പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം – കേരളം അറിയേണ്ടത്

അധികാരത്തിൽ വന്ന സമയം മുതൽ കേന്ദ്രസർക്കാർ നിരന്തരം ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കാനാണ്. വാണിജ്യവും ദുരന്തനിവാരണവും ഒക്കെത്തന്നെ ഇപ്രകാരം സ്വന്തം കേന്ദ്രീകൃത അധികാരത്തിൽ ഒതുക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ വ്യഗ്രത പുതിയ വിദ്യാഭ്യാസനയത്തിലും കാണാം.
അടിയന്തരാവസ്ഥക്കാലത്ത് സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന കൺകറന്റ് ലിസ്റ്റിൽ ചേർത്തിരുന്നു വിദ്യാഭ്യാസത്തെ ഇതോടുകൂടി വീണ്ടും പൂർണമായി കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാന സർക്കാരുകളുമായി യാതൊരു കൂടിയാലോചനയും ഇതിന്റെ പേരിൽ നടത്തിയിട്ടുമില്ല. ഇത് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന്മേലുള്ള കടന്നുകയറ്റമാണ്. ദേശീയ വിദ്യാഭ്യാസകമ്മീഷൻ സ്ഥാപിക്കുന്നതിലൂടെ കേന്ദ്രീകൃതമാവുന്ന വിദ്യാഭ്യാസമേഖലയിൽ, തീരുമാനങ്ങളെടുക്കുന്ന സമിതിയിൽ വിദ്യാഭ്യാസവിദഗ്ദ്ധരാകില്ല അധികവും. ഭരണകക്ഷിയിൽപ്പെട്ട നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും കോർപറേറ്റ് പ്രതിനിധികൾക്കുമാകും അതിൽ മുഖ്യസ്ഥാനം. വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം തന്നെ പ്രബുദ്ധരായ പൗരന്മാരെ സൃഷ്ടിക്കുന്നതാണ്, ലാഭമുണ്ടാക്കുന്നതാണ് എന്നാണ് മോദിസർക്കാരിന്റെ സങ്കൽപം.
ഈ നയത്തിന് നിരവധി സാമ്പത്തികമാനങ്ങളുമുണ്ട്. രാജ്യത്തെ കലാലയങ്ങളും സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളും സ്വകാര്യവൽക്കരണത്തിന് എറിഞ്ഞുകൊടുക്കുന്നതുവഴി, പാവപ്പെട്ട വിദ്യാർത്ഥികളുടെ മുന്നിൽ വിദ്യാഭ്യാസത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്ന നയമാണിത്. യുജിസി നിർത്തലാക്കുന്നതും നിരവധി സ്ഥാപനങ്ങൾ സ്വയംഭരണസ്ഥാപനങ്ങളാക്കുന്നതും വഴി, സാമ്പത്തിക സഹായം നിലയ്ക്കുകയും വിദ്യാർത്ഥികൾ ഒരിക്കലുമില്ലാത്തവിധം ഉയർന്ന ഫീസ് നൽകേണ്ടി വരും. ഇതോടുകൂടി പാവപ്പെട്ടവർ, ആദിവാസികൾ, സ്ത്രീകൾ, അരികുവൽക്കരിക്കപ്പെട്ടവർ എന്നിവരാവും ഇതുമൂലം ഏറ്റവും പ്രയാസപ്പെടുക.
സ്വാശ്രയസംവിധാനങ്ങൾ നിലവിൽ വരുന്നതോടുകൂടെ ട്രേഡ് യൂണിയൻ അവകാശങ്ങൾ, വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള ജനാധിപത്യപരവും രാഷ്ട്രീയവുമായ അവകാശങ്ങൾ, എല്ലാം ഫലത്തിൽ ഇല്ലാതെയാകും. സ്ഥിരം അധ്യാപകരെ നിയമിക്കുന്നതും മാന്യമായ ശമ്പളം നൽകുന്നതും കേട്ടുകേൾവിയില്ലാത്ത അവസ്ഥയിലേക്കാവും കാര്യങ്ങൾ നീങ്ങുന്നത്.
രാജ്യത്തെ പ്രകൃതിവിഭവങ്ങളും സ്ഥാപനങ്ങളുമെന്നത് പോലെതന്നെ വരും തലമുറകളെയും മൂലധനശക്തികൾക്കും വർഗ്ഗീയശക്തികൾക്കും എറിഞ്ഞു കൊടുക്കുന്ന ഈ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ വലിയ പ്രതിരോധം ഉയർന്നു വരേണ്ടിയിരിക്കുന്നു.

#neweducationpolicy , #bjp #ബിജെപി


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *