സംവരണം സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനമാണ് ഇന്നു കേരള സർക്കാർ നടപ്പാക്കുന്നത്. അതിൽ അഭിപ്രായ വ്യത്യാസമുള്ളവർ ഉണ്ട്. ഇടതുപക്ഷ അനുഭാവികളിൽ ചിലരും ഇക്കൂട്ടത്തിലുണ്ട്. എന്തോ പുതിയ നിലപാട് സിപിഐ(എം) സ്വീകരിച്ചിരിക്കുന്നു എന്ന മട്ടിലാണ് വിമർശനം. 1996 മുതലുള്ള മാനിഫെസ്റ്റോകളിൽ കൃത്യമായി പറഞ്ഞുവന്നകാര്യം കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ പാർലമെന്റ് പാസ്സാക്കിയ ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇപ്പോൾ നടപ്പാക്കുകയാണുണ്ടായത്.

ഇത്തരമൊരു നിലപാടിലേയ്ക്ക് സിപിഐ(എം) എത്തിച്ചേർന്നത് പാർട്ടിക്കുള്ളിലും പുറത്തും നടന്ന സുദീർഘമായ സംവാദങ്ങൾക്കു ശേഷമാണ്. നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തു നിലനിന്ന ജാതിമേധാവിത്വത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് ജാതി സംവരണം ഒരു സുപ്രധാന നടപടിയായി കമ്മ്യൂണിസ്റ്റുകാർ എന്നും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. മുഖ്യധാര ദേശീയപ്രസ്ഥാനത്തിൽ നിന്നും വ്യത്യസ്തമായി തിരുവിതാംകൂറിലെ നിർവർത്തനപ്രസ്ഥാനത്തെ മലബാറിലെ കോൺഗ്രസ് – സോഷ്യലിസ്റ്റുകാർ പിന്തുണയ്ക്കുകയുണ്ടായിയെന്നത് സ്മരണീയമാണ്.

വർഗ്ഗ കാഴ്ചപ്പാടിലാണ് കമ്മ്യൂണിസ്റ്റുകാർ സംവരണത്തെ വിലയിരുത്തുന്നത്. രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മുതലാളിത്ത വളർച്ച എല്ലാ സമുദായങ്ങളിലും ധ്രുവീകരണം സൃഷ്ടിക്കുന്നു. പട്ടികവിഭാഗങ്ങൾ ഒഴിച്ചാൽ പിന്നോക്ക സമുദായങ്ങളിൽ വളർന്നുവരുന്ന ബൂർഷ്വവിഭാഗത്തിന്റെ ആവിർഭാവത്തോടൊപ്പം മുന്നോക്ക വിഭാഗങ്ങളെയടക്കം ജനങ്ങളിൽ ഭൂരിപക്ഷം കൂടുതൽ കൂടുതൽ പാപ്പരാകുന്നു. പിന്നോക്ക സമുദായങ്ങളിലും മുന്നോക്ക സമുദായങ്ങളിലുമുള്ള തൊഴിലാളികളെയും കൃഷിക്കാരെയും മറ്റ് അധ്വാനിക്കുന്നവരെയും ജാതി, സമുദായ ഭേദങ്ങൾക്ക് അതീതമായി സംഘടിപ്പിക്കുന്നതിനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ജാതി അടിസ്ഥാനമാക്കിയുള്ള പിന്നോക്ക സമുദായ സംവരണത്തിൽ മുൻഗണന അതാത് ജാതികളിൽപ്പെട്ട ദരിദ്രർക്ക് നൽകണം. അവരിൽ അർഹത നേടിയ ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിൽ മാത്രം അതാത് ജാതികളിൽപ്പെട്ട മേൽത്തട്ടുകാർക്ക് എന്ന നിലപാട് സ്വീകരിച്ചത്. ഇതിനെതിരെ മുന്നോക്ക സമുദായത്തിലെ മുഴുവൻ ജനങ്ങളെയും സംവരണത്തിനെതിരെ അണിനിരത്തുന്ന അടവാണ് മുന്നോക്ക സമുദായ പ്രമാണിമാർ സ്വീകരിച്ചു വന്നിട്ടുള്ളത്. ഇത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് അഖിലേന്ത്യാടിസ്ഥാനത്തിലുള്ള വലിയ ചേരിതിരിവായി.

കേരളത്തിലും ഇത്തരത്തിൽ സംവരണത്തിന്റെ അടിസ്ഥാനത്തിൽ മുന്നോക്കക്കാരെയും പിന്നോക്കക്കാരെയും സംഘടിപ്പിക്കുന്നതിന് എസ്ആർപി, എൻഡിപി എന്നീ രണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് രൂപംകൊണ്ട അനുഭവം നമുക്കുണ്ട്. സംവരണ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തിൽ അതത് സമുദായങ്ങളിലെ ജനങ്ങളെ സംഘടിപ്പിച്ചശേഷം ഇരുവരെയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരായി അണിനിരത്തുന്ന കാഴ്ചയും കേരളത്തിൽ കണ്ടു. എസ്ആർപിയും എൻഡിപിയും കോൺഗ്രസിനോടൊപ്പം കുറച്ചു നാളത്തേയ്ക്കാണെങ്കിലും ഭരണത്തിലേറി.

മേൽപ്പറഞ്ഞ അനുഭവത്തിന്റെകൂടി അടിസ്ഥാനത്തിലാണ് മണ്ഡൽ കമ്മീഷൻ ചേരിതിരിവുകാലത്ത് ബീഹാറിൽ കർപ്പൂരി ഠാക്കൂർ ചെയ്തതുപോലെ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് ഒരു ചെറിയൊരു ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന നിലപാടിനെ പാർട്ടി അംഗീകരിച്ചത്. അന്ന് മുതൽ ഇന്നുവരെ പാർട്ടിയുടെ നിലപാട് ഇതാണ്.

പിന്നോക്ക സമുദായ പ്രമാണിമാരും മുന്നോക്ക സമുദായ പ്രമാണിമാരും ആഗ്രഹിക്കുന്നത് സംവരണവിരുദ്ധ മുദ്രാവാക്യമുയർത്തി തങ്ങളുടെ സമുദായത്തിലെ അംഗങ്ങളെ മുഴുവൻ സംവരണത്തിന് എതിരെ അണിനിരത്താനാണ്. മണ്ഡൽ പ്രക്ഷോഭകാലത്ത് നമ്മൾ ഇത് നേരിട്ടു കണ്ടതാണ്. ചെറിയൊരു ശതമാനം സംവരണം മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്കു നൽകുന്നത് സംവരണത്തിനു കൂടുതൽ ജനപിന്തുണ ഉറപ്പുവരുത്തുന്നതിനു മാത്രമല്ല, പുരോഗമനപരമായ നിലപാടുകളിൽ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ അണിനിരത്തുന്നതിനു സഹായകരമാകും. പിന്നോക്ക സമുദായങ്ങളിലെയും മുന്നോക്ക സമുദായങ്ങളിലെയും പാവപ്പെട്ടവരുടെയും അധ്വാനിക്കുന്നവരുടെയും ഐക്യം ശക്തിപ്പെടുത്തുന്നതിന് സഹായകരമായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചത്.

ബിജെപിയുടെ അടിത്തറയായ ആർഎസ്എസ് സംവരണം തന്നെ അവസാനിപ്പിക്കണമെന്ന ശക്തമായ നിലപാട് എടുക്കുന്നവരാണ്. അങ്ങനെയുള്ള ബിജെപിയുടെ സഖ്യശക്തിയായി പ്രവർത്തിക്കുന്നതിന് സംവരണത്തിന്റെ കാര്യത്തിൽ സിപിഐ(എം) നെ ശക്തമായി എതിർക്കുന്ന ബിഡിജെഎസിന് ഒരു മടിയുമില്ല.

സംവരണത്തിലൂടെ സമുദായത്തിന്റെ സാമൂഹ്യ പിന്നോക്കാവസ്ഥയോ ദാരിദ്ര്യമോ ലഘൂകരിക്കാനാവും. എന്നാൽ ഇല്ലാതാക്കാനാകുമെന്നുള്ളത് വ്യാമോഹം മാത്രമാണ്. അതാണല്ലോ ഇതുവരെയുള്ള നമ്മുടെ അനുഭവം. അതിന് സമൂഹത്തിൽ അടിസ്ഥാനപരമായ ഒരു പൊളിച്ചെഴുത്തു തന്നെ വേണം. അതിനാവട്ടെ അധ്വാനിക്കുന്നവരെ വർഗ്ഗാടിസ്ഥാനത്തിൽ ഏകോപിപ്പിക്കുന്നതിനു കഴിയണം. ഇതിനു സഹായകരമായ ഒരു നിലപാടാണ് സംവരണത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കുന്നത്. ഈ നിലപാടിനെ കേവലയുക്തിയുടെ അടിസ്ഥാനത്തിലും സംവരണം സംബന്ധിച്ച മാറ്റമില്ലാത്ത കാഴ്ചപ്പാടുകൾ സ്വീകരിച്ചുകൊണ്ടും ചില ഇടതുപക്ഷ അനുഭാവികളും എതിർക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നുന്നു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *