പുത്തലത്ത് ദിനേശൻ

1937 ല്‍ കേരളത്തില്‍ രൂപീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് നവോത്ഥാനത്തില്‍ എന്താണ് പങ്ക് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്. നവോത്ഥാന മുന്നേറ്റങ്ങള്‍ അതിനു മുമ്പായിരുന്നു എന്ന കാഴ്ചപ്പാടും അവതരിപ്പിക്കാറുണ്ട്.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തിന്‍റെ സാമൂഹികരംഗത്ത് വരുത്തിയ എല്ലാ മാറ്റങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിക്കുന്നു.ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും അടക്കമുള്ള നവോത്ഥാന നായകര്‍ വഹിച്ച പങ്കിനെയും സര്‍വ്വമനസാ അംഗീകരിക്കുകയും ചെയ്യുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളില്‍ സജീവമായി ഇടപെട്ട പലരുമാണ് വര്‍ഗബോധമാര്‍ജ്ജിച്ച് കമ്യൂണിസ്റ്റുകാരായി മാറിയത് എന്നതും ചരിത്രത്തിന്‍റെ ഭാഗമാണ്. പി. കൃഷ്ണപിള്ളയും എ.കെ.ജിയും സി.എച്ച് കണാരനും ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ ഇത്തരം പോരാട്ടത്തില്‍ സജീവമായ പങ്കാളിത്തം വഹിച്ചിരുന്നുവെന്നതും വ്യക്തമാണ്.

ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളായി മാറിയ എ.കെ.ജി.ക്കും പി. കൃഷ്ണപിള്ളയ്ക്കും ഭീകരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിയും വന്നു. ഹരിജനങ്ങൾക്ക് വഴി നടക്കാനുള്ള അവകാശത്തിനായി പൊരുതിയ എ.കെ.ജിക്ക് കണ്ടോത്ത് വെച്ച് ഭീകരമായ മർദ്ദനമേറ്റ് അബോധാവസ്ഥയിലായ ചരിത്രവും ആർക്കാണ് മറക്കാനാവുക? നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള വഴിയെയാണ് ഇ.എം.എസും വി.ടിയും പോലുള്ളവർ സഞ്ചരിച്ചത്.

കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ടും നവോത്ഥാന മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് പ്രക്ഷോഭം നടത്തി. അതില്‍ പ്രധാനമാണ് പാലിയം സമരം. പാലിയം ക്ഷേത്രവും അതിനു ചുറ്റുമുള്ള വഴികളും അധഃസ്ഥിത വിഭാഗത്തിനും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന സമരമായിരുന്നു അത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വപരമായ പങ്കുവഹിച്ച പ്രക്ഷോഭമായിരുന്നു. പ്രക്ഷോഭം കൊച്ചി സര്‍ക്കാര്‍ നിരോധിച്ചു.

കൊടുങ്ങല്ലൂര്‍ കോവിലകത്തെയും തൃപ്പൂണിത്തുറ കോവിലകത്തെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിൽ അണിനിരന്നു. അവര്‍ക്കെല്ലാം മര്‍ദ്ദനമേറ്റു. 1948 മാര്‍ച്ച് 9ന് മൂന്ന് ജാഥകൾ പാലിയത്തേക്ക് പുറപ്പെട്ടു. സായുധപോലീസും ഗുണ്ടകളും അവരെ ആക്രമിച്ചു. എ.ജി. വേലായുധന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ രക്തസാക്ഷിയായി; നവോത്ഥാന പോരാട്ടത്തിലെ കമ്യൂണിസ്റ്റ് രക്തസാക്ഷി. അവസാനം പാലിയം റോഡ് ജനങ്ങള്‍ക്കായി 1949 ജൂണില്‍ തുറന്നു കൊടുക്കുകയും ചെയ്തു.

ക്ഷേത്രക്കുളങ്ങളില്‍ ഉള്‍പ്പെടെ ദളിത് പിന്നോക്ക വിഭാഗങ്ങൾക്കും മറ്റും പ്രവേശനത്തിനായി കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്ന കുളിസമരങ്ങളുടെ നിരവധി അനുഭവങ്ങള്‍ നമ്മുടെ നാട്ടിലെ ഓരോ ഗ്രാമത്തിനും പറയാനുണ്ട്. മറ്റനേകം സമരങ്ങള്‍ വേറെയും.

ജാതി നോക്കി കൂലി നല്‍കുന്ന ജാതിക്കൂലിക്കെതിരായി പാലക്കാട് നടന്ന സമരം, കമ്പളവടിയും കുമ്പളചോറിനും എതിരായ വയനാട്ടിലെ സമരം, “തമ്പ്രാനെന്ന് വിളിക്കില്ല, പാളയില്‍ കഞ്ഞികുടിക്കില്ല തിരിച്ചടിക്കും കട്ടായം” എന്ന് പറഞ്ഞ് ആലപ്പുഴയില്‍ നടന്ന സമരം, 1953ല്‍ ആഗസ്റ്റില്‍ പാലക്കാട് ജില്ലയിലെ തോലന്നൂരില്‍ സ്ത്രീ തൊഴിലാളികള്‍ മാറുമറച്ച് ജോലിക്ക് പോകുമെന്ന പ്രഖ്യാപനം, ചെക്കന്‍ വിളിക്കെതിരായി നാദാപുരത്ത് നടന്ന സമരങ്ങള്‍, അനീം വല്ലീം എന്ന അടിമ സമ്പ്രദായം അവസാനിപ്പിക്കുന്നതിന് വേണ്ടി വയനാട്ടില്‍ നടന്ന പ്രക്ഷോഭങ്ങള്‍, അങ്ങനെ എത്രയെത്ര സമരങ്ങള്‍, ചരിത്രത്തിൽ രേഖപ്പെടുത്തിയതും അല്ലാത്തതും!

സാമൂഹിക നവോത്ഥാനത്തിന്‍റെ ഇത്തരം മുദ്രാവാക്യങ്ങളെ പിന്തുണയ്ക്കുകയും അവ നേരിട്ട് ഏറ്റെടുക്കുകയും ചെയ്തുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുപോയി. അതോടൊപ്പം കൂലികൂടുതല്‍ ഉള്‍പ്പെടെയുള്ള വര്‍ഗ്ഗപരമായ കാഴ്ചപ്പാടോടെയുള്ള പ്രക്ഷോഭങ്ങളും നാടിന്‍റെ നാനാഭാഗത്തും ആരംഭിച്ചു. കര്‍ഷക-തൊഴിലാളി സമരങ്ങളുടെ പരമ്പരകള്‍ നാട്ടില്‍ ഉയര്‍ന്നുവന്നു. നവോത്ഥാനത്തിന്‍റെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോയി ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്തപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ വികസിച്ചു.

1957 ല്‍ കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ അധികാരത്തില്‍ വന്നു. ഭൂപരിഷ്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. കുടിയൊഴിപ്പക്കല്‍ അവസാനിപ്പിച്ചു. വിദ്യാഭ്യാസനിയമം കൊണ്ടുവന്നു. അങ്ങനെ പരിഷ്ക്കാരങ്ങളുടെ പരമ്പര രൂപപ്പെടുവാന്‍ തുടങ്ങി. 1967ല്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ഭൂപരിഷ്ക്കരണരംഗത്തെ തുടര്‍നിയമങ്ങള്‍ നടപ്പിലാക്കി. അങ്ങനെ ജന്മിത്വത്തിന്‍റെ അടിത്തറ തകര്‍ക്കപ്പെട്ടു. അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമായി. വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഇടപെടല്‍ വന്നപ്പോള്‍ സാമൂഹ്യമായി അവശത അനുഭവിച്ച വിഭാഗങ്ങള്‍ അത് ഏറെ നേട്ടം നല്‍കി.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ ഏറ്റെടുത്തും അതിനെ വര്‍ഗ്ഗബോധത്തിന്‍റെ കാഴ്ചപ്പാടിലൂടെ വികസിപ്പിച്ചെടുത്തും കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ഈ ഇടപെടലാണ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച കേരളം ലോകശ്രദ്ധ നേടിയ കേരളാ മോഡലിന്‍റെ മാതൃകയുമായി വികസിച്ചുവന്നത്.

കേവലമായ നവോത്ഥാനമുന്നേറ്റങ്ങള്‍ കൊണ്ട് മാത്രം മാറ്റമുണ്ടാകുമായിരുന്നെങ്കില്‍ ഏറ്റവും ശക്തമായ നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്ന തമിഴ്നാടും മഹാരാഷ്ട്രയുമായിരുന്നു ഇക്കാര്യത്തില്‍ മുന്നോട്ടുപോകേണ്ടിയിരുന്നത്. അതിന് അവര്‍ക്ക് കഴിയാതെ പോയത് വര്‍ഗ്ഗാവബോധത്തോടെയുള്ള ഇടപെടലും അതിന്‍റെയടിസ്ഥാനത്തില്‍ അധികാരത്തില്‍ എത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇല്ലായിരുന്നുവെന്നതു കൊണ്ടു കൂടിയാണ്.

വലതുപക്ഷ ശക്തികളാകട്ടെ ഇത്തരം നയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയായിരുന്നു. 1957ല്‍ മിച്ചഭൂമിയായി കണ്ട ഭൂമി ദളിതുകള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകതൊഴിലാളികള്‍ക്ക് വിതരണം ചെയ്യണമെന്നാണ് അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇഷ്ടദാന ബില്ല് കൊണ്ടുവന്ന് അതിനെ വലതുപക്ഷശക്തികള്‍ അട്ടിമറിച്ചതുകൊണ്ടു കൂടിയാണ് ഇത്തരം വിഭാഗങ്ങളുടെ ഭൂപ്രശ്നം കേരളത്തില്‍ ഉയര്‍ന്നു വന്നത് എന്നും നാം കാണേണ്ടതുണ്ട്.

1936ല്‍ ക്ഷേത്ര പ്രവേശന വിളമ്പരം വന്നതോടെ അയിത്തം കേരളത്തില്‍ നിന്നും മാറിയിരുന്നില്ല. മലബാറില്‍ അത്തരം നിയമത്തിന് ഏറെക്കാലമെടുത്തു. അയിത്തം നിലനിന്നതുകൊണ്ടായിരുന്നുവല്ലോ 1946ല്‍ പാലിയം സമരം ഉള്‍പ്പെടെ കമ്യൂണിസ്റ്റുകാര്‍ക്ക് നടത്തേണ്ടി വന്നത്.

സാമൂഹികമായ ദുരാചാരങ്ങള്‍ ഇല്ലാതാവണമെങ്കില്‍ നിയമം അനിവാര്യമാണ്. അതോടൊപ്പം തന്നെ ബോധനിലവാരം ഉയര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനവും നടത്തേണ്ടതുണ്ട്. അതിനായി നവോത്ഥാന മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് തുടര്‍ച്ചയായി പൊരുതിയതും, പൊരുതിക്കൊണ്ടിരിക്കുന്നതും കമ്മ്യൂണിസ്റ്റുകാരാണ്. ഇന്നും ആ പോരാട്ടം തുടരുന്നു.

നവോത്ഥാനത്തിന്‍റെ പാരമ്പര്യം എക്കാലവും ഏറ്റുപിടിച്ചുകൊണ്ട് അതോടൊപ്പം സഞ്ചരിക്കുന്നത് ഇന്നും ഇടതുപക്ഷമാണെന്ന അനുഭവവും നമ്മുടെ മുന്നിലുണ്ട്. വർത്തമാനകാല സംഭവങ്ങളും അതാണല്ലോ തെളിയിക്കുന്നത്. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേലകള്‍ ആര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാണല്ലോ!

https://nerariyan.com/2018/10/29/puthalath-dineshan-writes-on-the-communist-part-part-in-the-renaissance-in-kerala/


0 Comments

Leave a Reply

Your email address will not be published. Required fields are marked *