⭕️ വഴിയിൽ വണ്ടി പിടിച്ച് 1000 കോടി രൂപ പിഴിയാൻ പോകുന്നു എന്നു വരുത്തുകയാണല്ലോ മോട്ടോർ വാഹന പിരിവു വാർത്തയുടെ ലക്ഷ്യം. ട്രാൻസ്പോർട്ട് കമ്മീഷണർ ഡെപ്യൂട്ടി കമ്മീഷണമാർക്ക് നികുതി പിരിവു ലക്ഷ്യം തീരുമാനിച്ചു കൊടുത്ത ഒരു സർക്കുലർ ആണ് ഈ 1000 കോടി വാർത്തയുടെ ഉറവിടം എന്നു വേണം കരുതാൻ. സ്വരൂപിക്കേണ്ട തുക 4138 കോടി രൂപയായിരുന്നത് 5300.71 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു എന്നും ഇതിൽ പറയുന്നുണ്ട്. അപ്പോൾ പിന്നെ ഒന്നും നോക്കേണ്ടതില്ല. പിഴിയാൻ തീരുമാനിച്ചത് തന്നെ എന്നു തീരുമാനിച്ച് പ്രതിപക്ഷ ധർമ്മം നിറവേറ്റാനുള്ള ത്വര നടപ്പിലാക്കുകയായിരുന്നു.

1️⃣ എന്താണ് ഈ നികുതി ലക്ഷ്യം പുതുക്കുന്നതിന്റെ കഥ? തൊട്ടടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുമ്പോൾ ഓരോ ഇനത്തിലുമുള്ള വരുമാനവും ചിലവുകളും സംബന്ധിച്ച estimate അവതരിപ്പിക്കും. ഇതാണ് ബജറ്റ് estimate എന്നു പറയുന്നത്. ഈ ബജറ്റ് അവതരണ വേളയിൽ മറ്റൊരു exercise കൂടി നടത്തും. അത് നടപ്പു വർഷത്തെ ബജറ്റ് കണക്കുകൾ മൂന്നു പാദങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പുതുക്കി നിശ്ചയിക്കും. കഴിഞ്ഞ മാസം ശ്രീ ബാലഗോപാൽ അവതരിപ്പിച്ചത് 2023-2024 ലെ ബജറ്റാണല്ലോ? അതിന്റെ ചുരുക്ക കണക്കുകൾ നോക്കിയാൽ നടപ്പു വർഷം, അതായത് 2022-2023 ലെ കണക്കുകൾ പുതുക്കിയിരിക്കുന്നതും കാണാം. ഈ സാമ്പത്തിക വർഷത്തെ മൂന്നു പാദങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കാലിബ്രേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. എല്ലാ ഇനവും കൂടുകയല്ല , ചിലതൊക്കെ കുറയുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ ആകെ ബജറ്റ് കണക്കുകളും കുറേക്കൂടി കൃത്യത കൈവരിക്കും. ഇങ്ങനെയുള്ള കണക്കിനെയാണ് revised estimate എന്നു പറയുന്നത്. മോട്ടോർ വാഹന നികുതി ലക്ഷ്യം ഇങ്ങനെ പുതുക്കിയതാണ് ഈ പറയുന്ന മാറ്റം. ( 2023-24 ലെ ബജറ്റ് രേഖകളിലെ ചുരുക്ക കണക്കിന്റെ പട്ടിക കൊടുത്തിട്ടുണ്ട്) . മോട്ടോർ വാഹന നികുതി ലക്ഷ്യം ഇങ്ങനെ പുതുക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നികുതി നിരക്കുകൾ ഉയർത്തിയിട്ടല്ല ഇങ്ങനെ നികുതി ലക്ഷ്യം പുതുക്കി തീരുമാനിച്ചത്.

പിന്നെയോ.. ❓

2️⃣ AG എല്ലാ മാസത്തെയും വരവും ചെലവും സംബന്ധിച്ച കണക്കുകൾ പ്രസിദ്ധപ്പെടുത്തും. നടപ്പു വർഷം ജനുവരിയിലെ കണക്കാണ് കൊടുത്തിരിക്കുന്ന മറ്റൊരു പട്ടിക. അതിൽ other taxes and duties എന്ന ഇനം നോക്കൂ. ഇതിൽ മഹാ ഭൂരിപക്ഷം ഈ മോട്ടോർ വാഹന നികുതിയാണ്. ജനുവരി വരെയുള്ള യഥാർഥ പിരിവ് ബജറ്റ് കണക്കുകളുടെ 105 ശതമാനമാണ്. മോട്ടോർ വാഹന നികുതി ബജറ്റ് കണക്കുകളെ അധീകരിക്കുകയാണ്. ഇത് സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെയും നികുതിസമാഹരണത്തിലെ മികവിന്റെയും സൂചനയാണ്. പിന്നെയും ഈ വർഷത്തിൽ രണ്ടു മാസമുണ്ട്. അപ്പോൾ ഈ ഇനത്തിലെ നികുതി വരുമാന കണക്കുകൾ പുതുക്കണമല്ലോ ?. ഇങ്ങനെ പുതുക്കുന്നതാണ് 4138 കോടി രൂപയിൽ നിന്നും 5300.71 കോടി രൂപയായി ഉയർത്തി കാണിക്കുന്നത്. പഴയ കണക്കുകൾ പ്രകാരം എല്ലാ ജില്ലകളും ലക്ഷ്യം അധീകരിച്ചിരിക്കും. പുതുക്കി നിശ്ചയിച്ച കണക്കുകൾ പ്രകാരം നികുതി സമാഹരണ ലക്ഷ്യം പുനർ നിശ്ചയിച്ച് കൊടുക്കണം. അതാണ് ഈ സർക്കുലർ ചെയ്യുന്നത്. ഇതു വാസ്തവത്തിൽ നല്ല ഒരു സൂചകമാണ്. അഭിനന്ദിക്കേണ്ട ഒന്നാണ്. പക്ഷേ ഇവിടെ നിന്ദിക്കുകയും തെറ്റിദ്ധാരണ പരത്തുകയുമാണ് വാർത്തകൾ ചെയ്യുന്നത്.

3️⃣ മോട്ടോർ വാഹന നികുതി എന്നു പറഞ്ഞാൽ വഴിയിൽ പിടിച്ച് നിർത്തി അടിക്കുന്ന പിഴയാണ് എന്ന ധാരണ വെച്ചു വാർത്ത എഴുതിയാൽ എന്തു പറയാനാണ്? മോട്ടോർ വാഹന നികുതി എന്നത് ഈ പിഴയല്ല. വാഹനത്തിന് നാം കൊടുക്കുന്ന മോട്ടോർ വാഹന നിയമങ്ങൾ പ്രകാരമുള്ള നികുതിയാണ്. AG ഓഡിറ്റ് ചെയ്ത് നിയമ സഭയിൽ സമർപ്പിച്ച 2021-22 ലെ കണക്കുകൾ കൊടുത്തിട്ടുണ്ട്. ആകെ മോട്ടോർ വാഹന നികുതി മൂന്നു കണക്കു ശീർഷകങ്ങളിലായി 4037. 09 കോടി രൂപയാണ്. ഇതിൽ മറ്റിനം എന്നത് 64.04 കോടി രൂപയാണ്. ഒരു കൊല്ലത്തെ ആകെ കണക്കാണ് . പോലീസ് ഈടാക്കുന്ന പിഴയും മറ്റും നികുതി ഇതര വരവിലാണ് വരിക. അത് , എല്ലാത്തരം പിഴകളും ചേർന്നാൽ 92 കോടി രൂപയാണ് ഒരു കൊല്ലത്തെ കണക്ക് . ഇതാണ് വാർത്തകളിലെ 1000 കോടി പിഴിയുന്നതിലെ കഥ.

4️⃣ പൊതു ധനകാര്യം സാങ്കേതികമാണ്. എല്ലാം അറിയണം എന്നില്ല. എന്നാൽ 1000 കോടി പിടിച്ചു വച്ചു പിഴിയാൻ പോകുന്നു എന്നൊരു ഇൻപുട്ട് കിട്ടുമ്പോൾ, ആകെ മോട്ടോർ വാഹന നികുതി എത്ര എന്നും, ഏതെല്ലാം ഇനങ്ങളാണെന്നും ഒരു പ്രാഥമിക നോട്ടം നടത്താൻ തയ്യാറാകേണ്ടെ..❓ ആരെങ്കിലും എറിഞ്ഞു തരുന്ന അസംബന്ധങ്ങൾ അതേ പടി എഴുന്നള്ളിക്കുന്നതാണോ പത്ര പ്രവർത്തനം.. ,❓

~ Gopakumar Mukundan


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *