ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നു എന്ന് ആര്‍എസ്എസും വിവിധ ഹിന്ദു സംഘടനകളും നിരന്തരം ആരോപണം ഉന്നയിക്കുമ്പോഴാണ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടത്.
ശബരിമല ഉള്‍പ്പടെ കേരളത്തിലെ ക്ഷേത്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് സര്‍ക്കാരുകള്‍ വകയിരുത്തിയ തുകയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായ യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം വകയിരുത്തിയതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ വകയിരുത്തിയതുമാണ് കണക്കുകള്‍.
എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമലയെയും ക്ഷേത്രങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം അതിശക്തമായി പ്രചരിപ്പിക്കുന്ന ഘട്ടത്തിലാണ് ക്ഷേത്രങ്ങള്‍ക്ക് വേണ്ടി രണ്ട് സര്‍ക്കാരുകള്‍ വകയിരുത്തിയ തുകയുടെ വിശദാംശങ്ങൾ പുറത്തറിയിക്കുന്നത്. ദേവസ്വത്തിന്റെ വരുമാനം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്ന ആരോപണം കൂടി വ്യാപകമായി പ്രചരിപ്പിക്കുന്നതിനാല്‍ ജനങ്ങളിലേക്ക് യഥാര്‍ത്ഥ കണക്കുകള്‍ എത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ശബരിമല വികസനം, മാസ്റ്റര്‍ പ്ലാന്‍, ഓരോ ദേവസ്വത്തിനും വകയിരുത്തിയ തുക, വിശ്വാസികള്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നടപടികള്‍ എന്നിവയെല്ലാമാണ് സര്‍ക്കാരിന്റെ വിശദീകരണത്തിലുള്ളത്.
ഭരണത്തിലേറിയ ശേഷം ശബരിമല വികസനത്തിനായി ഇത് വരെ 1255.32 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് എൽ ഡി എഫ് സർക്കാർ പറയുന്നു. എന്നാൽ അഞ്ച് വർഷത്തെ ഭരണത്തിൽ യുഡിഎഫ് സർക്കാർ 341.216 കോടി രൂപ മാത്രമാണ് ഇതിനായി വകയിരുത്തിയതെന്നും ചൂണ്ടിക്കാട്ടുന്നു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ വിഹിതമായി 106 കോടി രൂപയും കൂടാതെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനായി 100 കോടി രൂപയും അനുവദിച്ചിരുന്നു. മണ്ഡല മകരവിളക്കിന് അനുവദിക്കുന്ന തുകയ്ക്ക് പുറമെയാണിത്. മാസ്റ്റര്‍പ്ലാന്‍ വിഹിതം ഉള്‍പ്പടെ യു.ഡി.എഫ് സര്‍ക്കാര്‍ ആകെ 456.216 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് എൽഡിഎഫ് സര്‍ക്കാര്‍ കിഫ്‌ബി ഫണ്ട് ഉള്‍പ്പടെ 1521.36 കോടി രൂപയാണ് വകയിരുത്തിയത്.
ശബരിമല ഇടത്താവളസമുച്ചയം പദ്ധതിക്കായി 100 കോടി രൂപയുടെയും നിലയ്ക്കല്‍ ബേസ് ക്യാമ്പ് വികസനത്തിനായി 50 കോടി രൂപയുടെയും പ്രവൃത്തികള്‍ക്ക് കിഫ്‌ബി അനുമതി നല്‍കിയിരുന്നു.
എരുമേലി, ചെങ്ങന്നൂർ, കഴക്കൂട്ടം, ശുകപുരം, മണിയൻകോട്, ചിറങ്ങര തുടങ്ങി ആറ് പ്രധാന ക്ഷേത്രങ്ങളിലെ ശബരിമല ഇടത്താവള സമുച്ചയങ്ങൾ നിർമ്മിക്കുന്നതിന് പത്തു കോടി രൂപ വീതം അറുപത് കോടിയും റാന്നിയിൽ പാർക്കിങ് സമുച്ചയത്തിന് അഞ്ച് കോടിയും നിലയ്ക്കൽ ബേസ് ക്യാംപിന് മുപ്പത്തഞ്ച് കോടി രൂപയുമാണ് അനുവദിച്ചത്.
ശബരിമലയിലെ അന്നദാന മണ്ഡപം, റസ്റ്റോറന്റ് ബ്ലോക്ക് എന്നിവയും നിലയ്ക്കൽ കണ്‍വന്‍ഷന്‍ ബ്ലോക്ക്, നടപ്പന്തല്‍ എന്നിവയും യുഡിഎഫ് കാലത്ത് ആരംഭിച്ചെങ്കിലും നിർമ്മാണം ത്വരിതപ്പെടുത്തി പ്രവർത്തനമാരംഭിച്ചത് ഇടത് സർക്കാരാണെന്ന് എൽഡിഎഫ് അവകാശപ്പെടുന്നു. കൂടാതെ, യുഡിഎഫിന്റെ കാലത്ത് 12 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ക്യൂ കോപ്ലക്സ് നിര്‍മ്മാണത്തിലെ അപാകത മൂലം ഇതുവരെ ഉപയോഗപ്രദമാക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നും ആരോപണമുണ്ട്.
ശബരിമലയിലെ വരുമാനക്കുറവ് നികത്തുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയും കേരള സർക്കാർ ധനസഹായം അനുവദിച്ചിട്ടുണ്ട്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് ഇതുവരെ 121.48 കോടി രൂപയാണ് ഗ്രാന്റായി സർക്കാർ അനുവദിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ ഭരണകാലത്ത് 71.458 കോടി രൂപയാണ് ബോർഡിന് നൽകിയിരുന്നത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മാടായിക്കാവ് ക്ഷേത്രകലാ അക്കാദമിക്ക് 2017-18 മുതല്‍ 5 ലക്ഷം രൂപ ഗ്രാന്‍റായി അനുവദിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ, സാംസ്കാരിക വകുപ്പ് അക്കാദമിക്ക് 2018-19-ല്‍ 50 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.
യു.ഡി.എഫിന്റെ കാലത്ത് ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും യഥാക്രമം പ്രതിമാസം 800 രൂപയും 750 രൂപയും അനുവദിച്ചിരുന്നത് എൽഡിഎഫ് സർക്കാർ 1100 രൂപയായി വര്‍ദ്ധിപ്പിച്ചു. കൂടാതെ, 420 ആചാരസ്ഥാനികരേയും 105 കോലധാരികളെയും പുതിയതായി ഉള്‍പ്പെടുത്തി.
ബോര്‍ഡില്‍ നിന്നും വിരമിച്ച എക്സിക്യൂട്ടീവ് ആഫീസര്‍മാരുടെ പെന്‍ഷന്‍ തുക വർധിപ്പിച്ചിരുന്നു. ഇത്തവണ ശമ്പളം പരിഷ്കരണത്തിനായി കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ എൽഡിഎഫ് കാലത്താണ് അവസാനമായി ശമ്പളപരിഷ്കരണം നടത്തിയത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നക്ഷത്രവനം, ഹരിതക്ഷേത്രം എന്നീ പദ്ധതികളിലും ആവിഷ്കരിച്ചിരുന്നു. ഇത് കൂടാതെ, ഗുരുവായൂരും വികസന പദ്ധതികൾ ത്വരിതഗതിയില്‍ പൂര്‍ത്തിയായി വരുന്നു.
0 Comments