കോഴിക്കോട് കല്ലുത്താൻകടവ് ഫ്ലാറ്റ്, ഇടുക്കി അടിമാലിയിലെ ഫ്ലാറ്റ്. ലൈഫ് പദ്ധതിയിൽ ഇതിനകം കൈമാറിക്കഴിഞ്ഞ രണ്ട് ഭവനസമുച്ചയങ്ങളുടെ ചിത്രങ്ങളാണ് ഇതോടൊപ്പമുള്ളത്.

ഇതിൽ കല്ലുത്താൻ കടവ് ഫ്ലാറ്റ് കോഴിക്കോട് കോർപ്പറേഷൻ ബിഒടി രീതിയിലാണ് പണി പൂർത്തീകരിച്ചത്. 140 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റുകളാണ് കല്ലുത്താൻ കടവ് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് കോർപ്പറേഷന് കൈമാറിയത്.

അടിമാലിയിലെ ഫ്ലാറ്റ് തൊഴിൽ വകുപ്പിന് കീഴിലെ ഭവനം ഫൗണ്ടേഷൻ നിർമ്മിച്ചതാണ്. അത് പൂർത്തിയായപ്പോൾ ലൈഫ് മിഷൻ വാങ്ങിയതാണ്. 217 കുടുംബങ്ങൾക്ക് ഇവിടെ ഫ്ലാറ്റ് ലഭിച്ചു.

സാധാരണഗതിയിൽ സർക്കാർ സംവിധാനത്തിലെ ചുവപ്പുനാടകളിൽ പെട്ട് നട്ടംതിരിയേണ്ട ഈ രണ്ട് മാതൃകകളും ഒരു മിഷൻ മോഡിലുള്ള പദ്ധതിയുടെ ഭാഗമായതിനാലാണ് ജനങ്ങൾക്ക് സുരക്ഷിതമായ ഭവനങ്ങളായി മാറിയത്. അതായത്, സർക്കാരിന്റെയും ലൈഫ് മിഷന്റെയും പ്രയോറിറ്റി വീടില്ലാത്തവന് വീട് ലഭിക്കുക എന്നതാണ്. അല്ലാതെ, ചുവപ്പുനാടയിൽ കിടന്ന് ചുറ്റിത്തിരിയലല്ല.

വടക്കാഞ്ചേരിയിൽ റെഡ് ക്രസന്റിന്റെ സ്പോൺസർഷിപ്പിൽ ഒരു ഭവനസമുച്ചയം ലൈഫ് പദ്ധതിയുടെ ഭാഗമായി യാഥാർത്ഥ്യമാകുകയാണ്. ആ സമുച്ചയത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങൾ കണ്ടാൽ നാലഞ്ച് മാസങ്ങൾക്കുള്ളിൽ നിർമ്മാണം പൂർത്തിയായി 140 കുടുംബങ്ങൾക്ക് ആ ഫ്ലാറ്റുകൾ ലഭിക്കുമെന്ന് ഉറപ്പാക്കാം.

അപ്പോഴാണ്, ഫ്ലാറ്റ് നിർമ്മിക്കാൻ റെഡ് ക്രസന്റ് കരാർ നൽകിയ യൂണിടാക് എന്ന കമ്പനിയിൽ നിന്നും സ്വപ്ന കമ്മീഷൻ കൈപ്പറ്റിയെന്ന വിവാദം ഉയരുന്നത്. റെഡ് ക്രസന്റ്- യുഎഇ കോൺസുലേറ്റ് – യൂണിടാക് എന്ന റൂട്ടിൽ പണമിടപാട് നടന്ന ഈ പ്രൊജക്ടിൽ കമ്മീഷൻ ആരോപണം ഉയർന്നാൽ അതിൽ സർക്കാരുമായി ഒരു ബന്ധവും വരുന്നില്ല എന്നത് ആർക്കും മനസിലാകുന്ന കാര്യമാണ്. മാധ്യമങ്ങളിൽ തന്നെ വന്നിട്ടുള്ള യൂണിടാക് ഉടമയുടെ വേർഷനും ഇതിൽ സർക്കാരുമായി ഒരു ഇടപാടും നടത്തിയിട്ടില്ല എന്നാണ്. ഈ വിവാദം ഉണ്ടായ ദിവസം പ്രളയഫണ്ടിൽ നിന്ന് സ്വപ്ന തിരിമറി നടത്തി എന്ന് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ പക്ഷെ ഇപ്പോഴും ആ രീതിയിൽ പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്.

മുഖ്യമന്ത്രി രണ്ട് ദിവസങ്ങളിലെ വാർത്താസമ്മേളനത്തിൽ ഇത് സംബന്ധിച്ച് വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് ഏത് അന്വേഷണവും സർക്കാർ നടത്താമെന്നും പണം മുടക്കുന്ന റെഡ് ക്രെസന്റും കോൺസുലേറ്റും സർക്കാരിനോട് പറഞ്ഞാൽ ഇതിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നുമാണ് പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട് നിയമവും ചട്ടവും പറയുന്ന വടക്കാഞ്ചേരി എം എൽ എ അനിൽ അക്കരയുടെ ഉദ്ദേശ്യമെന്താണ്. വടക്കാഞ്ചേരിയിലെ ജനങ്ങൾക്ക് ലഭിക്കേണ്ട ഇരുപത് കോടിയിൽ ഒരു കോടി സ്വപ്ന കൊണ്ടു പോയതാണ് തന്റെ പ്രശ്നമെന്നാണ് അക്കരയുടെ ഒരു വാദം. അത് വളരെ നല്ല കൺസേണാണ്. പക്ഷെ, റെഡ് ക്രസന്റ് മുടക്കുന്ന പണം ആരും എവിടെയും കൊണ്ടുപോയിട്ടില്ല. ഇവിടെ ഉയരുന്ന ആരോപണം തന്നെ ബിൽഡർ ആ സമയം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്നക്ക് നൽകിയ കൈക്കൂലി എന്ന നിലയിലാണ്. അല്ലാതെ റെഡ് ക്രസന്റ് നൽകുന്ന ഫണ്ട് ആരെങ്കിലും തട്ടിച്ചു എന്നതല്ല. അതുകൊണ്ട് അക്കരയുടെ ആ ഡയലോഗിൽ വലിയ കഥയില്ല. മാത്രമല്ല, ആ പ്രൊജക്ടിന്റെ പുരോഗതി ജനങ്ങൾക്ക് മുഴുവൻ ബോധ്യമാകുന്ന നിലയിൽ ആ സൈറ്റിൽ പത്രക്കാരെ വിളിച്ചുകൊണ്ടു പോയി അക്കര തന്നെ കാണിച്ചു തന്നിട്ടുണ്ട്. പ്രൊജക്ട് നല്ലനിലയിൽ പുരോഗമിക്കുകയാണെന്ന് അങ്ങനെ അക്കര തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

അപ്പോഴാണ് അക്കര ഇതിൽ നടത്തിയ മറ്റ് ചില ഇടപെടലുകൾ കൂടി നാം നോക്കേണ്ടത്. റെഡ് ക്രെസന്റിന് ഈ രീതിയിൽ പണം മുടക്കാൻ കഴിയില്ല എന്ന് കാണിച്ച് വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകുകയാണ് എം എൽ എ ആദ്യം ചെയ്തത്. അതായത്, പദ്ധതി തന്നെ നിയമവിരുദ്ധമാണെന്നാണ് അദ്ദേഹം നൽകിയ പരാതി. പ്രളയത്തിൽ തകർന്ന് നിന്ന കേരളത്തിന് വിദേശരാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായങ്ങൾ നിരസിച്ചവരാണ് കേന്ദ്രം. ആ ദ്രോഹമനോഭാവത്തെ മറികടന്ന് കേരളം നേടിയെടുത്തതാണ് ഈ സഹായം. ആ സഹായത്തെ ഇല്ലാതാക്കാനുള്ള ആപ്പാണ് അനിൽ അക്കര വെക്കാൻ ശ്രമിക്കുന്നതെന്ന് മനസിലാക്കാൻ അത്ര വലിയ ബുദ്ധിയുടെയൊന്നും ആവശ്യമില്ല.

അതായത്, സ്വപ്ന കമ്മീഷൻ വാങ്ങിയതൊന്നുമല്ല ഇവരുടെ പ്രശ്നം. ആ പദ്ധതി ഇല്ലാതാക്കണമെന്നത് മാത്രമാണ്. അതിനുള്ള ഓട്ടമാണ് ഈ ഓടുന്നത്.

ആദ്യം പറഞ്ഞ കാര്യത്തിലേക്ക് വരാം. ഇതിനകം കേരളത്തിലെ രണ്ടേ കാൽ ലക്ഷം പേർക്ക് തലചായ്ക്കാൻ സുരക്ഷിതമായ വീടുകൾ നൽകിയ ഒരു പദ്ധതിയാണ് ലൈഫ്. മൂന്നാം ഘട്ടമായ ഭവനസമുച്ചയങ്ങളുടെ നിർമ്മാണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയാൽ പുഞ്ചിരി വിടരുക ഒരു ലക്ഷത്തോളം കുടുംബങ്ങളിലാണ്. അതിനായി നിരവധി സുമനസുകളുടെ സഹായങ്ങളും പലതരം ഫണ്ടിങ്ങ് രീതികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. മുൻഗണന സുരക്ഷിതമായ വീടുകൾ ഒരുക്കുക എന്നതിലാണ്. ഇവിടെ സർക്കാരുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഒരു സാമ്പത്തിക ഇടപാടിനെ ലൈഫ് പദ്ധതിയിൽ കൂട്ടിക്കെട്ടിയുള്ള ചർച്ചകളാണ് കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്നത്. ഈ പദ്ധതിയിൽ റെഡ് ക്രസന്റിന്റെ സഹായം സ്വീകരിച്ചത് എന്തോ വലിയ പാതകമാണെന്ന രീതിയിലാണ് ഇവരുടെ ചോദ്യങ്ങൾ. അവരോട് എത്ര വിശദീകരിച്ചാലും അവർക്ക് ഇക്കാര്യം മനസിലാകുകയുമില്ല. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല. സ്വാഭാവികം.

പക്ഷെ, ഇത് ഉപയോഗിച്ച് വടക്കാഞ്ചേരിയിലെ 140 പാവങ്ങൾക്ക് ലഭിക്കേണ്ട ഭവനസൗകര്യത്തെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാരിനെ കൂട്ടുപിടിക്കാൻ പോയ വടക്കാഞ്ചേരിയുടെ തന്നെ ജനപ്രതിനിധി എന്താണ് ലക്ഷ്യമിടുന്നത്. ഇനിയൊരു പ്രളയം വരും, അത് കഴിഞ്ഞ് വരൾച്ച, പിന്നെ ഒരു സാമ്പത്തികപ്രതിസന്ധി എന്നൊക്കെ കിനാവ് കാണുന്ന അതേ മാനസികാവസ്ഥ. 140 ജീവിതങ്ങൾക്ക് തലചായ്ക്കാനിടം ലഭിക്കുന്നത് തടയാനുള്ള ഉൽസാഹം എത്ര ക്രൂരമാണ്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *