സർക്കാർ കടമെടുത്ത് സ്‌കൂൾ ഉണ്ടാക്കിയാൽ, കിഫ്‌ബി വഴി ആശുപത്രി നിർമിച്ചാൽ, അവിടെ വലിയ ഫീസ് മേടിക്കാതെ കുട്ടികളെ പഠിപ്പിക്കുകയോ രോഗിയെ ചികിത്സിക്കുകയോ ചെയ്താൽ പിന്നെ എങ്ങനെയാണ് ഈ കടമൊക്ക കൊടുത്തുതീർക്കുന്നതെന്ന് തോന്നാം?.
യുഎൻ ദുരന്തനിവാരണ വിഭാഗം തലവൻമുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്:
വ്യക്തിപരമായി ചിന്തിക്കുമ്പോൾ “കടം’എന്നത് മോശം കാര്യമായിട്ടാണ് നമ്മൾ പൊതുവെ കരുതുക. അതുകൊണ്ടുതന്നെ സർക്കാരിന്റെ കടം കൂടുന്നുവെന്ന് കേൾക്കുമ്പോൾ നമുക്ക് അത് കുഴപ്പമാണെന്ന് തോന്നും. കടം കൂട്ടിക്കൊണ്ടുവരുന്ന മന്ത്രിമാർ മോശക്കാരാണെന്ന് തോന്നും.
പക്ഷേ, ഇക്കണോമിക്‌സിൽ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. 100 രൂപ വരുമാനമുള്ളപ്പോൾ 110 രൂപ ചെലവാക്കാൻ ധൈര്യം കാണിക്കുന്ന മന്ത്രി, 100 രൂപ വരുമാനമുള്ളപ്പോൾ 90 രൂപ ചെലവാക്കുന്ന മന്ത്രിയേക്കാൾ മിടുക്കനാണ്.
അതുകൊണ്ടാണ് സർക്കാർ സംവിധാനങ്ങളിൽ പണത്തിന് ബുദ്ധിമുട്ടും പരിമിതികളും ഉള്ളപ്പോൾ കിഫ്‌ബിയെന്ന സംവിധാനമുണ്ടാക്കി അതിനെ ഇത്രമാത്രം ക്രിയാത്മകമായി ഉപയോഗിക്കാൻ ധൈര്യം കാണിച്ച മന്ത്രി മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാകുന്നത്.
കാരണം ഇന്ന് നമ്മൾ ചെലവാക്കുന്ന പണമാണ് നാളെ നമ്മുടെ വികസനത്തിന് അടിത്തറയിടുന്നത്. നാളത്തെ സമ്പദ്‌വ്യവസ്ഥയാണ് ഇന്നത്തെ കടവും പലിശയും തിരിച്ചുകൊടുക്കുക.
അപ്പോൾ നമ്മൾ കടം എടുക്കുന്നുണ്ടോ എന്നതല്ല പ്രധാനം, കടമെടുത്താൽ നാളെ അത് തിരിച്ചുകൊടുക്കാൻ പാകത്തിന് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ വളർത്തുന്നുണ്ടോ എന്നതാണ്. സർക്കാർ കടമെടുത്ത് സ്‌കൂൾ ഉണ്ടാക്കിയാൽ, കിഫ്‌ബി വഴി ആശുപത്രി നിർമിച്ചാൽ, അവിടെ വലിയ ഫീസ് മേടിക്കാതെ കുട്ടികളെ പഠിപ്പിക്കുകയോ രോഗിയെ ചികിത്സിക്കുകയോ ചെയ്താൽ പിന്നെ എങ്ങനെയാണ് ഈ കടമൊക്ക കൊടുത്തുതീർക്കുന്നതെന്ന് തോന്നാം?.
പക്ഷേ, സർക്കാരിന് അതിന്റെ ആവശ്യമില്ല. മൊത്തം സമ്പദ്‌വ്യവസ്ഥ വികസിച്ചാൽ മതി.നല്ല റോഡുകൾ ഉണ്ടായാൽ, അത് കേരളത്തിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കും. അല്ലെങ്കിൽ കൂടുതൽ ചരക്കുഗതാഗതമുണ്ടാകും, കൂടുതൽ വാഹനം വരും. കൂടുതൽ പെട്രോൾ അടിക്കും, ടൂറിസ്റ്റുകൾ കൂടുതൽ പണം ഇവിടെ ചെലവാക്കും.
ഇതൊക്കെ സമ്പദ്‌വ്യവസ്ഥയെ പുഷ്ടിപ്പെടുത്തി, അത് കൂടിയ ടാക്സ് വരുമാനമായി സർക്കാരിൽ എത്തും. അങ്ങനെ 10 നിക്ഷേപിച്ചാൽ പന്ത്രണ്ടല്ല ഇരുപതായാണ് സർക്കാർ സംവിധാനങ്ങളിൽ വികസനത്തിന്റെ ഫലം ഉണ്ടാകുന്നത്.
സുസ്ഥിരമായ വികസനത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നത് ആരോഗ്യമുള്ള ഒരു ജനതയാണ്. പൊതുജനാരോഗ്യത്തിലെ നിക്ഷേപം ലോകത്തെവിടെയും ഒന്നിനു പത്തായിട്ടാണ് സമൂഹങ്ങൾക്ക് മടക്കിക്കിട്ടിയിട്ടുള്ളത്. ഈ കൊറോണക്കാലത്തെ ലോകം സൂക്ഷിച്ചുനോക്കിയിട്ടുള്ളവർക്ക് അക്കാര്യം മനസ്സിലാകും.
ഒരു സമൂഹത്തിലെ പുതിയ തലമുറയ്‌ക്ക് വിദ്യാഭ്യാസം നൽകുമ്പോഴാണ് അവർ ഹ്യൂമൻ റിസോഴ്‌സ് ആകുന്നത്. ലോകത്തെവിടെയും മലയാളികൾക്ക് ജോലി ചെയ്യാൻ സാധിക്കുന്നത് അവർ മലയാളികൾ ആയതുകൊണ്ടല്ല, അവർക്ക് വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളതുകൊണ്ടാണ്. കൂടുതൽ വിദ്യാഭ്യാസയോഗ്യത ഉളളവർക്ക് നാട്ടിലും മറുനാട്ടിലും കൂടുതൽ വേതനമുള്ള ജോലികൾ ലഭിക്കും. കൂടുതൽ വരുമാനമുള്ള മലയാളികൾ വിദേശത്താണെങ്കിൽ പോലും, നാട്ടിൽ പണം ചെലവാക്കും, ആ പണത്തിന്റെ ഒരു പങ്ക് നികുതിയായി സർക്കാരിന് ലഭിക്കും.
നമ്മുടെ അടുത്ത തലമുറയെ വിശ്വസിച്ച് അവരുടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും മുതൽമുടക്കി അത് കൂടുതൽ ശോഭനമായ ഭാവിയും ശക്തമായ സമ്പദ്‌വ്യവസ്ഥയും ഉണ്ടാക്കും, അന്ന് ഇന്നത്തെ കടങ്ങൾ അവർ മുതലും പലിശയും ഉൾപ്പെടെ തിരിച്ചടച്ചുകൊള്ളുമെന്ന് പറയുമ്പോൾ അതൊരു “വിഷൻ” ആണ്. അത്തരം “വിഷൻ’ ആണ് നാം നല്ല നേതൃത്വത്തിൽനിന്നും പ്രതീക്ഷിക്കേണ്ടത്.
0 Comments