Read more at: https://www.mathrubhumi.com/news/kerala/government-to-file-appeal-in-walayar-case-change-prosecutor-1.4236710
തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീൽ നൽകും. കേസ് വാദിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. പോലീസ് മേധാവിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
വിചാരണ കോടതി വിധിയില്‍ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ അറിയിച്ചു. കേസില്‍ തുടരന്വേഷണത്തിന് കോടതിയെ സമീപിക്കും. പുനര്‍വിചാരണ നടത്താന്‍ നിയമപരമായ എല്ലാ സാധ്യതയും തേടും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
കേസില്‍ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ സംസ്ഥാനത്തുടനീളം ഉയര്‍ന്നിരുന്നു. കേസില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനും കണ്ടെത്തിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയും കഴിഞ്ഞ ദിവസം പ്രക്ഷുബ്ദമായിരുന്നു.
തുടര്‍ന്ന് സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്ന് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. കേസ് അട്ടിമറിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളിയ മുഖ്യമന്ത്രി കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. നേരത്തെ, വാളയാര്‍ കേസില്‍ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനെ മാറ്റിയിരുന്നു
0 Comments