തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ എട്ട് മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെ കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ എട്ടു മന്ത്രിമാർ വിജിലൻസ് അന്വേഷണം നേരിടുന്നവർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാലു കേസിലാണ് അന്വേഷണം നേരിടുന്നത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ബന്ധുക്കൾക്ക് അനധികൃത നിയമനം നൽകിയെന്ന പരാതിയിൽ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
ചെന്നിത്തല ഉൾപ്പെട്ട ബന്ധുനിയമന കേസിനു പുറമെ കണ്ണൂർ വിമാനത്താവള നിർമാണത്തിലെ ക്രമക്കേടുകളുണ്ടെന്ന പരാതിയിലും ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണമുണ്ട്. തലശേരി വിജിലൻസ് കോടതിയുടെ പരിഗണനയിലാണ് ഈ കേസിന്റെ അന്വേഷണ റിപ്പോർട്ട്. എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനെതിരെ രണ്ടു കേസുണ്ട്‌. അനധികൃത സ്വത്ത് സമ്പാദന കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിചാരണയിലാണ്. ബാർ കോഴ കേസിലും ബാബു അന്വേഷണം നേരിടുകയാണ്. ഈ കേസിൽ അന്വേഷണം പൂർത്തീകരിച്ചിട്ടുണ്ട്‌. റിപ്പോർട്ട് സൂക്ഷ്മപരിശോധനയിലാണ്‌.
ഉമ്മൻചാണ്ടി, വി എസ് ശിവകുമാർ, പി കെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും ഇതേ കേസിലുണ്ട്‌. ഐപിഎസ് ഉദ്യോഗസ്ഥനായ ശങ്കർ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നൽകിയതിൽ ചെന്നിത്തല ക്രമക്കേട്‌ കാട്ടിയെന്ന പരാതിയിൽ വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചു. ഇത്‌ പരിശോധനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ചെന്നിത്തലയ്‌ക്കെതിരെയുള്ള റിപ്പോർട്ടിൽ വിജിലൻസ് കോടതിയുടെ അന്തിമ ഉത്തരവായിട്ടില്ല. തിരുവനന്തപുരം നെയ്യാർ ഡാമിൽ സ്വകാര്യ ട്രസ്റ്റിന് സർക്കാർ ഭൂമി പതിച്ചുകൊടുത്ത കേസിലും ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം പൂർത്തിയായി. ഇതിലും അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ പരിശോധനയിലാണ്.
മന്ത്രിമാരായിരുന്ന അടൂർ പ്രകാശും കുഞ്ഞാലിക്കുട്ടിയും എറണാകുളത്തെ പുത്തൻ വേലിക്കര, തൃശൂരിലെ മടത്തുംപടി വില്ലേജുകളിൽപ്പെട്ട 127 ഏക്കറോളം നെൽവയൽ മിച്ചഭൂമിയിൽ ഇളവ് അനുവദിക്കാൻ ഒത്താശ ചെയ്തു എന്ന പരാതിയിൽ കേസുണ്ട്‌. ഇതിന്റെ വസ്തുതാ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലാണ്. ബിനാമി പേരുകളിൽ അനധികൃത സ്വത്ത് സമ്പാദിക്കൽ, സ്വകാര്യമേഖലയിൽ മെഡിക്കൽ കോളേജുകൾക്ക് എൻഒസി നൽകിയതിൽ അഴിമതി എന്നിവയിൽ ശിവകുമാറിനെതിരെ അന്വേഷണം പുരോഗമിക്കുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തിന് ഒരു കേസിൽകൂടി ശിവകുമാർ അന്വേഷണം നേരിടുന്നു. റേഷൻ സാധനങ്ങൾ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട കേസിൽ ഭക്ഷ്യമന്ത്രിയായിരുന്ന അനൂപ് ജേക്കബിനെതിരയും അന്വേഷണം നടന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്ന് ഈ കേസിൽ അന്തിമ ഉത്തരവ് വന്നിട്ടില്ല. വിജിലൻസ് കേസുകൾക്കു പുറമെ പാലാരിവട്ടം പാലം അഴിമതിയിൽ മുൻ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെയും ടൈറ്റാനിയം അഴിമതിയിൽ ഉമ്മൻചാണ്ടിക്കെതിരെയും അന്വേഷണം പുരോഗമിക്കുകയാണ്.

Udf corruption


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *