ബി.ജെ.പിക്ക് അവസരം നല്‍കിയാല്‍ കേരളത്തെ രാജ്യത്തെ മികച്ച സംസ്ഥാനമാക്കി മാറ്റുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ഈ പ്രതികരണമെന്നതിനു അമിത് ഷാ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വിശദീകരണം നല്‍കേണ്ടത്. കാരണം നിലവില്‍ കേരളം തന്നെയാണ് രാജ്യത്തെ മികച്ച സംസ്ഥാനം. മനുഷ്യവികസനസൂചികയില്‍ രാജ്യത്ത് ഏറ്റവും മുന്നിലെത്തിയ സംസ്ഥാനമാണ് കേരളമെന്ന് പ്രഖാപിച്ചിരുന്നത് ഐക്യരാഷ്ട്ര സംഘടനയാണ്. രാജ്യത്ത് അഴിമതി തീരെ കുറഞ്ഞ സംസ്ഥാനമായി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് പലവട്ടം വിലയിരുത്തിയതും ഈ ദൈവത്തിന്റെ സ്വന്തം നാടിനെയാണ്.
സാക്ഷരതയുടെ കാര്യത്തില്‍ അമിത് ഷാക്ക് ചൂണ്ടിക്കാണിക്കാവുന്ന ഏക മാതൃകയും കേരളമാണ്. ഏത് തുലാസില്‍ ആരുതന്നെ തൂക്കിയാലും കേരള മികവ് പ്രകടമാകും. അക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടാവേണ്ടതില്ല. പൊതു വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, പാര്‍പ്പിടം, ഉയര്‍ന്ന സാക്ഷരത, കുറഞ്ഞ ശിശു മരണ നിരക്ക്, ക്രമസമാധാന പാലനം തുടങ്ങി കേരളത്തിന്റെ നേട്ടങ്ങളുടെ പട്ടിക അനന്തമായി നീളുന്നതാണ്. മികച്ച ഭരണമുള്ള സംസ്ഥാനമെന്ന പബ്ലിക് അഫയേഴ്‌സ് സെന്റര്‍ ബഹുമതി 2020ല്‍ വീണ്ടും നേടിയതും കേരളമാണ്. ഇക്കാര്യം മറ്റാരു മറന്നാലും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി മറക്കരുതായിരുന്നു…
0 Comments