കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ആര്‍എസ്എസ് നടത്തുന്ന കപടപ്രചരണങ്ങള്‍ക്ക് മറുപടി

എന്തുകൊണ്ട് താഷ്കന്റില്‍?
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപംകൊണ്ടത് താഷ്കന്റിലായത് എന്തുകൊണ്ടാണെന്നാണല്ലോ ആര്‍.എസ്.എസുകാരന്റെ വാമനബുദ്ധി ചോദിക്കുന്നത്. ദേശീയ സങ്കുചിതത്വത്തിന്റെ പ്രത്യയശാസ്ത്രത്തെ പുല്‍കികഴിയുന്നവര്‍ ജന്മനാ ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്തവരാണ് തങ്ങളെന്ന ലജ്ജാകരമായ ചരിത്രത്തെ മറച്ചുപിടിക്കാനാണ് ഇത്തരം കുറുചോദ്യങ്ങള്‍ ചോദിക്കുന്നത്.

1947–വരെ ബ്രിട്ടീഷ് സേവയും 47–നുശേഷം ലോകാധിപത്യത്തിലേക്കുവന്ന അമേരിക്കന്‍ ഭജനയുമാണല്ലോ ആര്‍.എസ്.എസിന്റെ രാഷ്ട്രീയം. സി.ഐ.എക്കുവേണ്ടി ജെ.എ.കറാന്‍ നടത്തിയ മിലിട്ടന്റ് ഹിന്ദുയിസം ഇന്‍ ഇന്ത്യാ എന്ന പഠനം നോക്കുക. ഗോള്‍വാള്‍ക്കര്‍ 1970–ല്‍ ജനസംഘം എം.പിയായിരുന്ന അടല്‍ബിഹാരി വാജ്പേയി വഴി അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനുകൊടുത്തയച്ച കത്ത് കുപ്രസിദ്ധമാണല്ലോ. ലോകമെമ്പാടും യുദ്ധങ്ങളും മരണങ്ങളും വാരിവിതറുന്ന അമേരിക്കന്‍ പ്രസിഡന്റ് ലിണ്‍ടണ്‍ ജോണ്‍സനെ ലോകത്തിന്റെ ധര്‍മ്മസാരഥ്യം എന്നാണ് കത്തിലൂടെ വാഴ്ത്തിയത്.

1920 ജൂലൈ 19 ന് മോസ്ക്കോയില്‍ ചേര്‍ന്ന അന്താരാഷ്ട്ര കമ്യൂണിസ്റ്റ് സമ്മേളനത്തില്‍ ലെനിനൊപ്പം എം എന്‍ റോയ് (മധ്യത്തില്‍ മുന്‍നിരയില്‍ ഉയരമുള്ളയാള്‍). ലെനിനു തൊട്ടുപിന്നില്‍ വിഖ്യാത എഴുത്തുകാരന്‍ മാക്സിം ഗോര്‍ക്കി. ഈ യോഗത്തിനുശേഷം മൂന്നുമാസത്തിനുള്ളില്‍ 1920 ഒക്ടോബര്‍ 17നാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി താഷ്ക്കെന്റില്‍ എം എന്‍ റോയിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടത്.

1920 ജൂലൈ 19 ന് മോസ്ക്കോയില്‍ ചേര്‍ന്ന അന്താരാഷ്ട്ര കമ്യൂണിസ്റ്റ് സമ്മേളനത്തില്‍ ലെനിനൊപ്പം എം എന്‍ റോയ് (മധ്യത്തില്‍ മുന്‍നിരയില്‍ ഉയരമുള്ളയാള്‍). ലെനിനു തൊട്ടുപിന്നില്‍ വിഖ്യാത എഴുത്തുകാരന്‍ മാക്സിം ഗോര്‍ക്കി. ഈ യോഗത്തിനുശേഷം മൂന്നുമാസത്തിനുള്ളില്‍ 1920 ഒക്ടോബര്‍ 17നാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി താഷ്ക്കെന്റില്‍ എം എന്‍ റോയിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടത്.

ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ തീജ്ജ്വാലകള്‍ സൃഷ്ടിച്ച ഗദര്‍പാര്‍ടി ഉള്‍പ്പെടെയുള്ള വിപ്ളവസംഘടനകളുടെ അംഗങ്ങളാണ് ഏഷ്യയിലെ തൊഴിലാളി വര്‍ഗ വിപ്ളവകാരികള്‍ക്ക് മാര്‍ക്സിസം ലെനിനിസത്തില്‍ പഠനം നടത്താനായി സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപിച്ച താഷ്കന്റിലെ വര്‍ക്കേഴ്സ് യൂണിവേഴ്സിറ്റിയില്‍ പോയത്. അവര്‍ അവിടെവെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രഥമ ഘടകത്തിന് രൂപം നല്‍കുകയും ചെയ്തു. കോളണി രാജ്യങ്ങളിലെ വിമോചന സമരത്തിന് സോവിയറ്റ് യൂണിയന്‍ നല്‍കിപോന്ന സഹായങ്ങള്‍ മതരാഷ്ട്രവാദത്തിന്റെ അന്ധകൂപങ്ങളില്‍പെട്ടുപോയ ആര്‍.എസ്.എസുകാര്‍ക്ക് അറിയാനാവില്ലല്ലോ. ചരിത്രം പഠിക്കുകയാണ് വേണ്ടത്. അല്ലാതെ ചരിത്രത്തെ വളച്ചൊടിച്ച് കമ്യൂണിസ്റ്റുകാരെയും ആക്ഷേപിക്കുകയല്ല. ചരിത്രം പഠിച്ചാല്‍ രാജ്യദ്രോഹികളാരാണെന്ന് സ്വയം മനസ്സിലാകും. സ്വന്തം മുഖം വിരൂപമായതുകൊണ്ട് കണ്ണാടി തല്ലിപ്പൊളിക്കുകയാണല്ലോ നിങ്ങളിപ്പോള്‍.

ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ചെയ്തത്

ക്വിറ്റ് ഇന്ത്യാ സമരത്തില്‍ കമ്യൂണിസ്റ്റുകാര്‍ പങ്കെടുത്തില്ല ബ്രിട്ടീഷുകാരെ സഹായിച്ചു എന്നാക്ഷേപിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അന്നത്തെ സാര്‍വദേശീയ സാഹചര്യത്തില്‍ ഹിറ്റ്ലറുടേയും മുസ്സോളിനിയുടെയും ഫാസിസ്റ്റ് യുദ്ധത്തെ പ്രതിരോധിക്കാന്‍ ജനാധിപത്യശക്തികളാകെ ഒന്നിച്ചുനില്‍ക്കുന്ന ഘട്ടത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനം നടത്തുന്നത്. ഫാസിസ്റ്റ് പക്ഷത്തായിരുന്ന ആര്‍.എസ്.എസിന് ഇതൊന്നും ചിന്തിക്കേണ്ട പ്രശ്നവുമല്ലല്ലോ. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടവും ഇന്ത്യന്‍ ജനതയുടെ ദേശീയ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള സമരവും ഒന്നിച്ചുകൊണ്ടുപോകാനാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി അന്ന് ശ്രമിച്ചത്. ആ ദിശയിലൊരു രാഷ്ട്രീയ സമീപനമാണ് കമ്യൂണിസ്റ്റ് പാര്‍ടി സ്വീകരിച്ചത്. ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തില്‍ കമ്യൂണിസ്റ്റുകാര്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ പങ്കെടുത്തുവെന്നതാണ് ചരിത്രയാഥാര്‍ത്ഥ്യം. അക്കാലത്ത് ഒരു ലക്ഷം അംഗങ്ങള്‍ ഉണ്ടായിരുന്ന ആര്‍.എസ്.എസിന്റെ ഒരംഗംപോലും ബ്രിട്ടീഷ് വിരുദ്ധ ക്വിറ്റ് ഇന്ത്യാ സമരങ്ങളില്‍ എവിടെയും പങ്കെടുത്തതായറിയില്ല.

25000–ഓളം സ്വാതന്ത്യ്ര സമര സേനാനികള്‍ അക്കാലത്ത് ബ്രിട്ടീഷ് ജയിലുകളിലുണ്ടായിരുന്നു എന്നാണ് ഔദ്യോഗിക കണക്ക്. അതില്‍ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും കോണ്‍ഗ്രസുകാരുമുണ്ടായിരുന്നു. എന്നാല്‍ ഒരു ലക്ഷം അംഗബലമുള്ള ആര്‍.എസ്.എസില്‍ നിന്ന് ഒരാള്‍ പോലും ജയിലില്‍ പോയില്ല. അക്കാലത്ത് പട്ടാള വെടിവെപ്പില്‍ ഔദ്യോഗിക കണക്കുപ്രകാരം 1060 പേരാണ് മരണമടഞ്ഞത്. അതില്‍ ഒരാള്‍പോലും ആര്‍.എസ്.എസുമായി ബന്ധപ്പെട്ടവര്‍ ഉണ്ടായിരുന്നില്ല. അക്കാലഘട്ടത്തിലാണ് തലശ്ശേരി കടപ്പുറത്ത് കമ്യൂണിസ്റ്റുകാരായ അബുവും ചാത്തുക്കുട്ടിയും ബ്രിട്ടീഷ് പോലീസിന്റെ വെടിയുണ്ടകളേറ്റുവാങ്ങി രക്തസാക്ഷികളായത്. കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകാരും നിയമസഭാ പദവികള്‍ ബഹിഷ്കരിച്ചപ്പോള്‍ ആര്‍.എസ്.എസുകാരായ ശ്യാമപ്രസാദ് മുഖര്‍ജിയെപോലുള്ളവര്‍ ബ്രിട്ടനോട് കൂറ് പ്രഖ്യാപിച്ച് ഔദ്യോഗിക പദവികളില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നല്ലോ.

1948 ഫെബ്രുവരി അഞ്ചിന്റെ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ നിന്ന്

1948 ഫെബ്രുവരി അഞ്ചിന്റെ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ നിന്ന്

ഗാന്ധിവധം
1947–നുശേഷം ഹിന്ദുമുസ്ളീം വര്‍ഗീയത സൃഷ്ടിച്ച നിങ്ങള്‍ വിഭജനത്തിന്റെ മറവില കൂട്ടക്കൊലകള്‍ നടത്തിയവരാണ്. ഹിന്ദുമുസ്ളീം മൈത്രിക്കുവേണ്ടി വാദിച്ചതുകൊണ്ടാണല്ലോ ഗാന്ധിയെ വധിച്ചത്. ഗാന്ധിവധത്തില്‍ നിങ്ങള്‍ക്കുള്ള പങ്ക് മറച്ചുവെക്കാന്‍ ഒതളങ്ങാ വര്‍ത്തമാനങ്ങള്‍ ആവര്‍ത്തിക്കുകയാണല്ലോ നിങ്ങളിപ്പോഴും. നാഥുറാം വിനായക് ഗോഡ്സേയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെ തന്നെ നാഥുറാമിന് ആര്‍.എസ്.എസുമായുള്ള ബന്ധം അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. തുഗ്ളക്ക് പോലീസ് സ്റ്റേഷനിലെ കേസ് ഡയറി, ജസ്റ്റിസ് ജീവന്‍ലാല്‍ കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എല്ലാം ഹിന്ദുമഹാസഭയ്ക്കും ആര്‍.എസ്.എസിനും ഗാന്ധിവധത്തിലുള്ള പങ്ക് അസന്നിഗ്ധമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പാകിസ്ഥാന്‍ വാദം
ജിന്നയുടെയും സര്‍വര്‍ക്കറുടെയും മതരാഷ്ട്രവാദത്തെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തുപോന്ന ചരിത്രമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ക്കുള്ളത്. ഭാഷാ ദേശീയതകളുമായി ബന്ധപ്പെട്ട ഫെഡറല്‍ ഘടനയെ സംബന്ധിച്ചും സ്വയംഭരണാധികാരത്തെ സംബന്ധിച്ചുമുള്ള കമ്യൂണിസ്റ്റ് പാര്‍ടി വിശകലനങ്ങള്‍ മനസ്സിലാക്കാത്തവരാണ് പാകിസ്ഥാന്‍ വാദത്തെ കമ്യൂണിസ്റ്റുകാര്‍ പിന്തുണച്ചു എന്നാക്ഷേപിക്കുന്നത്. ഹിന്ദുമുസ്ളീം ഐക്യം കൂടാതെ സ്വരാജ് ഇല്ലെന്ന നിലപാടിനെ എതിര്‍ത്തുകൊണ്ട് ഗോള്‍വാള്‍ക്കര്‍ 1946–ല്‍ പറഞ്ഞത് ഹിന്ദുക്കളും മുസ്ളീങ്ങളും രണ്ട് രാഷ്ട്രങ്ങള്‍ ആണെന്നാണല്ലോ. നിങ്ങളെന്നെങ്കിലും ഇന്ത്യയെ അംഗീകരിച്ചിട്ടുണ്ടോ? ആദ്യം ഹിന്ദു പിന്നെ ഇന്ത്യ എന്നതായിരുന്നല്ലോ നിങ്ങളുടെ നിലപാട്.

ചൈനീസ് യുദ്ധം
ബ്രിട്ടീഷ് സര്‍വേയറായിരുന്ന മക്മോഹന്റെ നേതൃത്വത്തില്‍ കൊളോണിയല്‍ കാലത്ത് നടന്ന സര്‍വേ പ്രകാരം അടയാളപ്പെടുത്തപ്പെട്ട അതിര്‍ത്തി സംബന്ധിച്ച തര്‍ക്കമാണ് ഇന്ത്യാ ചൈന യുദ്ധത്തിന് കാരണമായത്. കമ്യണിസ്റ്റുപാര്‍ടി അന്നും ഇന്നും എടുക്കുന്ന നിലപാട് ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ്. പില്‍ക്കാലത്ത് അത് ശരിവെക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

കാശ്മീര്‍ പ്രശ്നം
കാശ്മീര്‍ അടക്കമുള്ള നാട്ടുരാജ്യങ്ങളുടെ ഇന്ത്യാ യൂണിയനിലേക്കുള്ള സംയോജനത്തെ എതിര്‍ത്ത ചരിത്രമാണ് ആര്‍.എസ്.എസിനുള്ളത്. കാശ്മീരിലെ ദോഗ്ര രാജാവിന്റെ സ്വതന്ത്ര കാശ്മീര്‍ വാദത്തിന്റെ കൂടെയായിരുന്നു ആര്‍എസ്എസും ഹിന്ദുമഹാസഭയും. കൊളോണിയല്‍ താല്പര്യങ്ങളും അമേരിക്കയുടെ ഏഷ്യന്‍ അധിനിവേശ തന്ത്രങ്ങളുമാണ് കാശ്മീര്‍ പ്രശ്നത്തെ സൃഷ്ടിച്ചതും അപരിഹാര്യമായി നിലനിര്‍ത്തുന്നതും. രാഷ്ട്രീയമായ പരിഹാരമാണ് കാശ്മീര്‍ ആവശ്യപ്പെടുന്നത്. പത്താന്‍കോട്ട്–ഉറി സംഭവങ്ങള്‍ നിങ്ങളുടെ രാജ്യരക്ഷാനയത്തിന്റെ മാപ്പര്‍ഹിക്കാത്ത പാളിച്ചകളാണ്. കാശ്മീരിനെ മുന്‍നിര്‍ത്തി യുദ്ധോത്സുകത വളര്‍ത്തുന്ന നിങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയല്ലേ രാജ്യമറിയാതെ നവാസ്ഷെരീഫിന്റെ വീട്ടില്‍ കല്യാണ സല്‍ക്കാരത്തില്‍ പങ്കെടുത്തത്. നിങ്ങളുടെ പാകിസ്ഥാന്‍ വിരോധവും നവാസിന്റെ ഇന്ത്യാ വിരോധവും രണ്ട് രാജ്യങ്ങളിലെയും ജനങ്ങളെ കബളിപ്പിച്ച് അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് പാദസേവ ചെയ്യുന്നതല്ലേ.

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസിലെയും മലെഗാവ് സ്ഫോടന കേസിലേയും പ്രതികളുടെ പടവുമായി പ്രകടനം നടത്തുന്ന  സനാതന്‍ സംസ്ഥ പ്രവര്‍ത്തകര്‍

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസിലെയും മലെഗാവ് സ്ഫോടന കേസിലേയും പ്രതികളുടെ പടവുമായി പ്രകടനം നടത്തുന്ന സനാതന്‍ സംസ്ഥ പ്രവര്‍ത്തകര്‍

ആര്‍എസ്എസ് ഭീകരവാദം
ആര്‍എസ്എസും പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയ്ബയും ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍പോലുള്ള ഭീകരവാദികളും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രസമൂഹങ്ങളെ അസ്ഥിരീകരിക്കുന്നവരാണ്. ഇവരെയെല്ലാം ജനാധിപത്യത്തിന്റെയും മാനവികതയുടേയും ശത്രുക്കളായാണ് കമ്യൂണിസ്റ്റുകാര്‍ കാണുന്നത്. മുംബൈയില്‍ ഭീകരാക്രമണം നടത്തിയ അജ്‌മല്‍ കസബും, കല്‍ബര്‍ഗിയെയും ഗോവിന്ദപന്‍സാരയും ദാല്‍ബോല്‍ക്കറെയും വധിച്ച സനാതന്‍ സംസ്ഥയുടെ ചാവേറുകളെയും കമ്യൂണിസ്റ്റുകാര്‍ ഒരേപോലെയാണ് കാണുന്നത്. സനാതന്‍ സംസ്ഥ ഇന്ത്യയില്‍ നടന്നിട്ടുള്ള നിരവധി സ്ഫോടനകേസുകളില്‍ പ്രതിസ്ഥാനത്താണ്. എന്‍.ഐ.എ അന്വേഷണം നടത്തുന്ന കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും പലകേസുകളിലും ആര്‍.എസ്.എസിന്റെ സനാതന്‍ സംസ്ഥയാണ് പ്രതിസ്ഥാനത്ത്.

ആര്‍എസ്എസ് ഭരണഘടനയെയും എതിര്‍ത്തവര്‍
ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ട സമയത്ത് മനുവിന്റെ നീതിശാസ്ത്രം അടിസ്ഥാനമാക്കാത്ത ഒരു ഭരണഘടനയും തങ്ങള്‍ക്ക് ബാധകമല്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചതും ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറാണല്ലോ. ഭരണഘടനയുടെ മതനിരപേക്ഷ വ്യവസ്ഥയെ പരസ്യമായി ചോദ്യം ചെയ്യുന്ന നിങ്ങള്‍ ഭരണഘടനയിലെ സംവരണമടക്കമുള്ള ജനാധിപത്യ അവകാശങ്ങള്‍ എടുത്തുകളയണമെന്ന് വാദിക്കുന്ന നിങ്ങള്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്കുനേരെ ഉറഞ്ഞുതുള്ളുന്ന നിങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ സാമൂഹ്യദര്‍ശനങ്ങളെ എന്നും തള്ളിപ്പറഞ്ഞിട്ടുള്ള നിങ്ങള്‍ കടുത്ത മനുവാദികളല്ലേ.

https://www.deshabhimani.com/articles/what-rss-did-during-freedom-struggle/598443


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *