വെൽഫെയർ പാർട്ടിയുടെ സ്ഥാപക നേതാവും സംസ്ഥാന ഉപാധ്യക്ഷയും കേരളത്തിലെ പൊതു സമൂഹത്തിന് പേരറിയാവുന്ന ആ പാർട്ടിയുടെ ഏക നേതാവുമായ ശ്രീജ നെയ്യാറ്റിൻകര പാർട്ടിയിൽ നിന്ന് രാജിവെച്ചിരിക്കുന്നു. ഈ വാളിൽ ഈ വിഷയത്തിൽ മുമ്പ് മൂന്ന് തവണ ചർച്ചകൾ നടന്നിട്ടുണ്ട്.

പാലത്തായി പീഡനക്കേസിലെ പ്രതി പദ്മരാജനെ രക്ഷപ്പെടുത്താൻ പോലീസ് നടത്തിയ ശ്രമങ്ങളെ തുറന്നു കാണിച്ചു കൊണ്ട് ശ്രീജ നടത്തിയ ഇടപെടൽ കേരളമാകെ ശ്രദ്ധിക്കുകയും പത്മരാജൻ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് ശ്രീജക്കെതിരെ വ്യാപകമായ സംഘി സൈബർ ആക്രമണം ഉണ്ടായി. പെൺവാണിഭക്കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ ശ്രീജയുടെ വീട്ടിൽ വെച്ച് പിടികൂടി എന്ന് സംഘികൾ വ്യാപകമായി പോസ്റ്റർ അടിച്ചു പ്രചരിപ്പിച്ചു, തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വീടിന് മുമ്പിൽ സമരം ചെയ്യുമെന്ന് ശ്രീജ പ്രഖ്യാപിച്ചു.

ഇടതു പക്ഷത്തും വലതു പക്ഷത്തുമുള്ളവരും നിക്ഷ്പക്ഷരുമായ പൊതു പ്രവർത്തകർ അവർക്ക് പിന്തുണയുമായി രംഗത്ത് വരികയും സൈബർ ഇടങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി വെക്കുകയും ചെയ്തു, അന്ന് അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായ ഒരു കൂട്ടർ ഉണ്ടായിരുന്നു, അവരുടെ സ്വന്തം പാർട്ടി..! വെൽഫെയർ പാർട്ടി. ഇത് ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ എഴുതിയ പോസ്റ്റിൽ കണ്ട പ്രധാന ന്യായീകരണങ്ങളിൽ ഒന്ന് അവരുടെ വനിതാ വിഭാഗമായ വുമൺ ജസ്റ്റിസ് ഇക്കാര്യത്തിൽ പ്രതിഷേധിച്ചിട്ടുണ്ട് എന്നാണ്. സിപിഎം നേതാവ് ബ്രിന്ദാ കാരാട്ടിനെതിരെ ആക്രമണം ഉണ്ടായാൽ പ്രതിഷേധിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷനെ ഏൽപ്പിക്കുമോ, അതോ പാർട്ടി പ്രതികരിക്കുമോ..എന്ന് ചോദിച്ചതോടെ പാർട്ടിക്കാർ സീൻ വിട്ടു. പിന്നീട് വ്യക്തിപരമായി അറിയാവുന്ന ഒരു പാർട്ടി നേതാവിനോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ശ്രീജ പാർട്ടിയേക്കാൾ വലുതാകുന്നു, പാർട്ടിക്കത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്..! ശരിയാണ് , ഒരു പാർട്ടി നേതാവിന് കിട്ടുന്ന ജനപ്രീതിയും അംഗീകാരവും ജമാഅത്തെ ഇസ്‌ലാമിയുടെ ശൂറാ മെമ്പർ പ്രസിഡണ്ടായിട്ടുള്ള പാർട്ടിക്ക് തലവേദനയുണ്ടാക്കും. മാധ്യമവും മീഡിയാവണ്ണുമൊക്കെ മതേതര സമൂഹത്തിൽ നിന്നുള്ള പേരും പെരുമയും ഉള്ളവരെ മുന്നിൽ നിർത്തി വളർത്തിയെടുക്കുന്ന പോലെയല്ലല്ലോ ഒരു പാർട്ടി, നേതാവിന് സ്വന്തമായി ജനപിന്തുണയുണ്ടായാൽ പാർട്ടിയുടെ കേഡർ സിസ്റ്റം തകരും, നാളെ കേരളം ‘ഭരിക്കേണ്ട’ പാർട്ടിയാണല്ലോ… . മുനവ്വറലി ശിഹാബ് തങ്ങളും പൂജാരിയും കിണ്ടിയും പൂണൂലും ഒരേ ഫ്രയിമിൽ വന്ന ഫോട്ടോയിലെ രാഷ്ട്രീയം പറഞ്ഞു കൊണ്ട് ശ്രീജ രംഗത്തു വന്നതായിരുന്നു രണ്ടാമത്തെ പോസ്റ്റിന് ആധാരം, ശ്രീജയുടെ വാൾ പെട്ടെന്ന് അപ്രത്യക്ഷമായി. വളരെ കൃത്യമായി സൂക്ഷ്മമായി രാഷ്ട്രീയം പറയുന്ന ഒരു ഫേസ്‌ബുക്ക് ഐഡിയാണ് ശ്രീജയുടേത്, പാർട്ടിയുടെ ഒഫിഷ്യൽ പേജിനേക്കാൾ ആളുകൾ വെൽഫെയർ പാർട്ടിയുടെ നയങ്ങളും നിലപാടുകളും വായിക്കുന്നത് ശ്രീജയുടെ പേജിൽ നിന്നാണ്, മുനവ്വറലി തങ്ങൾക്കെതിരായ വിമർശനം പാർട്ടി സ്വപ്നം കാണുന്ന യുഡിഎഫ് പ്രവേശത്തിന് തടസ്സമാവുമെന്ന് കരുതിയിട്ടാകാം പൂണൂൽ രാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തലുകൾ ചർച്ചയാവേണ്ടിയിരുന്ന ആ പോസ്റ്റ് മുക്കാൻ പാർട്ടി പറഞ്ഞതും അതിൽ പ്രതിഷേധിച്ച് ശ്രീജ അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്തതും. തീർത്തും ബാലിശമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട്, പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അപ്രമാദിത്യം ഉറപ്പിക്കാൻ വേണ്ടി മാത്രം ശ്രീജയെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തതായി വിവരം കിട്ടിയത് അവരുടെ സംസ്ഥാന നേതാവിൽ നിന്നാണ്. അന്ന് ഒരു രണ്ട് വരി പോസ്റ്റിട്ടിരുന്നു, വെൽഫെയർ പാർട്ടി പണി ഇരന്നു വാങ്ങുകയാണെന്ന്. ഉപദ്രവിക്കാതിരിന്നുകൂടെ എന്ന് ശ്രീജ ഇൻബോക്സിൽ ചോദിച്ചത് കൊണ്ടാണ് ആ ചർച്ച തുടർന്ന് പോകാതിരുന്നത്. ശ്രീജയുടെ രാജിയിലെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്നുറപ്പുള്ളത് കൊണ്ടാണ് വീണ്ടും പറയേണ്ടി വരുന്നത്, ശ്രീജ ക്ഷമിക്കുക. എന്ത് കൊണ്ട് രാജി എന്ന് ശ്രീജ പറയട്ടെ, പാർട്ടി അവരുടെ ന്യായവും പറയട്ടെ. പക്ഷെ ഒന്നുണ്ട്, സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിൽ നിലനിൽക്കേണ്ടതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുള്ള രാഷ്ട്രീയ പ്രവർത്തകയാണ് ശ്രീജ. കൃത്യമായി രാഷ്ട്രീയം പറയുന്ന, നിലപാടുകൾ പറയുന്ന കേരളത്തിലെ അപൂർവ്വം സ്ത്രീകളിൽ ഒരാൾ.ജമാത്തുകാരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങുന്നു എന്ന് സംഘികൾ ആരോപിക്കുമ്പോൾ വാടക വീട് കിട്ടാതെ നെട്ടോട്ടം ഓടുന്ന സ്ത്രീ, ഒറ്റക്ക് കുടുംബം നോക്കുന്ന സ്ത്രീ.. നിലപടുകളിൽ ഒത്തുതീർപ്പിന് തയ്യാറാവാത്ത സ്ത്രീ, എന്ത് കൊണ്ട് ഒരു മുസ്ലിം ലേബലുള്ള പാർട്ടിയോടൊപ്പം നിൽക്കുന്നു എന്ന് ഒരിക്കൽ അവരോട് ചോദിച്ചിരുന്നു, “മുസ്ലിമായി ജനിക്കുന്നത് പോലും ക്രിമിനൽ കുറ്റമായി മാറിയ ഇസ്ലാമോഫോബിയയിൽ കുളിച്ചു നിൽക്കുന്ന ഈ രാജ്യത്ത് അവരോടൊപ്പം ചേർന്ന് നിൽക്കുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവത്തനം എന്ന് ഞാൻ വിശ്വസിക്കുന്നു, അതിൻ്റെ പേരിൽ പലതും നഷ്ടപ്പെട്ടിട്ടുണ്ട്, ഞാനത് കാര്യമാക്കുന്നില്ല” എന്ന് പറഞ്ഞ സ്ത്രീയാണ്. അവരെയാണ് പാർട്ടി വേട്ടപ്പട്ടികൾക്കിട്ടുകൊടുത്ത് കൈകെട്ടി നോക്കി നിന്നത്. അവരെയാണ് പാർട്ടിയേക്കാൾ വളരുന്നു എന്നാരോപിച്ച് സസ്‌പെൻഡ് ചെയ്തത്. ശ്രീജയുടെ നിലപാടുകൾ കേരളം സംശയിക്കില്ല, എന്ന് മാത്രമല്ല അവരോടൊപ്പം നിൽക്കേണ്ട അവർക്ക് പിന്തുണ കൊടുക്കേണ്ട സാഹചര്യമാണെന്ന് സംഘവിരുദ്ധ നിലപാടുള്ളവർക്കെല്ലാം മനസ്സിലാവുകയും ചെയ്യും…ശ്രീജക്കെതിരെ സംഘപരിവാർ ആക്രമണങ്ങൾക്ക് രണ്ട് പ്രധാനകാരണങ്ങളുണ്ട്, ഒന്ന്. അമുസ്ലിമായ ഒരാൾ സംഘിനെതിരെ കാര്യകാരണ സഹിതം രാഷ്ട്രീയം പറയുന്നത്, ഗൗരീ ലങ്കേഷ് മുതൽ പൻസാരെ വരെ കൊല്ലപ്പെട്ടത് ഇക്കാരണത്താലാണ്, രണ്ടാമത് പൊതു ഇടങ്ങളിലെ ദളിത് പശ്ചാത്തലമുള്ള സ്ത്രീകളെ ‘കോളനി വാണം’ തുടങ്ങിയ വംശീയ പരാമർശങ്ങൾ നടത്തി ഒതുക്കുന്നത് കാണാം, എന്നാൽ ആർഎസ്എസ് എന്ന ബ്രാഹ്മണിക്കൽ സംഘത്തെ അതേ സവർണ്ണ പശ്ചാത്തലമുള്ള ഒരു സ്ത്രീ എതിർക്കുന്നത് അവർക്ക് സഹിക്കാവുന്നതിലപ്പുറമാണ്. ഒരു നേതാവില്ലാതായാൽ വെൽഫെയർ പാർട്ടി തകരും എന്ന് ചിന്തിക്കുന്നതൊക്കെ വിഡ്ഢിത്തമാണ്, പക്ഷെ വെൽഫെയർ പാർട്ടിയെപ്പോലെ പിച്ചവെച്ചു നടക്കുന്ന ഒരു പാർട്ടിക്ക് അവരുടെ ഏറ്റവും ജനകീയയായ നേതാവ് നഷ്ടപ്പെടുന്നത് പ്രശ്നമുണ്ടാക്കും, പൗരത്വ സമരത്തിൽ കേരളത്തിലുടനീളം പ്രസംഗ വേദികളിൽ ഉണ്ടായിരുന്നയാളാണ് ശ്രീജ, ശ്രീജയുടെ പേരിന്റെ കൂടെയാണ് വെൽഫെയർ പാർട്ടി എന്ന വാൽ അനൗൺസ് ചെയ്യപ്പെട്ടിരുന്നത്, വെൽഫെയർ പാർട്ടി നേതാവ് എന്ന നിലയിൽ പൊതു സ്വീകാര്യത ലഭിച്ച സ്ത്രീയല്ല അവർ, വെൽഫെയർ ജനിക്കുന്നതിന് മുമ്പേ അവർ പൊതു രംഗത്ത് ഉണ്ട്.ആദിവാസി ദളിത് ഭൂസമര മനുഷ്യാവകാശ പോരാട്ടങ്ങളിൽ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ടവർ. മാധ്യമ പ്രവർത്തകർക്കിടയിലും രാഷ്ട്രീയ പ്രവർത്തകർക്കിടയിലും പൊതു സമ്മതിയുള്ള നേതാവിനെയാണ് നിലപാടില്ലായ്മയുടെ പേരിൽ പാർട്ടി ബലി കഴിച്ചത്. പാർട്ടിയേക്കാൾ നേതാവ് വളരുമോ എന്ന് പേടിക്കേണ്ട കാര്യമൊന്നും തൽകാലം വെൽഫെയറിനില്ല, കേരളത്തിലെ 28 ശതമാനം വരുന്ന മുസ്ലിംകളുടെ വോട്ടുബാങ്കിൽ പത്തു വർഷം ആഞ്ഞുപിടിച്ചിട്ടും അഞ്ചു ശതമാനം പോലും പിടിച്ചെടുക്കാൻ കഴിയാത്ത ഒരു പാർട്ടി ഇനി എത്ര കൊല്ലം കൊണ്ട് എങ്ങോട്ട് വളരുമെന്നാണ്…? കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ നേതാക്കളുടെ പേരുകൾക്ക് മുന്നിൽ സഖാവ് എന്ന് എഴുതി നോട്ടീസ് അടിച്ച് യുഡിഎഫിനെതിരെ ഇടതുപക്ഷത്തോടൊപ്പം മത്സരിച്ച് നേടിയത് 41 പഞ്ചായത്ത് മെമ്പർമാരെയാണ്. 941 ഗ്രാമ പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും 6 കോർപറേഷനുകളുമുണ്ട് കേരളത്തിൽ. ഇതിലെല്ലാം കൂടി കാൽ ലക്ഷത്തിലേറെ മെമ്പർമാരുണ്ട്. അടുത്ത തെരെഞ്ഞെടുപ്പിൽ യുഡിഎഫിനോടൊപ്പം ചേർന്ന് ഈ കാൽ ലക്ഷത്തിൽ നിന്ന് 50 സീറ്റെങ്കിലും നേടാൻ കഴിയുമെന്ന ‘മഹത്തായ’ രാഷ്ട്രീയ ലക്ഷ്യത്തിലാണ് പാർട്ടി ഇപ്പോഴുള്ളത്. മുന്നണി രാഷ്രീയത്തിൻ്റെ അടുക്കള വരാന്തകളിൽ എവിടെയെങ്കിലും ഇടം കിട്ടുമെന്ന സ്വപ്നം പോലും വെൽഫെയറിനെ സംബന്ധിച്ചിടത്തോളം അതിമോഹമാണ്. അധികാര രാഷ്ട്രീയമല്ല ബദൽ രാഷ്ട്രീയം മുന്നോട്ട് വെക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം എന്ന വായ്ത്താരി ബദൽ രാഷ്ട്രീയം പറഞ്ഞ നേതാവ് അധികാര രാഷ്ട്രീയത്തിൻറെ സാധ്യതകൾക്ക് വേണ്ടി മാറ്റി നിർത്തപ്പെട്ടതോടെ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. കിണറു കുഴിക്കുമ്പോൾ സ്ഥാനം നോക്കുന്ന ഒരു പരിപാടിയുണ്ട്, വെള്ളം കിട്ടാൻ എന്തെങ്കിലും സാധ്യതയുള്ളിടത്തേ കുഴിക്കൂ, ഒരു സാധ്യതയുമില്ലാത്ത മരുഭൂമിയിൽ പോയി ആരെങ്കിലും കിണറു കുഴിക്കുമോ..? ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയിൽ പത്തു പഞ്ചായത്ത് മെമ്പർമാരെ ജയിപ്പിച്ചെടുക്കാം എന്നതിലപ്പുറം ഒരു തുള്ളി വെള്ളം കാണാൻ സാധ്യതയില്ലാത്ത കിണറിന് വേണ്ടിയാണ് നൂറുകണക്കിന് പ്രവർത്തകരുടെ സമയവും അധ്വാനവും ലക്ഷക്കണക്കിന് രൂപയും ജമാഅത്തെ ഇസ്ലാമി നഷ്ടപ്പെടുത്തുന്നത് . ഇയാള് പണ്ടേ ജമാഅത്ത് വിരോധിയാണ് എന്നായിരിക്കുമല്ലോ വിധി..!ജമാഅത്തിനോട് ഒരു വിരോധവും ഇല്ല എന്ന് മാത്രമല്ല, മാധ്യമം പത്രവും മീഡിയാവണ്ണും ശാന്തി ഹോസ്പിറ്റലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പടെ മുസ്ലിം സമുദായത്തിന്റെ ശരീരത്തിൽ രക്തമോട്ടമുള്ള ഞരമ്പുകൾ സംഭാവന ചെയ്ത പ്രസ്ഥാനത്തോട് എന്നും ബഹുമാനമേയുള്ളൂ.. പൊതു സമൂഹത്തിൽ മുസ്ലിം സമുദായത്തിന് പരിക്കേൽപിക്കുന്ന രാഷ്ട്രീയ നിലപാടുകളോട് പ്രതികരിക്കാൻ ആ ബഹുമാനം പക്ഷേ തടസ്സമായിക്കരുതുന്നില്ല. . സംഘി വിരുദ്ധ, സ്ത്രീപക്ഷ, മുസ്ലിം പക്ഷ, ദളിത് പക്ഷ മാനവീക രാഷ്ട്രീയം തെളിമയോടെ ഉറച്ച സ്വരത്തിൽ പറയുന്ന ശ്രീജയിലെ രാഷ്ട്രീയക്കാരിയെ കേരളത്തിന് ആവശ്യമുണ്ട്. ശ്രീജക്ക് ഐക്യദാർഢ്യം-ആബിദ് അടിവാരം.

പാലത്തായി -ശ്രീജ – വെൽഫെയർ വിഷയം ചർച്ച ചെയ്ത പോസ്റ്റിന്റെ ലിങ്ക്https://www.facebook.com/1109960944/posts/10216654529131544/?d=n


0 Comments

Leave a Reply

Your email address will not be published. Required fields are marked *