വാളയാർ പീഡന കേസിൽ തുടരന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അടിയന്തിരമായി പരിഗണിക്കാൻ തീരുമാനിച്ചത് സര്‍ക്കാരിന്റെ പ്രത്യേക ഹര്‍ജിയില്‍. കേസ് നവംബര്‍ 9 ന് വാദം കേള്‍ക്കാനായി മാറ്റിയിരിക്കുകയാണ്. വിചാരണ കോടതി വിട്ടയച്ച പ്രതികളെ വീണ്ടും അറസ്റ്റു ചെയ്യുക എന്ന അത്യപൂര്‍വ്വ ഉത്തരവും സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഹൈക്കോടതിയില്‍ നിന്നുണ്ടായിരുന്നു.അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായി എന്ന് സര്‍ക്കാര്‍ തന്നെ കോടതിയില്‍ നിലപാടെടുത്തിരിക്കെയാണ് വാളയാര്‍ പ്രശ്നം മുന്‍നിര്‍ത്തി ചില സംഘടനകള്‍ സര്‍ക്കാരിനെതിരെ പ്രചാരണം സംഘടിപ്പിക്കുന്നത്.പ്രതികളെ വിട്ടയച്ച വിചാരണ കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് തുടരന്വേഷണവും പുനര്‍ വിചാരണയും ആവശ്യപ്പെട്ടിട്ടുള്ളത്. അപ്പീൽ സമർപ്പിക്കാൻ സർക്കാർ ഹൈക്കോടതിയിൽ സ്‌പെഷ്യൽ ഗവ. പ്ലീഡറായ നിക്കോളാസ് ജോസഫിന് പ്രത്യേക ചുമതല നൽകുകയായിന്നു.വിചാരണ കോടതി വിട്ടയച്ച 4 പ്രതികളെയും അറസ്റ്റ് ചെയ്യാൻ പ്രത്യേക ഹർജിയിൽ ഡിവിഷൻ ബഞ്ച് ഉത്തരവിടുകയും ചെയ്തു. ഉത്തരവുണ്ടായ ദിവസം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ ഒരു കേസില്‍ വിചാരണ കോടതി വിട്ടയച്ച പ്രതികളെ വീണ്ടും അറസ്‌റ്റ്‌ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ്‌ അത്യപൂർവമാണ്.വിചാരണ കോടതിയിലെ കേസ് നടത്തിപ്പ് സംബന്ധിച്ച വീഴ്ചകൾ വിലയിരുത്തി അവിടുത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നീക്കിയിരുന്നു. കേസിൽ പുനർവിചാരണയും തുടരന്വേഷണവും എന്നാണു സര്‍ക്കാര്‍ ആവശ്യം. കുട്ടികളുടെ അമ്മയുടെ ഹര്‍ജിയും ഹൈക്കോടതിയിലുണ്ട്. അതില്‍ പുനർവിചാരണയും സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനവും മാത്രമാണ് ആവശ്യപ്പെടുന്നത്.ഹൈക്കോടതിയിൽ 2014ലെ ക്രിമിനൽ കേസുകളിലാണ് ഇപ്പോള്‍ അന്തിമവാദം നടക്കുന്നത്. ആ നിലയ്ക്ക് വാളയാര്‍ കേസ് പരിഗണിയ്ക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും എന്നതായിരുന്നു സ്ഥിതി. ഇത് കണക്കിലെടുത്ത് കേസിൽ അടിയന്തിര പരിഗണന വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടുകയായിരുന്നു. സർക്കാരിന്റെ ഈ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് നവംബർ 9 ന് കേസിൽ അന്തിമവാദം കേൾക്കാൻ ജസ്റ്റീസ് മാരായ എ ഹരിപ്രസാദ് എം.ആർ.അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് തീരുമാനിച്ചത്. വിചാരണ കോടതിയിലെ രേഖകൾ പ്രത്യേക ദൂതൻ മുഖേന എത്തിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.വിചാരണ കോടതിയുടെ വീഴ്‌ചകളും സർക്കാർ ഡിവിഷൻ ബഞ്ചിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗ്രാമപ്രദേശത്തു നിന്നു എത്തിയ സാക്ഷികൾ നൽകിയ മൊഴികളിൽ പോരായ്‌മ ഉണ്ടെങ്കിൽ വിചാരണ കോടതി ഫലപ്രദമായ ഇടപെടൽ നടത്തണമായിരുന്നുവെന്ന് സുപ്രീം കോടതി വിധിന്യായങ്ങൾ ഉദ്ധരിച്ച് സർക്കാർ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ അടിത്തട്ടിൽ നിന്നുള്ള ആളുകൾ ഉൾപ്പെടുന്ന കേസുകളിൽ വിചാരണ കോടതി മൂകസാക്ഷിയായി ഇരിക്കാൻ പാടില്ലന്ന സുപ്രീം കോടതി വിധിയും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.കേസിൽ വിചാരണ നേരിട്ട 4 പ്രതികളെയാണ് വിചാരണ കോടതി വിട്ടയച്ചത്. പ്രതിസ്ഥാനത്തുള്ള മൈനർക്കെതിരായ നടപടികൾ ജുവനൈൽ കോടതിയുടെ പരിഗണനയിലാണ്.ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത് കൂടാതെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ, കേസ്‌ ആദ്യം അന്വേഷിച്ച എസ്‌ഐക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കുടുംബത്തിന്‌ ആശ്വാസമായി നഷ്‌ട‌പരിഹാരം നൽകി വീട്‌ നിർമാണം പൂർത്തിയാക്കി. വിധി വന്നശേഷം പൊലീസിന്റെ വീഴ്‌ച കണ്ടെത്താൻ അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു. കൂടാതെ ശിശുക്ഷേമസമിതി (സിഡബ്ല്യുസി) ജില്ലാ ചെയർമാനെതിരെ നടപടിയെടുത്തു. കേസ്‌ അന്വേഷണത്തിലെ വീഴ്ച കണ്ടെത്താൻ ജുഡീഷ്യൽ കമീഷനെയും നിയമിച്ചു.ഈ വസ്തുതകളെല്ലാം ഒളിപ്പിച്ചാണ് ചില സംഘടനകളും മാധ്യമങ്ങളും ചേര്‍ന്ന്‍ സര്‍ക്കാരിനെതിരെ വ്യാജ പ്രചരണം നടത്തുന്നത്.

https://www.deshabhimani.com/news/kerala/walayar-minor-sisters-rape-case/903294

#walayar-rape-case


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *