ഒഫിഷ്യൽ വാഹനങ്ങളുടെ ടയർ മാറ്റൽ വിവരങ്ങൾ തപ്പിയെടുത്ത വിവരാവകാശപ്രവർത്തകന് ആ വാഹനങ്ങൾ സർവീസ് ചെയ്യുന്നത് MM മണിയോ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫോ ഡ്രൈവറോ അല്ലെന്ന് അറിയാഞ്ഞിട്ടല്ല. ഇത്തരം വിവരാവകാശ ആക്റ്റിവിസം ഫണ്ട് ചെയ്യുന്ന സംഘി കോങ്ങി ഐടി സെല്ലുകളുക്കും ഇത് അറിയാതിരിക്കില്ല. കാരണം എന്താണെന്നോ? ഈ വിവരങ്ങൾ ഒന്നും തപ്പി കണ്ടുപിടിക്കുന്നതല്ല, കണ്ടുപിടിച്ച ശേഷം തപ്പുന്നതാണ്. മനസ്സിലായില്ലേ? ഭരണ സംവിധാനത്തിലും ഉദ്യോഗസ്ഥ തലങ്ങളിലും ഒക്കെ കോൺഗ്രസ്സിനും ബിജെപിക്കും ഒക്കെ അവരുടെ സംഘടനാ പ്രവർത്തകരും യൂണിയൻ ഭാരവാഹികളും ഉണ്ട്. അവരാണ് ഇത്തരം വിവരങ്ങൾ എത്തിച്ചു കൊടുക്കുന്നത്. പക്ഷെ ഒഫിഷ്യൽ വിവരങ്ങൾ അടങ്ങിയ ഡോക്യുമെന്റ് എടുത്തുകൊണ്ട് പോയി കൊടുത്താൽ പണിപാളും. അതിനുള്ള വഴിയാണ് വിവരാവകാശം. MM മണിയുടെ ഒഫിഷ്യൽ വാഹനത്തിൽ 8 സെറ്റ് ടയർ മാറിയിട്ടുണ്ടെന്ന് അറിയുന്ന ഒരു യൂണിയൻ കാരൻ അവന്റെ പാർട്ടിയെ അറിയിക്കുന്നു. അവർ സ്വന്തം വിവരാവകാശക്കാരനേയോ ഔട്സോഴ്സ് ചെയ്തൊരു (ന്യുട്രലായി തോന്നാൻ ഇതാണ് നല്ലത്) വിവരാവകാശക്കാരനേയോ കൊണ്ട് RTI ഫയൽ ചെയ്യിക്കുന്നു. മറുപടി ആയി കിട്ടുന്ന രേഖ അതത് ഐടി സെല്ലുകൾക്ക് കൈമാറുന്നു. അവിടുന്ന് എരുവും പുളിയും ചേർത്ത് പിന്നീടത് വാട്സപ്പ് ഗ്രൂപ്പുകളിലേക്കും ഫെയ്സ്ബുക്കിലേക്കും പറക്കുകയായി‌. ശ്രദ്ദിക്കണം ഐടി സെല്ലിന്റെ കയ്യിൽ ഇത് കിട്ടുന്ന വരെ ഉള്ള ഓരോ സ്റ്റേജിലും ഉള്ളവർക്ക് കൃത്യമായും അറിയാം MM മണിക്കോ അദ്ദേഹത്തിന്റെ സ്റ്റാഫിനോ ടയർ മാറ്റുന്നതിൽ യാതൊരു പങ്കും ഇല്ല എന്ന്. മന്ത്രി ഇത് അറിയേണ്ട കാര്യം പോലും ഇല്ല.

അപ്പോൾ ഇത് ചെയ്യുന്നത് എന്തിനായിരിക്കും. കുത്തിത്തിരിപ്പ്, സ്വാഭാവികം. എന്നാൽ അത് മാത്രമല്ല. ഇത്തരം കാര്യങ്ങളിൽ ജനങ്ങളെ സത്യം പറഞ്ഞ് വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ് ഇത്തരം പ്രൊപഗാണ്ടയിറ്റുകളുടെ ഏറ്റവും വലിയ വിജയം. കള്ളം സമൂഹത്തിലേക്ക് ഇറക്കിവിട്ടാൽ മാത്രം മതി, അതുപിന്നെ അനുസ്യൂതം ഓടിക്കോളം. യുക്തിയെക്കുറിച്ചും യുക്തിചിന്തയെക്കുറിച്ചും വാതോരാതെ പറയുന്നവരും സത്യം മാത്രം പറയുന്ന പത്ര പ്രവർത്തകരും മുതൽ 24 മണിക്കൂറും വിക്കിപ്പീഡിയയിൽ പെട്ടു കിടക്കുന്ന അമ്മാവന്മാർ വരെ അതേറ്റെടുത്തോളും. അതെന്തുകൊണ്ടാണെന്നോ? എല്ലാവരും തങ്ങളെപ്പോലെ കള്ളന്മാരാണെന്ന് വിശ്വസിക്കാനാണ് ആളുകൾക്കിഷ്ടം. ടാക്സ് ഫയൽ ചെയ്യുമ്പോൾ HRA കൂട്ടി എഴുതാത്ത എത്രപേരുണ്ടെന്ന് ആലോചിച്ച് നോക്കൂ? അല്ലെങ്കിൽ യാത്രാ പടിയോ, ഭക്ഷണത്തിനുള്ള അലവൻസോ ചികിൽസാ സഹായമോ ഒക്കെ കിട്ടാൻ സ്വന്തമായി ബില്ലുണ്ടാക്കാത്തവർ ആരൊക്കെയുണ്ട്? “ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലെ” എന്ന ന്യായീകരണത്തിലൂന്നി തങ്ങൾക്ക് ആവുന്നവിധം “കക്കുന്ന” സമൂഹത്തെ സംബന്ധിച്ച് MM മണി സ്വന്തം വണ്ടിയുടെ ടയർ മാറ്റി 1.5 ലക്ഷം രൂപ ഉണ്ടാക്കി എന്ന് എളുപ്പം വിശ്വസിക്കാനാവും. അവിടെ അവർക്ക് യുക്തിയൊന്നും വിഷയമല്ല. ഇത്തരം പലതരം മാനുഷിക ചോദനകളാണ് ഐടി സെല്ലുകൾ ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ ഏതൊരു മെയിൻസ്റ്റ്രീം സിനിമയിലേയും കള്ളനേയും വില്ലനേയും പോലെ കറുത്തവനും ജാതിയിൽ കുറഞ്ഞവനും വിദ്യാഭ്യാസം ഇല്ലാത്തവനും കുഗ്രാമത്തിൽ നിന്നു വരുന്നവനുമായ ഒരാളെ സംശയത്തിന്റെ നിഴലിൽ നിർത്തിയാൽ കാര്യങ്ങൾ കുറേക്കൂടി എളുപ്പമാണല്ലോ.

എന്തായാലും കളി കൊള്ളാം


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *