1921ലെ മലബാർ കലാപം കഴിഞ്ഞ് നൂറുവർഷമാകുന്നു. മലബാർ കലാപത്തിന്റെ 25‐ാം വാർഷികത്തിൽ 1946 ആഗസ്‌ത് 20ന് ദേശാഭിമാനിയിൽ സ. ഇ എം എസ് എഴുതിയ ‘1921ന്റെ ആഹ്വാനവും താക്കീതും’ എന്ന ലേഖനം ഇപ്പോഴും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഈ ലേഖനത്തിൻ്റെ പേരിൽ ബ്രിട്ടീഷ് ഭരണകൂടം ദേശാഭിമാനിക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. സ. ഇ എം എസ് എഴുതിയ ലേഖനത്തിൻ്റെ പൂർണരൂപം വായിക്കുക.
1921ന്റെ ആഹ്വാനവും താക്കീതും
1921 ആഗസ്ത് 20 നാണ് “മാപ്പിളലഹള’യെന്ന പേരിലറിയപ്പെടുന്നതും അതിനുമുമ്പോ പിമ്പോ കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലാത്തത്ര വമ്പിച്ചതുമായ സാമ്രാജ്യവിരോധസമരം തിരൂരങ്ങാടിയിലും പരിസരപ്രദേശങ്ങളിലുംവെച്ചു തുടങ്ങിയത്. നിരക്ഷരരും നിരായുധരുമായ സാധുകൃഷിക്കാർക്കുപോലും വമ്പിച്ച സന്നാഹങ്ങളോടുകൂടിയ സാമ്രാജ്യാധിപത്യത്തെ ആയുധമെടുത്തെതിർക്കാൻ കഴിയുമെന്നു കാണിച്ച ആ ധീരസമരത്തിന്റെ പാവന സ്മരണയെ ഒന്നുകൂടി പുതുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ഈ അവസരം ഉപയോഗിക്കുന്നു.
കോൺഗ്രസ്സിന്റെയും ഖിലാഫത്ത് കമ്മിറ്റിയുടെയും സമരസന്ദേശം കേട്ട് ‘ചെകുത്താൻഭരണ’ത്തെ എതിർക്കാൻ മുന്നോട്ടുവന്ന പതിനായിരക്കണക്കിലുള്ള ധീരരായ മാപ്പിളമാരുടെ അന്നത്തെ ശൗര്യത്തെയും പാർട്ടി അകംനിറഞ്ഞ അഭിമാനത്തോടുകൂടി അനുസ്മരിക്കുന്നു.
വെള്ളപ്പട്ടാളത്തിന്റെയും ഗൂർഖാപട്ടാളത്തിന്റെയും തോക്കിന് മാറു കാണിച്ചവരും ആ പട്ടാളങ്ങളുടെ പൈശാചിക നടപടികൾക്കെതിരായി മൂന്നുനാലു മാസക്കാലത്തോളം പോരാടിയവരും, “പൂക്കോട്ടൂർ യുദ്ധ’ മെന്ന പേരിലറിയപ്പെടുന്ന ഒരു സമരത്തിൽ ബ്രിട്ടീഷ് പട്ടാളവുമായി ആയുധമേന്തി സംഘടിതസമരംതന്നെ നടത്തിയവരുമായ മാപ്പിള കൃഷിക്കാരെ പാർട്ടി അഭിവാദ്യം ചെയ്യുന്നു.
സാമ്രാജ്യാധിപത്യത്തിനെതിരായി പടവെട്ടാനൊരുങ്ങുന്നവർക്കെല്ലാം മാതൃകയെന്നോണം മാപ്പിളമാരെ തൂക്കിക്കൊല്ലുകയും ആയിരമായിരം പേരെ ആന്തമാനിലും ജയിലുകളിലുമിട്ട് നരകിപ്പിക്കുകയും എണ്ണമറ്റ മാപ്പിളകുടുംബങ്ങളെ അനാഥമാക്കുകയും ഹിറ്റ്‌ലർ ഫാസിസത്തിന്റെ മൃഗീയതയോടുമാത്രം ഉപമിക്കാവുന്ന ‘വാഗൺട്രാജഡി’ ഏർപ്പാടു ചെയ്യുകയും ചെയ്തു. പ്രകൃതിസുന്ദരമായ മാപ്പിളനാടിനെ മരുഭൂമിയാക്കി മാറ്റിയ സാമ്രാജ്യാധിപത്യത്തിന്റെ മർദകഭരണത്തെ അറ്റമില്ലാത്ത വെറുപ്പോടും ദേഷ്യത്തോടും പകയോടും കൂടി കമ്യൂണിസ്‌റ്റു പാർട്ടി വീക്ഷിക്കുന്നു.
ഇത്ര ധീരമായ സമരം നടത്തിയവരും ഇത്ര പൈശാചികമായ മർദനമനുഭവിച്ചവരുമായ മാപ്പിളമാരെ ‘ഹിംസ’യുടെയും “മതഭ്രാന്തിൻെറയും പേരു പറഞ്ഞാക്ഷേപിക്കുകയും സാമ്രാജ്യമർദനത്തെ എതിർക്കുകയെന്ന കടമയിൽനിന്നൊഴിഞ്ഞുമാറാൻ “അഹിംസ’യെ ഒരൊഴിവുകഴിവായെടുക്കുകയും ചെയ്ത കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഭീരുത്വപൂർവമായ നയത്തെ പാർട്ടി അവജ്ഞയോടുകൂടി അനുസ്മരിക്കുന്നു.
ഇത് മൃഗീയമായ സാമ്രാജ്യമർദനമനുഭവിക്കുന്ന സ്വസമുദായത്തെ അതിൽനിന്നു രക്ഷിക്കാൻ ഒരു ചെറുവിരൽപോലും ഇളക്കാതെ, സാധു മാപ്പിളമാരെ പോലീസിനും പട്ടാളത്തിനും പിടിച്ചുകൊടുത്ത് പണവും പദവിയും നേടിയ മാപ്പിളസമുദായ പ്രമാണികളുടെ രാജ്യദ്രോഹപരവും സമുദായദ്രോഹപരവുമായ പ്രവൃത്തിയെ പാർടി അറപ്പോടുകൂടി ഓർക്കുന്നു.
കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഭീരുത്വത്തെയും മുസ്ലിം പ്രമാണിമാരുടെ രാജ്യദ്രോഹത്തെയും എതിർത്തുകൊണ്ടും മാപ്പിളമാരുടെ വീര ചരിത്രത്തിലഭിമാനം പൂണ്ടുകൊണ്ടും 1921 ന്റെ സമരപാരമ്പര്യം കാണിച്ചവരെ നിലനിർത്തിക്കൊണ്ടും പ്രവർത്തിച്ച പരേതനായ മുഹമ്മദ് അബ്ദു റഹിമാൻ സാഹേബിന്റെ ആവേശകരമായ ജീവിതത്തെക്കുടി ഓർക്കുന്നു. 1921 മാപ്പിളമാരുടെ സ്വകാര്യസ്വത്തല്ല, മലബാറിന്റെ മുഴുവൻ സ്വത്താണ് എന്ന ന്യായത്തിന്മേൽ ‘മാപ്പിളലഹള’യെന്ന പേരിനു പകരം “മലബാർ ലഹള’യെന്ന പേരു വിളിക്കണമെന്നു വാദിച്ച പഴയ കെ പി സി സി പ്രസിഡന്റിന്റെ ആ അഭിപ്രായത്തെ പാർട്ടി ഒരിക്കൽക്കൂടി ശരിവയ്ക്കുന്നു. 25 കൊല്ലം മുമ്പ് കേരളത്തിൽ നടന്ന ആ സാമ്രാജ്യവിരോധസമരത്തിന്റെ ചരിത്രവും പാഠങ്ങളും പഠിക്കാൻ ഓരോ മലയാളിയോടും പാർട്ടി ഈ അവസരത്തിലഭ്യർഥിക്കുന്നു.
1921 ൽ മാപ്പിളലഹളയ്ക്കു കാരണമായതെന്തെല്ലാമാണോ അതെല്ലാം ഇന്നും നിലവിലുണ്ട്. അന്നത്തെപ്പോലെ ഇന്നും ഒരു ഭയങ്കരമായ മഹായുദ്ധം കഴിഞ്ഞിരിക്കുകയാണ്. സാധനങ്ങളുടെ വിലക്കൂടുതലും, സാധനങ്ങൾ തീരെ കിട്ടാനില്ലെന്ന സ്ഥിതിയും മറ്റു ദുരിതങ്ങളും നാട്ടുകാരെ അലട്ടിക്കൊണ്ടിരിക്കുകയാണ്. അന്നത്തെപ്പോലെ ഇന്നും മഹായുദ്ധത്തിനുശേഷമുള്ള രാഷ്ട്രീയബോധം നാട്ടുകാരിൽ മുഴുവൻ അലയടിക്കാൻ തുടങ്ങിയിരിക്കയാണ്. ഇതിന്റെയെല്ലാം ഫലമായി പണിമുടക്കും മറ്റു സമരങ്ങളും എല്ലാ ജനവിഭാഗങ്ങളെയും ഇളക്കിത്തീർത്തിരിക്കയാണ്.
1921 ൽ മലബാറിൽ മാപ്പിളമാരുടെയെന്നപോലെ, ഇന്ത്യയിലെല്ലായിടത്തും എല്ലാ ജനവിഭാഗങ്ങളുടെയും സമരങ്ങൾ നടക്കാൻ പോകുകയാണ്. 1921 ലെ “മാപ്പിളലഹള’യെ എന്നപോലെ, 1946-47ലെ സമരങ്ങളെ ഫാസിസ്റ്റ് മാർഗങ്ങളുപയോഗിച്ച് അടിച്ചമർത്താൻ സാമ്രാജ്യാധിപത്യവും അതിന്റെ കാവൽക്കാരായ നാട്ടുരാജാക്കന്മാരും ഒരുക്കുകൂട്ടിക്കൊണ്ടിരിക്കുകയാണ്. 1921 ലെപ്പോലെ ഇന്നും സാമ്രാജ്യവിരോധസമരത്തെ അഹിംസയുടെയും മറ്റും പേരിൽ എതിർക്കാൻ ദേശീയനേതൃത്വം തയ്യാറായിരിക്കുന്നു.
1921 ലെ എന്നപോലെ ഇന്നും എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങളുടെ ഏകീകൃതസമരം സാമ്രാജ്യാധിപത്യത്തിനെതിരായി നയിക്കുന്നതിനു പകരം ഒരു സമുദായം മറ്റൊരു സമുദായത്തിനെതിരായി പോരാടി ഇരുകൂട്ടരും സാമ്രാജ്യഭക്തന്മാരായിത്തീരുകയെന്ന ആപത്ത് നമ്മെ നേരിട്ടിരിക്കുന്നു.
അതുകൊണ്ട് 1921 ന്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി കോൺഗ്രസ്സുകാരോടും ലീഗുകാരോടും മറ്റെല്ലാ ദേശാഭിമാനികളോടും അഭ്യർഥിക്കുന്നു. ഇന്ന് ലീഗ് ചെയ്യുന്നതുപോലെ കോൺഗ്രസ്സിനും ഹിന്ദുക്കൾക്കുമെതിരായി ജിഹാദ് നടത്താനൊരുങ്ങിയാലുള്ള ആപത്ത് ലീഗുകാർ മനസ്സിലാക്കണമെന്ന് ഞങ്ങൾ അവരോടപേക്ഷിക്കുന്നു. ലീഗിന്റെ സമരത്തെ കോൺഗ്രസ്സ് ഗവൺമെന്റ് അടിച്ചമർത്തുമെന്നർഥം വരുന്ന പ്രസ്താവനകൾ പണ്ഡിറ്റ് നെഹ്റുവിനെപ്പോലുള്ള നേതാക്കന്മാർ പുറപ്പെടുവിക്കുന്നതിന്റെ ആപത്ത് മനസ്സിലാക്കണമെന്ന് ഞങ്ങൾ കോൺഗ്രസ്സുകാരോടപേക്ഷിക്കുന്നു. എല്ലാ വിഭാഗക്കാരുമായ ജനങ്ങൾ ഉയർന്നു മുന്നോട്ടുവന്നിട്ടുള്ള ഈ അവസരത്തിൽ അവരുടെ സമരങ്ങൾ നയിച്ചു സാമ്രാജ്യാധിപത്യത്തെ നശിപ്പിക്കുന്നതിനു പകരം സാമ്രാജ്യാധിപത്യവുമായി സന്ധിചെയ്യുകയും പണിമുടക്ക് മുതലായ ബഹുജനസമരങ്ങളെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ്സ്, ലീഗ് നേതാക്കന്മാരോട് ഈ നയമവസാനിപ്പിക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു.
കോൺഗ്രസ്സിലും ലീഗിലുമുള്ള ലക്ഷോപലക്ഷം സാധാരണ ജനങ്ങളോട് 1921 ന്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി അഭ്യർഥിക്കുന്നു. ആഗസ്‌ത് വിപ്ലവത്തിന്റെ പേരിൽ ബഹുജനങ്ങളെ ഇളക്കിവിട്ട കോൺഗ്രസ്സ് നേതാക്കന്മാർ 1921 ൽ വിപ്ലവം മറന്നതും ഇന്നു തന്നെ വേവലിന്റെ സേവയ്ക്കുപോവുന്നതും ഞങ്ങൾ കോൺഗ്രസ്സുകാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ബ്രിട്ടീഷുകാർക്കെതിരായി പ്രത്യക്ഷസമരം പ്രഖ്യാപിച്ചുവെന്നു പറയുന്ന ലീഗിന്റെ മലബാർ നേതാക്കന്മാർ 1921 ൽ എന്തു ചെയ്‌തുവെന്നും ഇന്ത്യയിലെങ്ങുമുള്ള ലീഗുനേതാക്കന്മാർ ഗവർണറുടെ സേവയ്ക്ക് പോവുന്നതെങ്ങനെയെന്നും കാണാൻ ലീഗ്ബഹുജനങ്ങളോട് ഞങ്ങളഭ്യർഥിക്കുന്നു. തങ്ങളുടെ നേതാക്കന്മാർ ഇന്നനുവർത്തിക്കുന്ന നയത്തിൽ, ബ്രിട്ടീഷുകാരുമായി സന്ധിയും പരസ്പരം കലഹവുമെന്ന നയത്തിൽ മാറ്റം വരുത്താൻ തങ്ങൾക്ക് സാധിച്ചില്ലെങ്കിൽ 1921 ൽ മാപ്പിളനാടനുഭവിച്ച ദുരിതങ്ങൾ ഇന്ത്യയിലാകെ നടക്കുമെന്നോർക്കാൻ കോൺഗ്രസ്സ്, ലീഗ് ബഹുജനങ്ങളോട് പാർട്ടി അഭ്യർഥിക്കുന്നു.
സി എസ് പി, ഫോർവേർഡ് ബ്ലോക്ക് മുതലായപേരിൽ സംഘടിതമായി കോൺഗ്രസ്സിലും അസംഘടിതമായി ലീഗിലുമുള്ള ഇടതുവിഭാഗക്കാരോട് 1921ന്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി അഭ്യർഥിക്കുന്നു. മതദ്രോഹികളും വിപ്ലവവിരോധികളും ആയ നേതാക്കന്മാരുടെ നേതൃത്വത്തിൽ ബഹുജനസമരം എങ്ങനെ പൊളിയുമെന്നും ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന സമരങ്ങളെത്തന്നെ സാമുദായികലഹളയായി മാറ്റി നാടിനെ എങ്ങനെ നശിപ്പിക്കുമെന്നും, നേതാക്കന്മാരുടെ വിപ്ലവവിരോധവും സമരത്തിന്റെ സാമുദായികസ്വഭാവവും സാമ്രാജ്യത്വത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്നും പഠിക്കാൻ ഞങ്ങളവരോട് അപേക്ഷിക്കുന്നു. ഇന്നത്തെ രാഷ്ട്രീയനേതാക്കന്മാരുടെ വിപ്ലവവിരോധപരവും പരസ്പര മമതാപരവുമായ നയത്തെ എതിർത്ത് നാട്ടുകാരുടെ സമരമനോഭാവത്തെ സംഘടിപ്പിക്കാൻ കോൺഗ്രസ്സിലും ലീഗിലും മറ്റുമുള്ള ഇടതുവിഭാഗക്കാരും കമ്യൂണിസ്റ്റുകാരും ചേർന്നാൽ എത്ര വമ്പിച്ചൊരു സമരത്തിനും എത്ര വിജയകരമായ വിപ്ലവത്തിനും സാധ്യതകളുണ്ടെന്നു മനസ്സിലാക്കാൻ ഞങ്ങളവരോടഭ്യർഥിക്കുന്നു.
FACEBOOK PAGE LINK
https://www.facebook.com/mvsarmy/
0 Comments