മാപ്പ് പറയാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ആര്‍എസ്എസ്സിനെയും സംഘ്പരിവാറിനെയും ചൊടിപ്പിച്ചിരിക്കുയാണ്. രാഹുല്‍ ഗാന്ധിയെന്നല്ല, രാഹുല്‍ ജിന്നയെന്നാണ് കോണ്‍ഗ്രസ് നേതാവിനെ വിശേഷിപ്പിക്കേണ്ടതെന്നാണ് ബിജെപി മറുപടി പറഞ്ഞത്. അതേ സമയം ഹിന്ദുത്വത്തിന്റെ ആചാര്യനായ വി ഡി സവര്‍ക്കര്‍ സ്വതന്ത്യ സമരകാലത്ത് രാജ്ഞിക്ക് മാപ്പപേക്ഷ നല്‍കിയെന്ന വസ്തുതയെ ഖണ്ഡിക്കാന്‍ ഇതുവരെ ആര്‍എസ്എസ്സിന് കഴിഞ്ഞിട്ടുമില്ല. എന്നാല്‍ സവര്‍ക്കര്‍ മാത്രമല്ല, മാപ്പ് പറയുകയെന്നത് ആര്‍എസഎസ്സിന്റെ പല ഘട്ടങ്ങളിലും ആവര്‍ത്തിക്കുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സവര്‍ക്കറിന്റെ വ്യക്തിപരമായ ഭീരുത്വം മാത്രമല്ല, ആര്‍എസ്എസ് ഒരു സംഘടനയെന്ന നിലയില്‍തന്നെ പ്രശ്‌നങ്ങളാല്‍ തിരിച്ചടി നേരിടുമ്പോള്‍ പ്രതിരോധിക്കാനാകാതെ മാപ്പപേക്ഷിക്കുക ആ പ്രസ്ഥാനത്തിന്റെ സവിശേഷതായാണെന്നാണ് ചരിത്രം തെളിയിക്കുന്നത്. സ്വതന്ത്ര്യത്തിന് ശേഷം പൗരാവകാശങ്ങള്‍ക്ക് വേണ്ടി ഇന്ത്യ തെരുവിലിറങ്ങിയപ്പോള്‍ അന്നത്തെ ആര്‍എസ്എസ് തലവന്‍ എംഡി ദേവറസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് നിരവധി കത്തുകളാണ് തന്നെയും പ്രവര്‍ത്തകരെയും ജയില്‍ മോചിതനാക്കാണമെന്ന് ആവശ്യപ്പെട്ട് എഴുതിയത്. ഇതിന്റെ വിശദാംശങ്ങള്‍ ആര്‍എസ്എസിന്റെ ചരിത്രം പരിശോധിച്ച നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈയടുത്ത് പുറത്തിറങ്ങിയ എ ജി നൂറാനിയുടെ ദി ആര്‍ എസ് എസ് എ മെനാസ് ടു ഇന്ത്യ എന്ന പുസ്തകത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേവറസ് ഇന്ദിരാഗാന്ധിയ്ക്കും അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി വൈ ബി ചവാനും അയച്ച കത്തുകളും അന്ന് നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങളുമാണ് എ ജി നൂറാനി തന്റെ പഠന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അടിയന്തരവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം 1975 ജൂലൈ നാലിന് 26 സംഘടനകളാണ് നിരോധിക്കപ്പെട്ടത്. ഇതില്‍ ആര്‍എസ്എസ്സും ഉള്‍പ്പെട്ടിരുന്നു. പല നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. അന്നത്തെ ആര്‍എസ്എസ് സര്‍സംഘ് ചാലക് ആയിരുന്ന ദേവറസ് ജൂണ്‍ 30 ന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇന്ദിരാഗാന്ധിയ്‌ക്കെതിരെ ആര്‍എസ്എസ്സിനെ കൂടി ഉള്‍പ്പെടുത്തി തന്റെ സമഗ്ര വിപ്ലവം നടത്താനായിരുന്നു ജയ്പ്രകാശ് നാരയണ്‍ ശ്രമിച്ചത്. ഇന്ദിരാവിരുദ്ധരെന്ന് കരുതിയ എല്ലാവരെയും കൂടെ നിര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ ആര്‍എസ്എസ്സ് ഇക്കാര്യത്തിലെല്ലാം തികഞ്ഞ വഞ്ചനയാണ് കാണിച്ചതെന്ന് നുറാനി രേഖകളുടെയും അന്ന് നടന്ന ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു. അറസ്റ്റിലായി ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് ദേവറസ് ആദ്യത്തെ കത്ത് ഇന്ദിരാഗാന്ധിയ്ക്ക് അയക്കുന്നത്. 1975 ഓഗസ്റ്റ് 22 നായിരുന്നു അത്. സ്വതന്ത്ര്യദിനത്തി്ല്‍ ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗമാണ് തന്നെ കൊണ്ട് ഇങ്ങനെ ഒരു കത്തെഴുതിക്കുന്നത് എന്ന് പറഞ്ഞാണ് ദേവറസ് തുടങ്ങുന്നത്. (ഈ കത്ത് എ ജി നൂറാനി തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്) ഉചിതമായ പ്രസംഗമാണ് സ്വാതന്ത്ര്യദിനത്തില്‍ താങ്കള്‍ നടത്തിയതെന്ന് പറഞ്ഞു തുടങ്ങുന്ന സാമാന്യം ദീര്‍ഘമായ കത്താണ് അത്. ആര്‍എസ്എസ്സിനെ നിരോധിച്ചതിന് കാരണമായി പറയുന്നത് ആരോപണങ്ങള്‍ മാത്രമാണെന്നും അവയ്ക്ക് വസ്തുതയുമായി ബന്ധമില്ലെന്നും കത്തില്‍ പറയുന്നു. അടിയന്തരാവസ്ഥയെ എതിര്‍ത്തുവെന്ന് പറയുന്ന ആര്‍എസ്എസിന്റെ നേതാവ് വിനയത്തിന്റെയും ഭവത്യയുടെയും ഭാഷയിലാണ് ഇന്ദിരാഗാന്ധിയോട് സംസാരിക്കുന്നത്. എന്ന് മാത്രമല്ല, സ്വതന്ത്ര്യദിനത്തില്‍ ഇന്ദിരാഗാന്ധി പറഞ്ഞ വികസന സങ്കല്‍പങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ആര്‍എസ്എസ്സിനെ കൂടി ഉള്‍പ്പെടുത്തുണമെന്നും പറയുന്നു. ഇതൊക്കെ പരിഗണിച്ച് ആര്‍എസ്എസ്സിനെ നിരോധിച്ച തീരുമാനം പുനഃപരിശോധിക്കാനാണ് അദ്ദേഹം ഇന്ദിരാഗാന്ധിയോട് ആവശ്യപ്പെടുന്നത്. പൂനൈ യെര്‍വാദ ജയിലില്‍നിന്നാണ് ഈ കത്ത് എഴുതിയത്.

അതിന് ഇന്ദിരാഗാന്ധിയില്‍നിന്ന് മറുപടി കിട്ടാതായപ്പോഴാണ് വീണ്ടും ഒരു കത്ത് ദേവറസ് എഴുതുന്നത്. ഈകത്തിലെ ആവശ്യവും ആര്‍എസ്എസ്സിന് മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കി തടവിലാക്കപ്പെട്ട സംഘടനയുടെ ആളുകളെ മോചിപ്പിക്കണമെന്നാതായിരുന്നു. എന്നാല്‍ ആര്‍എസ്എസ് അടിയന്തരാവസ്ഥയോട് സ്വീകരിച്ച യഥാര്‍ത്ഥ സമീപനമെന്തായിരുന്നുവെന്നതിന്റെ സൂചന 1975 നവംബര്‍ 10-ാം തീയതി അയച്ച കത്തിലുണ്ട്. എല്ലായ്‌പ്പോഴും ജയ്പ്രകാശ് നാരായണെയും അദ്ദേഹത്തിന്റെ രാഷ്ട്രീയം ആര്‍എസ്എസ്സിനെയും അംഗീകരിച്ചിരുന്നുവെന്ന് അവകാശപ്പെടുന്നവരാണ് സംഘ്പരിവാരുകാര്‍. ജെ പി യുടെ അംഗീകാരം സംഘടനയുടെ മഹത്വമായിട്ടും ആര്‍ എസ് എസ്സുകാര്‍ പറയാറുണ്ട്. ജെ പിയുടെ പ്രസ്ഥാനത്തില്‍ സജീവമയിരുന്നു തങ്ങളെന്നാണ് ഇവര്‍ അവകാശപ്പെടാറ്. എന്നാല്‍ ദേവറസിന്റെ കത്തില്‍ തങ്ങള്‍ തെറ്റൊന്നും ചെയ്തില്ലെന്ന് കാണിക്കാന്‍ ഇങ്ങനെ പറയുന്നു.’ സംഘിനെ ജയപ്രകാശ് നാരയന്റെ പ്രസ്ഥാനവുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ വസ്തുത എന്താണെന്നുവെച്ചാല്‍ സംഘിന് ഈ പ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ലെന്നതാണ്’ ഒരേ സമയം രണ്ട് കാര്യങ്ങളാണ് ഇതിലൂടെ വെളിച്ചത്ത് വരുന്നത്. ഒന്ന് ഇന്ദിരാഗാന്ധിയുടെ സമഗ്രാധിപത്യത്തിനെതിരെ ജെപി നയിച്ച പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നില്ല ആര്‍എസ്എസ്. രണ്ട് ഇന്ദിരാഗാന്ധിയുടെ നയ സമീപനങ്ങളില്‍ എന്തെങ്കിലും എതിര്‍പ്പ് ആര്‍എസ്എസ്സിിന് ഉണ്ടായിരുന്നുമില്ല. അതേവര്‍ഷം ജയിലിലടക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അവസ്ഥ മോശമാണെന്നും അവരെ മോചിതരാക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ദേവറസ് കത്തെഴുതുന്നുണ്ട് താങ്കളെ നേരിട്ട് വന്ന് കാണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് 1975 ഡിംസബര്‍ 22 ന് അയച്ച കത്ത് അവസാനിക്കുന്നത്. ഇതിന് പുറമെ ദേവറസിന് വേണ്ടി ആര്‍എസ്എസ്സിന്റെ മഹാരാഷ്ട്രയിലെ നേതാവ് വി എന്‍ ബിഡെയും മുഖ്യമന്ത്രിക്ക് കത്തെഴുതുന്നുണ്ട്. സര്‍ക്കാരിനെതിരെ ഒന്നും സംഘ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിക്കുന്നതാണ് ഈ കത്തും,. ആറ് മാസത്തിനുള്ളില്‍ 10 കത്തുകളാണ് ആര്‍എസ് എസ് പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നും സംഘടനയുടെ നിരോധനം നീക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സര്‍സംഘ് ചാലകും അദ്ദേഹത്തിന്റെ മഹാരാഷ്ട്രയിലെ നേതാവും കൂടി എഴുതി തീര്‍ത്തത്.

ഈ കത്തുകളിലും മറ്റും തെളിയുന്നത് ആര്‍എസ്എസ് ഏത് കാലത്തും ആധിപത്യമുള്ള ശക്തികള്‍ക്ക് മുന്നില്‍ വഴങ്ങി ജീവിക്കുമെന്നാണ്. ദേവറസിന്റെ കത്തുകളില്‍ നെഹ്‌റുവിനെ ഒക്കെ വളരെ ബഹുമാനത്തോടെയാണ് വിശേഷിപ്പിക്കുന്നത്. അന്നത്തെ അധികാരികളെ തൃപ്തിപെടുത്താന്‍ അതാണ് വേണ്ടതെന്ന് നേതാക്കള്‍ക്ക് ബോധ്യമായിട്ടുണ്ടാകണം. അടിയന്തരാവാസ്ഥകാലത്ത് ജയിലിലായിരുന്ന എ ബി വാജ്‌പേയ് ഇന്ദിരാഗാന്ധിയ്ക്ക് മാപ്പപേക്ഷ നല്‍കിയിരുന്നുവെന്ന് ആരോപിച്ചത് ഇപ്പോള്‍ ബിജപിയുടെ മുന്‍നിര നേതാക്കളിലൊരാളായ സുബ്രഹ്മണ്യം സ്വാമിയാണ്. മാപ്പപേക്ഷ നല്‍കിയതുകൊണ്ടാണ് ജയിലാക്കപ്പട്ടെങ്കിലും വാജ്‌പേയ്ക്ക് ആവശ്യത്തിന് പരോള്‍ ലഭിച്ചതെന്നും സുബ്രഹ്മണ്യം സ്വാമി വെളിപ്പെടുത്തിയിരുന്നു. അടിയന്തരാവസ്ഥകാലത്ത് ഒളിവിലായിരുന്നു സുബ്രഹ്മണ്യ സ്വാമി. ഇവര്‍ മാത്രമല്ല അടിയന്തര വസ്ഥകാലത്ത് ഐബി തലവനായിരുന്ന ടിവി രാജശേഖറും ആര്‍എസ്എസിന്റെ ഇരട്ട നിലപാടിനെ ക്ുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധി അടിയന്തരവസ്ഥ കാലത്ത് ഏര്‍പ്പെടുത്തി 20 ഇന പരിപാടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ആര്‍എസ്എസ് ഇന്ദിരാഗാന്ധിയെ പിന്തുണയ്ക്കുകയുമാണ് ചെയ്തതെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇത് തന്നെയാണ് സ്വാതന്ത്ര്യ സമര കാലത്തും സംഭവിച്ചത്. ഇന്ത്യന്‍ ജനത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതുമ്പോള്‍ ഹിന്ദുക്കളെ സംഘടിപ്പിക്കാനുള്ള തിരക്കിലായിരുന്നു സംഘ് നേതാക്കള്‍. ഇതിന്റെ സംഘടന ചട്ടകൂട് ഇറ്റിലിയില്‍ മുസ്സോളിനിയില്‍നിന്നും പ്രത്യയശാസത്ര വ്യക്തതയ്ക്ക് ഹിറ്റ്‌ലറില്‍നിന്നു ഉപദേശങ്ങള്‍ സ്വീകരിക്കാനായിരുന്നു സംഘടന താല്‍പര്യപ്പെട്ടത്. അതുകൊണ്ടാണ് ജയിലിലടക്കപ്പെട്ട വിഡി സവര്‍ക്കര്‍ ബ്രീട്ടീഷ് രാജ്ഞിയ്ക്ക് മാപ്പെഴുതി കൊണ്ടെയിരുന്നത്. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളിയാകാമെന്നാണ് ദേവറസ് പറഞ്ഞതെങ്കില്‍ ബ്രീട്ടീഷ് രാജ്ഞിയ്ുടെ സേവകനാകാമെന്നായിരുന്നു 1913 നവംബര്‍ 14 ന് ഉള്‍പ്പെടെ അയച്ച മാപ്പപേക്ഷകളിലുണ്ടായിരുന്നത്. ഭരണകൂടത്തിന്റെ- ്അത് കൊളോണിയല്‍ സംവിധാനമായാലും, ദേശീയമായാലും അതിന് മുന്നില്‍ വിധേയപ്പെടുന്ന ചരിത്രമാണ് ഹിന്ദുത്വത്തിനുളളത്. സവര്‍ക്കര്‍ മുതലുള്ള ചരിത്രം അതാണ് തെളിയിക്കുന്നത്.

https://www.azhimukham.com/columnist/rss-history-of-tendering-apology-to-rulers-from-savarkar-to-deoras–65856?infinitescroll=1


0 Comments

Leave a Reply

Your email address will not be published. Required fields are marked *