തിരുവനന്തപുരം > സ്വർണക്കടത്ത്‌ കേസിൽ എൻഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകാൻ പ്രത്യേക സംവിധാനം ഒരുക്കുന്നതിനിടെ വീണ്ടും കള്ളക്കഥയുമായി മനോരമ. ക്യാമറയിൽ സ്വപ്‌നയുടെ ദൃശ്യം പതിഞ്ഞെന്നും അതിനാൽ ദൃശ്യങ്ങൾ എൻഐഎക്ക്‌ നൽകേണ്ടതില്ലെന്ന്‌ തീരുമാനിച്ചെന്നുമാണ്‌ പുതിയ നുണക്കഥ. എന്നാൽ, സെക്രട്ടറിയറ്റിലെ 82 ക്യാമറയിലെ ഒരു വർഷത്തെ ദൃശ്യങ്ങൾ കൃത്യതയോടെ പകർത്തി നൽകാനുള്ള പ്രത്യേക ഹാർഡ്‌ വെയർ‌ സജ്ജമാക്കുകയാണ് സർക്കാർ‌‌. 1.40 കോടിരൂപ ചെലവ്‌ വരുന്ന പദ്ധതിക്കുള്ള ഫയൽ ധന, ഐടി വകുപ്പുകളുടെ പരിഗണനയിലാണ്‌. ഇതിന്‌ അനുമതി ലഭിച്ചാലുടൻ ദൃശ്യങ്ങൾ എൻഐഎക്ക്‌ കൈമാറും.

കൺട്രോൾ റൂമിലേക്ക്‌ ജീവനക്കാർ ഒഴികെയുള്ളവർക്ക്‌ പ്രവേശനം വിലക്കിയെന്ന കഥയുമുണ്ട്‌. എക്കാലത്തും രഹസ്യസ്വഭാവം സൂക്ഷിക്കുന്ന ഇടമാണ് സിസിടിവി കൺട്രോൾ റൂം. അവിടെ തോന്നുംപടി പ്രവേശനം അനുവദിക്കാറില്ല. ഒരു ക്യാമറയിലെ നിശ്ചിതസമയത്തെ ദൃശ്യമല്ല, മറിച്ച്‌ മുഴുവൻ ക്യാമറയിലെയും 2019 ജൂലൈ ഒന്നുമുതൽ 2020 ജൂലൈ 12 വരെയുള്ള ദൃശ്യമാണ്‌ ആവശ്യപ്പെട്ടത്‌. ഇവ അതേപടി പകർത്തി നൽകണം. അതിനാൽ, സാധാരണ പകർത്തൽ സാധ്യമല്ല. അതിനാലാണ്‌ പ്രത്യേക ഹാർഡ്‌ വെയർ സജ്ജീകരിക്കുന്നത്‌. ഇവ ലഭിച്ചാലുടൻ ദൃശ്യങ്ങൾ നൽകും. ജൂലൈ 16നാണ്‌ ദൃശ്യം ആവശ്യപ്പെട്ട്‌ എൻഐഎ കത്ത്‌ നൽകിയത്‌. ദൃശ്യം എത്ര ദിവസത്തിനകം നൽകണമെന്ന്‌ ആവശ്യപ്പെട്ടിട്ടില്ല.

Read more: https://www.deshabhimani.com/news/kerala/manorama-fake-news-cctv-visuals/890496


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *