കുന്നവര്‍ക്ക് കേരളത്തിലെ മാധ്യമങ്ങളുടെ സ്വഭാവം മനസ്സിലാക്കുന്നതിന് ഏറെ സഹായകമാകും.

ഭാഗം 2
അധികാരത്തിന്റെ തണലില്‍ സി.പി.ഐ (എം) നെതിരെ

ചന്ദ്രശേഖരന്റെ വധം നടന്ന ഉടനെ തന്നെ സി.പി.ഐ (എം) നെ പ്രതിയാക്കി പ്രഖ്യാപിച്ച യു.ഡി.എഫ് നേതൃത്വം തുടര്‍ന്ന് അധികാരത്തിന്റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി ഈ കേസ് സി.പി.ഐ (എം) നെതിരെ തിരിച്ചുവിടുന്നതിനാണ് പരിശ്രമിച്ചത്. കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഇന്‍ക്വസ്റ്റ് നടക്കുന്ന സ്ഥലത്ത് ആഭ്യന്തര മന്ത്രി സന്ദര്‍ശിക്കുക എന്നുള്ളത്. അത്തരം സംഭവത്തിനും കേരളം സാക്ഷ്യം വഹിക്കുകയുണ്ടായി.

പോലീസ് ഉദ്യോഗസ്ഥന്മാരുടെ യോഗങ്ങളില്‍ ആഭ്യന്തരമന്ത്രി പങ്കെടുക്കുക സാധാരണമാണ്. അതില്‍ അതിശയോക്തികരമായി ഒന്നുമില്ല. എന്നാല്‍, പോലീസ് ഉദ്യോഗസ്ഥന്മാരുമായുള്ള കൂടിയാലോചനയില്‍ കെ.പി.സി.സി പ്രസിഡന്റ് പങ്കെടുത്ത് അന്വേഷണങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുക എന്നത് സാധാരണ ഒരിടത്തും സംഭവിക്കുന്നതല്ല. എന്നാല്‍, ഇവിടെ അത്തരത്തിലുള്ള സംഭവത്തിനും സാക്ഷ്യം വഹിക്കുകയുണ്ടായി.

പോലീസിന്റെ അന്വേഷണങ്ങളുടെയും മറ്റ് ദൈനംദിന കാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഡി.ജി.പി. ടി.പി. ചന്ദ്രശേഖരന്റെ വധം അന്വേഷിക്കുന്ന സംഘാംഗങ്ങളുമായി സംസാരിച്ചശേഷം ഈ കൊല സ്വകാര്യ ലാഭത്തിനുവേണ്ടി ഉണ്ടായതായിരുന്നു എന്നാണ് ഡി.ജി.പി നടത്തിയ വെളിപ്പെടുത്തല്‍. എന്നാല്‍, ഡി.ജി.പി ഈ വെളിപ്പെടുത്തല്‍ നടത്തിയ ഉടനെ തന്നെ ഇതിനെ നിഷേധിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി തന്നെ രംഗപ്രവേശനം ചെയ്യുകയും ഇത് രാഷ്ട്രീയ കൊലപാതകമാണ് എന്ന് സ്ഥാപിക്കുകയും ചെയ്തു. പോലീസിന്റെ സ്വതന്ത്രമായ അന്വേഷണത്തെയും പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുന്നതിനാണ് ഇവര്‍ ഇടപെടുന്നത് എന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട തെളിവായിരുന്നു ഇത്. ഡി.ജി.പിയുടെ പ്രസ്താവനകളെപ്പോലും നിഷേധിച്ചുകൊണ്ടുള്ള ആഭ്യന്തരമന്ത്രിയുടെ ഇടപെടല്‍ ഭരണതലത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണ്.

ക്രമസമാധാനം എന്നത് സാധാരണ നിലയില്‍ സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ പെടുന്ന ഒന്നാണ്. എന്നാല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ കേസുമായി ബന്ധപ്പെട്ടുകൊണ്ട് നടത്തിയ ഇടപെടലുകള്‍ എല്ലാ സീമകളെയും ലംഘിക്കുന്ന വിധത്തിലുള്ളതായിരുന്നു. വടകരയില്‍ നടന്ന സത്യാഗ്രഹത്തില്‍ അന്വേഷണം തങ്ങള്‍ ഉദ്ദേശിക്കുന്ന തലത്തില്‍ നീങ്ങിയില്ലെങ്കില്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷണം നടത്തിക്കും എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇത് യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റവും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതുമായിരുന്നു. മാത്രമല്ല, മറ്റൊരു കാര്യവും മുല്ലപ്പള്ളി പറയുകയുണ്ടായി. ചില പരല്‍മീനുകള്‍ മാത്രമേ കുടുങ്ങിയിട്ടുള്ളൂ എന്നും വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ട് എന്നുമായിരുന്നു അത്. മുല്ലപ്പള്ളിയുടെ ഈ പ്രസംഗത്തിനുശേഷമാണ് കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്തത്. ഗൂഢാലോചനാ വകുപ്പിനുള്ള സവിശേഷത ആരെയും അതില്‍ പ്രതിയാക്കിക്കൊണ്ടുവരാം എന്നുള്ളതാണ്. തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത് എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ് ഇത്.
കോണ്‍ഗ്രസ്സിന്റെ ചില നേതാക്കള്‍ ഈ ഘട്ടത്തില്‍ ഇടപെട്ടുകൊണ്ട് ആരൊക്കെ കേസില്‍ പ്രതിയാകണം എന്ന കാര്യം പരസ്യമായിത്തന്നെ പ്രഖ്യാപിക്കുകയുണ്ടായി. സി.പി.ഐ (എം) ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ഇദ്ദേഹം പ്രതിയാണ് എന്ന കാര്യം പ്രഖ്യാപിച്ചത് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയായിരുന്നു. പ്രതികളെ നിശ്ചയിക്കുന്നതിനുള്ള തിരക്കഥ രാഷ്ട്രീയമായി തയ്യാറാക്കപ്പെടുകയും അതിനനുസരിച്ച് ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത് എന്നതിന്റെ മറ്റൊരു സൂചനയാണ് ഈ സംഭവം.

യു.ഡി.എഫിന്റെ ചില നേതാക്കള്‍ തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കേണ്ടതുണ്ട് എന്ന അര്‍ത്ഥത്തില്‍ പുലബന്ധം പോലുമില്ലാത്ത ചില വാദഗതികള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. വളരെ വാര്‍ത്താ പ്രാധാന്യത്തോടുകൂടി മാധ്യമങ്ങള്‍ അവതരിപ്പിച്ച അത്തരത്തിലുള്ള ഒരു കഥയായിരുന്നു സി.എച്ച്. അശോകന്‍ എന്‍.ജി.ഒ യൂണിയന്റെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല എന്ന കാര്യം. മറ്റൊരാളുടെ പ്രഖ്യാപനം ടി.പി. രാമകൃഷ്ണന്‍ ചൈനയിലേ പോയിട്ടില്ല എന്നായിരുന്നു. ഇന്‍വെസ്റ്റിഗേഷന്റെ തലത്തില്‍ നിന്നുകൊണ്ടുള്ള ഇത്തരം പ്രചരണങ്ങളും ഈ ഘട്ടത്തില്‍ യു.ഡി.എഫ് നേതാക്കള്‍ തന്നെ നടത്തുകയുണ്ടായി.

ഈ കേസില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണം എന്ന ആത്മാര്‍ത്ഥമായ നിലപാടാണ് സി.പി.ഐ (എം) സ്വീകരിച്ചത്. അത്തരത്തിലുള്ള അന്വേഷണത്തിന് എല്ലാവിധ പിന്തുണയും പാര്‍ടി വാഗ്ദാനം ചെയ്തിരുന്നു. സത്യം പുറത്തുവരുമ്പോള്‍ കാര്യങ്ങളെല്ലാം വ്യക്തമായിക്കൊള്ളും എന്ന നിലപാടാണ് പാര്‍ടി സ്വീകരിച്ചത്. അതുകൊണ്ടുതന്നെ അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ യു.ഡി.എഫും മറ്റും രാഷ്ട്രീയ ഉദ്ദേശത്തോടെ ഉയര്‍ത്തിയ പ്രചരണത്തിന്റെ ഭാഗമായി പാര്‍ടിയുമായി ബന്ധമുള്ള ചിലരെ കസ്റ്റഡിയിലെടുത്തപ്പോഴും ഒരു അഭിപ്രായവ്യത്യാസം പോലും പാര്‍ടി രേഖപ്പെടുത്തിയില്ല. ഹാജരാകാന്‍ ആവശ്യപ്പെട്ടവരോടെല്ലാം ഹാജരാവുക എന്ന നിലപാടാണ് പാര്‍ടി സ്വീകരിച്ചത്.
 എന്നാല്‍, അന്വേഷണങ്ങള്‍ വഴി തെറ്റിക്കുന്നതിനും തിരക്കഥകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കുന്നതിനുമാണ് പോലീസ് പരിശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്ന സംഭവങ്ങള്‍ ഉണ്ടായതോടെയാണ് അന്വേഷണത്തെക്കുറിച്ചുള്ള സംശയങ്ങളിലേക്ക് പാര്‍ടി വിരല്‍ ചൂണ്ടിയത്. അതിലെ പ്രധാനപ്പെട്ട സംഭവമായിരുന്നു കൂത്തുപറമ്പ് ഏരിയാകമ്മിറ്റി ഓഫീസ് സെക്രട്ടറി ബാബുവിനെ കസ്റ്റഡിയിലെടുത്ത നടപടികളുമായി ബന്ധപ്പെട്ടത്. ബാബുവിനെ വിളിച്ചുകൊണ്ടു പോയതു തന്നെ സംശയാസ്പദമായ രീതിയിലായിരുന്നു. മറ്റൊരു കേസിനെക്കുറിച്ച് സംസാരിക്കാനുണ്ട് എന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞ പ്രകാരമാണ് ഓഫീസ് സെക്രട്ടറി കൂടിയായ ബാബു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലേക്ക് പോകുന്നത്. എന്നാല്‍, തുടര്‍ന്ന് അദ്ദേഹത്തെ വടകര ഡി.വൈ.എസ്.പി ഓഫീസിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്. തെറ്റായ വിവരങ്ങള്‍ നല്‍കി കസ്റ്റഡിയിലെടുത്തിട്ടും ഒരു എതിര്‍പ്പിനും പാര്‍ടി മുതിര്‍ന്നില്ല. അദ്ദേഹത്തെ അന്വേഷിച്ചു ചെന്ന സഖാക്കളോട് ചോദ്യം ചെയ്തശേഷം വിടും എന്ന മറുപടിയാണ് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു തരത്തിലുള്ള ഇടപെടലിനും പാര്‍ടി മുതിര്‍ന്നതുമില്ല. എന്നാല്‍, എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി നേരത്തെ നല്‍കിയ ഉറപ്പില്‍ നിന്ന് വ്യത്യസ്തമായി നിയമപരമായി കസ്റ്റഡിയില്‍ വയ്ക്കുന്നതിനുള്ള സമയമായ 24 മണിക്കൂറിനുശേഷവും ബാബുവിനെ കസ്റ്റഡിയില്‍ വച്ചപ്പോഴാണ് എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ഓഫീസിനു മുന്നില്‍ ജനാധിപത്യപരമായ സമരം നടത്തിയത്. അന്വേഷണം നിയമപരമായി പൗരന് ലഭിക്കേണ്ട അവകാശങ്ങളെ തടസ്സപ്പെടുത്തുന്നതും സുതാര്യമായ രീതികള്‍ക്ക് വിരുദ്ധമാവുകയും ചെയ്യുന്നു എന്ന സംശയം ഈ ഘട്ടത്തിലാണ് ശക്തമായി ഉയര്‍ന്നുവന്നത്.

പോലീസ് കസ്റ്റഡിയില്‍ എന്തു നടക്കുന്നു എന്ന കാര്യം പോലും പാര്‍ടി അന്വേഷിച്ചിരുന്നില്ല. കാരണം, അന്വേഷണം അന്വേഷണത്തിന്റെ വഴിക്ക് നടക്കട്ടെ എന്ന ശക്തമായ നിലപാടായിരുന്നു പാര്‍ടിക്കുണ്ടായിരുന്നത്. എന്നാല്‍, കസ്റ്റഡിലുണ്ടായ അനുഭവത്തെക്കുറിച്ച് ബാബു നടത്തിയ വെളിപ്പെടുത്തലുകളാണ് അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള നിജസ്ഥിതി മനസ്സിലാക്കാന്‍ സഹായിച്ചത്. ബാബുവിനെ ഭീകരമായി പീഡിപ്പിക്കുകയുണ്ടായി. മൂന്നുതവണയാണ് ഈ ചെറുപ്പക്കാരന്‍ ചോദ്യം ചെയ്യലിനിടയില്‍ അബോധാവസ്ഥയിലെത്തിയത് എന്നതും പോലീസിന്റെ പെരുമാറ്റത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുന്നതുമാണ്. പാര്‍ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പനോളി വത്സലനെ ഈ സംഭവവുമായി ബന്ധമുണ്ട് എന്ന മൊഴി നല്‍കണം എന്നതായിരുന്നു പോലീസിന്റെ ആവശ്യം. ആ കള്ളമൊഴി നല്‍കുന്നതിന് തയ്യാറില്ലെന്ന നിലപാട് ബാബു എടുത്തതായിരുന്നു പീഡനത്തിന്റെ അടിസ്ഥാനമെന്ന് ബോധ്യപ്പെടുന്ന നിലയുണ്ടായി. അവശനായ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയും സംജാതമായി.

പോലീസ് കസ്റ്റഡിയില്‍ നടക്കുന്ന കാര്യങ്ങള്‍ ഇത്തരത്തില്‍ ഭീകരമാണ് എന്ന് മനസ്സിലായതോടെ കസ്റ്റഡിയിലായ പാര്‍ടിയുമായി ബന്ധമുള്ള സഖാക്കളെ കാണേണ്ടത് അത്യാവശ്യമാണ് എന്ന് ഈ സംഭവം ബോധ്യപ്പെടുത്തി. എന്നാല്‍, കസ്റ്റഡിയിലുള്ളവരെ കാണാന്‍ പോലീസ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയശേഷമാണ് പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എം.എല്‍.എയുമായ എളമരം കരീമും മറ്റൊരു പാര്‍ടി എം.എല്‍.എയായ കെ.കെ. ലതികയും പടയങ്കണ്ടി രവീന്ദ്രനെ സന്ദര്‍ശിച്ചത്. പടയങ്കണ്ടി രവീന്ദ്രന്‍ നല്‍കിയ മൊഴികളെന്ന പേരില്‍ പത്രത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ രവീന്ദ്രന്‍ വിശദീകരിച്ചു. പത്രത്തില്‍ കാണുന്ന തരത്തിലുള്ള മൊഴി നല്‍കിയിട്ടില്ലെന്നും കടുത്ത പീഡനമാണ് ഉണ്ടായത് എന്നും രവീന്ദ്രനും വിശദീകരിച്ചു. അവിടെ അരങ്ങേറിയ മൂന്നാംമുറകളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇതിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ന്യായമായും ഈ കാര്യം കോടതിയില്‍ എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ഈ സഖാക്കള്‍ ചോദിക്കുകയും ചെയ്തു. കൊടിയ പീഡനം വീണ്ടും ഏല്‍ക്കേണ്ടിവരും എന്നതുകൊണ്ടാണ് ഈ കാര്യം പറയാതിരുന്നത് എന്ന് രവീന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തു.

ഇതോടൊപ്പംതന്നെ, മറ്റു ചില കാര്യങ്ങള്‍ കൂടി രവീന്ദ്രനെ സന്ദര്‍ശിച്ച സഖാക്കള്‍ക്ക് മനസ്സിലാക്കാനായി. അന്വേഷണ ഉദ്യോഗസ്ഥന്മാരില്‍ ചിലര്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് നടത്തുന്ന ചില പരിശ്രമങ്ങള്‍ പുറത്തുകൊണ്ടുവരാനും ഈ സന്ദര്‍ശനം ഇടയാക്കി. പോലീസ് ഉദ്യോഗസ്ഥരില്‍ ചിലരാണ് പല വാര്‍ത്തകളും പത്രമാധ്യമങ്ങള്‍ക്ക് നല്‍കുന്നത് എന്നും ഇവരുമായുള്ള സംഭാഷണത്തില്‍നിന്ന് വ്യക്തമാവുകയും ചെയ്തു.

പത്രമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ് കാര്യങ്ങള്‍ എന്ന് പാര്‍ടിക്ക് ബോധ്യപ്പെടുന്ന നില ഇതുണ്ടാക്കി. പത്രമാധ്യമങ്ങളില്‍നിന്നും പുറത്തുവരുന്ന കാര്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ് സംഭവങ്ങള്‍ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എളമരം കരീമിനുണ്ടായിരുന്നു. ഇക്കാര്യമാണ് എസ്.പി ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ കരീം വിശദീകരിച്ചത്. ഇതിന്റെ പേരിലാണ് കരീമിനെതിരെ തുടര്‍ച്ചയായി കേസുകള്‍ ചുമത്തുന്നതിന് പോലീസ് തയ്യാറായത്. തെറ്റായ വാര്‍ത്തകള്‍ മുന്നോട്ടുവച്ചുകൊണ്ട് മാധ്യമങ്ങള്‍ക്ക് എന്തും പറയാം. എന്നാല്‍, യഥാര്‍ത്ഥ വസ്തുത ജനങ്ങളെ അറിയിക്കുന്നതിന് പാര്‍ടി സഖാക്കള്‍ക്ക് പാടില്ല എന്ന നീതി ഏത് അര്‍ത്ഥത്തിലുള്ളതാണ് എന്ന് മനസ്സിലാവുന്നില്ല. സംഘടിക്കുവാനും സമരം ചെയ്യുന്നതിനും ജനാധിപത്യപരമായി അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, അത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ബാധകമല്ല എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നതിന്റെ സൂചനയാണ് ഇത്.

ഇങ്ങനെ അന്വേഷണം തെറ്റായ നിലയിലേക്ക് നീങ്ങുന്നു എന്ന് പൂര്‍ണ്ണമായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ടി ഈ നടപടിക്കെതിരായി ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നുള്ള കാര്യം പറഞ്ഞത്. അല്ലാതെ, അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള യാതൊരു നടപടിയും പാര്‍ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഒഞ്ചിയം ഏരിയാകമ്മിറ്റി സെക്രട്ടറി സി.എച്ച്. അശോകനെ പോലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. അശോകനെ കാണണമെന്ന് ഡി.വൈ.എസ്.പി പറയുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒന്നും ഭയപ്പെടാനില്ലാത്ത അശോകന്‍ ചെല്ലുകയുമാണ് ചെയ്തത്. അതായത് ഈ ഘട്ടത്തില്‍ പോലും അന്വേഷണ സംഘവുമായി സഹകരിക്കുകയാണ് പാര്‍ടി ചെയ്തത്. എന്നാല്‍, ആ സഹകരണത്തെ ദൗര്‍ബല്യമായി കണ്ടുകൊണ്ട് പാര്‍ടിയെ തകര്‍ക്കാനാകുമോ എന്ന ശ്രമമാണ് പോലീസിനെ ഉപയോഗിച്ച് യു.ഡി.എഫ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുക മാത്രമാണ് സി.പി.ഐ (എം) ചെയ്തിട്ടുള്ളത്.

അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിച്ചുപോയ സി.പി.ഐ (എ) നു നേരെ തിരക്കഥകളുണ്ടാക്കി അതിനനുസരിച്ച് അന്വേഷണം നീങ്ങുന്നു എന്ന ഘട്ടം വന്നപ്പോഴാണ് ആ തെറ്റായ നടപടികളെ തുറന്നുകാട്ടാന്‍ പാര്‍ടി തയ്യാറായത്. അതായത്, അന്വേഷണത്തെ സ്വതന്ത്രമായി വിടുന്നതിനു പകരം രാഷ്ട്രീയ താല്‍പ്പര്യത്തോടുകൂടിയുള്ള ഇടപെടലിലേക്കും പൗരാവകാശ ധ്വംസനത്തിലേക്കും കടന്നുവന്നതോടെ അത് തുറന്നുകാട്ടുക മാത്രമാണ് പാര്‍ടി ചെയ്തിട്ടുള്ളത്. ഈ യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ടുള്ള പ്രചരണമാണ് ഇപ്പോള്‍ പല മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ശരിയായ അന്വേഷണവുമായി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സഹകരിക്കാന്‍ പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, ആ നിലപാടെടുത്ത സി.പി.ഐ (എം) നെ ഒറ്റപ്പെടുത്തി തകര്‍ക്കാനാണ് അധികാരം ഉപയോഗിച്ച് യു.ഡി.എഫ് ശ്രമിച്ചിട്ടുള്ളത് എന്നതാണ് വസ്തുത. ആ ശ്രമത്തെയാണ് പാര്‍ടി എതിര്‍ത്തിട്ടുള്ളത്.

 ഭാഗം 3
 ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള  പോരാട്ടം തുടരും

എല്ലാ വിഭാഗം ജനങ്ങളുടെയും ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. അതിന് പ്രധാനമായിട്ടുള്ളതാണ് ഭരണകൂടത്തിന്റെ എല്ലാവിധ ഭീകരതകളില്‍നിന്നും ജനങ്ങളെ സംരക്ഷിക്കുക എന്നത്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരു പോലീസ് ആക്ടിന് രൂപം നല്‍കിയത്. ആ പോലീസ് ആക്ടിലെ പ്രധാനപ്പെട്ട ഒരു വകുപ്പ് ഒരു തരത്തിലുള്ള പീഡനവും കസ്റ്റഡിയിലെടുക്കുന്നവര്‍ക്കു നേരെ ഉണ്ടാകരുത് എന്നാണ്. എന്നാല്‍, അതിനെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് മൂന്നാംമുറ അരങ്ങേറുന്നു എന്നതാണ് ഈ അന്വേഷവുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യം. പൗരാവകാശം സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനം എന്ന നിലയില്‍ ഈ കാര്യമാണ് പാര്‍ടി ഇപ്പോള്‍ ഉന്നയിക്കുന്നത്.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നല്‍കുന്ന മൊഴികള്‍ ഒരു കാരണവശാലും പുറത്തുവിടരുത് എന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിലെയും ജുഡീഷ്യറിലെയും പ്രധാനപ്പെട്ട കാഴ്ചപ്പാടാണ്. കേസിന്റെ അന്വേഷണ മധ്യേ കേസ് ഡയറിയിലെ വിവരങ്ങള്‍ പുറത്തുവന്നാലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കേരള ഹൈക്കോടതിയും സുപ്രീംകോടതിയും വിവിധ വിധികളില്‍ പ്രതിപാദിച്ചിട്ടുമുണ്ട്. മുരുകേശന്‍ ഢ െസ്റ്റേറ്റ് ഓഫ് കേരള എന്ന കേസില്‍ കേരള ഹൈക്കോടതി പറഞ്ഞിട്ടുള്ളത് ഒരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം പ്രഥമ വിവര റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിക്ക് അയച്ചുകഴിഞ്ഞാല്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും അന്വേഷണത്തിന്റെ പുരോഗതിയോ മറ്റു കാര്യങ്ങളോ പുറത്തുവിടാന്‍ അധികാരമില്ല എന്നാണ്. അന്വേഷണ വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ ആ ഉദ്യോഗസ്ഥന്റെ പേരില്‍ നടപടിയെടുക്കാന്‍ തക്കവണ്ണം സ്വഭാവദൂഷ്യമാണ് നടത്തിയത് എന്നും കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണമധ്യേ പോലീസുദ്യോഗസ്ഥര്‍ സമാഹരിക്കുന്ന തെളിവുകള്‍ ഒന്നുകില്‍ കോടതികള്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്തതാവാം അല്ലെങ്കില്‍ മൂന്നാംമുറ ഉപയോഗിച്ച് നേടിയെടുത്ത തെളിവുകളുമാകാം. ഇത്തരം തെളിവുകള്‍ വിചാരണ നടക്കുമ്പോള്‍ നിലനില്‍ക്കില്ല എന്നും വിധിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നാല്‍ അത് സാമൂഹ്യ നന്മയ്ക്കുവേണ്ടിയായിരിക്കില്ല എന്നും ഇതില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മേലില്‍ ഇത്തരം നിയമലംഘനം നടത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും നിയമലംഘനത്തിനുള്ള നടപടികള്‍ക്ക് വിധേയമാകേണ്ടിവരുമെന്നും പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

ജസീക്കാലാല്‍ വധക്കേസില്‍ സുപ്രീംകോടതി ഒരു പ്രതിയുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം മീഡിയ ട്രയല്‍ നടപടിയിലൂടെ നശിപ്പിക്കുന്നതിനെതിരെ വിശദമായി പറഞ്ഞിട്ടുണ്ട്. ഇത്തരം മാധ്യമ വിചാരണകള്‍ പ്രതിയുടെ മൗലികാവകാശമായ ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും കോടതി പറഞ്ഞിട്ടുണ്ട്. കേസ് അന്വേഷണം നടത്തുന്നതിനിടെ ഇത്തരം മീഡിയാ ട്രയലുകള്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യവും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണന്‍ ഢ െസ്റ്റേറ്റ് ഓഫ് കേരള എന്ന കേസിലും ഇതിനു സമാനമായ വിധി ഉണ്ടായിട്ടുണ്ട്.

ടി.പി. ചന്ദ്രശേഖരന്റെ ദാരുണമായ വധവുമായി ബന്ധപ്പെട്ട് മൊഴികളെന്ന പേരിലും മറ്റും മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ മേല്‍പ്പറഞ്ഞ വിധത്തിലുള്ളതാണ് എന്ന് ആര്‍ക്കും മനസ്സിലാകുന്നതാണ്. ഈ ഘട്ടത്തിലാണ് കേസിന്റെ സുഗമമായ മുന്നോട്ടുപോക്കിനും ജനങ്ങളുടെ പൗരാവകാശത്തിന്റെ പ്രശ്‌നവും ഉന്നയിച്ചുകൊണ്ട് പാര്‍ടി കോഴിക്കോട് ജില്ലാകമ്മിറ്റി ഒരു റിട്ട് ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളത്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണ് എന്നാണ് ചിലര്‍ വ്യാഖ്യാനിച്ചിട്ടുള്ളത്. അങ്ങനെയെങ്കില്‍ കോടതിയുടെ മേല്‍ സൂചിപ്പിച്ച വിധികളാണ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിര് എന്ന് പറഞ്ഞ് രംഗത്തിറങ്ങുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. അന്നൊന്നും ആ പ്രശ്‌നം ഉന്നയിക്കാത്തവര്‍ നിയമപരമായ ഈ കാര്യം സി.പി.ഐ (എം) ഉന്നയിക്കുമ്പോള്‍ പ്രതിഷേധവുമായി വരുന്നത് നിയമത്തോടോ മാധ്യമ സ്വാതന്ത്ര്യത്തോടോ ഉള്ള ബഹുമാനമല്ല മറിച്ച്, പാര്‍ടിയെ ഏതൊക്കെ രീതിയില്‍ തകര്‍ക്കാനാകുമോ എന്ന ഇടപെടലിന്റെ ഭാഗമാണ് എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. മാധ്യമങ്ങള്‍ക്ക് അവരുടേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും അന്വേഷിക്കുന്നതിനും അവകാശമുണ്ട്. പക്ഷെ, അത് കേസ് ഡയറിയിലുള്ള കാര്യങ്ങളെ വളച്ചൊടിച്ചുകൊണ്ടും മൂന്നാംമുറ പ്രയോഗത്തിന്റെ അടിസ്ഥാനത്തിലുള്ള മൊഴികളെ വ്യാഖ്യാനിച്ചുകൊണ്ടുമാവരുത്.
 കോടതി മുന്നോട്ടുവച്ച ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ചു എന്നതിന്റെ പേരിലാണ് എളമരം കരീമിനെതിരെ കേസ് എടുക്കുന്നതിന് പോലീസ് തയ്യാറായത്. നിയമത്തിന്റെ വശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പോലീസ് ഭീകരതയില്‍നിന്ന് പൗരന്മാര്‍ക്ക് സംരക്ഷണമുണ്ടാവണം എന്ന് വാദിച്ചത് ഏതു തരത്തിലാണ് നിയമവിരുദ്ധമാകുന്നത് എന്ന് ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ജനകീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഇടപെടുക എന്ന ഒരു പൊതുപ്രവര്‍ത്തകന്റെയും നിയമസഭാ സാമാജികന്റെയും ഉത്തരവാദിത്വമാണ് ഇവിടെ കരീം നിര്‍വ്വഹിച്ചത്. ഇത് തിരിച്ചറിയാന്‍ ജനാധിപത്യ സമൂഹത്തിന് കഴിയേണ്ടതുണ്ട്.

ചന്ദ്രശേഖരന്റെ ദാരുണമായ വധത്തെത്തുടര്‍ന്ന് അതിഭീകരമായ ആക്രമണമാണ് ഒഞ്ചിയത്ത് ആര്‍.എം.പിയുടെ നേതൃത്വത്തില്‍ പോലീസ് സഹായത്തോടെ നടന്നിട്ടുള്ളത്. എഴുപത്തെട്ടോളം വീടുകളാണ് തകര്‍ക്കപ്പെട്ടത്. കൂടുതല്‍ വിപ്ലവകാരികള്‍ എന്ന് അഭിമാനിക്കുന്നവര്‍ മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും ഉള്‍പ്പെടെയുള്ള മാര്‍ക്‌സിസ്റ്റ് ആചാര്യന്മാരുടെ ഫോട്ടോകള്‍ തകര്‍ത്തുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. പോലീസ് മര്‍ദ്ദനത്തില്‍ പതറാതെ ജയിലറയില്‍ സ്വന്തം കൈകള്‍ ചോരയില്‍ മുക്കി അരിവാള്‍ ചുറ്റിക വരച്ച മണ്ടോടി കണ്ണന്റെ സ്മാരകം പോലും തകര്‍ക്കപ്പെട്ടു. 1948-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ട കാലത്ത് ചെറുപയര്‍ പട്ടാളവും പോലീസും ചേര്‍ന്നാണ് നിരവധി വായനശാലകള്‍ തകര്‍ത്തത്. അതിനെ അനുസ്മരിക്കുന്ന വിധത്തിലാണ് നിരവധി വായനശാലകളും ഗ്രന്ഥാലയങ്ങളും ആര്‍.എം.പിക്കാരുടെ നേതൃത്വത്തില്‍ പോലീസ് സഹായത്തോടെ തകര്‍ക്കപ്പെട്ടിട്ടുള്ളത്. സ്വന്തം വീട്ടില്‍ പോലും കിടന്നുറങ്ങാന്‍ സി.പി.ഐ (എം)കാര്‍ ആയിപ്പോയി എന്നതിന്റെ പേരില്‍ കഴിയാത്ത അവസ്ഥയാണ് ഒഞ്ചിയത്ത് ഉണ്ടായിട്ടുള്ളത്. ഒരു കാരണവശാലും സി.പി.ഐ (എം) ന്റെ ഇടപെടല്‍ കാരണം ഒരു സംഘര്‍ഷവും ഉണ്ടാകരുത് എന്ന നിലപാടാണ് പാര്‍ടി സ്വീകരിച്ചത്. അതുകൊണ്ടാണ് വലിയ കലാപത്തിലേക്ക് ആ പ്രദേശം നീങ്ങാതിരുന്നത് എന്ന് അക്രമത്തിന്റെ ഉത്തരവാദിത്വങ്ങള്‍ സി.പി.ഐ (എം) ന്റെ തലയില്‍ കെട്ടിവയ്ക്കുന്നവര്‍ ആലോചിക്കേണ്ടതുണ്ട്. വീടുകള്‍ തകര്‍ക്കുകയും ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തവര്‍ക്കു നേരെ ശരിയായ വകുപ്പുകള്‍ ചേര്‍ത്ത് ഒരു കേസ് എടുക്കാന്‍ പോലും പോലീസ് മുതിര്‍ന്നിട്ടില്ല. ഈ നയത്തിനെതിരെ പ്രക്ഷോഭം ഉയര്‍ന്നുവന്നപ്പോഴാണ് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് ചില കേസുകള്‍ എടുത്തിട്ടുള്ളത് എന്നതും നാം ഓര്‍മ്മിക്കേണ്ടതുണ്ട്.

ഒഞ്ചിയത്ത് ആര്‍.എം.പി രൂപീകരിക്കപ്പെട്ടത് വലിയ നയപ്രശ്‌നം ഉയര്‍ത്തിക്കൊണ്ടാണ് എന്നാണ് ഇപ്പോഴത്തെ വ്യാഖ്യാനം. എന്നാല്‍, ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ഏറാമല പഞ്ചായത്തില്‍ മുന്നണി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് രണ്ടരവര്‍ഷത്തിനുശേഷം നല്‍കിയതാണ് ഈ വിഭാഗം പാര്‍ടി വിട്ടുപോകാന്‍ ഇടയായിട്ടുള്ളത്. അല്ലാതെ, നയപരമായ എന്തെങ്കിലും ഭിന്നതയുടെ അടിസ്ഥാനത്തിലായിരുന്നില്ല. തെറ്റിദ്ധാരണയുടെ പേരില്‍ പാര്‍ടി വിട്ടുപോയവരായിരുന്നു ബഹുഭൂരിപക്ഷം പേരും. അവരെ പാര്‍ടിയിലേക്ക് തെറ്റുതിരുത്തിച്ച് തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു പാര്‍ടി നടത്തിയത്. അതിന് രണ്ടു തരത്തിലുള്ള സമീപനം മുന്നോട്ടുവയ്ക്കപ്പെട്ടു. ഒരു ഭാഗത്ത് ഇവരുടെ രാഷ്ട്രീയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ വലതുപക്ഷ ശക്തികള്‍ക്ക് സഹായകമാണ് എന്ന രാഷ്ട്രീയ നിലപാട് പാര്‍ടി വിശദീകരിച്ചു. അതോടൊപ്പംതന്നെ, അവരെ പാര്‍ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുവേണ്ടി വിവിധ തലത്തിലുള്ള സഖാക്കളെ ഉപയോഗപ്പെടുത്തി ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ച നടത്തി പാര്‍ടിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള ഇടപെടലും നടത്തി. ഈ ചര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലെല്ലാം വലിയ പുരോഗതിയാണ് ഉണ്ടായിരുന്നത്. ഈ ദൗത്യം പൂര്‍ണ്ണമായും വിജയിക്കും എന്ന ഘട്ടം വരെ എത്തിയിരുന്നു. എന്നാല്‍, അവസാന ഘട്ടത്തില്‍ എന്തോ കാരണത്താല്‍ ഇവര്‍ പിന്മാറുകയാണ് ഉണ്ടായത്. എങ്കിലും നിരവധി സഖാക്കളെ തെറ്റു തിരുത്തി പാര്‍ടിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് വസ്തുതയാണ്. അത്തരം പരിശ്രമങ്ങള്‍ ഇനിയും തുടരുകതന്നെ ചെയ്യും.

ഇത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആരെയാണ് തുണയ്ക്കുന്നത് എന്ന് ഓര്‍ക്കേണ്ടതുണ്ട്. വടകര പാര്‍ലമെന്റ് മണ്ഡലം അടുത്തകാലത്ത് ഇടതുപക്ഷത്തിന്റെ ഒരു ശക്തികേന്ദ്രമായി അറിയപ്പെടുന്ന പ്രദേശമാണ്. എന്നാല്‍, കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ആ സീറ്റില്‍ വിജയിക്കാനായി. മറ്റു നിരവധി കാരണങ്ങള്‍ക്കൊപ്പം ആര്‍.എം.പിയുടെ രൂപീകരണവും അതിന് സഹായകമായി എന്നതാണ് വസ്തുത. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വിജയിപ്പിക്കുവാന്‍ ഏതൊക്കെ തരത്തില്‍ ഇവര്‍ ഇടപെട്ടിട്ടുണ്ട് എന്നത് അവിടെയുള്ള ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. പ്രത്യേകിച്ചും ആര്‍.എം.പിയുടെ പ്രവര്‍ത്തകര്‍ക്ക്. യഥാര്‍ത്ഥ ഇടതുപക്ഷ ബദല്‍ എന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തുവന്നവരുടെ പ്രവര്‍ത്തനം വലതുപക്ഷ ശക്തികള്‍ക്ക് ഇടതുപക്ഷത്തിന്റെ കേന്ദ്രങ്ങളില്‍ കടന്നുവരാന്‍ പാതയൊരുക്കുന്ന രാഷ്ട്രീയമാണ് ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.

സി.പി.ഐ (എം) നകത്ത് വിപ്ലവം പോരാ എന്ന വാദമാണല്ലോ ഇപ്പോള്‍ ഇവര്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ്സിനെയും വലതുപക്ഷത്തെയും കൂടുതല്‍ ശക്തിയോടെ എതിര്‍ക്കണം എന്നാണ് ഇവരുടെ വാദം. എന്നിട്ട് എന്തുകൊണ്ടാണ് വലതുപക്ഷ ശക്തികള്‍ക്ക് ഇവര്‍ പ്രധാന ശത്രുവായി മാറാത്തത് എന്ന ചോദ്യം ഇവരുടെ രാഷ്ട്രീയം വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാക്കേണ്ടതുണ്ട്. കേരളം പോലെ ഇടതുപക്ഷ മനസ്സ് വികസിച്ചുവന്ന സംസ്ഥാനത്ത് വലതുപക്ഷത്ത് നിന്നുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ ആരും കാര്യമായി എടുത്തു എന്നു വരില്ല. അവയ്ക്ക് വലിയ സ്വാധീനവുമുണ്ടാവില്ല. എന്നാല്‍, ഇടതുപക്ഷത്തുനിന്നുകൊണ്ട് നടത്തുന്ന വിമര്‍ശനങ്ങള്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നതിനും ചിലരെ വഴിതെറ്റിക്കുന്നതിനും പര്യാപ്തമായിത്തീരും. അതുകൊണ്ടാണ് ഇത്തരം ശക്തികളെ വലതുപക്ഷ ശക്തികള്‍ എല്ലാ അര്‍ത്ഥത്തിലും പ്രോത്സാഹിപ്പിക്കുന്നത്. പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ മാവോയിസ്റ്റുകളും തൃണമൂലും കോണ്‍ഗ്രസ്സും ഉണ്ടാക്കിയ ഐക്യം നമുക്ക് അറിയാവുന്നതാണ്. അത്തരത്തിലുള്ള രാഷ്ട്രീയ പ്രയോഗമാണ് പശ്ചിമ ബംഗാളില്‍ നടത്തിയതുപോലെ കേരളത്തിലും മാധ്യമങ്ങളുടെ സഹായത്തോടെ നടത്താന്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കേണ്ടതുണ്ട്.

വ്യക്തികളെ ഉന്മൂലനം ചെയ്ത് ആശയത്തെ ഇല്ലാതാക്കുക എന്ന നിലപാട് സി.പി.ഐ (എം) ന് ഇല്ല. ഈ നിലപാടിനെതിരായി നടന്ന പോരാട്ടം കൂടിയാണല്ലോ ഇടതുപക്ഷ തീവ്രവാദത്തിനെതിരായ പാര്‍ടിയുടെ സമരം. നക്‌സലൈറ്റുകള്‍ മുന്നോട്ടുവച്ച ഉന്മൂലന സിദ്ധാന്തത്തെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പാര്‍ടി വളര്‍ന്നുവന്നിട്ടുള്ളത്. അതുകൊണ്ടുതന്നനെയാണ് അത്തരം പാളിച്ചകള്‍ സഖാക്കളുടെ ഭാഗത്തുനിന്ന് വരുമ്പോള്‍ തിരുത്തുന്നതിനും അവ തെറ്റാണ് എന്ന് പരസ്യമായി പറഞ്ഞ് നിലപാട് സ്വീകരിക്കുന്നതും. കോണ്‍ഗ്രസ് നേതാവായിരുന്ന കെ. സുധാകരനാണ് നാല്‍പ്പാടി വാസുവിനെ കൊലപ്പെടുത്തിയ വിവരം പരസ്യമായി പ്രഖ്യാപിച്ചത്. ഇദ്ദേഹവും എം.വി. രാഘവനും ചേര്‍ന്നാണ് ഇ.പി. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ചത്. ഇവരുടെ ചെയ്തികളെ തള്ളിപ്പറയാന്‍ പോലും തയ്യാറാകാത്ത കോണ്‍ഗ്രസ്സാണ് ഇപ്പോള്‍ സി.പി.ഐ (എം) നെതിരെ രംഗംപ്രവേശം ചെയ്തിട്ടുള്ളത് എന്ന് തിരിച്ചറിയണം. കോണ്‍ഗ്രസ് വിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രമെഴുതിയ മൊയാരത്ത് ശങ്കരന്‍ തൊട്ട് നിരവധി സഖാക്കളെ വധിച്ചവരാണ് സി.പി.ഐ (എം) നെ ജനാധിപത്യ രാഷ്ട്രീയം പ� ിപ്പിക്കാന്‍ പുറപ്പെടുന്നത് എന്ന് തിരിച്ചറിയണം. എസ്.എഫ്.ഐ നേതാവായിരുന്ന കെ.വി. സുധീഷിനെ പോലെയുള്ള നിരവധി സഖാക്കളെയാണ് ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള കാപാലിക സംഘം വെട്ടിനുറുക്കി കൊലപ്പെടുത്തിയത്. അത്തരത്തിലുള്ള നിരവധി പ്രയാസങ്ങളെ മറികടന്നുകൊണ്ടാണ് പാര്‍ടി മുന്നോട്ടുപോയിട്ടുള്ളത്.
 സി.പി.ഐ (എം) വിട്ട് മറ്റൊരു പാര്‍ടി രൂപീകരിച്ച ആദ്യത്തെ വ്യക്തിയല്ല ടി.പി. ചന്ദ്രശേഖരന്‍. നിരവധിപേര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്തിയിട്ടുണ്ട്. വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ അവര്‍ പാര്‍ടിയെ പല തരത്തില്‍ ആക്രമിച്ചിട്ടുണ്ട്. എന്നാല്‍, അതിെനയെല്ലാം നേരിട്ടത് ആശയപരമായ പ്രചരണത്തിലൂടെയാണ്. അതാണ് പാര്‍ടിയുടെ നിലപാട്. അതുകൊണ്ടാണ് ഈ ദാരുണ സംഭവവുമായി പാര്‍ടിയിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അത്തരം ആളുകള്‍ക്കു നേരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ടി പ്രഖ്യാപിച്ചിട്ടുള്ളത്. ചിലര്‍ തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് അറസ്റ്റ് ചെയ്തവര്‍ക്കു നേരെ നടപടി എടുക്കും എന്നല്ല ഇതിനര്‍ത്ഥം. മറിച്ച്, അവര്‍ക്കുള്‍പ്പെടെ പങ്കുണ്ടോ എന്ന് പരിശോധിക്കുന്ന ഒരന്വേഷണം പാര്‍ടി നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കും എന്നതാണ് പാര്‍ടിയുടെ നിലപാട്.

സി.പി.ഐ (എം) നെ അക്രമകാരികളായി മുദ്രകുത്തി അതിന്റെ മറവില്‍ പാര്‍ടി നേതാക്കള്‍ക്കു നേരെ കള്ളക്കേസുകള്‍ എടുക്കുന്ന നടപടിയും തുടരുകയാണ്. അതാണ് എം.എം. മണിയുടെ കാര്യത്തില്‍ സംഭവിച്ചത്. രാഷ്ട്രീയപരമായി മണിയുടെ ഒരു പ്രസംഗത്തില്‍ സംഭവിച്ച പോരായ്മ ഉയര്‍ത്തിക്കാട്ടി നിയമത്തിന്റെ എല്ലാ രീതികളെയും കാറ്റില്‍ പറത്തിക്കൊണ്ട് കേസ് എടുക്കാനാണ് ഇപ്പോള്‍ മുതിരുന്നത്. രാഷ്ട്രീയ താല്‍പ്പര്യത്തോടെ എടുക്കുന്ന ഇത്തരം നിലപാടുകളെ എതിര്‍ത്തും തുറന്നുകാട്ടിയും പാര്‍ടി മുന്നോട്ടുപോകും. ടി.പി. ചന്ദ്രശേഖരന്റെ കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. അതിന് നിഷ്പക്ഷവും ശാസ്ത്രീയവുമായ അന്വേഷണം നടത്തുന്നതിന് പോലീസ് തയ്യാറാവുകയാണ് വേണ്ടത്.

https://www.cpimkerala.org/murder-chandrasekharan-cpm-108.php


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *