രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്കരിച്ചയാളാണ് വിനായക്‍ ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി. സവര്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ടുകൊണ്ട്, അവരെ സഹായിക്കുന്ന രീതിയിലുള്ള തീവ്രവർഗീയാശയങ്ങള്‍ മനസ്സിൽ കൊണ്ടു നടന്നിരുന്ന വി.ഡി. സവർക്കർ, സംപൂജ്യനായ സ്വാതന്ത്ര്യസമരസേനാനിയായി വാഴ്‌ത്തപ്പെടാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാൽ ആര്‍.എസ്.എസിന്റെ രാഷ്ട്രീയമുഖമായ ഭാരതീയ ജനതാ പാര്‍ടി അധികാരകേന്ദ്രങ്ങളിൽ പിടിമുറുക്കാൻ തുടങ്ങിയതിനു ശേഷമാണ് ഈ വാഴ്ത്തുപാട്ടുകള്‍ രചിക്കപ്പെട്ടു തുടങ്ങിയത്.

നാസിക്കിലെ ഭാഗുർ ഗ്രാമത്തിലെ ഒരു മറാത്ത ബ്രാഹ്മണകുടുംബത്തിലാണ് 1883ൽ സവർക്കർ ജനിച്ചത്. പൂനെ ഫെര്‍ഗൂസന്‍ കോളേജിലെ ബിരുദപഠനത്തിന് ശേഷം 1906ല്‍ ലണ്ടനിലേക്ക് ഉപരിപഠനത്തിനായി പോയി. ഇവിടെ വെച്ചാണ് സവര്‍ക്കര്‍ ആദ്യമായി പൊലീസിന്റെ പിടിയിലാകുന്നത്. നാസിക്‍ ജില്ലാ കളക്റ്റർ ആയിരുന്ന എ. എം. റ്റി. ജാക്സണെ വധിച്ചവർക്ക്‌ ആയുധം എത്തിച്ചു നൽകിയ കേസിൽ 1910 മാർച്ച്‌ 13നു അറസ്റ്റിലായ സവർക്കറെ രാജ്യദ്രോഹം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി ബ്രിട്ടനിൽ നിന്നും നാടുകടത്തി. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ സവർക്കർ ഫ്രാന്‍സിലെ മര്‍സെയില്‍ വെച്ച്‌ കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ ശ്രമം പരാജയപ്പെടുകയും തുടർന്ന് പിടിയിലായ സവർക്കർ 1911 ജൂലൈ 4നു പോർട്‌ ബ്ലയറിലെ സെല്ലുലാർ ജയിലിൽ അടയ്ക്കപ്പെട്ടു. ക്ലാസ്‌ 3ഡി തടവുകാരനായി ജയിലിൽ എത്തിയ സവർക്കറിനെ ആറുമാസത്തെ ഏകാന്തതടവിന് വിധിച്ചു.

‘വീർ’ സവർക്കറിന്റെ മാപ്പ് അപേക്ഷകളിലൂടെ

“എന്റെ കൂടെ ജയിലലടക്കപ്പെട്ടവരിൽ ഞാനൊഴികെ മറ്റാരെയും ‘ഏറ്റവും അപകടകാരികളായ തടവുകാർ’ എന്ന ക്ലാസിൽ പെടുത്തിയിട്ടില്ല. എന്നാൽ ഈ കഴിഞ്ഞ കാലയളവിലെ എന്റെ പ്രവൃത്തികൾ ഏറ്റവും മാന്യമായതും നല്ലതുമായിരുന്നു”. ആറുമാസത്തെ ഏകാന്തതടവ്‌ ഇളവു ചെയ്യാൻ, ജയിലിലടയ്ക്കപ്പെട്ട്‌ കഴിഞ്ഞ് വെറും അമ്പത്തിയഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ (1911 ആഗസ്റ്റ്‌ 30നു) ‘വീർ’ സവർക്കർ സമർപ്പിച്ച അപേക്ഷയിലെഴുതിയതാണിത്. സെല്ലുലാർ ജയിലിലെ മറ്റു തടവുകാർ പ്രതിഷേധപരിപാടികളുമായി മുന്നോട്ട്‌ പോയ സമയത്ത്‌ കരിങ്കാലിപ്പണി ചെയ്തു സ്വന്തം ശിക്ഷ ലഘൂകരിക്കാനായിരുന്നു അയാള്‍ ശ്രമിച്ചത്‌. സഹതടവുകാർ എണ്ണയാട്ടൽ പോലെയുള്ള കഠിനജോലികളിൽ തളയ്ക്കപ്പെട്ടപ്പോൾ സവർക്കറും സഹോദരനും ജയിലറുടെ പ്രിയപ്പെട്ടവരായി മാറി. ഇവരെ താരതമ്യേനെ ശാരീരികാദ്ധ്വാനം കുറവ് മാത്രം വേണ്ടുന്ന കയറുത്പാദന യൂണിറ്റിലാണ് നിയമിച്ചത്. രണ്ടു വർഷങ്ങൾക്കു ശേഷം‌ 1913 നവംബർ 14നു സവർക്കർ തന്റെ രണ്ടാമത്തെ ദയാഹർജി സമർപ്പിച്ചു. ഈ കാലയളവിൽ നടന്ന പ്രതിഷേധങ്ങളിൽ പ്രത്യക്ഷമായി പങ്കെടുക്കാൻ സവർക്കർ വിസമ്മതിച്ചിരുന്നു. താൻ പ്രവർത്തിച്ചിരുന്ന പ്രസ്ഥാനത്തെയും തന്റെ ചെയ്തികളെയും നിർദാക്ഷിണ്യം തള്ളിപ്പറഞ്ഞ സവർക്കർ, ഏതു വിധേനയും ശിക്ഷാകാലാവധിയിൽ ഇളവു നേടാൻ ശ്രമിച്ചു.

ബ്രിട്ടീഷ് സാമ്രാജ്യത്തിനോടുള്ള വിധേയത്വം കനക്കുന്ന ഭാഷയിലാണ് സവര്‍ക്കറിന്റെ എഴുത്തുകള്‍. സ്വാതന്ത്ര്യസമരത്തെയും അതില്‍ പങ്കെടുത്തവരെയും ചെറുതാക്കിക്കാണിച്ചും മറ്റും സ്വന്തം തടി രക്ഷിക്കുവാനുള്ള ശ്രമമാണ് ആ എഴുത്തുകളിലെ ഓരോ വാചകത്തിലും പ്രതിഫലിക്കുന്നത്. സവര്‍ക്കറിന്റെ രണ്ടാമത്തെ മാപ്പക്ഷേയില്‍ [1] നിന്നുമുള്ള ചില ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

“എനിക്ക്‌‌ ഉചിതമായ വിചാരണയും നീതിപൂർവമായ ശിക്ഷാവിധിയും ലഭിച്ചതായി ഞാൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ ചെയ്തു പോയ അക്രമങ്ങളെ ഞാൻ ഹൃദയം കൊണ്ട്‌ അത്യധികം വെറുക്കുകയും എന്നാൽ കഴിയും വിധം ബ്രിട്ടീഷ്‌ നിയമങ്ങളെയും ഭരണഘടനയെയും മുറുകെപ്പിടിക്കേണ്ടതും അതിനു വിധേയമാവുകയും ചെയ്യേണ്ടത്‌ എന്റെ കടമയാണെന്ന് മനസിലാക്കുകയും ചെയ്യുന്നു.”

“ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ അവരുടെ അപാരമായ ഔദാര്യത്താലും, ദയാവായ്പിനാലും എന്നെ വിട്ടയക്കുകയാണെങ്കിൽ, നവോത്ഥാനത്തിന്റെ പരമോന്നതരൂപമായ ഇംഗ്ലീഷ് ഗവണ്മെന്റിന്റെ ശക്തനായ വക്താവായി ഞാൻ മാറുകയും ബ്രിട്ടീഷ്‌ നിയമവ്യവസ്ഥയോട്‌ പരിപൂർണവിധേയത്വം ഞാൻ പ്രകടിപ്പിക്കുകയും ചെയ്യും.”

“ബ്രിട്ടീഷ്‌ ഗവണ്മെന്റിന്റെ പൈതൃകവാതായനങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണ് മുടിയനായ പുത്രനു മടങ്ങി വരാനാവുക! ബ്രിട്ടീഷ്‌ ഗവണ്മെന്റിനു മാത്രമെ അത്രയും കാരുണ്യം കാണിക്കാനാകൂ.”

പിന്നീട്, ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത്‌‌ 1914 സെപ്റ്റംബർ 14നു ബ്രിട്ടീഷ്‌ ഗവണ്മെന്റിനു സഹായവാഗ്ദാനങ്ങളോടെ സവർക്കർ തന്റെ മൂന്നാമത്തെ മാപ്പപേക്ഷ സമർപ്പിച്ചു. 1917 ഒക്റ്റോബർ 2, 1920 ജനുവരി 24, അതേ വർഷം മാർച്ച്‌ 30 എന്നിങ്ങനെ സവർക്കറിന്റെ അപേക്ഷകൾ വന്നു കൊണ്ടേയിരുന്നു. അഞ്ചു തവണയും മാപ്പപേക്ഷ നിരസിക്കപ്പെടുകയാണുണ്ടായത്‌. ഓരോ തവണയും മാപ്പപേക്ഷയിൽ പറഞ്ഞതിൻ പ്രകാരം പ്രവർത്തിക്കാത്തതു കൊണ്ടാണ് വീണ്ടും മാപ്പ്‌ എഴുതേണ്ടി വന്നത്‌.

ബ്രിട്ടീഷ്‌ ഗവണ്മെന്റ്‌ മുന്നോട്ടു വച്ച എല്ലാ ഉപാധികളും അംഗീകരിക്കുവാന്‍ തയ്യാറായ സവർക്കറിനെ ഒടുവിൽ 1921 മെയ്‌ 2ന് സെല്ലുലാർ ജയിലിൽ നിന്നും വിട്ടയച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെയും സഹപ്രവർത്തകരെയും തള്ളിപ്പറഞ്ഞുകൊണ്ടാണ് ‘വിപ്ലവകാരിയായ സ്വാതന്ത്ര്യസമരസേനാനി’ എന്ന് സംഘപരിവാറുകാര്‍ വിശേഷിപ്പിക്കുന്ന വി.ഡി സവർക്കർ തടവറയിൽ നിന്ന് മോചനം നേടിയത്‌.

ഹിന്ദുത്വ വിഷബീജങ്ങള്‍ക്ക് നിദാനമായ സവര്‍ക്കര്‍

തന്റെ വിലപ്പെട്ട, ക്രിയാത്മകമായ വർഷങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ഉപയോഗിക്കാനാവാത്തതിലെ നഷ്ടം മനസിലാക്കിയാണ് സവർക്കർ മാപ്പപേക്ഷ നൽകിയതെന്ന തരത്തിലാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയ മാപ്പപേക്ഷയെ സംഘപരിവാര്‍ അനുകൂലികള്‍ ന്യായീകരിക്കുന്നത്. എന്നാല്‍, ഇത് വാസ്തവവിരുദ്ധമാണ്. വര്‍ഗീയത വളര്‍ത്തുവാനും ദേശീയപ്രസ്ഥാനത്തിന്റെ സ്വാതന്ത്ര്യശ്രമങ്ങളെ പിന്നില്‍ നിന്നും കുത്തിവീഴ്ത്തുവാനുമാണ് സവര്‍ക്കര്‍ ഇക്കാലയളവില്‍ ശ്രമിച്ചത്.

സെല്ലുലാർ ജയിലിൽ നിന്ന് 1921ല്‍ വിട്ടയക്കപ്പെട്ടെങ്കിലും സവർക്കറിന് 1927 ജനുവരി വരെ പൂനെയിലെ യേർവ്വാദ ജയിലിൽ സാധാരണ തടവനുഭവിക്കേണ്ടി വന്നു. ഈ കാലയളവിലാണ് എ. മറാത്ത എന്ന തൂലികാ നാമത്തിൽ ഹിന്ദുത്വയുടെ മൗലികപ്രമാണങ്ങള്‍ (Essentials of Hindutva) എന്ന പുസ്തകം അയാള്‍ എഴുതുന്നത്‌. ഹിന്ദുവർഗീയതയെ വെള്ള പൂശിക്കൊണ്ട് ഹൈന്ദവവിഘടനവാദത്തെ ദേശസ്നേഹത്തിന്റെ ആട്ടിൻതോലണിയിക്കാനുള്ള ബോധപൂർവമായ ശ്രമം ആയിരുന്നു ഈ പുസ്തകം. ഇതിലുടനീളം ക്രിസ്റ്റ്യൻ-മുസ്ലീം ജനവിഭാഗങ്ങളെ നിശിതമായി വിമർശിച്ച സവർക്കർ ബുദ്ധിസ്റ്റുകളുടെ കൂട്ടക്കൊലയെ പരോക്ഷമായി ന്യായീകരിക്കാനും ശ്രമിച്ചു. ഈ പുസ്തകത്തിന്റെ പിൻബലത്തിലാണ് സവർക്കർ ഹിന്ദുമഹാസഭയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്‌.

“നമ്മുടെ രാജ്യക്കാരായ മുഹമ്മദന്‍മാരെയും ക്രിസ്ത്യാനികളെയും ഹിന്ദുക്കളായി പരിഗണിക്കുവാന്‍ കഴിയില്ല. ഹിന്ദുക്കളെപ്പോലെ തന്നെ ഹിന്ദുസ്ഥാന്‍ അവരുടെ പിതൃഭൂമിയാണെങ്കിലും, അതവരുടെ പുണ്യഭൂമിയല്ല. അവരുടെ പുണ്യഭൂമി അറേബ്യയിലും പലസ്തീനിലുമാണ്.” ഹിന്ദുത്വയുടെ മൗലികപ്രമാണങ്ങള്‍ (Essentials of Hindutva) എന്ന തന്റെ പുസ്തകത്തില്‍ വി.ഡി. സവര്‍ക്കര്‍ എഴുതിയതാണ് വര്‍ഗീയത സ്ഫുരിക്കുന്ന ഈ വാചകങ്ങള്‍.

ആർഎസ്‌എസ്‌ സ്ഥാപകനേതാവായ ഹെഡ്ഗെവാര്‍ 1925 ഏപ്രിലില്‍ രത്നഗിരിയില്‍ വെച്ച് സവർക്കറുമായി കൂടിക്കാഴ്ച നടത്തി[2, 3]. ഈ കൂടിക്കാഴ്ച കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകൃതമായത്.

സവര്‍ക്കറിന്റെ ബ്രിട്ടീഷ് വിധേയത്വം

രത്നഗിരിയില്‍ കഴിയുന്ന കാലയളവില്‍ തൊഴിലില്ലായ്മാ പെന്‍ഷന്‍ എന്ന പേരില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും സവര്‍ക്കര്‍ അറുപത് രൂപ മാസാമാസം വാങ്ങുന്നുണ്ടായിരുന്നു. അത് നൂറ് രൂപയായി വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് അയാള്‍ ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതിയതായും ചരിത്രകര്‍ത്താക്കള്‍ രേഖപ്പെടുത്തുന്നു. [Joglekar, Jaywant (1 October 2006). Veer Savarkar Father of Hindu Nationalism. p. 103.] രാഷ്ട്രീയപരമായ പൊതുപ്രവൃത്തികളിൽ ഏർപ്പെടാനും രത്നഗിരി വിട്ടുപോകാനുമുള്ള വിലക്കുകൾ നിലനിൽക്കെത്തന്നെ, ഹിന്ദുത്വ തീവ്രവാദത്തിന്റെ ബീഭത്സരൂപമായ ഹിന്ദുമഹാസഭയുടെ പുനഃരുജ്ജീവനത്തിനു സവർക്കർ നേതൃത്വം നൽകി.

ബ്രിട്ടീഷ്‌ ഗവണ്മെന്റിന്റെ മൗനാനുവാദം ഇതിനുണ്ടായിരുന്നുവെന്ന സംശയം ബലപ്പെടുത്തുന്ന രീതിയിലായിരുന്നു ഹിന്ദുമഹാസഭയുടെ തുടർപ്രവർത്തനങ്ങൾ. 1937ൽ സംഘടനയുടെ പ്രസിഡന്റായി സവർക്കർ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. “വിഭജിച്ചു ഭരിക്കുക” എന്ന ബ്രിട്ടീഷ്‌ തന്ത്രത്തിന്റെ മറ്റൊരു പതിപ്പായി “Theory of Two Nations” അവതരിപ്പിക്കപ്പെടുന്നത്‌ ആ സമയത്താണ്. ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ഹിന്ദു-മുസ്ലിം ഐക്യമെന്ന ആശയത്തെ പരിഹസിക്കുകയും പലപ്പോഴും നിശിതമായി വിമർശിക്കുകയും ചെയ്തിരുന്ന സവർക്കറാണ് മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുക എന്ന വിഷവിത്ത്‌ പാകിയത്‌. 1939 ഒക്റ്റോബർ 9നു, അന്നത്തെ വൈസ്രോയി ആയിരുന്ന ലിൻലിത്ഗോയെ സന്ദർശിച്ച സവർക്കർ, അന്ന് ഇന്ത്യാക്കാരുടെ ബദ്ധവൈരികൾ ആയ ബ്രിട്ടീഷുകാരുമായുള്ള ശത്രുത പോലും അനാവശ്യമാണെന്ന് പ്രസ്താവിക്കുകയുണ്ടായി. [A.G. Nooraniയുടെ Savarkar and Hindutva – The Godse Connection എന്ന പുസ്തകത്തില്‍ ഇത് സംബന്ധിച്ച് പറയുന്നുണ്ട്.]

സവർക്കർ അഭിമാനിയും സ്വന്തം വാക്കിനു വില കൽപ്പിക്കുന്നവനുമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. ബ്രിട്ടീഷ്‌ ഗവണ്മെന്റിനെഴുതിയ മാപ്പപേക്ഷയിലെ വരികളോട്‌ പൂർണനീതി പുലർത്തിയ അദ്ദേഹത്തിന്റെ യജമാനഭക്തി പ്രശംസനീയം തന്നെ. ബ്രിട്ടീഷുകാരോട്‌ ശത്രുതയല്ല, പ്രായോഗികസഹകരണമാണ് ആവശ്യമെന്ന് പ്രഖ്യാപിച്ച സവർക്കറിനു ശത്രുത അഹിന്ദുക്കളായ ഭാരതീയരോടായിരുന്നു. അദ്ദേഹം തന്റെ പുസ്തകത്തിൽ ഇപ്രകാരം എഴുതി.

“ഹിന്ദു സമ്മതിദായകരെ, ഞാൻ ആയിരം വട്ടം ആവർത്തിച്ച്‌ താക്കീത്‌ ചെയ്യുന്നു, ഈ കപടദേശീയവാദികളെ നമ്മുടെ രാജ്യത്തു നിന്ന് നിങ്ങൾ തൂത്തെറിഞ്ഞില്ലെങ്കിൽ ഗാന്ധിയൻ ഇന്ത്യനിസം ഈ രാജ്യത്തുള്ള മുസ്ലീങ്ങളെ പട്ടാളത്തിലെയും പൊലീസിലെയും താക്കോൽസ്ഥാനങ്ങൾ പിടിച്ചടക്കാൻ അനുവദിക്കും.” (വി.ഡി.സവർക്കർ, Nehru’s Nightmare – Hindu Raj? Carpet Knights)

ഗാന്ധിയൻ ഇന്ത്യനിസത്തിലൂടെ അഹിന്ദുക്കൾ പ്രധാന അധികാരസ്ഥാനങ്ങളിൽ എത്തുമെന്ന് എഴുതുകയും വിശ്വസിക്കുകയും ചെയ്ത സവർക്കർ ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം ആർമി റിക്രൂട്മന്റ്‌ ക്യാമ്പുകൾ സംഘടിപ്പിച്ച്‌ ബ്രിട്ടീഷ്‌ മിലിറ്ററിയിൽ ഹിന്ദുക്കളെ ചേർത്തു. ഭഗൽപൂരിൽ 1941ൽ വെച്ച്‌ നടന്ന ഹിന്ദുമഹാസഭ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്.

“So far as India’s defense is concerned, Hindudom must ally unhesitatingly, in a spirit of responsive co-operation with the war effort of the Indian government in so far as it is consistent with the Hindu interests, by joining the Army, Navy and the Aerial forces in as large a number as possible and by securing an entry into all ordnance, ammunition and warcraft factories[…] Again it must be noted that Japan’s entry into the war has exposed us directly and immediately to the attack by Britain’s enemies. Consequently, whether we like it or not, we shall have to defend our own hearth and home against the ravages of the war and this can only be done by intensifying the government’s war effort to defend India. Hindu Mahasabhaits must, therefore, rouse Hindus especially in the provinces of Bengal and Assam as effectively as possible to enter the military forces of all arms without losing a single minute.”

ദേശീയപ്രസ്ഥാനത്തെ പിന്നില്‍ നിന്നും കുത്തിയ സവര്‍ക്കര്‍

ഹിന്ദുമഹാസഭയുടെയും സവർക്കറിന്റെയും ദേശസ്നേഹം അവിടം കൊണ്ട്‌ തീരുന്നില്ല. ഹിന്ദു-മുസ്ലിം ഐക്യം തകർക്കാനും വർഗീയത വളർത്താനുമുള്ള പ്രവർത്തനങ്ങളോടൊപ്പം തന്നെ, സവർക്കർ കോൺഗ്രസിനും കോൺഗ്രസ്‌ നേതൃത്വം കൊടുത്തിരുന്ന സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനും എതിരെ രംഗത്തെത്തി. 1942ലെ ‘ക്വിറ്റ്‌ ഇന്ത്യ’ സമരത്തിൽ പങ്കെടുക്കാതെ, സവർക്കറുടെ നേതൃത്വത്തിൽ ഹിന്ദു മഹാസഭ ബ്രിട്ടീഷ്‌ ഗവണ്മെന്റിനു പിന്തുണ പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരുമായി പ്രായോഗിക രാഷ്ട്രീയസഹകരണമാണ് കോൺഗ്രസ്‌ സമരമുറകളേക്കാൾ അഭികാമ്യവും ‘പ്രയോജനപ്രദവും’ എന്നായിരുന്നു സവര്‍ക്കറിന്റെ ന്യായീകരണം.

ക്വിറ്റ്‌ ഇന്ത്യ സമരം ഉടലെടുത്ത സമയത്ത്‌ ഗാന്ധിജി സവർക്കറെ സന്ദർശിച്ച്‌ അദ്ദേഹത്തിന്റെ സംഘടനയുടെ പിന്തുണ അഭ്യർത്ഥിക്കുകയുണ്ടായി. ആ കൂടിക്കാഴ്ചയെ പറ്റി ഗാന്ധി പിന്നീട്‌ ഇങ്ങനെ എഴുതി:

“സവർക്കറോടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടും പിന്തുണ അഭ്യർത്ഥിക്കാൻ ഞാൻ ശ്രമിച്ചു. ഞാൻ സവർക്കറുടെ ഭവനത്തിൽ പോയി. അദ്ദേഹത്തിന്റെ പിന്തുണ നേടാൻ കഴിയുമെന്ന് ഞാൻ പ്രത്യാശിച്ചിരുന്നു. പക്ഷേ ഞാൻ പരാജയപ്പെട്ടു.” (മഹാത്മ ഗാന്ധി, Collected Works of Mahathma Gandhi. Vol.70)

ഹിന്ദുമഹാസഭയുടെയും സവർക്കറിന്റെയും നിലപാട്‌ 1942ലെ ഹിന്ദുമഹാസഭ സമ്മേളനത്തിൽ ഇപ്രകാരം പ്രഖ്യാപിക്കപ്പെട്ടു.

“ഞാനെന്റെ ഹിന്ദു സഹോദരങ്ങൾക്ക് കൃത്യമായ ആഹ്വാനം നൽകുന്നു, നിങ്ങളിൽ ആർക്കെങ്കിലും സർക്കാർ ഉദ്യോഗമോ സർക്കാരിൽ അനുകൂലസ്ഥാനമോ ഉണ്ടെങ്കിൽ അവ മുറുകെ പിടിക്കുകയും ആ സ്ഥാനങ്ങളിൽ തുടരുകയും ദൈനംദിനജോലികൾ ചെയുകയും വേണം.”

സുഭാഷ്‌ ചന്ദ്രബോസിന്റെ നേതൃത്വത്തിൽ 1942ൽ രൂപീകൃതമായ ഇന്ത്യൻ നാഷണൽ ആർമിക്കെതിരെയായിരുന്നു സവർക്കറുടെയും ഹിന്ദുമഹാസഭയുടെയും മറ്റൊരു പടനീക്കം. ഹിന്ദുമഹാസഭ രാജ്യത്തുടനീളം മിലിറ്ററി റിക്രൂട്‌മന്റ്‌ ബോർഡുകൾ സ്ഥാപിക്കുകയും ബ്രിടീഷ്‌ ആർമിയിൽ ഹിന്ദു പ്രാതിനിധ്യം ഉറപ്പു വരുത്തുകയും ചെയ്തു. ഇതേ ഹിന്ദു മഹാസഭക്കാരുടെ പിന്മുറക്കാരാണ് സുഭാഷ്‌ ചന്ദ്രബോസിന്റെ മരണത്തിനു പിന്നിലെ ദുരൂഹതയെ പറ്റി ആശങ്കാകുലരാകുന്നതും!

ഹിന്ദു മഹാസഭയുടെ പിന്തുണ കൊണ്ടൊന്നും ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക്‌ തങ്ങളുടെ കോളനി വാഴ്ച തുടരാനായില്ല. 1947 ആഗസ്റ്റ്‌ 15നു ഇന്ത്യ സ്വതന്ത്രയായി. ഇന്ത്യാ-പാകിസ്ഥാൻ വിഭജനത്തെ തുടർന്ന് രാജ്യത്ത്‌ പല ഭാഗങ്ങളിലും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വർഗീയതയുടെ വിത്തുകൾ മുള പൊട്ടിത്തുടങ്ങിയിരുന്നു. അതിൽ സവർക്കറിന്റെ ഹിന്ദു മഹാസഭയുടെ പങ്ക്‌ ചെറുതല്ലായിരുന്നു എന്ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്‌റു ഇങ്ങനെ കുറിക്കുന്നു.

“ഞാൻ ഖേദിക്കുന്നു […] ഹിന്ദു മഹാസഭ ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകളുടെ പ്രവർത്തനങ്ങൾ വർഗീയവും ദേശവിരുദ്ധവും പ്രതിലോമകരവുമാണ്.” (ജവഹർ ലാൽ നെഹ്‌റു, Recent Essays and Writings)[5]

ഇന്ത്യയെ കീറിമുറിച്ച സവര്‍ക്കര്‍

സ്വാതന്ത്ര്യാനന്തര ഇന്ത്യയെ രണ്ടായി വിഭജിക്കുന്നതിനെ അനുകൂലിച്ച സവർക്കർ പഞ്ചാബിലെ സിഖുകാർക്ക്‌ മാത്രമായി മൂന്നാമതൊരു രാജ്യം ‘സിഖിസ്ഥാൻ’ വരുന്നതിനെപ്പോലും സ്വാഗതം ചെയ്തിരുന്നു. ‌കേരളവും അതുപോലെ അന്ന് നിലവിലുണ്ടായിരുന്ന മറ്റു സ്വയംഭരണാധികാരപ്രദേശങ്ങളും ആ പദവി നിലനിർത്തുന്നതിനോട്‌ അനുഭാവപൂർണമായ നിലപാട് സവർക്കർ ‌ സ്വീകരിച്ചിരുന്നു. 1947 ജൂൺ 18നു അന്നത്തെ തിരുവിതാംകൂർ ദിവാൻ ആയിരുന്ന സർ സി.പി. രാമസ്വാമി അയ്യർക്ക്‌ സവർക്കർ അയച്ച അനുമോദന സന്ദേശം അതിനു തെളിവാണ് [4]. കശ്മീർ അന്ന് രാജാ ഹരിസിംഗിന്റെ ഭരണത്തിനു കീഴിലുള്ള നാട്ടുരാജ്യം ആയിരുന്നു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് പറയുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 370ആം വകുപ്പ് ഉയര്‍ത്തിപ്പിടിക്കുന്ന സങ്കല്പത്തിന് എതിരെയാണ് ഈ നിലപാടെന്ന് നമുക്ക് വ്യക്തമായി കാണാം. സവർക്കറുടെ ആശയമായിരുന്നു നടപ്പിലായിരുന്നതെങ്കിൽ ഇന്നത്തെ ഇന്ത്യ എന്ന രാജ്യം അനേകം ഖണ്ഡങ്ങളായി ചിതറിക്കിടക്കുമായിരുന്നു.

ഭാരതീയ ജനതാ പാര്‍ടിക്ക് സവര്‍ക്കറിനോടുള്ള നിലപാട്

ഈ രീതിയില്‍ സ്വാതന്ത്ര്യസമരത്തിനെയും അതുയര്‍ത്തിക്കാട്ടിയ ഇന്ത്യ എന്ന സങ്കല്പത്തെയും മൂല്യങ്ങളെയും ഇകഴ്ത്തുവാനും, ദേശീയപ്രസ്ഥാനത്തിന് തുരങ്കം വയ്ക്കുവാനുമായിരുന്നു സവര്‍ക്കര്‍ മാപ്പപേക്ഷിച്ചു കൊണ്ട് പുറത്തിറങ്ങിയത്. എന്നാല്‍, ഇത്തരത്തില്‍ മോശപ്പെട്ടതായ ചരിത്രമുള്ള ഒരാള്‍ക്ക് ഭാരതരത്നം നല്‍കിക്കൊണ്ടാണ് 2003ല്‍ അന്നത്തെ ബിജെപി നേതൃത്വത്തിലുള്ള വാജ്പേയ് ഗവണ്‍മെന്റ് തങ്ങളുടെ രാഷ്ട്രീയനിലപാട് വ്യക്തമാക്കിയത്.

“ഹിന്ദു രാഷ്ട്രം വരണമെന്ന നമ്മുടെ ആവശ്യത്തെ കപടദേശീയവാദികൾ വർഗീയമെന്നും വിഡ്ഢിത്തമെന്നും പിന്തിരിപ്പനെന്നും മാനവപുരോഗതിക്ക്‌ മേലുള്ള ഭീഷണിയെന്നും വിളിക്കുന്നു.” (വി.ഡി.സവർക്കർ, Nehru’s Nightmare- Hindu Raj? Carpet Knights)

ദേശീയത എന്ന പേരിൽ ഹിന്ദു വർഗീയവാദം ഒളിച്ചു കടത്തുകയായിരുന്നു വി.ഡി സവർക്കർ ചെയ്തത്. അതിനെ എതിർത്തവർ, മതമൈത്രിക്ക്‌ ശ്രമിച്ചവർ എല്ലാം സ്വാഭാവികമായും എതിർചേരിയിലുമായി. ഹിന്ദു-മുസ്ലിം ഐക്യത്തിനു വേണ്ടി നിലകൊണ്ടിരുന്ന, അഹിംസാവാദിയായ ഗാന്ധിജിയെ, അദ്ദേഹത്തിന്റെ നിലപാടുകളെ, കടുത്തഭാഷയിൽ തന്നെ വിമർശിച്ചിരുന്നയാളാണ് സവർക്കർ. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തോടെയാണു അയാള്‍ പ്രവർത്തിച്ചിരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസും ആ സംഘടന നേതൃത്വം നൽകിയിരുന്ന ദേശീയപ്രസ്ഥാനവും ഇക്കാരണത്താൽ തന്നെ ഹിന്ദുത്വവാദികൾക്ക്‌ ഒരേ നിരയിലുള്ള ശത്രുക്കൾ ആയി മാറി. ഇവർ സ്വാതന്ത്ര്യസമരത്തോട്‌ പൂർണമായും നിസഹകരിച്ചുവെന്ന് മാത്രമല്ല, ബ്രിട്ടീഷുകാരെ ആളും അർത്ഥവും നൽകി സഹായിക്കുകയും ചെയ്തിരുന്നു.

ഗാന്ധി വധത്തില്‍ സവര്‍ക്കറിനുള്ള പങ്ക്

ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെ സവർക്കറുടെ ചരിത്രം അവസാനിക്കുന്നില്ല. സ്വാതന്ത്ര്യാനന്തരം സവര്‍ക്കര്‍ വാർത്തകളിൽ നിറയുന്നത്‌‌ സ്വതന്ത്ര ഇന്ത്യയുടെ തീരാക്കളങ്കമായ ഗാന്ധിവധത്തോടനുബന്ധിച്ചാണ്. 1948 ജനുവരി 30നു മതഭ്രാന്തനായ നാഥുറാം വിനായക്‌ ഗോഡ്സെ ഗാന്ധിജിയെ വധിച്ചു. ഗോഡ്സെ, നാരായൺ ആപ്തെ, ദിഗംബർ ബാഡ്ഗെ എന്നിവർ അറസ്റ്റിലായി.‌

സവർക്കർ നേതൃത്വം നൽകിയിരുന്ന ഹിന്ദു മഹാസഭയിലെ അംഗമായിരുന്നു നാഥുറാം വിനായക്‌ ഗോഡ്സെ. ഗോഡ്‌സെ വെറുമൊരഗം മാത്രമായിരുന്നില്ല. ഹിന്ദു രാഷ്ട്രദളിന്റെ സാമ്രാട്ടായ സവര്‍ക്കറുമായി അടുത്തിടപഴകുവാന്‍ സാധിച്ചിരുന്ന ചുരുക്കം ചിലയാളുകളില്‍ പെട്ടവരായിരുന്നു ഗോഡ്‌സെയും ആപ്തെയും എന്ന് ലാരി കോളിൻസും ഡൊമിനിക്‍ ലാപിയറും എഴുതിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന കൃതിയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
ഗാന്ധിജിക്ക്‌ നേരെ അതേ വർഷം ജനുവരി 20നും വധശ്രമം ഉണ്ടായിരുന്നു. അന്ന് പിടിക്കപ്പെട്ട മദൻ ലാൽ പഹ്‌വ എന്ന പ്രതിയുടെ മൊഴികളും, പിന്നീട്‌ കൊലപാതകികളുടെ മൊഴികളും ഗാന്ധി വധത്തിലെ ഹിന്ദുമഹാസഭയുടെയും സവർക്കറിന്റെയും പങ്കുകളിലേക്ക്‌ വിരൽ ചൂണ്ടുന്നവയായിരുന്നു. പിന്നീട്‌ മാപ്പു സാക്ഷിയായ ദിഗംബർ ബാഡ്ഗെയുടെ മൊഴികൾ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

“കൃത്യം നടക്കുന്നതിനു രണ്ടാഴ്ച മുൻപ്‌ ഗോഡ്സെ, ആപ്തെ, ബാഡ്ഗെ എന്നിവർ സവർക്കർ സദനിൽ ചെന്നിരുന്നു. ബാഡ്ഗെ പുറത്തുനിൽക്കുകയും ആപ്തെ, ഗോഡ്സെ എന്നിവർ സവർക്കറുമായി കൂടിക്കാഴ്ച നടത്തുകയും ഉണ്ടായി.”

“ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സുഹ്‌റാവാര്‍ദി എന്നിവരെ തീര്‍ത്തുകളയണമെന്ന് താത്യാറാവു (സവര്‍ക്കര്‍) തീരുമാനിച്ചിരുന്നുവെന്നും ആ ജോലി തങ്ങളെയേല്പ്പിച്ചുവെന്നും ആപ്തേ എന്നോട് പറഞ്ഞു.”

മദൻലാൽ പഹ്‌വയും കർക്കരെയും അതിനു തൊട്ടുമുൻപ്‌ സവർക്കറുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായെന്നായിരുന്നു മദൻലാൽ പഹ്വയുടെ മൊഴി. ഡൽഹിയിലേക്ക്‌ പുറപ്പെടും മുൻപ്‌ അവസാനമായി ഒരിക്കൽ കൂടി സവർക്കറെ കാണണമെന്ന ആഗ്രഹം ഗോഡ്സെ പ്രകടിപ്പിച്ചതായും അതിൻ പ്രകാരം ജനുവരി 17നു വീണ്ടും ഗോഡ്സെ സവർക്കറെ സന്ദർശിച്ചെന്നും ബാഡ്ഗെ കൂട്ടിച്ചേർക്കുന്നു.

ഗാന്ധിവധത്തെത്തുടര്‍ന്ന് 1948 ഫെബ്രുവരി 22നു വിചാരണത്തടവുകാരനായ സവർക്കർ ഇന്ത്യാ ഗവണ്മെന്റിനു എഴുതിയ കത്തിൽ നിന്ന്

“എന്നെ മോചിപ്പിച്ചാല്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അത്രയും കാലം ഏതെങ്കിലും വിധത്തിലുള്ള സാമുദായികമോ രാഷ്ട്രീയമോ ആയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഞാന്‍ വിട്ടു നില്‍ക്കും.”

വർഷങ്ങൾക്കു മുൻപ്‌ ബ്രിട്ടീഷ്‌ ഗവണ്മെന്റിനു എഴുതിയ മാപ്പക്ഷേയിലെ കുറ്റബോധം അതേ വരികൾ. എന്നിട്ടും സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നത് സവര്‍ക്കറിന് ഗാന്ധിവത്തില്‍ പങ്കില്ല എന്നാണ്. എന്താണ് ഇതിലെ വാസ്തവം?സവർക്കറുടെ വിചാരണയിൽ നിന്നുള്ള ചില പ്രസക്തഭാഗങ്ങള്‍

ചോദ്യം: ജനുവരി 17നു നാഥുറാം ഗോഡ്‌സെ, ആപ്‌തെ, ബാഡ്ഗേ എന്നിവർ നിങ്ങളുടെ വീട്ടിൽ വന്നു. നാഥുറാം ഗോഡ്‌സെ, ആപ്‌തെ എന്നിവർ മുകള്നിലയിലേക്കു കയറിപ്പോയി, ബാഡ്ഗേ താഴെത്തെ നിലയിലെ മുറിയിൽ ഇരുന്നു. നാഥുറാം ഗോഡ്‌സെ, ആപ്‌തെ എന്നിവർ അഞ്ചു പത്തു നിമിഷങ്ങൾക്കകം ഇറങ്ങിവന്നു. നിങ്ങളും അപ്പോൾത്തന്നെ ഇറങ്ങി വന്നു. വിജയിച്ചു വരൂ എന്നി നിങ്ങൾ പറഞ്ഞു. എന്താണ് ഇതിനെക്കുറിച്ച് നിങ്ങൾക്ക് പറയാനുള്ളത്?

ഉത്തരം: ഒട്ടും ശരിയല്ല.

കോടതിയിൽ എഴുതി സമർപ്പിച്ച പ്രസ്താവനയിൽ സവർക്കർ ഇങ്ങിനെ പറയുന്നു:

“1948 ജനുവരി 17നോ അതിനടുത്തുള്ള മറ്റ് ദിവസങ്ങളിലോ ആപ്തേയും ഗോഡ്സേയും എന്നെ കണ്ടതുമില്ല, ഞാനവരോട് ‘വിജയശ്രീലാളിതരായി തിരികെ വരൂ’ എന്ന് പറഞ്ഞതുമില്ല.”

മാപ്പുസാക്ഷിയായ ബാഡ്ഗേ വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണ് എന്ന് സാക്ഷ്യപ്പെടുത്തിയ കോടതി പക്ഷെ മൊഴി പൂർണമായി ശരിവയ്ക്കുന്ന മറ്റു സാക്ഷിമൊഴികളുടെ അഭാവത്തിൽ സവർക്കറെ ശിക്ഷിക്കാൻ തയ്യാറായില്ല. അത് സുരക്ഷിതമല്ല എന്നാണ് കോടതി പറഞ്ഞത്. സവർക്കറെ കണ്ടു എന്ന് ബാഡ്ഗേ പറഞ്ഞ രണ്ടുപേരുമാണ് ഗാന്ധിയെ വധിച്ചത്, കോടതി അവരെ വധശിക്ഷയ്ക്കു വിധിച്ചു. പിന്നീട് അവർ തൂക്കിക്കൊല്ലപ്പെട്ടു.

1966ൽ ഗാന്ധിവധം പുനഃരന്വേഷിക്കാൻ കേന്ദ്രസർക്കാർ ജസ്റ്റിസ് ജീവൻ ലാൽ കപൂർ കമ്മീഷനെ നിയമിച്ചു. ആ കമ്മീഷന് മുമ്പാകെ രേഖപ്പെടുത്തിയ പുതിയ സാക്ഷിമൊഴികൾ സവര്‍ക്കര്‍ കോടതിയില്‍ നുണ പറയുകയായിരുന്നു എന്നാണ് തെളിയിക്കുന്നത്.  സവര്‍ക്കറുടെ പേഴ്സണല്‍ സെക്രട്ടറിയുടെയും ബോഡിഗാര്‍ഡിന്റെയും മൊഴികളാണവ.

സവർക്കറുടെ പേഴ്സണൽ സെക്രട്ടറി ആയിരുന്ന ഗജാനൻ വിഷ്ണു ദാംലെയുടെ മൊഴിയെപ്പറ്റി കപൂർ കമ്മീഷന്റെ റിപ്പോര്‍ടിൽ ഇങ്ങിനെ പറയുന്നു: “ജനുവരി പകുതിയോടെ ഗോഡ്സെയും ആപ്തെയും സവർക്കറെ സന്ദർശിച്ചിരുന്നു.”

സവർക്കറുടെ ബോഡി ഗാർഡ്‌ രാമചന്ദ്ര കസറുടെ മൊഴിയെപ്പറ്റി കപൂർ കമ്മീഷന്റെ റിപ്പോർടിൽ ഇങ്ങിനെ പറയുന്നു: “ജനുവരി പതിമൂന്നോ പതിനാലോ തീയതികളിലൊന്നിൽ മദൻ ലാൽ എന്ന പഞ്ചാബി യുവാവുമായി കർക്കരെ സവർക്കറെ സന്ദർശിക്കുകയും ഏതാണ്ട് പതിനഞ്ച്-ഇരുപത് മിനിറ്റോളം സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. ആപ്തെയും ഗോഡ്സെയും പതിനഞ്ച്, പതിനാറ് തീയതികളിലൊന്നിൽ രാത്രി ഒൻപതരയ്ക്ക് സവർക്കറുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചയ്ക്ക് ശേഷം, ഇരുപത്തിമൂന്നിനോ ഇരുപത്തിനാലിനോ ആപ്‌തെയും ഗോഡ്സെയും വീണ്ടും സവർക്കറെ കാണാൻ എത്തുകയും അരമണിക്കൂറോളം ചർച്ചയിലേർപ്പെടുകയും ചെയ്തു.”

കോടതി കണക്കിലെടുക്കാതിരുന്ന മാപ്പുസാക്ഷി ബാഡ്ഗേയുടെ മൊഴി ഉറപ്പിക്കാൻ പോന്ന മൊഴിയായിരുന്നു സവർക്കറുടെ അംഗരക്ഷകന്റേതും പേഴ്സണല്‍ സെക്രട്ടറിയുടേതും.

വിചാരണക്കോടതിയ്ക്കു ലഭ്യമാകാതിരുന്ന മൊഴികൾ കൂടി കണക്കിലെടുത്ത് അന്തിമ റിപ്പോര്‍ടിൽ ജസ്റ്റിസ് കപൂർ ഇങ്ങിനെ എഴുതി:

“സവര്‍ക്കറും അയാളുടെ സംഘവും കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തിയെന്ന സിദ്ധാന്തമൊഴികെയുള്ളവയെല്ലാം നിരാകരിക്കുന്നതാണ് ഈ വസ്തുതകളെല്ലാം.”

ജസ്റ്റിസ്‌ കപൂർ കമീഷൻ റിപോർട് പുറത്തു‌ വരുന്നത്‌ 1969ൽ ആണ്. അതിനും മൂന്ന് വർഷങ്ങൾക്ക്‌ മുൻപ്‌ സവർക്കർ മരണമടഞ്ഞു.

വീര്‍ സവര്‍ക്കര്‍ എന്ന പേര് വന്ന വഴി

ചിത്രഗുപ്ത എന്നൊരാള്‍ രചിച്ച, 1926ല്‍ പ്രസിദ്ധീകരിച്ച “ബാരിസ്റ്റര്‍ സവര്‍ക്കറിന്റെ ജീവിതം” എന്ന സവര്‍ക്കറിന്റെ ജീവചരിത്രത്തിലാണ് ആദ്യമായി വീര്‍ സവര്‍ക്കര്‍ എന്ന് ഉപയോഗിച്ചിട്ടുള്ളത്. സവര്‍ക്കറിന്റെ മരണത്തിനും രണ്ട് ദശാബ്ദങ്ങള്‍ക്കിപുറം 1987ല്‍ ഈ പുസ്തകത്തിന്റെ രണ്ടാം എഡീഷന്‍ ഇറക്കിയപ്പോഴാണ് ചിത്രഗുപ്ത മറ്റാരുമല്ല, സവര്‍ക്കര്‍ തന്നെ ആയിരുന്നുവെന്ന് വെളിവാക്കപ്പെടുന്നത്. അതായത്, സവര്‍ക്കര്‍ സ്വയം തന്നെ വിളിച്ച പേരാണ് വീര്‍ സവര്‍ക്കര്‍ എന്നത്.

സ്വയം പുകഴ്ത്തലുകാരനും ഭീരുവുമായിരുന്ന, ഗാന്ധി വധത്തിന്റെ ഗൂഢാലോചനയിലെ പ്രധാനി ആയിരുന്ന, ഹിന്ദുത്വവര്‍ഗീയതയെ സിദ്ധാന്തവത്കരിച്ച, സ്വാതന്ത്ര്യസമരത്തെ അട്ടിമറിക്കുവാന്‍ നോക്കിയ, ബ്രിട്ടീഷ് സാമ്രാജ്യത്തിന് വിധേയപ്പെട്ട് ജീവിച്ച, കപടദേശീയവാദിയായ സവർക്കറെ വിഗ്രഹവത്കരിക്കാൻ നടക്കുന്നവർ ഇന്ത്യയെന്ന ആശയത്തിന്റെ കടയ്ക്കലാണ് കോടാലി വയ്ക്കുന്നതെന്ന് ഓര്‍മ വേണം. കപടദേശീയതയില്‍ അധിഷ്ഠിതമായ അവരുടെ രാഷ്ട്രീയം സ്വീകാര്യമാകുവാന്‍ സവര്‍ക്കറിനെപ്പോലെയുള്ള നികൃഷ്ടര്‍ സംപൂജ്യരാകരണം. ഇന്ത്യയെന്ന ആശയത്തിന് എല്ലാവിധത്തിലും എതിര് നിന്ന സവര്‍ക്കറിനെയോ അയാള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളോ അതുകൊണ്ട് തന്നെ ഇന്ത്യന്‍ ജനതയ്ക്ക് ഗുണപ്പെടുന്ന ഒന്നാകുവാന്‍ തരമില്ല എന്ന് വേണം അതില്‍ നിന്നും മനസ്സിലാക്കേണ്ടത്.

References

  1. സവർക്കറിന്റെ രണ്ടാം മാപ്പപേക്ഷ

  2. How Did Savarkar, a Staunch Supporter of British Colonialism, Come to Be Known as ‘Veer’?

  3. The Vision of Dr. K.B. Hedgewar and RSS

  4. Savarkar: Quit India will lead to Split India – IV

  5. Recent Essays And Writings

http://bodhicommons.org/vinayak-damodar-savarkar-gandhi-murder-mercy-petition


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *