കളമശേരി
കളമശേരിയുടെ രാഷ്‌ട്രീയചിത്രം മാറ്റിയെഴുതാനുള്ള നിയോഗമേറ്റെടുത്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണപരിപാടികൾക്ക്‌ ആവേശത്തുടക്കം. അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ കേന്ദ്രമായി കളമശേരി മാറുമെന്ന പ്രഖ്യാപനത്തോടെയാണ്‌ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു പിന്നാലെ പി രാജീവ്‌ വോട്ടർമാരിലേക്കിറങ്ങിയത്‌. ജില്ലയിലെ ഏറ്റവും പ്രായംകുറഞ്ഞ മണ്ഡലമാണെങ്കിലും ദീർഘകാലമായി കളമശേരിയുടെ തുടിപ്പുകൾക്കൊപ്പമുള്ള രാജീവിന്റെ സ്ഥാനാർഥിത്വം മണ്ഡലത്തിന്‌ പുത്തൻ ഉണർവാണ്‌ പകരുന്നത്‌.

സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കുസാറ്റ്‌ ക്യാമ്പസിനടുത്ത്‌ തിരുനിലത്ത്‌ റോഡിലെ ‘കിളിക്കൂടി’ൽനിന്ന്‌ കളമശേരി പ്രീമിയർ കവലയ്‌ക്കടുത്തെ ബി ടി ആർ മന്ദിരത്തിലേക്കെത്തിയ രാജീവിനെ പ്രവർത്തകർ വരവേറ്റു. സിപിഐ എം മണ്ഡലം സെക്രട്ടറി സി കെ പരീത്‌ മാല അണിയിച്ച്‌ സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള, കെ എൻ ഗോപിനാഥ്, കെ ബി വർഗീസ്, അഡ്വ. മുജീബ്റഹ്മാൻ, എൻ സുരൻ തുടങ്ങിയവർ സംസാരിച്ചു.

തെരഞ്ഞെടുപ്പ്‌ പ്രചാരണപ്രവർത്തനങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുമ്പായി ബി ടി ആർ മന്ദിരത്തിനടുത്ത്‌ പ്രവർത്തിക്കുന്ന പാലിയേറ്റീവ്‌ ചികിത്സാകേന്ദ്രം രാജീവ്‌ സന്ദർശിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ രാജീവ്‌ മുൻകൈയെടുത്ത് സ്ഥാപിച്ച കനിവ് പാലിയേറ്റീവ് കെയറിന്റേതാണ്‌ കേന്ദ്രം. ചികിത്സക്കെത്തിയ രോഗികളെയും ബന്ധുക്കളെയും കണ്ട്‌  കുശലാന്വേഷണം നടത്തി. തുടർന്ന്‌ മണ്ഡലത്തിലെ വോട്ടർ കൂടിയായ എഴുത്തുകാരി ഡോ. എം ലീലാവതിയെ തൃക്കാക്കരയിലെ വീട്ടിലെത്തി കണ്ട്‌ അനുഗ്രഹം തേടി. താൻ മത്സരിക്കുന്ന വിവരം അറിയിച്ച്‌ തന്റെ പുതിയ മൂന്നു പുസ്തകങ്ങൾ രാജീവ്‌ ടീച്ചർക്ക്‌ സമ്മാനിച്ചു. കുസാറ്റ്‌ ക്യാമ്പസിനടുത്തെ ആൽബർട്യൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെത്തി വിദ്യാർഥികളുടെയും അധ്യാപകരുടെയും വോട്ടുതേടി.

ബി ടി ആർ കവലയിൽ കെ ചന്ദ്രൻപിള്ളയുമായി ചേർന്ന് തെരഞ്ഞെടുപ്പ്‌ പോസ്‌റ്റർ പതിച്ച്‌ പ്രചാരണം ഉദ്‌ഘാടനം ചെയ്‌തു. പ്രവർത്തകരിൽ തെരഞ്ഞെടുപ്പ്‌ ആവേശം നിറച്ച്‌ വൈകിട്ട്‌ ഇടപ്പള്ളി ടോൾ കവലയിലേക്കു നടന്ന ഉജ്വല ഇരുചക്രവാഹന റാലിയിലും രാജീവ്‌ പങ്കെടുത്തു.

വിദ്യാർഥികാലം മുതൽ കളമശേരിയെ അടുത്തറിയുന്ന പി രാജീവ്‌ മൂന്നരപ്പതിറ്റാണ്ടിലേറെയായി മണ്ഡലത്തിനു സ്വന്തമാണ്‌. സെന്റ്‌ പോൾസ്‌ കോളേജിലും ഗവ. പോളിടെക്‌നിക്കിലും പഠിക്കുമ്പോഴാണ്‌ വിദ്യാർഥി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്‌. തുടർന്ന്‌ ഇതുവരെ കളമശേരിയോടു ചേർത്ത്‌ ആ പേരുമുണ്ട്‌.   ജില്ലയിലെ പ്രധാന വ്യവസായകേന്ദ്രവും കാർഷിക മേഖലകളുമുൾപ്പെടുന്ന കളമശേരിയെ പഴയകാല പ്രൗഢിയോടെ വീണ്ടെടുക്കാനുള്ള കർമപദ്ധതിയാണ്‌ അദ്ദേഹം വോട്ടർമാരുമായി പങ്കിടുന്നത്‌. ഫാക്‌ടിനെ രക്ഷിക്കാനുള്ള പ്രക്ഷോഭംമുതൽ പെരിയാർ തീരത്തെ പച്ചപുതപ്പിക്കാനുള്ള ക്യാമ്പെയിനിൽവരെ ‘രാജീവ്‌ ടച്ച്‌’ തൊട്ടറിഞ്ഞിട്ടുമുണ്ട്‌ കളമശേരി.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *