കോവിഡില്‍ പകച്ച് ഗുജറാത്ത്: ‘നമസ്‌തേ ട്രംപ്’ തിരിച്ചടിക്കുന്നു; മോദിയുടെ ശോഭ മങ്ങുമോ?
മനോരമ ലേഖകൻMAY 08, 2020 06:40 AM IST
ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം, മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ മാറ്റി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ചു. കോവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ ബംഗാളിനെ കുറ്റപ്പെടുത്തുന്നതിനിടെയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്.
https://flo.uri.sh/visualisation/2170707/embed?auto=1A Flourish chart
ഫെബ്രുവരി 24 ന് ‘നമസ്‌തേ ട്രംപ്’ പരിപാടി സംഘടിപ്പിച്ചതാണ് സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് വ്യാപനം ഉണ്ടാകാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതേക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്നും സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയ്‌ക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തിയ പരിപാടിയില്‍ ആയിരങ്ങളാണു പങ്കെടുത്തത്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അഹമ്മദാബാദിലും സൂറത്തിലും പാലും മരുന്നും വില്‍ക്കുന്നത് ഒഴികെ എല്ലാ കടകളും ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അഹമ്മദാബാദില്‍ മേയ് 7 മുതലും സൂറത്തില്‍ ശനിയാഴ്ച മുതലും ഇതു നടപ്പാക്കും. ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത 382 പുതിയ കേസുകളില്‍ 291 എണ്ണവും അഹമ്മദാബാദിലാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 6625 ആയി. 1500 പേർക്ക് രോഗം ഭേദമായി. മേയ് 6 വരെയുള്ള കേന്ദ്ര സർക്കാർ കണക്ക് പ്രകാരം 96 പേർ മരിച്ചു. ബുധനാഴ്ച മാത്രം 27 പേരാണു മരിച്ചത്. ഇതില്‍ 25 പേരും അഹമ്മദാബാദില്‍നിന്നുള്ളവരാണ്. സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളില്‍ 70 ശതമാനവും അഹമ്മദാബാദില്‍നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നടപടികള്‍ക്കെതിരെ പാര്‍ട്ടിക്കുളളിലും പുറത്തും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. നമസ്‌തേ ട്രംപ് പരിപാടി സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിക്കു രാജ്യസഭാ സീറ്റ് ലഭിക്കാതിരിക്കാനുള്ള പദ്ധതികള്‍ക്കുമായി സര്‍ക്കാര്‍ സമയം പാഴാക്കിയെന്നാണു വിമര്‍ശനം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഈ പ്രതിസന്ധിയോടു പ്രതികരിക്കുന്നതു പോലെ രൂപാണി പ്രവര്‍ത്തിക്കുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തട്ടകമായ ഗുജറാത്തില്‍ അതിഥി തൊഴിലാളികള്‍ വന്‍പ്രതിഷേധം ഉയര്‍ത്തിയതു നിയന്ത്രിക്കാനും സര്‍ക്കാരിനു കഴിഞ്ഞില്ല. വജ്ര, തുണി വ്യവസായ മേഖലയില്‍ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണു പണിയെടുക്കുന്നത്. ഗുജറാത്തില്‍ കോവിഡ് പ്രതിരോധം പാളിയതില്‍ കേന്ദ്രസര്‍ക്കാരിനു കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രിക്കു പ്രിയപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റി മുതിര്‍ന്ന ചില ഉദ്യോഗ്ഥര്‍ക്കു ചുമതല നല്‍കി ഉദ്യോഗസ്ഥ തലത്തില്‍ നിര്‍ണായക അഴിച്ചുപണിയാണ് കേന്ദ്രം നടത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവിയെയും അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മിഷണര്‍ വിജയ് നെഹ്‌റയെയും ചുമതലയില്‍നിന്ന് ഒഴിവാക്കി. അഡീഷനല്‍ ചീഫ് സെക്രട്ടറി പങ്കജ് കുമാറിനെ ഏകോപന ചുമതല ഏല്‍പ്പിച്ചു. അഹമ്മദാബാദില്‍ നെഹ്‌റയ്ക്കു പകരം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മുകേഷ് കുമാറിനു ചുമതല നല്‍കി.
https://flo.uri.sh/visualisation/2281927/embed?auto=1A Flourish chart
ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ അഹമ്മദാബാദില്‍ ഏര്‍പ്പെടുത്താനാണു തീരുമാനം. പച്ചക്കറി, പലചരക്കു കടകള്‍ ഒരാഴ്ച അടച്ചിടും. റെഡ് സോണുകളില്‍ ബാങ്കുള്‍പ്പെടെ പ്രവര്‍ത്തിക്കില്ല. അടച്ചിട്ട സ്വകാര്യ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കാനും അവിടുത്തെ ഡോക്ടര്‍മാരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിയോഗിക്കാനും തീരുമാനിച്ചു. സാമൂഹിക നിയന്ത്രണം ഉറപ്പാക്കാനായി ഏഴു കമ്പനി കേന്ദ്രസേനയെ നിയോഗിക്കും.
ആഭ്യന്തരമന്ത്രി അമിത് ഷായുമായി അടുപ്പമുള്ള സംസ്ഥാനത്തെ രണ്ടു മന്ത്രിമാരാണ് കാര്യങ്ങള്‍ വഷളാകുന്നെന്ന മുന്നറിയിപ്പു കേന്ദ്രത്തിനു നല്‍കിയത്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. കൂടുതല്‍ ഉദ്യോഗസ്ഥരുടെ തല ഉരുളുമെന്നും റിപ്പോര്‍ട്ടുണ്ട്.
0 Comments