ബത്തേരി∙ സർവജന സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമം തുടങ്ങി. ശീതീകരിച്ച ക്ലാസ്മുറികളും ഇൻഡോർ സ്റ്റേഡിയവും ബാസ്കറ്റ് ബോൾ കോർട്ടും സിന്തറ്റിക് ട്രാക്കും ജിംനേഷ്യവും സ്പോർട്സ് കോംപ്ലക്സും പവലിയനുമൊക്കെയുള്ള സ്കൂൾ. 13.5 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
3 വർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. പാമ്പുകടിയേറ്റ് ഷഹ്‌ല ഷിറിൻ എന്ന അഞ്ചാം ക്ലാസുകാരി മരിച്ചതിന്റെ സങ്കടം മാറ്റും വിധം സംസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നാക്കുകയെന്നതാണ് അണിയറക്കാരുടെ സ്വപ്നം.
ഹൈസ്കൂൾ കെട്ടിടത്തിന് 5 കോടി
ഹൈസ്കൂൾ കെട്ടിടത്തിന് മാത്രം 5 കോടിയാണ് നീക്കി വച്ചത്. ഗെയ്റ്റ് കടന്ന് ചെന്നാൽ ഹൈസ്കൂൾ കെട്ടിടം അടങ്ങിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കാണ് ഉണ്ടാവുക. 12 ക്ലാസ്മുറികൾ ഇവിടെ ഉണ്ടാകും. ഹൈസ്കൂളിനും വിഎച്ച്എസ്ഇക്കും ഇടയിൽ നിലവിലുള്ള കെട്ടിടം നവീകരിച്ച് വിശാലമായ ലൈബ്രറി സജ്ജമാക്കും.
പിന്നിലുള്ള രണ്ടു കെട്ടിടങ്ങളും പൊളിച്ച് സ്കൂൾ മൈതാനം വിശാലമാക്കും. സിന്തറ്റിക് ട്രാക്കും സ്പോർട്സ് കോംപ്ലക്സും ഒരുക്കും. നിലവിലുള്ള ഓഡിറ്റോറിയത്തിന് സമീപം ഊട്ടുശാല, അടുക്കള എന്നിവ ആധുനിക രീതിയിൽ സജ്ജീകരിക്കും.‘ഗ്രീൻ ആൻഡ് ഫ്രൂട്ട് ക്യാംപസ്’ എന്ന ആശയത്തിലൂന്നിയാണ് നിർമാണം.
നിലവിൽ അനുവദിച്ചത് 7 കോടി
നിലവിൽ 7 കോടി രൂപ സ്കൂളിനായി അനുവദിച്ചിട്ടുണ്ട്. അതിൽ 1.16 കോടി രൂപയുടെ വിഎച്ച്എസ്ഇ കെട്ടിടം പൂർത്തിയായി. മൂന്നു കോടിയുടെ ഭരണാനുമതിയായി. സാങ്കേതിക അനുമതിക്കുള്ള കാത്തിരിപ്പിലാണ്. കിഫ്ബി വഴി 1 കോടി രൂപയും വിദ്യാഭ്യാസ വകുപ്പ് 2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
നഗരസഭ ഇപ്പോൾ 16 ലക്ഷം അനുവദിച്ചു. ഇനി ആവശ്യമുള്ള ആറര കോടിയോളം രൂപ എംപി ഫണ്ട് അടക്കമുള്ളവയിൽ നിന്നു സ്വരൂപിക്കാനാണ് നീക്കം. പുതിയ പദ്ധതി സമർപ്പിക്കുന്നതോടെ സംസ്ഥാന സർക്കാരും കൂടുതൽ തുക അനുവദിച്ചേക്കും.
ജയ്പുർ കൊട്ടാര മാതൃകയിൽ ഇടനാഴികൾ
തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ ബി.ആർക് ഡിപ്പാർട്മെന്റാണ് സൗജന്യമായി സ്കൂളിന്റെ മാസ്റ്റർ പ്ലാൻ തയാറാക്കിയത്. ജയ്പുർ കൊട്ടാരത്തിലെ ഇടനാഴികളെ അനുസ്മരിപ്പിക്കും വിധം എല്ലാ കെട്ടിടങ്ങളെയും ബന്ധിപ്പിക്കുന്ന കോറിഡോറുകളാണ് സജ്ജമാക്കുന്നത്. സ്കൂളിനുള്ളിൽ പുൽത്തകിടികളും ചെറു ജലാശയങ്ങളുമൊക്കെ ഉണ്ടാകും.
വിഎച്ച്എസ്ഇ കെട്ടിട ഉദ്ഘാടനം ഇന്ന്
∙ സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന്റ ഉദ്ഘാടനം ഇന്ന് 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മന്ത്രി തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം നടത്തും. യോഗത്തിൽ നഗരസഭാ അധ്യക്ഷൻ ടി. കെ.രമേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ. സഹദേവൻ, ടോം ജോസ്, പ്രിൻസിപ്പൽ പി.എ.അബ്ദുൽ നാസർ, പിടിഎ പ്രസിഡന്റ് അസീസ് മാടാല, എൻ.സി. ജോർജ് കൗൺസിൽ ജംഷീർ അലി, പി. ആർ. അജേഷ് കെ.എം, ബഷീർ എന്നിവർ പ്രസംഗിച്ചു
0 Comments