പന്തളം: ശനിയാഴ്ചവരെ കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന അഡ്വ. പന്തളം പ്രതാപന്റെ ബി.ജെ.പി. പ്രവേശം കോണ്‍ഗ്രസിന് തിരിച്ചടിയാകും. ഞായറാഴ്ച തിരുവനന്തപുരത്ത് അമിത്ഷാ പങ്കെടുത്ത യോഗത്തിലാണ് പന്തളം പ്രതാപന്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി.യിലേക്ക് ചേക്കേറിയത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ അനുജനാണ് പന്തളം പ്രതാപന്‍.
അടൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിന് പരിഗണിച്ചിരുന്നവരില്‍ പ്രതാപന്റെ പേരും ഉള്‍പ്പെട്ടിരുന്നതായി സൂചനയുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അവസാനനിമിഷം ഉടലെടുത്ത പ്രശ്‌നങ്ങളാകാം പൊടുന്നനെ പാര്‍ട്ടി വിടാന്‍ കാരണമായതെന്ന് പ്രാദേശിക കോണ്‍ഗ്രസ് വൃത്തങ്ങള്‍ കരുതുന്നു. കെ.എസ്.യു.വിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന പ്രതാപന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് കന്നിവിജയം നേടിയ ഇദ്ദേഹം അടുത്ത തവണ വൈസ് പ്രസിഡന്റായി. പിന്നീട് പന്തളം ഗ്രാമപ്പഞ്ചായത്തംഗവും പ്രസിഡന്റുമായി. എസ്.എസി., എസ്.ടി. സംസ്ഥാന ഉപദേശകസമിതിയംഗം, കെ.ടി.ഡി.സി. എക്സിക്യുട്ടീവ് ഡയറക്ടര്‍, റിവര്‍ മാനേജ്മെന്റ് കമ്മിറ്റിയംഗം, ജില്ലാ സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, ജില്ലാ ടൂറിസം െപ്രാമോഷന്‍ കൗണ്‍സിലംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചയാളാണ്.
കെ.പി.സി.സി. സെക്രട്ടറി, നിര്‍വാഹകസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കെ.കരുണാകരന് ഏറെ പ്രിയങ്കരനായ യുവനേതാവായിരുന്ന പ്രതാപന്‍, കെ.മുരളീധരനൊപ്പം ഡി.ഐ.സി.യിലേക്ക് മാറിയശേഷം തിരികെ കോണ്‍ഗ്രസിലെത്തി സജീവമായി പ്രവര്‍ത്തനം നടത്തിവരുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഇദ്ദേഹം.
congress to bjp, Pandhalam Sudhakaran
https://www.mathrubhumi.com/election/2021/kerala-assembly-election/districtwise/pathanamthitta/panthalam-prathapan-joined-in-bjp-1.5498993
0 Comments